ബൈക്കപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ട 28 വയസ്സുള്ള ബിമലേഷ് ജയ്‌സ്വാൾ ധീരമായ ഒരു തീരുമാനമെടുക്കുകയുണ്ടായി, മുംബൈ നഗരസീമയിലുള്ള പൻവേലിലെ തന്റെ വാടകമുറിയിൽനിന്ന്, മധ്യ പ്രദേശിലെ റേവ ജില്ലയിലെ തന്റെ വീട്ടിലേക്ക് തന്റെ സ്വന്തം വാഹനമായ ഹോണ്ട ആക്ടിവയിൽ യാത്ര ചെയ്യുക. സ്കൂട്ടറിന്റെ സൈഡിൽ ഒരു ഇരിപ്പിടം ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 26 വയസ്സുള്ള ഭാര്യ സുനിതയും, 3 വയസ്സുള്ള മകൾ റൂബിയുമൊത്താണ് അദ്ദേഹം ഈ യാത്ര നടത്തിയത്. "എനിക്കു വേറെ വഴിയില്ലായിരുന്നു," അദ്ദേഹം പറയുന്നു.
പൻവേലിൽ ഒരു കോൺട്രാക്‌ടറുടെ കീഴിൽ വീടുകൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു ബിമലേഷിന്, ഓരോ പുതിയ പ്രൊജക്റ്റ് വരുമ്പോഴും ബിമലേഷ് കോൺട്രാക്ടറുടെ കീഴിൽ വീട് വൃത്തിയാക്കാൻ പോകും. "ഒരു കാലുമാത്രം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ ബുദ്ധിമുട്ടാണ് പക്ഷെ ചെയ്യേണ്ടത് ചെയ്തല്ലേ പറ്റുകയുള്ളു," അദ്ദേഹം റേവയിലെ ഹിനൗട്ടി ഗ്രാമത്തിലെ വീട്ടിൽനിന്ന് എന്നോട് ഫോണിൽ സംസാരിക്കുകയായിരുന്നു. താപനില 40 ഡിഗ്രിക്ക് മുകളിലുള്ളപ്പോഴും ഇത്തരം ഒരു യാത്ര നടത്താൻ അദ്ദേഹത്തെ സഹായിച്ചത് ഇതേ മനോധൈര്യമാണ്. അതിഥി തൊഴിലാളികളുടെ മനോധൈര്യവും ദൃഢനിശ്ചയവും, തികഞ്ഞ നിസ്സഹായതയും ഈ യാത്രയിൽ പ്രകാശിക്കുന്നു
കോറോണവൈറസ് പകർച്ച തടയാനെന്ന പേരിൽ, മാർച്ച് 24-ന് രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്കഡൗൺ പ്രഖ്യാപിച്ചപ്പോൾ, ബിമലേഷിനെപ്പോലുള്ള ലക്ഷക്കണക്കിന് ദിവസക്കൂലിക്കാർപ്രതിസന്ധിയിലായി. "ഞങ്ങൾക്ക് ജോലി ഇല്ലായിരുന്നു. അതിനാൽ, എങ്ങനെ ഭക്ഷണം ലഭിക്കും എന്നുപോലും അറിയിലായിരുന്നു," അദ്ദേഹം പറഞ്ഞു . "വാടകയും വൈദ്യുതി ബില്ലും ഒന്നും സാരമുള്ളതല്ലല്ലോ. നാല് മണിക്കൂർ മുമ്പ് അറിയിപ്പ് കൊടുത്ത് ആരെങ്കിലും രാജ്യമൊട്ടാകെ ലോക്ക്ഡൌൺ പ്രഖ്യാപിക്കുമോ?".
