ശ്രീരംഗത്തെ എള്ളുപാടത്തിൽനിന്ന് 10 മിനിറ്റ് അകലെയുള്ള കൊള്ളിഡാം പുഴയുടെ തീരത്ത് ഇരുട്ട് പരക്കുമ്പോൾ വടിവേലൻ എന്ന കർഷകൻ എനിക്ക് കഥകൾ പറഞ്ഞുതന്നു. 1978-ൽ താൻ ജനിച്ച് 12 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുത്തിയൊഴുകിയ ഈ പുഴയെക്കുറിച്ച്. തേൻ‌നിറമുള്ള, നല്ല മണമുള്ള എണ്ണയെടുക്കാനായി ഗ്രാമത്തിലെ എല്ലാവരും വളർത്തുന്ന എള്ളിനെക്കുറിച്ച്, ‘വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രണ്ട് വാഴക്കന്നുകളിൽ പിടിച്ച് നീന്താൻ പഠിച്ചതിനെ‘ക്കുറിച്ച്, കൂടുതൽ വലിയ പുഴയായ കാവേരിയുടെ തീരത്ത് ജീവിച്ചിരുന്ന പ്രിയയുമായി പ്രണയത്തിലായതിനെക്കുറിച്ച്, തന്റെ അച്ഛന്റെ എതിർപ്പുണ്ടായിട്ടും അവളെ വിവാഹം ചെയ്തതിനെക്കുറിച്ച്. തന്റെ ഒന്നരയേക്കർ ഭൂമിയിൽ നെല്ലും, കരിമ്പും, ഉഴുന്നും എള്ളും കൃഷി ചെയ്തതിനെക്കുറിച്ച്.

ആദ്യത്തെ മൂന്ന് വിളവുകളും പണം തന്നിരുന്നു. “നെല്ലിൽനിന്നുള്ള വരുമാനമുപയോഗിച്ച് ഞങ്ങൾ കരിമ്പ് കൃഷി ചെയ്തു. എന്നിട്ട് ആ പണം ഭൂമിയിൽ വീണ്ടും നിക്ഷേപിച്ചു”, വടിവേലൻ പറയുന്നു. എള്ള് കൃഷി ചെയ്യുന്നത് എണ്ണയ്ക്കുവേണ്ടിയാണ്. എള്ള് മരത്തിന്റെ ചക്കിൽ ആക്കി, നല്ലെണ്ണയെടുത്ത് വലിയ പാത്രങ്ങളിൽ ശേഖരിക്കുന്നു. “ഞങ്ങളത് ഭക്ഷണമുണ്ടാക്കാനും അച്ചാറിടാനും ഉപയോഗിക്കുന്നു”, പ്രിയ പറഞ്ഞു. “ഓ, പിന്നെ, മൂപ്പരതുകൊണ്ട് ദിവസവും കുലുക്കുഴിയുകയും ചെയ്യും”, വടിവേലൻ ചിരിച്ചു. “പിന്നെ എണ്ണതേച്ചുള്ള കുളിയും, എനിക്കത് വളരെ ഇഷ്ടമാണ്”, അയാൾ പറയുന്നു.

വടിവേലന് ഇഷ്ടമുള്ള ധാരാളം കാര്യങ്ങളുണ്ട്. ജീവിതത്തിലെ ചെറിയ ചെറിയ ആനന്ദങ്ങൾ. കുട്ടിക്കാലത്ത് ഈ പുഴയിൽ മീൻ പിടിച്ചിരുന്നത്, പിടിച്ച മീനുകളെ കൂട്ടുകാരോടൊത്ത് പൊരിച്ച് തിന്നുന്നത്; പഞ്ചായത്തിലെ നേതാവിന്റെ വീട്ടിലുണ്ടായിരുന്ന ഗ്രാമത്തിലെ ഒരേയൊരു ടി.വി. കാണുന്നത്. ‘എനിക്ക് ടിവി വലിയ ഇഷ്ടമുണ്ടായിരുന്നു. അത് കൃത്യമായി പ്രവർത്തിക്കാതിരിക്കുമ്പോഴുണ്ടാകുന്ന ആ കിരുകിരുപ്പ് ശബ്ദം പോലും ഞാൻ ശ്രദ്ധിച്ച് കേൾക്കാറുണ്ടായിരുന്നു”.

റോസ് നിറമുള്ള ഗൃഹാതുരത്വം പക്ഷേ പകൽ‌വെളിച്ചം പോലെ വേഗത്തിൽ മാഞ്ഞുപോകുന്നു. “നിങ്ങൾക്കിനി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാനാവില്ല”, വടിവേലൻ ചൂണ്ടിക്കാട്ടുന്നു. “ഞാൻ വണ്ടിയും ഓടിക്കാറുണ്ട്. അങ്ങിനെയാണ് ജീവിക്കുന്നറ്റ്”, അദ്ദേഹം ഞങ്ങളെ സ്വന്തം ടൊയോട്ട എറ്റിയോസിലാണ് തിരുവാലർസോലൈയിലെ വീട്ടിൽനിന്ന് ശ്രീരംഗം താലൂക്കിലെ നദീതീരത്തേക്ക് കൊണ്ടുവന്നത്. എട്ടുശതമാനം പലിശയ്ക്ക് സ്വകാര്യ വായ്പയെടുത്തിട്ടാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. മാസം 25,000 രൂപ തിരിച്ചടവുണ്ട്. പണത്തിന് എപ്പോഴും ബുദ്ധിമുട്ടാണെന്ന് ആ ദമ്പതിമാർ പറഞ്ഞു. ചിലപ്പോൾ, ബാധ്യതകൾ തീർക്കാൻ സ്വർണ്ണം പണയം വെക്കേണ്ടിവരാറുണ്ടെന്നും സമ്മതിച്ചു. “നോക്കൂ, ഞങ്ങളെപ്പോലുള്ളവർക്ക് വീട് പണിയാൻ ഒരു ലോൺ ആവശ്യമായി വന്നാൽ, 10 ജോടി ചെരുപ്പ് തേഞ്ഞുപോകും. അങ്ങിനെയാണ് അവരുടെ ഞങ്ങളോടുള്ള പെരുമാറ്റം”.

ഇപ്പോൾ ആകാശം, പിങ്കും, നീലയും കറുപ്പും ചേർന്ന ഒരു എണ്ണച്ഛായാചിത്രം പോലെ തോന്നിച്ചു. എവിടെനിന്നോ ഒരു മയിലിന്റെ കരച്ചിൽ. “പുഴയിൽ നീർനായകളുണ്ട്”, വടിവേലൻ പറഞ്ഞു. ഞങ്ങളിൽനിന്ന് അകലെയല്ലാതെ, കുറച്ച് ആൺകുട്ടികൾ പുഴയിലേക്ക് കൂപ്പുകുത്തുകയും കളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. “ഞാനും അതൊക്കെയാണ് ചെയ്തിരുന്നത്. വളരുന്ന കാലത്ത് മറ്റ് വിനോദങ്ങളൊന്നും ഉണ്ടായിരുന്നില്ല”.

Vadivelan and Priya (left) on the banks of Kollidam river at sunset, 10 minutes from their sesame fields (right) in Tiruchirappalli district of Tamil Nadu
PHOTO • M. Palani Kumar
Vadivelan and Priya (left) on the banks of Kollidam river at sunset, 10 minutes from their sesame fields (right) in Tiruchirappalli district of Tamil Nadu
PHOTO • M. Palani Kumar

വടിവേലനും പ്രിയയും (ഇടത്ത്) കൊള്ളിഡാം പുഴയുടെ തീരത്ത് ഒരസ്തമയ സമയത്ത്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ എള്ളുപാടങ്ങളിൽനിന്ന് (വലത്ത്) 10 മിനിറ്റ് ദൂരമേയുള്ളു ഇവിടേക്ക്

വടിവേലൻ പുഴകളെ ആരാധിക്കുകയും ചെയ്യുന്നുണ്ട്. “എല്ലാ വർഷവും, ആടി പെരുക്കിന് – തമിഴ് മാസമായ ആടിയുടെ 18-ആമത്തെ ദിവസം – ഞങ്ങളെല്ലാവരും കാവേരിയുടെ തീരത്തേക്ക് പോകും. ഒരു നാളികേരമുടച്ച്, കർപ്പൂരം കത്തിച്ച്, പൂവ് നേദിച്ച് പ്രാർത്ഥിക്കും”. പ്രതിഫലമെന്നോണം, കാവേരിയും കൊള്ളിഡാമും (കോളറൂൺ) തമിഴ് നാട്ടിലെ ഈ തിരുച്ചിറപ്പള്ളി ജില്ലയിലെ (ട്രിച്ചി എന്നു വിളിക്കുന്നു) പാടങ്ങളെ ഫലസമ്പുഷ്ടമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ 2,000 വർഷങ്ങളായി പുഴകൾ ചെയ്തുപോരുന്നതുപോലെ.

*****

“വേവിച്ച ധാന്യങ്ങൾ, എള്ള്, അരിയിൽ കലർത്തിയ ഇറച്ചി, പൂക്കൾ, ചന്ദനത്തിരികൾ, പാചകം ചെയ്ത ചോറ്,
കൈകൾകൂപ്പി സ്ത്രീകൾ ആവേശത്താലെന്നവണ്ണം നൃത്തം ചെയ്യുന്നു
വൃദ്ധരും അഭിജാതകളുമായ സ്ത്രീകൾ അനുഗ്രഹിച്ചുകൊണ്ട് പറയുന്നു
“വലിയോർ വാണരുളിയ ഈ മഹിതഭൂവിൽനിന്നും
പട്ടിണിയും രോഗവും ശത്രുതയും ഒഴിഞ്ഞുപോകട്ടെ
മഴയും സമ്പത്തും തുളുമ്പട്ടെ

ക്രിസ്തുവിന് ശേഷം 2-ആം നൂറ്റാണ്ടിലെ എഴുതപ്പെട്ട തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിലെ ഈ പ്രാർത്ഥനാമന്ത്രം “ഇന്നും തമിഴ് നാട്ടിൽ ഏകദേശം അതുപോലെ പിന്തുടരുന്നു”വെന്ന്, ഓൾഡ് തമിഴ് പോയട്രി എന്ന തന്റെ ബ്ലോഗിൽ ചെന്തിൽ നാഥൻ എഴുതുന്നു (ഇന്ദിര വിഴവ്, 68-75 വരെയുള്ള വരികൾ)

പ്രാചീനവും സാധാരണവുമായ ഒന്നാണ് എള്ള്. വിവിധവു കൌതുകകരവുമായ ഉപയോഗങ്ങളുള്ള ഒന്ന്. എള്ളിൽനിന്ന് ഉണ്ടാക്കുന്ന നല്ലെണ്ണ, ദക്ഷിണേന്ത്യയിൽ പാചകത്തിന് പരക്കെ ഉപയോഗിക്കപ്പെടുന്നു. സ്വദേശിയും വിദേശിയുമായ പലഹാരത്തിലും അതിന്റെ വിത്ത് ഉപയോഗിക്കുന്നുണ്ട്. പല വിഭവങ്ങൾക്കും സ്വാദ് പകരുന്നവയാണ് കറുത്തതും അല്പം വെളുത്തതുമായ എള്ള്. പ്രമുഖമായ അനുഷ്ഠാനങ്ങളുടെ ഭാഗവുമാണത്. പ്രത്യേകിച്ചും, പൂർവ്വികരെ സ്മരിക്കുമ്പോഴും ആരാധിക്കുമ്പോഴും.

