ന്യൂ ദില്ലിയിലെ പഴയ യമുന ബ്രിഡ്ജ്, അഥവാ, ലോഹ പുൽ നിവാസിയാണ് മുപ്പതുകളുടെ തുടക്കത്തിലെത്തിയ ഗണേഷ് പണ്ഡിറ്റ്. തന്റെ സമുദായത്തിലെ ചെറുപ്പക്കാർ ഇപ്പോൾ, നീന്തൽ പരിശീലകരായും, സമീപത്തുള്ള ചാന്ദ്നി ചൌക്കിലെ വ്യാപാരസ്ഥാപനങ്ങളിലെ ജോലിക്കാരായും ‘മുഖ്യധാര’യിലേക്ക് പോകാനാണ് അധികവും താത്പര്യപ്പെടുന്നത് എന്ന് ഗണേഷ് പറയുന്നു.
ദില്ലിയിലൂടെ ഒഴുകുന്ന യമുന, ഗംഗാനദിയുടെ ഏറ്റവും നീളമുള്ളതും, വെള്ളത്തിന്റെ അളവിൽ, ഘഗ്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളതുമായ കൈവഴിയാണ്.
യമുനയിൽ ഫോട്ടോ ഷൂട്ടുകൾ സംഘടിപ്പിക്കുകയും, പുഴയുടെ മധ്യത്തിൽ പോയി കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹമുള്ളവരെ വഞ്ചിയിൽ കൊണ്ടുപോവുകയും ചെയ്യുകയാണ് പണ്ഡിറ്റ്. “ശാസ്ത്രം തോൽക്കുന്നിടത്ത്, വിശ്വാസം ജയിക്കുന്നു,” അയാൾ വിശദീകരിക്കുന്നു. അയാളുടെ അച്ഛൻ ഇവിടെ ഒരു പൂജാരിയാണ്. ഗണേഷും രണ്ട് സഹോദരങ്ങളും ‘കുട്ടിക്കാലംതൊട്ടേ യമുനയിൽ നീന്താൻ” പഠിക്കുകയും ചെയ്തിട്ടുണ്ട്. പണ്ഡിറ്റിന്റെ സഹോദരന്മാർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലൈഫ് ഗാർഡുമാരായി ജോലിയെടുക്കുന്നു.