എന്നിട്ടും 50 ദിവസം ബിമലേഷും കുടുംബവും പൻവേലിൽ എങ്ങിനെയൊക്കെയോ പിടിച്ചുനിന്നു. "ലോക്കൽ എൻ.ജി.ഓ.കൾ ഞങ്ങൾക്ക് ഭക്ഷണവും മറ്റ് റേഷനും തന്നിരുന്നു" ബിമലേഷ് പറഞ്ഞു. "എങ്ങനെയൊക്കെയോ ഞങ്ങൾ അതിജീവിച്ചു. എല്ലാ തവണയും ഓരോ ഘട്ടം കഴിയുമ്പോഴും ലോക്ക്ഡൗൺ എടുത്തുകളയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, എന്നാൽ നാലാമത് ഒരു ഘട്ടംകൂടി ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ഇത് അനന്തമായി തുടരാൻ സാധ്യത ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. മുംബൈയിലും പരിസരങ്ങളിലും കോറോണവൈറസ് കേസുകൾ കൂടാൻ തുടങ്ങിയപ്പോൾ ഹിനൗട്ടിയിലുള്ള ഞങ്ങളുടെ കുടുംബം ഭയന്നു.
പൻവേലിലുള്ള തങ്ങളുടെ വാടകമുറിയിൽനിന്ന് മധ്യ പ്രദേശിലേക്ക് തിരിച്ചുപോകാൻ സമയമായി എന്ന് അവർ മനസ്സിലാക്കി. "വീട്ടുടമസ്ഥൻ 2,000 രൂപയുടെ വാടക എഴുതിത്തള്ളാൻ ദയ കാണിച്ചു. ഞങ്ങളുടെ വിഷമം അദ്ദേഹം മനസ്സിലാക്കി," അയാൾ പറയുന്നു.
വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനമെടുത്തപ്പോൾ, മൂന്ന് വഴികളാണ് മുന്നിലുണ്ടായിരുന്നതെന്ന് സുനിത പറയുന്നു. അതിൽ ആദ്യത്തേത് സംസ്ഥാനം ഏർപ്പെടുത്തിയ തീവണ്ടികൾക്കുവേണ്ടി കാത്തിരിക്കുക എന്നതായിരുന്നു. പക്ഷേ അവയുടെ സമയക്രമം സംബന്ധിച്ച് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. മധ്യ പ്രദേശിലേക്ക് പോകുന്ന ഏതെങ്കിലുമൊരു ലോറിയിൽ സീറ്റ് കണ്ടെത്തുക എന്നതായിരുന്നു രണ്ടാമത്തെ മാർഗ്ഗം. എന്നാല്‍ ഡ്രൈവർമാർ ഒരു സീറ്റിന് 4,000 രൂപവെച്ച് ആവശ്യപ്പെട്ടുവെന്ന് അവർ പറയുന്നു.
അതോടെ ജയ്സ്‌വാൾ കുടുംബത്തിന്റെ മുന്നിൽ, സ്കൂട്ടറിൽ യാത്ര ചെയ്യുക എന്ന ഒരേയൊരു മാർഗ്ഗം ബാക്കിവന്നു. മുംബൈ-നാസിക് ഹൈവേയിലെ ഖാർഗോൻ ടോൾ നാക്കയിൽ മേയ് 15-ന് ഞാൻ ബിമലേഷിനെ കണ്ടപ്പോൾ, ആ കുടുംബം 1,200 കിലോമീറ്റർ ദൂരത്തിലെ വെറും 40 കിലോമീറ്റർ മാത്രമേ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളു. യാത്രയ്ക്കിടയിൽ ബിമലേഷ് വിശ്രമിക്കാൻ വണ്ടി അരികത്ത് ഒതുക്കിയിരുന്നു. സ്കൂട്ടറിന്റെ ലെഗ്‌സ്പേസിൽ രണ്ട് ബാഗുകൾ കണ്ടു. വിശ്രമിക്കാനായി വണ്ടിയിൽനിന്ന് താഴെ ഇറങ്ങിയിരുന്നു സുനിത. റൂബി അവളുടെ കൈകളിൽ കളിക്കുന്നുണ്ടായിരുന്നു."