എള്ളിന്റെ വിത്തിൽ 50 ശതമാനം എണ്ണയും, 25 ശതമാനം മാംസ്യവും 15 ശതമാനം കാർബോഹൈഡ്രേറ്റുമാണ്. എള്ളിനെ ക്കുറിച്ചും നൈജറിനെക്കുറിച്ചും (മറ്റൊരു എണ്ണക്കുരു) ഇന്ത്യൻ കൌൺസിൽ ഫോർ ആഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) പ്രോജക്ട് നടത്തിയ പഠനത്തിൽ പറയുന്നത്. അത് ‘ഊർജ്ജത്തിന്റേയും ഇ, എ, ബി കോമ്പ്ലക്സ് വൈറ്റമിനുകളുടേയും ക്ഷാരം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നീ ധാതുക്കളുടേയും ഒരു കലവറയാണെ”ന്നാണ്. എള്ള് ആട്ടിയതിനുശേഷം ബാക്കിവരുന്നത്, കന്നുകാലികൾക്ക് തീറ്റയായി ( എള്ളുപിണ്ണാക്ക് ) കൊടുക്കാറുമുണ്ട്.

Ellu (sesame) is both ancient and commonplace with various uses – as nallenai (sesame oil), as seeds used in desserts and savoury dishes, and as an important part of rituals. Sesame seeds drying behind the oil press in Srirangam.
PHOTO • M. Palani Kumar

പ്രാചീനവും സാധാരണവുമായ ഒന്നാണ് എള്ള്. വിവിധ ഉപയോഗങ്ങളുള്ളത്. ഒന്ന്. നല്ലെണ്ണയായും, പലഹാരത്തിലും ഭക്ഷണത്തിലും ഉപയോഗിക്കുന്ന ചേരുവയായും, അനുഷ്ഠാനങ്ങളുടെ പ്രധാനപ്പെട്ട ഭാഗമായും ഉപയോഗിക്കപ്പെടുന്നു. ശ്രീരംഗത്തെ എള്ളാട്ട് യന്ത്രത്തിന്റെ പിന്നിൽ ഉണക്കാനിട്ട എള്ള്

Freshly pressed sesame oil (left) sits in the sun until it clears. The de-oiled cake, ellu punaaku (right) is sold as feed for livestock
PHOTO • M. Palani Kumar
Freshly pressed sesame oil (left) sits in the sun until it clears. The de-oiled cake, ellu punaaku (right) is sold as feed for livestock.
PHOTO • M. Palani Kumar

പുതുതായി അട്ടിയ എള്ളെണ്ണ (ഇടത്ത്) തെളിയാനായി വെയിലത്ത് വെച്ചിരിക്കുന്നു. എള്ളാട്ടി ബാക്കിവരുന്ന എള്ളുപിണ്ണാക്ക് (വലത്ത്) കന്നുകാലികൾക്കുള്ള ഭക്ഷണമായി നൽകുന്നു

‘ഏറ്റവും പുരാതനവും , തദ്ദേശീയവും ദീർഘമായ കൃഷിപാരമ്പര്യവുമുള്ള എണ്ണക്കുരുവാണ് എള്ള് (സീസേനൻ ഇൻഡിക്കം എൽ)’. ലോകത്തിൽ ഏറ്റവുമധികം എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെന്നും, ആഗോളമായി ഇത് കൃഷി ചെയ്യുന്നതിൽ 24 ശതമാനവും ഇന്ത്യയിലാണെന്നും ഐ.സി.എ.ആർ പ്രസിദ്ധീകരിച്ച കൃഷിക്കൊരു കൈപ്പുസ്തകം കൂട്ടിച്ചേർക്കുന്നു. ലോകത്തിലെ എണ്ണക്കുരു മേഖലയിലെ 12 മുതൽ 15 ശതമാനം‌വരെയും, ഉത്പാദനത്തിന്റെ 7-8 ശതമാനവും, ആഗോള ഉപഭോഗത്തിന്റെ 9-10 ശതമാനവും ഇന്ത്യയിലാണെന്നുമ്ം അത് സൂചിപ്പിക്കുന്നു.

ഇതൊരു ആധുനികപ്രവണതയല്ലെങ്കിലും, ഇന്ത്യൻ ഫുഡ്, എ ഹിസ്റ്റോറിക്കൽ കാമ്പാനിയൺ എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ കെ.ടി. ആചാര്യ പറയുന്നത്, ഇതിന്റെ കയറ്റുമതിയെക്കുറിച്ച് ധാരാളം തെളിവുകളുണ്ടെന്നാണ്.

ഇന്ത്യൻ തുറമുഖങ്ങളിൽനിന്നുള്ള എള്ളുവ്യാപാരത്തെക്കുറിച്ചുള്ള ചരിത്രവിവരണങ്ങൾക്ക് ചുരുങ്ങിയത് ക്രിസ്തുവർഷം 1-ആം നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പെരിപ്ലസ് മാരിസ് എറിത്രയീൽ (എറിത്രിയൻ സമുദ്രത്തെ വലംവെക്കൽ) എഴുതിയ അജ്ഞാതനാമാവായ ഗ്രീക്ക് സംസാരിക്കുന്ന ഈജിപ്തുകാരൻ നാവികന്റെ നേരിട്ടുള്ള അനുഭവത്തിൽനിന്നുതന്നെ, അക്കാലത്തെ വ്യാപാരത്തിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വായിക്കാം. വിദേശത്തേക്കയയ്ക്കുന്ന അമൂല്യ വസ്തുക്കളിൽ - മസ്ലിൻ തുണിയും ആനക്കൊമ്പുമടക്കമുള്ളവയിൽ- ഇന്നത്തെ തമിഴ് നാടിന്റെ പടിഞ്ഞാറൻ പ്രദേശമായ കൊങ്കുനാടിൽനിന്നുള്ള എള്ളെണ്ണയും സ്വർണ്ണവും ഉൾപ്പെടുന്നു. എണ്ണയുടെ പദവിയെക്കുറിക്കുന്ന ഒരു വിവരണമാണത്.

പ്രാദേശികമായ വ്യാപാരവും ഊർജ്ജസ്വലമായി നടന്നിരുന്നുവെന്ന് ആചാര്യ സൂചിപ്പിക്കുനു. മാങ്കുടി മരുതനാർ എഴുതിയ മതുരൈക്കാഞ്ചിയിൽ മധുരൈ പട്ടണത്തിന്റെ ചിത്രീകരണം, അവിടെയുള്ള സജീവമായ കമ്പോളത്തിന്റെ ചിത്രമാണ് നൽകുന്നത്. “കുരുമുളവും പതിനാറിനം ധാന്യങ്ങളും – നെല്ല്, പരിപ്പ്, കടല, എള്ള് മുതലായവ  ധാന്യവ്യാപാരികളുടെ തെരുവിൽ ചാക്കുകളിൽ കൂട്ടിയിട്ടിരിക്കുന്നു” എന്ന് അതിൽ വായിക്കാം.

രാജാക്കന്മാരുടെ പിന്തുണയും എള്ളെണ്ണയ്ക്ക് ലഭിച്ചിരുന്നു. 1520 കാലത്ത്, വിജയനഗരത്തിൽ വർഷങ്ങളോളം താമസിച്ചിരുന്ന ഡോമിംഗോ പയസ് എന്ന ഒരു പോർച്ചുഗീസ് വ്യാപാരിയെക്കുറിച്ച് ആചാര്യയുടെ പുസ്തകം സൂചിപ്പിക്കുന്നുണ്ട്. കൃഷ്ണദേവരായ രാജാവിനെക്കുറിച്ച് പയസ്സ് എഴുതുന്നു:

“ഉദയത്തിന് മുമ്പായി രാജാവ് പതിവായി ഒരു ഗ്ലാസ്സിന്റെ നാലിൽ മൂന്ന് ഭാഗം എള്ളെണ്ണ കുടിക്കുകയും, അതേ എണ്ണ ദേഹത്ത് പൂശുകയും ചെയ്യുക പതിവായിരുന്നു. ഒരു ചെറിയ തുണികൊണ്ട് അരകെട്ട് മറച്ച്, കൈകളിൽ വലിയ ഭാരമെടുക്കുകയും, പിന്നീട്, വാൾ കൈകളിലെടുത്ത്, എണ്ണ മുഴുവൻ വാർന്നുപോകുന്നതുവരെ അഭ്യാസം നടത്തുകയും ചെയ്തിരുന്നു“.

Sesame flowers and pods in Priya's field (left). She pops open a pod to reveal the tiny sesame seeds inside (right)
PHOTO • Aparna Karthikeyan
Sesame flowers and pods in Priya's field (left). She pops open a pod to reveal the tiny sesame seeds inside (right)
PHOTO • M. Palani Kumar

പ്രിയയുടെ പാടത്തെ എള്ളിൻ‌പൂക്കളും മൊട്ടുകളും (ഇടത്ത്). മൊട്ട് വിടർത്തി, അതിനകത്തെ തീരെച്ചെറിയ എള്ളിൻ‌വിത്തുകളെ (വലത്ത്) അവർ കാണിച്ചുതരുനു

Priya holding up a handful of sesame seeds that have just been harvested
PHOTO • M. Palani Kumar

പുതുതായി വിളവെടുത്ത എള്ളിൻ‌വിത്തുകൾ കൈക്കുമ്പിളിൽ പിടിച്ചുനിൽക്കുന്ന പ്രിയ

വടിവേലന്റെ അച്ഛൻ  പഴണിവേലൻ അത് സമ്മതിച്ചുതന്നേനേ കേട്ടിടത്തോളം അദ്ദേഹം, കായികവിനോദങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു “തന്റെ ശരീരത്തെ അദ്ദേഹം ശ്രദ്ധയോടെ പരിപാലിച്ചിരുന്നു. ഭാരങ്ങൾ പൊക്കുകയും, തെങ്ങിൻ‌തോപ്പിൽ‌വെച്ച് കുഷ്തി പഠിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അദ്ദേഹത്തിന് സിലമ്പവും (തമിഴ് നാട്ടിലെ ഒരു പ്രാചീന ആയോധനമുറ) നന്നായി അറിയുമായിരുന്നു”.

