“ഇത് 12 ലക്ഷമല്ലേ? ഇതിന്റെ കാര്യമല്ലേ പറയുന്നത്?” തന്റെ ഫോണിലെ ഒരു വാട്ട്സാപ്പ് സന്ദേശം എന്നെക്കാണിച്ച് 30 വയസ്സുള്ള ഷാഹിദ് ഹുസ്സൈൻ ചോദിക്കുന്നു. നികുതിപരിധി ഇളവ് 12 ലക്ഷം രൂപയാക്കിയതിനെകുറിച്ചുള്ള സന്ദേശമായിരുന്നു അത്. ബംഗളൂരുവിലെ മെട്രോ ലൈനിൽ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി ക്രെയിൻ പ്രവർത്തിപ്പിക്കുന്ന തൊഴിലാളിയാണ് ഷാഹിദ്.
“ഞങ്ങളീ 12 ലക്ഷം നികുതിയിളവ് ബഡ്ജറ്റിനെക്കുറിച്ച് ധാരാളം കേട്ടുകഴിഞ്ഞു,” അതേ സ്ഥലത്ത് ജോലിചെയ്യുന്ന ബ്രിജേഷ് പരിഹാസത്തോടെ പറയുന്നു. “ഇവിടെ ഒരാൾക്കും കൊല്ലത്തിൽ 3.5 ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം കിട്ടാറില്ല.” ഉത്തർ പ്രദേശിലെ ദിയോരിയ ജില്ലയിലെ ദുമാരിയ ഗ്രാമത്തിൽനിന്ന് വരുന്ന അവിദഗ്ദ്ധ കുടിയേറ്റത്തൊഴിലാളിയാണ് 20 വയസ്സുള്ള ബ്രിജേഷ്.
“ഈ ജോലി ഉള്ളിടത്തോളം കാലം, മാസത്തിൽ 30,000 രൂപവെച്ച് ഞങ്ങൾക്ക് കിട്ടും,” ബിഹാറിലെ കൈമുർ (ഭബുവ) ജില്ലയിലെ ബിയുറിൽനിന്നുള്ള ഷാഹിദ് പറയുന്നു. ജോലിക്കായി പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട് ഷാഹിദ്. “ഈ ജോലിക്കുശേഷം കമ്പനി ഞങ്ങളെ മറ്റെവിടേക്കെങ്കിലും അയയ്ക്കും, അതല്ലെങ്കിൽ 10-15 രൂപ അധികം തരുന്ന ഏതെങ്കിലും കമ്പനിയിൽ ഞങ്ങൾ ജോലിക്ക് കയറാൻ നോക്കും.”