ബിമലേഷിന്റെ ഊന്നുവടികൾ സ്കൂട്ടറിൽ ചാരിവെച്ചിട്ടുണ്ടായിരുന്നു. “2012-ൽ ഞാനൊരു ഗുരുതരമായ ബൈക്കപകടത്തിൽപ്പെട്ടു," ബിമലേഷ് പറഞ്ഞു. "അപകടത്തിൽ എനിക്ക് എന്റെ ഇടതുകാൽ നഷ്ടമായി. അന്നുമുതൽ ഈ ഊന്നുവടികൾ എന്റെ സന്തതസഹചാരികളായി മാറി.”
അപകടത്തിന് നാലുവർഷം മുൻപ് – 2008-ലാണ്, അത്ഭുതം കൂറുന്ന കണ്ണുകളോടെ, അന്ന് കൌമാരക്കാരനായ ബിമലേഷ് തൊഴിലന്വേഷിച്ച് മുംബൈയിലേക്ക് വന്നത്. നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു ബിമലേഷ്. അക്കാലത്ത് അയാൾ പ്രതിമാസം 5,000 മുതൽ 6,000 വരെ സമ്പാദിച്ചിരുന്നു.
അതിനുശേഷമായിരുന്നു അപകടം. 2012 ൽ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയുമ്പോൾ ഒരു ട്രക്ക് വന്നിടിച്ച്, ബിമലേഷിന് തന്റെ കാൽ നഷ്ടമായി.
അന്നുമുതൽ, ബിമലേഷ് തന്റെ കോൺട്രാക്ടറുടെ കീഴിൽ വീടുകളിലെ പൊടിയും അഴുക്കും വൃത്തിയാക്കുന്ന ജോലികൾ ചെയ്ത് മാസത്തിൽ ഏകദേശം 3,000 സമ്പാദിക്കാൻ തുടങ്ങി – ഒരു പതിറ്റാണ്ട് മുമ്പ് സമ്പാദിച്ചിരുന്നതിന്റെ പകുതി. ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ സുനിതയും വീട്ടുജോലിക്കാരിയായി ഇതേ നിരക്കിൽതന്നെ പ്രതിമാസം ഏകദേശം 3,000 സമ്പാദിക്കുന്നുണ്ടായിരുന്നു. 6,000 ആയിരുന്നു ഇരുവരും ചേർന്ന് സമ്പാദിച്ചിരുന്ന പ്രതിമാസ വരുമാനം.
റൂബി ജനിച്ചശേഷവും സുനിത ജോലി തുടർന്നു. എന്നാൽ മാർച്ച് 25 മുതൽ അവരുടെ തൊഴിലുടമ ശമ്പളം നൽകിയിട്ടില്ല. അവർ മധ്യ പ്രദേശിലേക്ക് പുറപ്പെടുന്നതുവരെ, ഈ കുടുംബം ചെറിയൊരു മുറിയിൽ താമസിക്കുകയായിരുന്നു – പൊതുവായുള്ള ഒരു ശൌചാലയം മാത്രമുള്ള ഒരു ഒറ്റമുറി വീട്. മാസവരുമാനത്തിന്റെ മൂന്നിലൊന്ന് വീട്ടുവാടകയ്ക്കായി ചിലവായിരുന്നു.
മേയ് 15-ന്, സന്ധ്യാസമയത്ത് ഞങ്ങൾ സംസാരിക്കുമ്പോൾ, ബിമലേഷ് ശാന്തനായി ഇരിക്കുകയായിരുന്നു. തൊഴിലാളികളെ കുത്തിനിറച്ച ടെമ്പോകൾ ഹൈവേയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ, മുംബൈയിൽ കഴിയുന്ന ധാരാളം അതിഥിത്തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് പോകാൻ തുടങ്ങിയിരുന്നു. ബിഹാർ, ഒഡിഷ, ഉത്തരപ്രദേശ് തുടങ്ങിയ നാടുകളിലേക്ക്. കാൽനടയായും, വണ്ടികളിലുമായി ഒറ്റയ്ക്കും കൂട്ടമായും അവർ യാത്ര ചെയ്യാനാരംഭിച്ചു. മുംബൈ-നാസിക് ഹൈവേ ഈ സമയത്ത് ഏറെ തിരക്കേറിയതായിരുന്നു.