കുടുംബം തങ്ങളുടെ ആവശ്യത്തിനായി എള്ളെണ്ണ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും വെളിച്ചെണ്ണയും. രണ്ടും വലിയ ഭരണികളിൽ സൂക്ഷിച്ചിരുന്നു. “എനിക്ക് നല്ല ഓർമ്മയുണ്ട്. എന്റെ അച്ഛൻ ഒരു റാലി സൈക്കിളിൽ, ഉഴുന്നുപരിപ്പിന്റെ ചാക്കുകൾ വെച്ചുകെട്ടി, ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിലേക്ക് പോകാറുണ്ടായിരുന്നു. തിരിച്ചുവരുമ്പോൾ, കടുക്, മുളക്, കുരുമുളക്, മഞ്ഞാൾ എന്നിവ കൊണ്ടുവരും. കൈമാറ്റം‌പോലെയായിരുന്നു അത്. അടുക്കളൈൽ, ഒരുവർഷത്തേക്കുള്ള സാധനങ്ങൾ നിറച്ചുവെക്കും”!

*****

2005-ലാണ് വടിവേലനും പ്രിയയും വിവാഹിതരായത്. ട്രിച്ചിക്കടുത്തുള്ള വയലൂർ മുരുകക്ഷേത്രത്തിലായിരുന്നു വിവാഹം “എന്റെ അച്ഛൻ വന്നില്ല. ഞങ്ങളുടെ വിവാഹത്തെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പോരാത്തതിന്, ഗ്രാമത്തിൽനിന്ന് ബന്ധുക്കളെ വിവാഹത്തിന് കൊണ്ടുവരാൻ വന്ന എന്റെ സുഹൃത്തുക്കൾ അദ്ദേഹത്തോട് കല്ല്യാണത്തിന് വരുന്നില്ലേ എന്നുകൂടി ചോദിച്ചു. അച്ഛന് ദേഷ്യം നിയന്ത്രിക്കാനായില്ല”, പൊട്ടിച്ചിരിച്ചുകൊണ്ട് വടിവേലൻ പറയുന്നു.

ഞങ്ങൾ ദമ്പതിമാരുടെ വീട്ടിലായിരുന്നു ഇരുന്നിരുന്നത്. ഒരു ഹാളിൽ. തൊട്ടടുത്ത് ഒരലമാരയിൽ നിറയെ ദൈവങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു. ചുമരിൽ കുടുംബത്തിന്റെ ചിത്രങ്ങളുമുണ്ട്. സെൽ‌ഫികളും, അവധികളും, ച്ഛായാചിത്രങ്ങളും, ഒഴിവുസമയത്തെ പ്രിയയുടെ രക്ഷാമാർഗ്ഗമായ ഒരു ടിവിയും. ഞങ്ങൾ ചെല്ലുമ്പോൾ കുട്ടികൾ സ്കൂളിലായിരുന്നു. അവരുടെ നായ വന്ന് ഞങ്ങളെ സ്വീകരിച്ചു. “അത് ജൂലിയാണ്”, വടിവേലൻ പറഞ്ഞു. “സുന്ദരിയാണല്ലോ”, ഞാൻ അഭിപ്രായപ്പെട്ടു. അപ്പോൾ വടിവേലൻ ചിരിച്ചുകൊണ്ട് തിരുത്തി. “അത് ആണാണ്”. ഒട്ടും സന്തോഷമില്ലാതെ ജൂലി മുറിയിൽനിന്ന് പോയി.

പ്രിയ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചു. അവർ വിരുന്നൊരുക്കിയിരുന്നു. വടയും പായസവുമൊക്കെ. ഒരു വാഴയിലയിൽ അത് വിളമ്പി. വിഭവങ്ങൾക്ക് നല്ല സ്വാദുണ്ടായിരുന്നു. വയർ നിറയുകയും ചെയ്തു.

Left: Priya inspecting her sesame plants.
PHOTO • M. Palani Kumar
Right: The couple, Vadivelan and Priya in their sugarcane field.
PHOTO • M. Palani Kumar

ഇടത്ത്: തന്റെ എള്ളിൻ‌ചെടികൾ പരിശോധിക്കുന്ന പ്രിയ. വലത്ത്: ദമ്പതികളായ വടിവേലനും പ്രിയയും അവരുടെ കരിമ്പുപാടത്ത്

ഉണർന്നിരിക്കാൻ വേണ്ടി ഞങ്ങൾ കച്ചവടത്തെക്കുറിച്ച് സംസാരിച്ചു. എള്ളിന്റെ കൃഷി എങ്ങിനെ? “മടുപ്പിക്കും”, വടിവേലൻ പറയുന്നു. കൃഷിതന്നെ മടുപ്പിക്കുന്നതാണെന്ന് അയാൾ ഓർമ്മിപ്പിച്ചു. “പ്രതിഫലമൊക്കെ മോശമാണ്. ചിലവുകൾ വർദ്ധിക്കുകയും ചെയ്യുന്നു. യൂറിയയ്ക്കും മറ്റ് വളങ്ങൾക്കും വില വളരെ കൂടുതലാണ്. എന്നാലും പാടം ഉഴുത്, എള്ള് നടാതിരിക്കാനാവില്ല. പിന്നെ, വരമ്പിന്റെ പൊക്കം കൂട്ടണം. വെള്ളം അകത്തേക്ക് കടക്കാൻ. സൂര്യൻ അസ്തമിച്ചതിനുശേഷമേ ഞങ്ങൾ ജലസേചനം ചെയ്യാറുള്ളു”.

മൂന്നാം മാസത്തിലാണ് നനയ്ക്കുക. പ്രിയ വിശദീകരിക്കുന്നു. ആ സമയമാകുമ്പോഴേക്കും ചെടികൾക്ക് നല്ല ഉയരമായിരിക്കും. കൈകൾ ഒമ്പത്, പത്ത് ഇഞ്ചുവരെ ഉയർത്തി അവർ കാണിച്ചു. “പിന്നെ പെട്ടെന്ന് വളരാൻ തുടങ്ങും. അഞ്ചാമത്തെ ആഴ്ച, കളകളൊക്കെ പറിച്ച്, യൂറിയ കലർത്തി, പത്ത് ദിവസങ്ങൾ കൂടുമ്പോൾ നനച്ച് കൊടുക്കണം. നല്ല വെയിലുണ്ടെങ്കിൽ നല്ല വിളവ് കിട്ടും”.

വടിവേൽ ജോലിക്ക് പോകുമ്പോൾ പ്രിയ കൃഷിസ്ഥലം നോക്കും. എല്ലായ്പ്പോഴും അവരുടെ ഒന്നരയേക്കർ ഭൂമിയിൽ രണ്ട് വിളകൾ കൃഷി ചെയ്യുന്നുണ്ടാ‍യിരിക്കും. വീട്ടുജോലികൾ തീർത്ത്, അവർ കുട്ടികളെ സ്കൂളിലയച്ച്, തനിക്കുള്ള ഭക്ഷണവുമെടുത്ത്, സൈക്കിളിൽ പാടത്ത് പോയി പണിക്കാരുടെ കൂടെ ചേരും.’രാവിലെ 10 മണിക്ക് എല്ലാവർക്കും ചായ വാങ്ങിക്കൊടുക്കണം. ഉച്ചയൂണിനുശേഷം ചായയും പലഹാരവും. സാധാരണയായി ഞങ്ങൾ എന്തെങ്കിലും മധുരമോ ഉള്ളിബോണ്ട യോ കൊടുക്കും. അവർ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, ഓരോരോ ജോലികൾ ചെയ്തുകൊണ്ടിരുന്നു. കൃഷിസ്ഥലത്തേക്ക് പോകുന്നതിനുമുമ്പ് അവർ നിർബന്ധിച്ചു, “കുറച്ച് ജ്യൂസ് കുടിക്കൂ”,

*****

കാണാൻ അതിമനോഹരമാണ് എള്ളുവയൽ, അഥവാ, എള്ളിന്റെ പാടം. മാർദ്ദവുമുള്ള പൂക്കൾ. അലങ്കരിക്കാൻ പറ്റുമെന്ന് തോന്നിപ്പോകും. പിങ്കും വെള്ളയും കലർന്ന നിറങ്ങൾ. ഷിഫോൺ സാരികളെയും ഫ്രഞ്ച് സൌന്ദര്യവർ

ഉയരവും, മെലിഞ്ഞതും, കടും‌പച്ച ഇളകളുമുള്ളതാണ് എള്ളുചെടികൾ. ഒരു തണ്ടിൽ നിരവധി പച്ചമൊട്ടുകളുണ്ടാവും. ഓരോന്നും ബദാമിന്റെ വലിപ്പവും ഏലക്കായയുടെ ആകൃതിയുമുള്ളതാണ്. പ്രിയ ഞങ്ങളെ ഒരു മൊട്ടിന്റെ ഉൾവശം കാണിച്ചുതന്നു. അതിനകത്ത്, നിരവധി വിളറിവെളുത്ത എള്ളുകളുണ്ടായിരുന്നു. ഒരു സ്പൂൺ എണ്ണ കിട്ടാൻ അവയിൽ എത്രയെണ്ണം ആട്ടണമെന്ന് പറയാൻ സാധിക്കില്ല. ഒരു സാധാരണ ഇഡ്ഡലിയിൽ‌പ്പോലും രണ്ട് സ്പൂൺ എണ്ണ പുരട്ടേണ്ടിവരും. അല്പം ഇഡ്ഡലിപ്പൊടിയും (ഒരുതരം ചട്ട്ണി).

