65 വയസ്സുകാരനായ നാരായൺ ദേശായിയുടെ കണ്ടുപിടുത്തത്തെ പണച്ചിലവില്ലാത്ത, നൂതനമായ ഒരു ആശയത്തിന്റെ ഉദാഹരണമെന്ന് വിളിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത് തന്റെ കലയുടെ "മരണം" എന്നാണ്. ദേശായ് ഉണ്ടാക്കുന്ന ഷെഹ്‌നായികളുടെ ഘടനയിലും ഘടകങ്ങളിലും സമീപകാലത്ത് കൊണ്ടുവരേണ്ടി വന്ന മാറ്റങ്ങളെയാണ് അദ്ദേഹം ഇത്തരത്തിൽ വിവരിക്കുന്നത്. വിപണിയിലെ യാഥാർഥ്യങ്ങളും തന്റെ കലയുടെ അസ്തിത്വത്തിന് തന്നെ ഉയർന്ന ഭീഷണിയുമാണ് ദേശായിയെ ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചത്.
വിവാഹങ്ങളിലും ഉത്സവങ്ങളിലും പ്രാദേശിക പരിപാടികളിലും വായിക്കുന്ന ജനപ്രിയ സുഷിര വാദ്യമാണ് ഷെഹ്‌നായ്.
രണ്ടു വർഷം മുൻപ് വരെ, ദേശായ് നിർമ്മിക്കുന്ന എല്ലാ ഷെഹ്‌നായികളുടെയും അകലെയുള്ള അറ്റത്ത് ഒരു പിത്തലി (പിച്ചള) ബെൽ ഉണ്ടാകുമായിരുന്നു. കൈ കൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത മാതൃകയിലുള്ള ഷെഹ്‌നായികളിൽ, മറാത്തിയിൽ വാതി എന്ന് അറിയപ്പെടുന്ന, ഈ പരന്ന ബെല്ലാണ് ഉപകരണത്തിന്റെ മരം കൊണ്ടുണ്ടാക്കിയ ഭാഗത്ത് നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തെ മനോഹരമാക്കുന്നത്. നാരായണിന്റെ പ്രതാപകാലമായിരുന്ന 1970-കളിൽ, കർണ്ണാടകയിലെ ബെൽഗാവി ജില്ലയിലുള്ള ചിക്കോടി പട്ടണത്തിൽ നിന്ന് ലഭിക്കുന്ന ഈ ബെല്ലുകൾ ഒരു ഡസനോളം അദ്ദേഹം സ്റ്റോക്ക് ചെയ്യുമായിരുന്നു.
അരനൂറ്റാണ്ടിലധികമെടുത്താണ് നാരായൺ ദേശായ് ഷെഹ്‌നായി നിർമ്മിക്കുന്നതിൽ തന്റേതായ ഒരു രീതി രൂപപ്പെടുത്തിയെടുത്തത്. എന്നാൽ ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ആ പ്രക്രിയയിൽ മാറ്റം വരുത്താൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത് രണ്ടു ഘടകങ്ങളാണ്: പിച്ചള ബെല്ലിന്റെ ഉയരുന്ന വിലയും നല്ല ഒരു ഷെഹ്‌നായ് നിർമ്മിക്കാൻ ആവശ്യമായ തുക മുടക്കുന്നതിൽ ആളുകൾ കാണിക്കുന്ന മടിയും.
" 300-400 രൂപയ്ക്ക് ഷെഹ്‌നായ് കൊടുക്കണമെന്നാണ് ആളുകൾ എന്നോട് ആവശ്യപ്പെടുന്നത്," അദ്ദേഹം പറയുന്നു. നിലവിൽ, പിച്ചള ബെല്ല് വാങ്ങാൻ മാത്രം 500 രൂപയാകും എന്നിരിക്കെ ഈ ആവശ്യം സാധിച്ചു കൊടുക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നിരവധി ഓർഡറുകൾ നഷ്ടമായപ്പോൾ, നാരായൺ ഒടുവിൽ ഒരു പോംവഴി കണ്ടെത്തി. "ഗ്രാമത്തിലെ മേളയിൽ നിന്ന് ഞാൻ ഒരു പ്ലാസ്റ്റിക് കുഴൽ (കൊമ്പുവാദ്യത്തിന്റെ മാതൃകയിൽ ഉള്ളത്) വാങ്ങിക്കുകയും അതിന്റെ അറ്റം'(പരന്ന ബെല്ലുകളുടെ ആകൃതിയിലുള്ളത്) മുറിച്ചെടുത്ത്, അവ (ബെല്ലിന്റെ ആകൃതിയിലുള്ള പ്ലാസ്റ്റിക് ഭാഗങ്ങൾ) പിച്ചള ബെല്ലുകൾക്ക് പകരം ഷെഹ്‌നായിയിൽ ഘടിപ്പിക്കുകയും ചെയ്തു."
"ഇങ്ങനെ ചെയ്യുന്നത് ഷെഹ്‌നായിയുടെ ശബ്ദത്തെ ബാധിക്കുമെങ്കിലും ഇന്നിപ്പോൾ ആളുകൾ അത്രയേ (ഗുണനിലവാരം) ആവശ്യപ്പെടുന്നുള്ളൂ," അദ്ദേഹം ദുഖത്തോടെ പറയുന്നു. അതേസമയം, ഇതേപ്പറ്റി കൂടുതൽ ഗ്രാഹ്യമുള്ളവർ ഷെഹ്‌നായ് വാങ്ങാനെത്തുമ്പോൾ, അവർക്ക് പ്രത്യേകം വാതി കൊടുക്കുന്നത് അദ്ദേഹം തുടരുന്നുമുണ്ട്. തന്റെ കലയിൽ മായം ചേർത്തുന്നുവെന്നുള്ള മനസ്താപം ഒഴിച്ചാൽ, വാതിയുടെ പ്ലാസ്റ്റിക് ബദൽ വാങ്ങാൻ ദേശായിക്ക് ആകെ ചിലവാകുന്നത് 10 രൂപയാണ്.

