ഈ ഹൈവേ ഗുരുതരമായ റോഡപകടങ്ങൾക്ക് വേദിയായിട്ടുമുണ്ട് – ഉൾക്കൊള്ളാവുന്നതിലുമധികം യാത്രക്കാരെ കുത്തിനിറച്ച് ചില ട്രക്കുകൾ യാത്രാമദ്ധ്യേ മറിഞ്ഞ്, കുടിയേറ്റത്തൊഴിലാളികൾ ചിലർ മരിക്കുകയുണ്ടായി. ബിമലേഷ് അതിനെക്കുറിച്ച് ബോധവാനാണ്. “ഞാൻ കള്ളം പറയുകയല്ല, എനിക്ക് പേടിയുണ്ട്. എന്നാൽ ഞാൻ രാത്രി 10 മണിയ്ക്കുശേഷം സ്കൂട്ടർ ഓടിക്കില്ലെന്ന് നിങ്ങൾക്ക് വാക്ക് തരുന്നു.. വീട്ടിലെത്തുമ്പോൾ ഞാൻ നിങ്ങളെ വിളിക്കുകയും ചെയ്യാം,” അയാൾ ഉറപ്പ് തന്നു.
അദ്ദേഹം തന്റെ രണ്ടാമത്തെ വാഗ്ദാനം പാലിച്ചു. മേയ് 19-ന് രാവിലെ എന്റെ ഫോൺ റിംഗുചെയ്തു. ബിമലേഷായിരുന്നു അത്. "ഞങ്ങൾ ഇപ്പോൾ എത്തിച്ചേർന്നതേയുള്ളു സാർ ജീ. എന്റെ മാതാപിതാക്കൾ ഞങ്ങളെ കണ്ടപ്പോൾ വാവിട്ട് കരഞ്ഞു. പേരക്കുട്ടിയെ കണ്ടപ്പോൾ അവർക്ക് സന്തോഷമായി."
റോഡിൽ ചിലവഴിച്ച ആ നാലുദിവസവും രാത്രിയും അവർ പരമാവധി മൂന്നുമണിക്കൂർ മാത്രമാണ് ഉറങ്ങിയതെന്ന് ബിമലേഷ് പറഞ്ഞു. "ഞാൻ സ്‌കൂട്ടർ റോഡിന്റെ ഇടതുവശം ചേർത്ത് മിതമായ വേഗത്തിൽ ഓടിച്ചുകൊണ്ടിരുന്നു,” അയാൾ പറഞ്ഞു. "രാത്രി 2 മണിവരെ യാത്ര ചെയ്യും. രാവിലെ 5-ന് വീണ്ടും തുടങ്ങും, അതായിരുന്നു രീതി.”
നല്ലൊരു മരച്ചുവട് തരപ്പെട്ടാൽ രാത്രി കുറച്ചുനേരം അവിടെ ഉറങ്ങുമായിരുന്നു. "ഞങ്ങൾ വിരികൾ കൊണ്ടുവന്നിരുന്നു. അത് വിരിച്ച് ഉറങ്ങും," ബിമലേഷ് കൂട്ടിച്ചേർത്തു. "ഇരമ്പിപ്പായുന്ന വാഹനങ്ങളും, കൈയ്യിൽ സൂക്ഷിച്ചിരുന്ന പണവും, വസ്തുവകകളും എല്ലാം കാരണം, എനിക്കും ഭാര്യയ്ക്കും സമാധാനമായി ഉറങ്ങാനേ പറ്റിയിരുന്നില്ല”
അങ്ങിനെ നോക്കിയാൽ, അവരുടെ യാത്രയിൽ പറയത്തക്ക സംഭവങ്ങളൊന്നുമുണ്ടായില്ല എന്ന് പറയാം. സംസ്ഥാന അതിർത്തിയിൽ പരിശോധനക്കായിപ്പോലും അവരെ ആരും തടഞ്ഞുനിർത്തിയില്ല.