തല പുകയുന്നുണ്ടായിരുന്നു. ഏപ്രിൽ മാ‍സത്തെ സൂര്യന് നല്ല ചൂടാണ്. തണല് കിട്ടാൻ ഞങ്ങൾ അടുത്തുള്ള ഒരു തോട്ടത്തിൽ കയറി. ഇവിടെയാണ് കർഷകത്തൊഴിലാളികളും വിശ്രമിക്കുക എന്ന് വടിവേലൻ പറഞ്ഞു. അവരിൽ പലരും അയൽക്കാരനായ ഗോപാലിന്റെ ഉഴുന്നുപാടത്ത് പണിയെടുക്കുകയാണ്. ചൂടിൽനിന്ന് രക്ഷകിട്ടാൻ അവർ തലയിൽ തോർത്ത് വെച്ചിട്ടുണ്ടായിരുന്നു. ഉച്ചയൂണിനും ചായയ്ക്കും മാത്രമാണ് അവർ ജോലി അല്പനേരത്തേക്ക് നിർത്തിവെക്കുക.

Left: Mariyaayi works as a labourer, and also sells tulasi garlands near the Srirangam temple.
PHOTO • M. Palani Kumar
Right: Vadivelan’s neighbour, S. Gopal participates in the sesame harvest
PHOTO • M. Palani Kumar

ഇടത്ത്: തൊഴിലാളിയായി ജോലി ചെയ്യുന്ന മരിയായി ശ്രീരംഗം ക്ഷേത്രത്തിനടുത്ത് തുളസിമാലയും വിൽക്കുന്നുണ്ട്. വലത്ത്: വടിവേലന്റെ അയൽക്കാരൻ, എസ്. ഗോപാൽ എള്ളിന്റെ വിളവെടുപ്പിൽ പങ്കെടുക്കുന്നു

Women agricultural labourers weeding (left) in Gopal's field. They take a short break (right) for tea and snacks
PHOTO • M. Palani Kumar
Women agricultural labourers weeding (left) in Gopal's field. They take a short break (right) for tea and snacks.
PHOTO • M. Palani Kumar

ഗോപാലിന്റെ കൃഷിയിടത്തിൽ കളകൾ പറിക്കുന്ന കർഷക സ്ത്രീത്തൊഴിലാളികൾ. ചായയ്ക്കും പലഹാരത്തിനും മാത്രമാണ് അവ്ര് വിശ്രമിക്കുന്നത് (വലത്ത്)

എല്ലാവരും പ്രായമുള്ള സ്ത്രീകളാണ്. ഒരുപക്ഷേ ഏറ്റവും പ്രായമുള്ള വി. മരിയായിക്ക് എഴുപത് കഴിഞ്ഞിട്ടുണ്ടാകും. കള പറിക്കുകയോ, ഞാറ് നടുകയോ വിളവെടുക്കുകയോ ചെയ്യാത്ത സമയങ്ങളിൽ അവർ ശ്രീരംഗം ക്ഷേത്രത്തിൽ തുളസി (ഹോളി ബേസിൽ) മാല കൊണ്ടുപോയി വിൽക്കുന്നു. വളരെ പതുക്കെയാണ് അവർ സംസാരിക്കുന്നത്. സൂര്യൻ കത്തിയെരിയുന്നു. അക്ഷീണമായി…

എള്ളിന്റെ ചെടികൾ സൂര്യനെ കാര്യമാക്കുന്നില്ല. പലതിനെയും അവ അവഗണിക്കുന്നുവെന്ന് വടിവേലന്റെ അയൽക്കാരൻ 65 വയസ്സുള്ള എസ്. ഗോപാൽ എന്നോട് പറയുന്നു. വടിവേലനും പ്രിയയും അതിനോട് യോജിക്കുന്നു. ആ മൂന്ന് കൃഷിക്കാരും കീടനാശിനികളെക്കുറിച്ചും മരുന്ന് തളിക്കുന്നതിനെക്കുറിച്ചും അധികമൊന്നും പറയുന്നില്ല. വല്ലപ്പോഴും സൂചിപ്പിക്കുന്നു എന്നുമാത്രം. വെള്ളത്തിനെക്കുറിച്ചും അവർ വേവലാതിപ്പെടുന്നില്ല. ചെറുധാന്യങ്ങളെപ്പോലെയാണ് എള്ളും. വളർത്താൻ എളുപ്പമാണ്. അധികം ശ്രദ്ധയൊന്നും ആവശ്യമില്ല. സമയം തെറ്റി പെയ്യുന്ന മഴ മാത്രമാണ് അതിനെ നശിപ്പിക്കുന്നത്.

2022-ൽ സംഭവിച്ചതും അതാണ്. “പെയ്യരുതാത്ത സമയത്ത് അത് പെയ്തു. ചെടികൾ വളരെ ചെറുതായിരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ. അതുമൂലം വളർച്ച മുരടിക്കുകയും ചെയ്തു”, വടിവേലൻ പറയുന്നു. പാടം വിളവെടുക്കാറായെങ്കിലും അധികം വിളയൊന്നും പ്രതീക്ഷിക്കുന്നില്ല. “ഇത്തവണ എള്ള് നട്ട 30 സെന്റിൽനിന്ന് (ഒരേക്കറിന്റെ മൂന്നിലൊരു ഭാഗം) 150 കിലോഗ്രാമാണ് കിട്ടിയത്. ഇത്തവണ, അത് 40 കിലോഗ്രാം കടക്കുമോ എന്ന് എനിക്ക് സംശയമാണ്”.

ഈ അളവ്, തങ്ങളുടെ വാർഷിക എണ്ണയുടെ ആവശ്യം കഷ്ടിച്ച് നിറവേറ്റുമെന്ന് ദമ്പതികൾ കണക്കാക്കുന്നു. “ഞങ്ങൾ ഏകദേശം 15 മുതൽ 18 കിലോഗ്രാം വരെ വിത്ത് പൊടിക്കുന്നു. അതിലൂടെ നമുക്ക് ഏഴോ എട്ടോ ലിറ്റർ എണ്ണ ലഭിക്കും. ഞങ്ങൾക്ക് കുറഞ്ഞത് രണ്ട് ബാച്ചുകളെങ്കിലും ആവശ്യമാണ്," പ്രിയ വിശദീകരിക്കുന്നു. അടുത്ത ദിവസം ഞങ്ങളെ ഒരു ഓയിൽ മില്ലിലേക്ക് കൊണ്ടുപോകാമെന്ന് വടിവേലൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വിത്തുകളുടെ കാര്യമോ? അവ എങ്ങനെയാണ് ശേഖരിക്കുന്നത്?

ഗോപാൽ ഞങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അദ്ദേഹത്തിന്റെ എള്ളുപാടം അല്പം അകലെ, ഒരു ഇഷ്ടികച്ചൂളയുടെ അടുത്താണ്. അവിടെ നിരവധി കുടിയേറ്റ കുടുംബങ്ങൾ താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നുണ്ട്. ഒരു ഇഷ്ടികയ്ക്ക് ഒരു രൂപ എന്ന തരക്കേടില്ലാത്ത തുക അവർക്ക് സമ്പാദിക്കാൻ സാധിക്കുന്നു. അവിടെയാണ് തങ്ങളുടെ കുട്ടികളെയും അവർ വളർത്തുന്നത്. ആ കുട്ടികളാണ് കോഴിയേയും ആടിനേയുമൊക്കെ പരിപാലിക്കുന്നത്. വൈകുന്നേരം ചെങ്കൽച്ചൂള ശാന്തമാണ്. ചൂളയിലെ തൊഴിലാളിയായ എം. സീനിയമ്മാൾ സഹായത്തിനായി കൂടെവന്നു.

Priya and Gopal shake the harvested sesame stalks (left) until the seeds fall out and collect on the tarpaulin sheet (right)
PHOTO • M. Palani Kumar
Priya and Gopal shake the harvested sesame stalks (left) until the seeds fall out and collect on the tarpaulin sheet (right)
PHOTO • M. Palani Kumar

പ്രിയയും ഗോപാലും വിളവെടുത്ത എള്ളുതണ്ടുകൾ (ഇടത്ത്) വിത്തുകൾ വീഴുന്നതുവരെ കുലുക്കി, അവ ടാർപോളിൻ ഷീറ്റിൽ (വലത്ത്) ശേഖരിക്കുന്നു

Sesame seeds collected in the winnow (left). Seeniammal (right)  a brick kiln worker, helps out with cleaning the sesame seeds to remove stalks and other impurities
PHOTO • M. Palani Kumar
Sesame seeds collected in the winnow (left). Seeniammal (right)  a brick kiln worker, helps out with cleaning the sesame seeds to remove stalks and other impurities
PHOTO • M. Palani Kumar

മുറത്തിൽ ശേഖരിച്ച എള്ളുവിത്തുകൾ. ഇഷ്ടികച്ചൂളയിലെ തൊഴിലാളിയായ സീനിയമ്മാൾ തണ്ടുകളും മാലിന്യങ്ങളും മാറ്റി (വലത്ത്) വൃത്തിയാക്കാൻ സഹായിക്കുന്നു

ആദ്യം, വിളവെടുത്ത എള്ളുചെടികളെ മൂടിയ ടാർപോളിൻ ഗോപാൽ നീക്കം ചെയ്യുന്നു. ഈർപ്പവും താപനിലയും കൂട്ടാനും വിത്തുകൾ പൊങ്ങിവരാനും അവർ കുറച്ച് ദിവസം ഒരുമിച്ച് കൂട്ടിയിടും. എന്നിട്ട് സീനിയമ്മാൾ ഒരു വടികൊണ്ട് അതിവിദഗ്ദ്ധമായി തണ്ടുകൾ വേർതിരിക്കുന്നു. തണ്ടുകൾ ഇപ്പോൾ പഴുത്ത് തയ്യാറായിക്കഴിഞ്ഞു. അവ പൊട്ടി, പ്രായം തികഞ്ഞ വിത്തുകൾ വീഴുന്നു. സീനിയമ്മാൾ അവ കൈകൊണ്ട് ശേഖരിച്ച് ചെറിയ കൂനകളാക്കുന്നു. തണ്ടുകൾ ബാക്കിയാവുന്നതുവരെ ഈ പ്രക്രിയ ആവർത്തിക്കുന്നു.

പ്രിയയും ഗോപാലും മരുമകളും തണ്ടുകൾ കൂട്ടിക്കെട്ടുന്നു. ഇനി അവയെ ഇന്ധനമായി ഉപയോഗിക്കില. “നെല്ല് പുഴുങ്ങാൻ അവരെ ഉപയോഗിച്ചിരുന്നതായി ഞാൻ ഓർക്കുന്നു. എന്നാലിപ്പോൾ അരിമില്ലിലാണ് ഞങ്ങളത് ചെയ്യുന്നത്. എള്ളുചെടിയുടെ തണ്ടുകൾ കത്തിച്ചുകളയും”, വടിവേലൻ പറയുന്നു.

പഴയ പല രീതികളും ഇന്ന് ഇല്ലാതായി എന്ന് ഗോപാൽ പറയുന്നു. ഉയിർവേലി (ലൈവ് ഫെൻസിംഗ് – മൃഗങ്ങളെ ഉപയോഗിച്ച് കൃഷിഭൂമി സംരക്ഷിക്കുന്ന രീതി) ഇപ്പോൾ അപ്രത്യക്ഷമായി. “പണ്ട് ചെന്നായകൾ ഉണ്ടായിരുന്നപ്പോൾ അവ പാടത്തിന്റെ അതിരുകളിൽ മാളങ്ങളിൽ ഇരിക്കാറുണ്ടായിരുനു. വിളവ് തിന്നാൻ വരുന്ന പക്ഷികളേയും മറ്റ് മൃഗങ്ങലേയും അവ ഓടിക്കും. എന്നാലിന്ന് നിങ്ങൾക്ക് ചെന്നായകളെ കാണാനേ സാധിക്കില്ല”, ഗോപാൽ പറയുന്നു.

“വളരെ സത്യമാണ്”, വടിവേലനും സമ്മതിക്കുന്നു. “അന്നൊക്കെ എല്ലായിടത്തും ചെന്നായ്ക്കളുണ്ടായിരുന്നു കല്യാണം കഴിക്കുന്നതിനുമുൻപ് ഒരിക്കൽ നദീതീരത്തുവെച്ച് നായക്കുട്ടിയെപ്പോലെ തോന്നിച്ച ഒരു ജീവിയെ എനിക്ക് കിട്ടി. ഞാൻ അതിനെ വീട്ടിലേക്ക് കൊണ്ടുപോന്നു. ഉടനെ എന്റെ അച്ഛൻ പറഞ്ഞു, അതിനെന്തോ ഒരു വ്യത്യാസം കാണുന്നുവെന്ന്. അന്ന് രാത്രി വീടിന് പിന്നിൽ ഒരു കൂട്ടം വലിയ ചെന്നായ്ക്കൾ വന്ന് ഓരിയിടാൻ തുടങ്ങി. ഞാൻ ആ കുട്ടിയെ അതിനെ കണ്ടെത്തിയ ഇടത്തുതന്നെ തിരിച്ചുകൊണ്ടുപോയി ഉപേക്ഷിച്ചു”.

ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സീനിയമ്മാൾ എള്ള് – ഇപ്പോൾ അതിൽ വൈക്കോലും ഉണങ്ങിയ ഇലയും കലർന്നിട്ടുണ്ട് – ഒരു മുറത്തിലേക്ക് മാറ്റി. എന്നിട്ട് അവരത് തലയ്ക്ക് മുകളിലേക്കുയർത്തി പാറ്റാൻ തുടങ്ങി. ആ കാഴ്ച ഒരേസമയം മനോഹരവും ഊർജ്ജസ്വലവുമായിരുന്നു. വൈദഗ്ദ്ധ്യം ആവശ്യമുള്ള ഒരു പ്രക്രിയകൂടിയാണത്. മഴപോലെയോ സംഗീതം‌പോലെയോ എള്ള് പെയ്യാൻ തുടങ്ങി.

Gopal's daughter-in-law cleans the seeds using a sieve (left) and later they both gather them into sacks (right).
PHOTO • M. Palani Kumar
Gopal's daughter-in-law cleans the seeds using a sieve (left) and later they both gather them into sacks (right).
PHOTO • M. Palani Kumar

ഗോപാലിന്റെ മരുമകൾ ഒരു അരിപ്പ ഉപയോഗിച്ച് (ഇടത്ത്) വിത്തുകൾ വൃത്തിയാക്കുന്നു. പിന്നീട്, അവർ രണ്ടുപേരും ചേർന്ന് അത് ചാക്കുകളിലാക്കുന്നു (വലത്ത്)

Priya helps gather the stalks (left). Gopal then carries it (right) to one side of the field. It will later be burnt
PHOTO • M. Palani Kumar
Priya helps gather the stalks (left). Gopal then carries it (right) to one side of the field. It will later be burnt.
PHOTO • M. Palani Kumar

തണ്ടുകൾ ശേഖരിക്കാൻ പ്രിയ സഹായിക്കുന്നു (ഇടത്ത്). ഗോപാൽ അത് (വലത്ത്) പാടത്തിന്റെ ഒരരികിലേക്ക് കൊണ്ടുപോയി. പിന്നീട് ഇത് കത്തിക്കും

*****

ശ്രീരംഗത്തെ ശ്രീരംഗ മരച്ചെക്കിലെ (മരം പ്രസ്സ്)   റേഡിയോയിൽനിന്ന് ഒരു പഴയ തമിഴ് ഗാനം ഉയരുന്നു. ക്യാഷ് രജിസ്റ്ററിന്റെ പിന്നിൽ സ്ഥാപന ഉടമ ആർ. രാജു ഇരിക്കുന്നു.   എള്ളാട്ടിക്കൊണ്ട് മില്ലിന്റെ ഉച്ചത്തിലുള്ള ശബ്ദം. വലിയ ഇരുമ്പുപാത്രങ്ങൾ സ്വർണ്ണവർണ്ണമുള്ള എണ്ണകൊണ്ട് നിറയാൻ തുടങ്ങി. വീട്ടുമുറ്റത്ത് കൂടുതൽ എള്ള് ഉണങ്ങാനിട്ടിരിക്കുന്നു.

“1.5 മണിക്കൂറെടുക്കും 18 കിലോഗ്രാം എള്ള് പൊടിക്കാൻ. 1.5 കിലോഗ്രാം പനഞ്ചക്കരയും അതിൽ ചേർക്കും. അതിൽനിന്ന് കഷ്ടി 8 ലിറ്റർ എണ്ണ കിട്ടും. സ്റ്റീൽ മില്ലിൽനിന്ന് കിട്ടുന്നതിനേക്കാൾ അല്പം കുറവാണത്”, രാജു വിശദീകരിക്കുന്നു. ഒരു കിലോഗ്രാം പൊടിക്കാൻ ആളുകളിൽനിന്ന് 30 രൂപയാണ് രാജു ഈടാക്കുന്നത്. കോൾഡ് പ്രസ്സ്ഡ് എള്ളെണ്ണ ഒരു ലിറ്ററിന് 420 രൂപയ്ക്കാണ് വിൽക്കുന്നത്. കർഷകരിൽനിന്ന് നേരിട്ടോ ഗാന്ധി മാർക്കറ്റിൽനിന്നോ കിട്ടുന്ന ഗുണമേന്മയുള്ള എള്ളുമാത്രമേ ഞങ്ങൾ ഉപയോഗിക്കൂ. കിലോഗ്രാമിന് 130 രൂപയാണ് ഞങ്ങൾ കൊടുക്കുന്നത്. എണ്ണയുടെ രുചി കൂട്ടാൻ 300 രൂപയ്ക്ക് ഒരു കിലോഗ്രാം പനഞ്ചക്കരയും ചേർക്കും”.

രാവിലെ 10 മണിക്കും വൈകുന്നേരം 5  മണിക്കുമിടയിൽ യന്ത്രം നാലുതവണ പ്രവർത്തിപ്പിക്കുന്നു. പുതുതായി ആട്ടിയ എണ്ണ, അത് തെളിയുന്നതുവരെ വെയിലത്ത് സൂക്ഷിക്കും. എണ്ണ കളഞ്ഞ എള്ളുപിണ്ണാക്കിൽ അല്പം എണ്ണമയമുണ്ടാവും. കർഷകർ ഇത് അവരുടെ കന്നുകാലികൾക്ക് തിന്നാനായി വാങ്ങുന്നു. ഒരു കിലോഗ്രാമിന് 35 രൂപ നിരക്കിൽ.

എള്ള് കൃഷി ചെയ്യാനും, വിളവെടുക്കാനും, വൃത്തിയാക്കാനും സഞ്ചിയിലാക്കാനുമായി 20,000 രൂപയിലധികം താൻ ചിലവാക്കുന്നുണ്ടെന്ന് രാജു കണക്കാക്കുന്നു. സാധാരണയായി300 കിലോയ്ക്ക് മുകളിലാണ് വിളവ് കിട്ടുക. മൂന്നുമാസത്തെ    കൃഷിപ്പണിയിൽനിന്ന് ഒരേക്കറിൽനിന്ന് 15,000 മുതൽ 17,000 രൂപവരെ ലാഭമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അവിടെയാണ് പ്രശ്നമെന്ന് വടിവേലൻ പറയുന്നു. “ഈ തൊഴിലിൽനിന്ന് ആർക്കാണ് ലാഭമെന്ന് നിങ്ങൾക്കറിയാമോ? വ്യാപാരികൾക്ക്. വിളവ് കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ഞങ്ങൾക്ക് നൽകിയതിന്റെ ഇരട്ടിയിലധികം അവർ സമ്പാദിക്കുന്നു”, അദ്ദേഹം പറയുന്നു. “എന്താണ് അവരുടെ മൂല്യവർദ്ധന”?. അയാൾ തലകുലുക്കി. “അതുകൊണ്ടാണ് ഞങ്ങൾ എള്ള് വിൽക്കാത്തത്. ഞങ്ങൾ വീട്ടാവശ്യത്തിനും സ്വന്തം ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. അതുമതി”.