എന്നാൽ, നഗരത്തിനകത്ത്, ചെറിയ ദൂരങ്ങൾ സഞ്ചരിക്കാൻ മാത്രം കൊള്ളാവുന്ന ബിമലേഷിന്റെ ഗിയർ ഇല്ലാത്ത ആ പഴയ ഇരുചക്രവാഹനം, ഒരുദിവസം പോലും കേടാകാതെ, ആ നാലുദിവസത്തെ തുടർച്ചയായ യാത്രയെ അതിജീവിച്ചു എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.
ഇന്ധനത്തിനും ഭക്ഷണത്തിനുമായി അദ്ദേഹം 2,500 രൂപ കൈവശം വെച്ചിരുന്നു. "ചില പെട്രോൾ പമ്പുകൾ തുറന്നിരുന്നു, തുറന്ന പെട്രോൾ പമ്പുകൾ കണ്ടാൽ ഞങ്ങൾ അവിടെനിന്ന് ഇന്ധനം നിറയ്‌ക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ മകളെക്കുറിച്ചാണ് ഞങ്ങൾക്ക് ആശങ്ക ഉണ്ടായിരുന്നത്. പക്ഷേ, ചൂടിനേയും ചുടുകാറ്റിനേയുമൊക്കെ റൂബി അതിജീവിച്ചു. അവൾക്കാവശ്യമായ ഭക്ഷണം എപ്പോഴും ഞങ്ങൾ കൈയ്യിൽ കരുതിവെച്ചിരുന്നു. വഴിയരികിൽ കണ്ട നല്ല മനസ്സുള്ള ആളുകൾ അവൾക്ക് ബിസ്‌ക്കറ്റും നൽകുകയുണ്ടായി.”
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മുംബൈ ബിമലേഷിന്റെ വീടായി മാറിയിരുന്നു. അല്ലെങ്കിൽ, അങ്ങിനെയാണ് ലോക്ക്ഡൌൺവരെ അയാൾ കരുതിയിരുന്നത്. എന്നാൽ, "കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്ക് ഒരു അസുരക്ഷിതത്വം തോന്നിയിരുന്നു," അദ്ദേഹം പറഞ്ഞു. "ബുദ്ധിമുട്ടുള്ള സമയങ്ങളിൽ, നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം ഇരിക്കണമെന്ന് തോന്നും. നിങ്ങളുടെ സ്വന്തം ആളുകളുടെയിടയിലാണെങ്കിൽ മനസ്സമാധാനം ലഭിക്കും. നാട്ടിൽ തൊഴിലൊന്നുമില്ലാത്തതിനാലാണ് ഞാൻ മുംബൈയിലേക്ക് പോന്നത്. ഇന്നും അവിടത്തെ അവസ്ഥയിൽ വ്യത്യാസമൊന്നുമില്ല,” അയാൾ പറയുന്നു.
ഹിനൗട്ടിയിൽ അദ്ദേഹത്തിന് കൃഷിയിടമില്ല. കുടുംബത്തിന്റെ വരുമാനം ദിവസവേതനതൊഴിലിൽനിന്നാണ്. "തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ, അത് സ്ഥിരമായി കിട്ടുന്ന സ്ഥലത്ത് ചെയ്യുന്നതാണ് നല്ലത്,” അദ്ദേഹം പറയുന്നു. "എല്ലാം ശാന്തമായ ശേഷം മുംബൈയിലേക്ക് തിരിച്ചുപോകേണ്ടിവരും. പല കുടിയേറ്റത്തൊഴിലാളികളും നഗരങ്ങളിലേക്കെത്തുന്നത് അവരുടെ സ്വന്തം ഗ്രാമങ്ങളിൽ മറ്റ് ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ്. നഗരങ്ങളിൽ താമസിക്കാൻ അവര്‍ക്ക് ഇഷ്ടമുള്ളതുകൊണ്ടല്ല.”
പരിഭാഷ: വിക്ടർ പ്രിൻസ് എൻ.ജെ