The wooden press at Srirangam squeezes the golden yellow oil out of the sesame seeds
PHOTO • M. Palani Kumar
The wooden press at Srirangam squeezes the golden yellow oil out of the sesame seeds
PHOTO • M. Palani Kumar

ശ്രീരംഗത്തെ മരച്ചക്കുപയോഗിച്ച് എള്ളിൽനിന്ന് സ്വർണ്ണനിറമുള്ള എണ്ണ പിഴിഞ്ഞെടുക്കുന്നു

Gandhi market in Trichy, Tamil Nadu where sesame and dals are bought from farmers and sold to dealers
PHOTO • M. Palani Kumar
Gandhi market in Trichy, Tamil Nadu where sesame and dals are bought from farmers and sold to dealers
PHOTO • M. Palani Kumar

തമിഴ് നാട്ടിലെ ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റ്. ഉഴുന്നും എള്ളും കർഷകരിൽനിന്ന് വാങ്ങി വിതരണക്കാർക്ക് വിൽക്കുന്നത് ഇവിടെവെച്ചാണ്

ട്രിച്ചിയിലെ തിരക്കുള്ള ഗാന്ധി മാർക്കറ്റിലെ എള്ളുകടകൾ കച്ചവടംകൊണ്ട് സജീവമാണ്. ഉഴുന്നിന്റെയും പച്ചക്കടലയുടേയും എള്ളിന്റേയും ചാക്കുകളിൽ കൃഷിക്കാർ ഇരിക്കുന്നു. തങ്ങളുടെ പൂർവ്വികരുടെ ഉടമസ്ഥതയിലുള്ള കടകൾക്കകത്ത് വ്യാപാരികളും. ഞങ്ങൾ ചെന്ന ദിവസം, ഉഴുന്ന് കൂടുതൽ വന്നിട്ടുണ്ടെന്ന് 45 വയസ്സുള്ള പി.ശരവണൻ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരുമായ തൊഴിലാളികൾ പരിപ്പ് അരിച്ചെടുത്ത്, തൂക്കി പാക്ക് ചെയ്യുന്നുണ്ടായിരുന്നു. “പ്രദേശത്തെ എള്ളിന്റെ വിളവെടുപ്പ് തുടങ്ങിയിട്ടേയുള്ളു”, അയാൾ പറയുന്നു. “ചാക്കുകൾ ഉടനെ എത്താൻ തുടങ്ങും”.

കച്ചവടത്തിന്റെ ഈ മൂർദ്ധന്യാവസ്ഥയിലും, തന്റെ അച്ഛന്റെ കാലത്തുണ്ടായിരുനതിന്റെ നാലിലൊന്ന് ഉത്പാദനം മാത്രമേ ഉള്ളൂവെന്ന്, 55 വയസ്സായ എസ്. ചന്ദ്രശേഖരൻ പറഞ്ഞു. “ജൂണിൽ, 2,000 എള്ളുചാക്കുകൾ ദിവസവും ഗാന്ധി മാർക്കറ്റിൽ വന്നിരുന്നു. ഇന്നത് 500 ആയി കുറഞ്ഞു. കർഷകർ ഈ തൊഴിലുപേക്ഷിക്കുകയാണ് നല്ല അദ്ധ്വാനമാവശ്യമുള്ളതാണ് ഈ ജോലി. വില കൂടുന്നുമില്ല. ഒരു കിലോഗ്രാമിന് 100-നും 130 രൂപയ്ക്കും ഇടയിലാണ് കിട്ടുന്നത്. അതിനാൽ അവർ ഉഴുന്ന് കൃഷിയിലേക്ക് മാറുന്നു. അതാവുമ്പോൾ യന്ത്രമുപയോഗിച്ച് വിളവെടുത്ത് അതേ ദിവസം‌തന്നെ ചാക്കുകളിൽ സൂക്ഷിക്കാം”.

എന്നാൽ എണ്ണയുടെ വില കൂടുതലാണെന്നുമത് കൂടുക മാത്രമാണ് ചെയ്യുന്നതെന്നും ഞാൻ സൂചിപ്പിച്ചു. എന്തുകൊണ്ടാണ് കർഷകർക്ക് നല്ല വില കിട്ടാത്തത്? “അത് കമ്പോളത്തെ ആശ്രയിച്ചിരിക്കും. ആവശ്യവും ഉത്പാദനവും അനുസരിച്ച്. മറ്റ് സംസ്ഥാനങ്ങളിലെ ഉത്പാദനത്തെയും, വലിയ എണ്ണമില്ലുകാർ കൂട്ടിവെക്കുന്നതിനെയും ആശ്രയിച്ച്”.

എല്ലായിടത്തും ഇതുതന്നെയാണ് കഥ. എല്ലാ വിളകൾക്കും ചരക്കുകൾക്കും. ‘കമ്പോളം’ ചിലർക്ക് മാത്രം ഗുണം ചെയ്യും. മറ്റ് ചിലർക്ക് ദോഷവും. ആരെയാണ് അത് സഹായിക്കുക എന്നറിയാമല്ലോ”.

*****

ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജിയിലെ സോഷ്യോളജി, പോളിസി സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിച കുമാർ ഒരു പ്രബന്ധത്തിൽ സൂചിപ്പിച്ചതുപോലെ, ഭക്ഷ്യ എണ്ണയുടെ വ്യവസായത്തിന് ഇറക്കുമതിയുടേയും കൃഷിക്കും സാംസ്കാരിക രീതികൾക്കും സ്ഥാനഭ്രംശം വന്നതിന്റേയും ദീർഘവും സങ്കീർണ്ണവുമായ ഒരു ചരിത്രമുണ്ട്. സ്വാശ്രയത്വത്തിൽനിന്ന് ആഴത്തിലുള്ള നിരാശയിലേക്ക് എന്ന് പേരിട്ട ആ പ്രബന്ധത്തിൽ പറയുന്നത്, “ക്ഷീരോത്പാദനത്തെ വർദ്ധിപ്പിക്കുന്നതിൽ ക്ഷീര സഹകരണസ്ഥാപനങ്ങൾ കൈവരിച്ച വിജയത്തെ അനുകരിക്കാനാണ് സർക്കാരിന്റെ ആഗ്രഹം”.

Freshly pressed sesame oil (left). Various cold pressed oils (right) at the store in Srirangam
PHOTO • M. Palani Kumar
Freshly pressed sesame oil (left). Various cold pressed oils (right) at the store in Srirangam.
PHOTO • M. Palani Kumar

പുതുതായി ആട്ടിയ എള്ളെണ്ണ (ഇടത്ത്). ശ്രീരംഗത്ത് ശേഖരിച്ച, വിവിധ കോൾഡ് പ്രസ്സ്ഡ് എണ്ണകൾ (വലത്ത്)

എന്നാൽ, “പീതവിപ്ലവമുണ്ടായിട്ടും 1990-കളുടെ മധ്യത്തോടെ ഭക്ഷ്യ എണ്ണയ്ക്ക് ഇന്ത്യയിൽ കടുത്ത ക്ഷാമമുണ്ടായി. എണ്ണക്കുരു-ഭക്ഷ്യധാന്യങ്ങൾ-പയർവർഗ്ഗങ്ങൾ എന്നിവയുടെ മിശ്രകൃഷിയിൽനിന്ന് സർക്കാരിന്റെ പ്രത്യേക പ്രോത്സാഹനവും ഏറ്റെടുക്കൽ ഉറപ്പും കിട്ടുന്ന ഗോതമ്പിന്റേയും അരിയുടേയും കരിമ്പിന്റേയും കൃഷിയിലേക്കുള്ള ഭൂമിയുടെ തരം‌മാറ്റമാണ് അതിന്റെ കാരണം. അതിനുപുറമേ, 1994-ൽ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയിലുണ്ടായ ഉദാരവത്ക്കരണം മൂലം, ഇന്തോനേഷ്യയിൽനിന്നുള്ള വില കുറഞ്ഞ പാമോയിലും  അർജന്റീനയിൽനിന്നുള്ള സോയാബീൻ എണ്ണയും സ്വദേശി കമ്പോളത്തിൽ വേലിയേറ്റമുണ്ടാക്കി”.

“വില കുറഞ്ഞ പാമോയിലും സോയാബീൻ എണ്ണയും ഭക്ഷ്യ എണ്ണയുടെ സ്ഥാനം തട്ടിയെടുത്തു. പ്രത്യേകിച്ചും വനസ്പതിയുടെ (സംസ്കരിച്ചതും ഹൈഡ്രോജനേറ്റഡുമായ സസ്യദ്രാവകം) ഉത്പാദനത്തിൽ വിലക്കൂടുതലുള്ള നെയ്യിന്റെ (ക്ലാരിഫൈഡ് വെണ്ണ) സ്ഥാനം അവ രണ്ടും കൈക്കലാക്കി. എല്ലാംകൂടി ഒത്തൊരുമിച്ച് വന്നപ്പോൾ, പരമ്പരാഗതവും പ്രാദേശികവുമായ ബഹുതരമായ എണ്ണക്കുരുക്കളേയും എണ്ണകളേയും – കടുക്, എള്ള്, ചണവിത്ത്, നാളികേരം, നിലക്കടല എന്നിവയടക്കം ഒട്ടും ലാഭകരമല്ലാതിരുന്ന പലതിനേയും – ഇന്ത്യയിലെ കൃഷിയിടങ്ങളിൽനിന്നും തീൻ‌പാത്രങ്ങളിൽനിന്നും ഇവ ഒഴിപ്പിച്ചു” എന്ന് കുമാർ എഴുതുന്നു.

പെട്രോളിയത്തിനും സ്വർണ്ണത്തിനും ശേഷം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നമായി ഭക്ഷ്യ എണ്ണ മാറിക്കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കാർഷിക ഇറക്കുമതി ബില്ലിന്റെ 40 ശതമാനവും മൊത്തത്തിലുള്ള ഇറക്കുമതി ബില്ലിന്റെ 3 ശതമാനവുമായി അത് വളർന്നിരിക്കുന്നു എന്ന്, 2023 ജൂണിൽ പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെ സ്വാശ്രയത്വത്തിലേക്കുള്ള നീക്കങ്ങൾ എന്ന പ്രബന്ധത്തിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ ഉപഭോഗ ആവശ്യങ്ങളുടെ 60 ശതമാനവും നിവർത്തിക്കുന്നത് ഇറക്കുമതിയിലൂടെയാണെന്നും അത് കൂട്ടിച്ചേർക്കുന്നു.

*****

വടിവേലന്റെ കുടുംബത്തിന്റെ ചിലവുകളുടെ അറുപത് ശതമാനവും കിട്ടുന്നത് അയാളുടെ ടാക്സിയിൽനിന്നാണ്. ഗ്രാമത്തിന്റെ കുറച്ചപ്പുറത്തുവെച്ച് രണ്ടായി പിരിയുന്ന കാവേരി പോലെ, വടിവേലന്റെ സമയവും, ജീവിതം‌തന്നെയും കൃഷിക്കും വണ്ടിയോടിക്കലിനുമായി പകുത്തെടുത്തിരിക്കുന്നു. ആദ്യത്തേത് ബുദ്ധിമുട്ടുള്ളതാണെന്ന് അദ്ദേഹം പറയുന്നു. “അത് പ്രവചിക്കാൻ പറ്റാത്തതും സമയം ആവശ്യപ്പെടുന്നതുമാണ്”.

പകൽ‌സമയത്ത് ജോലി ചെയ്യേണ്ടതുള്ളതിനാൽ (മണിക്കൂറുകളോളം വണ്ടിയോടിക്കേണ്ടിവരാറുണ്ട്) ഭാര്യയാണ് പാടത്തെ പണി നോക്കുന്നത്. വീട്ടിലെ അവരുടെ പണികൾക്ക് പുറമേയാണ് ആ ജോലി. ചിലപ്പോൾ വടിവേലനും സഹായിക്കാറുണ്ട്. രാത്രി പാടം നനയ്ക്കാനും, എല്ലാ‍വരുടേയും കൃഷിയിടങ്ങൾ വെട്ടാൻ പാകമാവുമ്പോൾ, വിളവ് യന്ത്രം സംഘടിപ്പിക്കാനും മറ്റും. പാടത്ത് കഠിനാദ്ധ്വാനം ചെയ്യാറുണ്ടായിരുന്നു അയാൾ. “എന്നാലിപ്പോൾ, മൺ‌വെട്ടിയൊക്കെ ഉപയോഗിക്കുമ്പോൾ എനിക്ക് ഇടയ്ക്കിടയ്ക്ക് പുറം വിലങ്ങാറുണ്ട്. അപ്പോൾ വണ്ടിയോടിക്കാൻ സാധിക്കില്ല”!

Women workers winnow (left) the freshly harvested black gram after which they clean and sort (right)
PHOTO • M. Palani Kumar
Women workers winnow (left) the freshly harvested black gram after which they clean and sort (right)
PHOTO • M. Palani Kumar

പുതുതായി വിളവെടുത്ത ഉഴുന്ന് സ്ത്രീകൾ മുറത്തിലാക്കി (ഇടത്ത്) പിന്നീട് വൃത്തിയാക്കി മാറ്റിവെക്കുന്നു (വലത്ത്)

അതുകൊണ്ട് ജോലിക്കാരെ കിട്ടുമ്പോൾ, ഈ ദമ്പതികൾ അവരെ വാടകയ്ക്കെടുക്കാറുണ്ട്. കള പറിക്കാനും, ഞാറ് നടാനും, എള്ള് ആട്ടാനും പ്രായമായ സ്ത്രീകളെ കിട്ടുമ്പോൾ അവർ അവരെ ജോലിക്ക് വെക്കാറുണ്ട്.

ഉഴുന്നും ബുദ്ധിമുട്ടാണ് കൃഷി ചെയ്യാൻ. “വിളവിന് മുമ്പും ശേഷവും മഴ പെയ്തു. അത് ഉണക്കാൻ ഞാൻ ബുദ്ധിമുട്ടി”. അയാൾ അത് വിവരിച്ചു. അവിശ്വസനീയമായ തോന്നിപ്പിക്കും ആ പ്രാരാബ്ധങ്ങൾ. പിന്നീട്, ഇഡ്ഡലിയും ദോശയും കഴിക്കുന്ന അവസരങ്ങളിൽ ഞാൻ അതിനെ (ഉഴുന്നിനെ) കൂടുതൽ ബഹുമാനിക്കാൻ തുടങ്ങി.

“എന്റെ ഇരുപതാം വയസ്സിലൊക്കെ ഞാൻ ലോറി ഓടിച്ചിരുന്നു. അതിന് 14 ചക്രങ്ങളാണ്. ഞങ്ങൾ രണ്ട് ഡ്രൈവർമാർ മാറിമാറി വണ്ടിയോടിക്കും. രാജ്യം മുഴുവൻ പോകാറുണ്ടായിരുന്നു. ഉത്തർ പ്രദേശ്, ദില്ലി, കശ്മീർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൊക്കെ”. എന്തുതരം ഭക്ഷണമാണ് കഴിച്ചിരുന്നത്, പാനീയങ്ങളാണ് കുടിച്ചിരുന്നത് (ഒട്ടകപ്പാലുകൊണ്ട് ഉണ്ടാക്കിയ ചായ, ചപ്പാത്തി, പരിപ്പ്, മുട്ട ബുർജി), എപ്പോഴൊക്കെയാണ് കുളിക്കാൻ സമയം കിട്ടിയിരുന്നത്, കിട്ടാതിരുന്നത് (പുഴകളിൽ കുളിച്ചത്, കശ്മീരുപോലെ തണുപ്പുള്ള സ്ഥലങ്ങളിൽ കുളിക്കാൻ ബുദ്ധിമുട്ട് തോന്നിയത്) വണ്ടിയോടിക്കുമ്പോൾ കേട്ടിരുന്ന പാട്ടുകൾ (“ഇളയരാജയുടെ പാട്ടുകളും, പിന്നെ ഉറക്കമൊഴിക്കാൻ ‘കുത്തുപാട്ടുകളും’) അങ്ങിനെ ധാരാളം കാര്യങ്ങൾ വടിവേലൻ പറഞ്ഞുകൊണ്ടിരുന്നു. സുഹൃത്തുക്കൾ, കിംവദന്തികൾ, പ്രേതങ്ങൾ എന്നിവയെക്കുറിച്ചും. “ഒരു രാത്രി ഞാൻ ലോറിയിൽനിന്ന് ഇറങ്ങി മൂത്രമൊഴിക്കാൻ ഇരുന്നു. തല കമ്പിളികൊണ്ട് മൂടിയിരുന്നു. പിറ്റേന്ന് രാവിലെ മറ്റുള്ളവർ പറയുന്നത് കേട്ടു, അവർ തല മൂടിയ ഒരു പ്രേതത്തെ കണ്ടുവെന്ന്”! ഇതും പറഞ്ഞ് വടിവേലൻ പൊട്ടിച്ചിരിക്കുന്നു.

ആഴ്ചകളോളം വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നതുകൊണ്ട് നാട് മുഴുവൻ വണ്ടിയിൽ യാത്ര ചെയ്യുന്നത് വടിവേലൻ ഒഴിവാക്കി. വിവാഹത്തിനുശേഷം അയൽ‌പ്രദേശങ്ങളിൽ മാത്രമേ വണ്ടിയോടിച്ച് പോകാറുള്ളു. പിന്നെ കൃഷിയും. വടിവേലൻ-പ്രിയ ദമ്പതിമാർക്ക് രണ്ട് കുട്ടികളാണുള്ളത്. മകൾ 10-ആം ക്ലാസ്സിലും മകൻ ഏഴാം ക്ലാസ്സിലും. “അവർക്കാവശ്യമുള്ളതൊക്കെ കൊടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. കുട്ടിക്കാലത്ത് ഞാനൊരുപക്ഷേ കൂടുതൽ സന്തോഷവാനായിരുന്നിരിക്കാം”, എന്തോ ചിന്തിച്ചുകൊണ്ട് അയാൾ പറയുന്നു.

Vadivelan’s time is divided between farming and driving. Seen here (left)with his wife Priya in the shade of a nearby grove and with their children (right)
PHOTO • M. Palani Kumar
Vadivelan’s time is divided between farming and driving. Seen here (left)with his wife Priya in the shade of a nearby grove and with their children (right)
PHOTO • Aparna Karthikeyan

കൃഷിക്കും വണ്ടിയോടിക്കലിനുമായി പകുത്തിട്ടിരിക്കുകയാണ് വടിവേലന്റെ സമയം. ഭാര്യ പ്രിയയോടൊത്ത് സമീപത്തുള്ള ഒരു തോട്ടത്തിൽ (ഇടത്ത്), മക്കളോടൊത്തുള്ള മറ്റൊരു ചിത്രം (വലത്ത്)

കുട്ടിക്കാലത്തെ അയാളുടെ കഥകൾ അത്ര എളുപ്പമായിരുന്നില്ല. “അന്നൊന്നും ആരും ഞങ്ങളെ വളർത്തിയിരുന്നില്ല” ചിരിച്ചുകൊണ്ട് അയാൾ പറയുന്നു. “ഞങ്ങൾ തന്നത്താൻ വളർന്നു”. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ജോടി ചെരുപ്പുകൾ കിട്ടിയത്. അതുവരെ നഗ്നപാദനായിട്ടാണ് നടന്നിരുന്നത്. അമ്മമ്മ വളർത്തിയിരുന്നതും പെറുക്കിയെടുത്തതുമായ ഇലകൾ കൂട്ടിക്കെട്ടി ഒരു കെട്ടിന് 50 പൈസയ്ക്ക് വിറ്റിരുന്നു. “ചില ആളുകൾ അതിനുപോലും വിലപേശും”, അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു. സ്കൂളിൽനിന്ന് കിട്ടിയ ഷർട്ടും ട്രൌസറും ധരിച്ച് സൈക്കിളിൽ ചുറ്റിക്കറങ്ങും. “ആ വസ്ത്രങ്ങൾ മൂന്ന് മാസം‌വരെ മാത്രമേ നിൽക്കൂ. എന്റെ കുടുംബം വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുതിയ വസ്ത്രങ്ങൾ വാങ്ങിത്തരിക”.

ആ കഷ്ടകാലങ്ങളെയൊക്കെ വടിവേലൻ തരണം ചെയ്തു. അയാൾ കായികാഭ്യാസിയായിരുന്നു. ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. കബഡി കളിച്ചു, പുഴയിൽ നീന്തി, കൂട്ടുകാരൊത്ത് ചുറ്റിയടിച്ചു, രാത്രി അച്ഛമ്മ പറഞ്ഞുതരുന്ന കഥകൾക്ക് ചെവി കൊടുത്തു. “കഥയുടെ പകുതിയിലെത്തുമ്പോഴേക്കും ഞാനുറങ്ങിയിട്ടുണ്ടാകും. പിറ്റേന്ന്, നിർത്തിയ ഭാഗത്തുനിന്ന് അച്ഛമ്മ വീണ്ടും തുടങ്ങും. അവർക്ക് ധാരാളം കഥകൾ അറിയാമായിരുന്നു. രാജാക്കന്മാരുടേയും രാജ്ഞിമാരുടേയും ദൈവങ്ങളുടേയും”.

എന്നാൽ വടിവേലന് ജില്ലാതലത്തിൽ മത്സരിക്കാൻ പറ്റിയില്ല. അതിനാവശ്യമായ തയ്യാറെടുപ്പുകളും പോഷകാഹാരവും നൽകാൻ കുടുംബത്തിന് കഴിവുണ്ടായിരുന്നില്ല. വീട്ടിൽ കഞ്ഞിയും, ചോറും, കറികളും വല്ലപ്പോഴും ഇറച്ചിയും മാത്രമേ കിട്ടിയിരുന്നുള്ളു. സ്കൂളിൽനിന്ന് ഉപ്പുമാവ് കിട്ടും. വൈകീട്ട്, കഞ്ഞിവെള്ളവും ‘തൊട്ടുനക്കാൻ‘ ഉപ്പും. മനപ്പൂർവ്വമാണ് അയാൾ ആ വാക്കുപയോഗിച്ചത്. ഇന്ന് തന്റെ കുട്ടികൾക്ക് പാക്കറ്റിലുള്ള ഉപ്പാണ് അയാൾ വാങ്ങുന്നത്.

കുട്ടിക്കാലത്ത് താനനുഭവിച്ച കഷ്ടപ്പാടുകൾ അവർക്കനുഭവിക്കേണ്ടിവരാതിരിക്കാൻ അയാൾ ശ്രദ്ധിക്കുന്നു. രണ്ടാമത്തെ തവണ ഞാൻ അവരുടെ, കൊള്ളിഡാമിന്റെ തീരത്തുള്ള പട്ടണം സന്ദർശിച്ചപ്പോൾ അയാളും ഭാര്യയും മകളും ചേർന്ന് മണ്ണിൽ കുഴിയെടുക്കുകയായിരുന്നു. ആറിഞ്ച് കുഴിച്ചപ്പോഴേക്കും വെള്ളം ഉറവയെടുക്കാൻ തുടങ്ങി. “ഈ പുഴയിൽ ശുദ്ധവെള്ളമാണ്” പ്രിയ പറയുന്നു. അവർ മണ്ണിൽ ഒരു കൂനയുണ്ടാക്കി തന്റെ ഹെയർപിൻ അതിൽ ഒളിച്ചുവെക്കുന്നു. മകൾ അത് തപ്പിയെടുക്കാൻ നോക്കുന്നു. വടിവേലനും മകനും ആഴമില്ലാത്ത വെള്ളത്തിൽ കുളിക്കുന്നു. ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു ചുറ്റുവട്ടത്ത്. പശുക്കൾ വീടുകളിലേക്ക് നടന്നതിന്റെ കാല്പാടുകൾ മണ്ണിൽ കണ്ടു. പുഴയിലെ പുല്ലുകൾ ഇളകുന്നു. തുറസ്സായ സ്ഥലങ്ങൾക്ക് മാത്രം തരാൻ  കഴിയുന്ന ഒരു സൌന്ദര്യമുണ്ടായിരുന്നു ആ പരിസരത്തിന്. “ഇത് നിങ്ങളുടെ നഗരത്തിൽ കിട്ടില്ല, അല്ലേ?”, വീട്ടിലേക്ക് തിരിച്ചുപോരുമ്പോൾ വടിവേലൻ ചോദിച്ചു.

*****

അടുത്ത തവണ ഞാൻ നദിയെ കണ്ടപ്പോൾ, ഞാൻ നഗരത്തിലാണെന്ന് തോന്നിപ്പോയി. അത്രത്തോളം ഞാനതിനെ ഇഷ്ടപ്പെട്ടു. 2023 ഓഗസ്റ്റ് മാസമായിരുന്നു. വടിവേലന്റെ പട്ടണം ആദ്യമായി സന്ദർശിച്ച് ഒരുവർഷം കഴിഞ്ഞിരുന്നു അപ്പോൾ. ചരിത്രവും സംസ്കാരവും ആചാരവും കൂട്ടിമുട്ടുന്ന കാവേരിയുടെ നദീതീരത്ത് ആഘോഷിക്കുന്ന ആടി പെരുക്ക് കാണാൻ വന്നതായിരുന്നു ഞാനന്ന്.

Vadivelan at a nearby dam on the Cauvery (left) and Priya at the Kollidam river bank (right)
PHOTO • Aparna Karthikeyan
Vadivelan at a nearby dam on the Cauvery (left) and Priya at the Kollidam river bank (right)
PHOTO • Aparna Karthikeyan

കാവേരിയിലെ സമീപസ്ഥമായ ഒരു അണക്കെട്ടിൽ വടിവേലൻ (ഇടത്ത്) കൊള്ളിഡാം നദിയോരത്ത് നിൽക്കുന്ന പ്രിയ (വലത്ത്)

The crowd at Amma Mandapam (left), a ghat on the Cauvery on the occasion of Aadi Perukku where the river (right) is worshipped with flowers, fruits, coconut, incense and camphor.
PHOTO • Aparna Karthikeyan
The crowd at Amma Mandapam (left), a ghat on the Cauvery on the occasion of Aadi Perukku where the river (right) is worshipped with flowers, fruits, coconut, incense and camphor.
PHOTO • Aparna Karthikeyan

ആടി പെരുക്കിന്റെ അവസരത്തിൽ, കാവേരിയിലെ ഒരു ഘട്ടിലുള്ള അമ്മ മണ്ഡപത്തിലെ (ഇടത്ത്) തിരക്ക്. ഇവിടെവെച്ചാണ് പുഴയെ (വലത്ത്) പൂക്കളും, പഴങ്ങളും നാളികേരവും ചന്ദനത്തിരിയും കർപ്പൂരവുംകൊണ്ട് ആരാധിക്കുന്നത്

“തിരക്ക് വരാൻ പോകുന്നു” വടിവേലൻ മുന്നറിയിപ്പ് തന്നു. ശ്രീരംഗത്തെ ഒരു ഒഴിഞ്ഞ തെരുവിൽ കാർ പാർക്ക് ചെയ്യുകയായിരുന്നു അയാൾ. തീർത്ഥാടകൻ ഒരുമിച്ചുകൂടുന്ന കാവേരിയിലെ ഒരു ഘട്ടിലുള്ള അമ്മ മണ്ഡപത്തേക്ക് ഞങ്ങൾ നടന്നു. രാവിലെ 8.30 ആയിരുന്നു സമയം. നിറയെ ആളുകൾ. കൽ‌പ്പടവുകളിൽ‌പ്പോലും സ്ഥലമില്ല. എല്ലായിടത്തും ആളുകളും നദിയിൽ ഒഴുക്കാനുള്ള നിവേദ്യങ്ങൾ - തേങ്ങയും, ചന്ദനത്തിരികൾ കുത്തിവെച്ച പ്ഴവും, മഞ്ഞളുകൊണ്ടുള്ള കുഞ്ഞു ഗണപതി വിഗ്രഹങ്ങളും, പൂക്കളും, ഫലങ്ങളും കർപ്പൂരങ്ങളും – നിരത്തിയ വാഴയിലകളും മാത്രം. ഒരു വിവാഹത്തിന്റേതായ അന്തരീക്ഷം. കുറേകൂടി വലിയ ഒന്നാണെന്ന് മാത്രം.

നവവധൂവരന്മാരും അവരുടെ കുടുംബങ്ങളും പൂജാരിമാരെ പൊതിഞ്ഞ് നിൽക്കുന്നു. പൂജാരിമാരാകട്ടെ, താലിയിലെ (മംഗല്യസൂത്രം) സ്വർണ്ണാഭരണങ്ങൾ പുതിയ നൂലിൽ കെട്ടാൻ അവരെ സഹായിക്കുന്നു. അതിനുശേഷം ഭർത്താവും ഭാര്യയും നന്നായി പ്രാർത്ഥിച്ച്, സൂക്ഷിച്ചുവെച്ചിരുന്ന വിവാഹമാലകൾ വെള്ളത്തിലേക്ക് ഒഴുക്കിക്കളയുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും അവർ മധുരവും കുങ്കുമവും വിതരണം ചെയ്യുന്നു. കാവേരിക്കപുറത്തായി, ട്രിച്ചിയീ ഏറ്റവും പ്രശസ്തമായ ഗണപതിക്ഷേത്രം, ഉച്ചി പിള്ളയാർ കോവിൽ, പ്രഭാതസൂര്യനിൽ തിളങ്ങുന്നുണ്ടായിരുന്നു.

പ്രാർത്ഥനകളും ആഗ്രഹങ്ങളുമായി പുഴ കുതിച്ചുപായുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ചെയ്തിരുന്നതുപോലെ, കൃഷിയിടങ്ങളേയും സ്വപ്നങ്ങളേയും നനച്ചുകൊണ്ട്.

ഫ്രം സെൽ ഫ് റിലയൻസ് റ്റു ഡീപ്പനിംഗ് ഡിസ്ട്രെസ്സ് : ദ് ആംബിവേലൻസ് ഓഫ് ദ് യെല്ലോ റെവല്യൂഷൻ എന്ന പ്രബന്ധം പങ്കിടാൻ സന്മനസ്സ് കാണിച്ച ഡോ . റിച കുമാറിന് അകൈതവമാ‍യ കൃതജ്ഞത .

അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ, അവരുടെ റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാം 2020-ന്റെ ഭാഗമായി നടത്തിയ പഠനം

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

अपर्णा कार्थिकेयन स्वतंत्र मल्टीमीडिया पत्रकार आहेत. ग्रामीण तामिळनाडूतील नष्ट होत चाललेल्या उपजीविकांचे त्या दस्तऐवजीकरण करतात आणि पीपल्स अर्काइव्ह ऑफ रूरल इंडियासाठी स्वयंसेवक म्हणूनही कार्य करतात.

यांचे इतर लिखाण अपर्णा कार्थिकेयन
Photographs : M. Palani Kumar

एम. पलनी कुमार २०१९ सालचे पारी फेलो आणि वंचितांचं जिणं टिपणारे छायाचित्रकार आहेत. तमिळ नाडूतील हाताने मैला साफ करणाऱ्या कामगारांवरील 'काकूस' या दिव्या भारती दिग्दर्शित चित्रपटाचं छायांकन त्यांनी केलं आहे.

यांचे इतर लिखाण M. Palani Kumar
Editor : P. Sainath

पी. साईनाथ पीपल्स अर्काईव्ह ऑफ रुरल इंडिया - पारीचे संस्थापक संपादक आहेत. गेली अनेक दशकं त्यांनी ग्रामीण वार्ताहर म्हणून काम केलं आहे. 'एव्हरीबडी लव्ज अ गुड ड्राउट' (दुष्काळ आवडे सर्वांना) आणि 'द लास्ट हीरोजः फूट सोल्जर्स ऑफ इंडियन फ्रीडम' (अखेरचे शिलेदार: भारतीय स्वातंत्र्यलढ्याचं पायदळ) ही दोन लोकप्रिय पुस्तकं त्यांनी लिहिली आहेत.

यांचे इतर लिखाण साइनाथ पी.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat