സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വർഷം‌തോറും ആയിരക്കണക്കിന് വർകാരികൾ ഭഗവാൻ വിത്തലിന്റെ അമ്പലത്തിൽ ആഷാഢി വാരി എന്ന തീർത്ഥാടനത്തിനെത്തുന്നു. അതിനിടയിൽ, ഏഴ് വയസ്സുള്ള മകളുമായി ഒരാൾ പന്ധാർപുരിലേക്ക് കാൽ‌നടയായി നടക്കുകയാണ്. യാത്രയ്ക്കിടയിൽ ലത്തൂരിലെ ഒരു ഗ്രാമമായ മ്ഹൈസഗാംവിൽ അവർ ക്യാമ്പ് ചെയ്യാൻ തീരുമാനിക്കുന്നു. സന്ധ്യയാവുമ്പോഴേക്കും അന്തരീക്ഷത്തിൽ കീർത്തനത്തിന്റെ ശബ്ദങ്ങൾ മുഴങ്ങാൻ തുടങ്ങി. ഒരു തമ്പേറിന്റെ നേരിയ ശബ്ദം വായുവിൽ കേട്ടപ്പോൾ ആ പെൺകുട്ടി അച്ഛനോട്, തന്നെയും ആ പരിപാടിയിലേക്ക് കൊണ്ടുപോകാൻ വാശിപിടിച്ചു.

അച്ഛൻ വിസമ്മതിച്ചു. “ഇവിടെയുള്ള ആളുകൾ നമ്മളെപ്പോലെയുള്ള മഹാറുകളേയും മാംഗുകളേയും തൊട്ടുതീണ്ടാറില്ല”, അയാൾ കാര്യം വിശദീകരിച്ചു. “അവർ നമ്മെ ഒന്നിനും കൊള്ളാത്തവരായിട്ടാണ് കണക്കാക്കുന്നത്. നമ്മളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല”, അയാൾ പറഞ്ഞു. ആ പെൺകുട്ടി പിടിവാശി വിട്ടില്ല. ഒടുവിൽ, നിവൃത്തിയില്ലാതെ അയാൾ അവളുടെ ആവശ്യത്തിന് വഴങ്ങി. ഒരേയൊരു നിബന്ധനയിൽ. പരിപാടി ദൂരെ നിന്ന് മാത്രമേ കാണൂ ശബ്ദം കേട്ട ഭാഗതത്തുള്ള പന്തലിലേക്ക് അവർ നടന്നു. അവിടെ ഒരു മഹാരാജ് (സന്ന്യാസി) ഒരു കീർത്തനത്തോടൊപ്പം തമ്പേറ് കൊട്ടുന്നത് അവർ കണ്ടു. ആ പെൺകുട്ടി പതുക്കെപ്പതുക്കെ അതിൽ ലയിക്കാൻ തുടങ്ങി. വേദിയിലേക്ക് പോകണമെന്നായി അവളുടെ ആവശ്യം. പെട്ടെന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ അവൾ വേദിയിലേക്ക് ഓടിക്കയറുകയും ചെയ്തു.

“എനിക്കൊരു ഭാറൂദ് (സാമൂഹികമായ അവബോധം വളർത്താൻ ഉപയോഗിക്കുന്നതും, പരിഹാസവും നർമ്മവും കലർത്തിയതുമായ പഴയ കവിതകൾ) പാടണം”, വേദിയിലെ പാട്ടുകാരനായ സന്ന്യാസിയോട് അവൾ പറഞ്ഞു. കാണികൾ ഞെട്ടിത്തരിച്ചു. എന്നാൽ സന്ന്യാസി അവളെ പാട്ടുപാടാൻ ക്ഷണിച്ചു. അടുത്ത ഏതാനും നിമിഷത്തിനുള്ളിൽ ആ ചെറിയ പെൺകുട്ടി സദസ്സിനെ കൈയ്യിലെടുത്തു. കൈയ്യിലൊരു ലോഹപ്പാത്രത്തിൽ താളം പിടിച്ച് അവൾ ഒരു പാട്ട് അവതരിപ്പിച്ചു. വേദിയിലെ ആ സന്ന്യാസിതന്നെ എഴുതി സംഗീതം കൊടുത്ത പാട്ടായിരുന്നു അത്.

माझा रहाट गं साजनी
गावू चौघी जनी
माझ्या रहाटाचा कणा
मला चौघी जनी सुना

കിണറ്റിലെ മരച്ചക്രം, എന്റെ പ്രിയേ,
നമ്മൾ നാലുപേർക്കും ഒരുമിച്ച് പാടാം
മരച്ചക്രവും അതിന്റെ തണ്ടുകളും,
എന്റെ നാല് പുത്രവധുക്കളും

ആ കൊച്ചുപെൺകുട്ടിയുടെ പാട്ട് കേട്ട് അത്ഭുതപരതന്ത്രയായ സന്ന്യാസി തന്റെ തംബേറ് അവൾക്ക് സമ്മാനിച്ചു. “നിന്നെ ഞാൻ അനുഗ്രഹിക്കുന്നു. നീ ഈ ലോകത്തിന് ബോധോദയം സമ്മാനിക്കും.”

മീര ഉമാപ് ഒരു പരമ്പരാഗത ഭാറൂദ് ആലപിക്കുന്ന വീഡിയോ കാണുക. വിവിധ വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്നതും, പരിഹാസവും ഉപമകളും ഉപയോഗിക്കുന്ന കവിതകളാണ് ഭാറൂദുകൾ

1975-ലായിരുന്നു ഈ സംഭവം. ഗ്രാമീണ ജീവിതത്തിൻ്റെ ദുരിതങ്ങളും അപകടങ്ങളും, മുന്നോട്ടുള്ള പാത എന്നിവയെക്കുറിച്ചെല്ലാം കവിതാരൂപത്തിൽ പ്രതിപാദിക്കുന്ന ഗ്രാമഗീത എന്ന പുസ്തകത്തിന്റെ രചയിതാവെന്ന പേരിൽ പ്രശസ്തനായിരുന്ന തുകഡോജി മഹാരാജായിരുന്നു ആ സന്യാസി. ഒരു നൗവരി കോട്ടൺ സാരിയും, നെറ്റിയിലൊരു വലിയ പൊട്ടും, ഇടത്തേ കൈയ്യിൽ ദിമദി എന്ന തന്ത്രിവാദ്യവുമായി മീര ഉമാപ് ഭീം ഗീത് പാടുമ്പോൾ അവളുടെ വലതു കൈയ്യിലെ വിരലുകൾ ആ ഉപകരണത്തിൻ്റെ തുകൽപ്പാളിയിൽ ഭംഗിയായി താളം പിടിക്കുന്നുണ്ടായിരുന്നു. കൈയ്യിലെ കുപ്പി വളകളുടെ ശബ്ദം, ദിമിദിയുടെ അരികുകളിൽ ഘടിപ്പിച്ചിരുന്ന കുടമണികളുമായി കൃത്യമായി ഇഴുകിച്ചേർന്ന് അകമ്പടി സേവിച്ചു. എല്ലാം സജീവമാവുകയായിരുന്നു.

खातो तुपात पोळी भीमा तुझ्यामुळे
डोईवरची
गेली मोळी भीमा तुझ्यामुळे
काल
माझी माय बाजारी जाऊन
जरीची
घेती चोळी भीमा तुझ्यामुळे
साखर
दुधात टाकून काजू दुधात खातो
भिकेची
गेली झोळी भीमा तुझ्यामुळे

ഇന്ന് ഞാൻ റൊട്ടി നെയ്യിൽ മുക്കിൽ കഴിക്കുന്നതിന്
കാരണം നീയാണ് ഹേ ഭീം,
എന്റെ അമ്മ, അങ്ങാടിയിൽ പോയി
ഒരു സാരിയും ബ്ലൌസും വാങ്ങിയതും,
നീ ഒരാൾ മൂലമാണ് ഹേ ഭീം.
പഞ്ചസാരയിട്ട പാലും കശുവണ്ടിയും ഞാൻ കഴിക്കുന്നതും
എന്റെ ഭിക്ഷാപാത്രം വലിച്ചെറിഞ്ഞതും നീ മൂലമാണ് ഹേ ഭീം

*****

താൻ ജനിച്ച ദിവസം ഏതാണെന്ന് മീരാബായിക്ക് അറിയില്ല. പക്ഷേ 1965-ലാണെന്ന് മാത്രം അവർക്കറിയാം. മഹാരാഷ്ട്രയിലെ അന്തർവാലി ഗ്രാമത്തിലെ മാതംഗ് സമുദായത്തിലാണ് അവരുടെ ജനനം. സംസ്ഥാനത്ത് പട്ടികഗോത്രമായി രേഖപ്പെടുത്തിയ സമുദായമാണത്. ‘തൊട്ടുകൂട്ടാത്തവർ’ എന്ന് ചരിത്രപരമായി പരിഗണിക്കപ്പെട്ടിരുന്നതും, ജാതിശ്രേണിയിൽ ഏറ്റവും താഴേത്തട്ടിലുള്ളതുമായ ഒരു സമുദായം.

മനോഹരങ്ങളായ ഭജനുകളും അഭംഗുകളും പാടി ബീഡ് ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഭിക്ഷയെടുത്താണ് അവരുടെ അച്ഛൻ വാമൻ‌റാവുവും അമ്മ രേഷ്മാബായിയും ജീവിച്ചിരുന്നത്. ‘ഗുരു ഘരാന’യിലെ അംഗങ്ങൾ എന്ന നിലയിൽ സമുദായത്തിൽ അവർ ബഹുമാനിക്കപ്പെട്ടിരുന്നു. ഗാനമെന്ന കലയെ സംരക്ഷിക്കുന്നവരും വളരെയധികം ബഹുമാനിക്കപ്പെടുന്ന അദ്ധ്യാപകരും ഗുരുക്കന്മാരുമായി അറിയപ്പെടുന്നവരായിരുന്നു ദളിത് സമുദായത്തിലെ ഗുരു ഘരാനക്കാർ. അതിനാൽ, ഒരിക്കലും സ്കൂളിൽ പോയിട്ടില്ലെങ്കിലും, അച്ഛനമ്മമാരിൽനിന്ന് കൈമാറിക്കിട്ടിയ അഭംഗുകളുടേയും ഭജനുകളുടേയും കീർത്തനങ്ങളുടേയും ഒരു വലിയ ശേഖരമാണ് മീരാബായിക്കുണ്ടായിരുന്നത്.

PHOTO • Vikas Sontate

മഹാരാഷ്ട്രയിൽ, ദിംദിയും തമ്പേറും വായിക്കുന്ന ഒരേയൊരു സ്ത്രീയാ‍ണ് ഷഹീർ മീര ഉമാപ്. പരമ്പരാഗതമായി പുരുഷന്മാർ മാത്രം വായിക്കുന്ന ഉപകരണങ്ങൾ വായിക്കുന്നതിൽ അവർ അസാമാന്യമായ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നു

എട്ട് മക്കളെ – അഞ്ച് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും - തീറ്റിപ്പോറ്റാനും വളർത്താനും ആ ദമ്പതികൾ വളരെയധികം ബുദ്ധിമുട്ടി. കുട്ടികളിൽ ഏറ്റവും മുതിർന്ന മീരാബായ്, ഏഴ് വയസ്സാകുമ്പോഴേക്കും അച്ഛനമ്മമാരുടെ കൂടെ പാട്ടുപാടി അകമ്പടി സേവിക്കാൻ തുടങ്ങി. വാമൻ‌റാവു ഏക്താരി വായിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഇളയ അനിയൻ ഭാവുറാവു ദിമാദി വായിക്കും. “എന്റെ അച്ഛനും ഇളയച്ഛനും രണ്ടുപേരും പാട്ടുപാടി ഭിക്ഷ യാചിക്കാറുണ്ടായിരുന്നു,” തന്റെ പാട്ടുകഥകൾ പറയുമ്പോൾ മീരാബായി സൂചിപ്പിച്ചു. “ഒരിക്കൽ, അവർതമ്മിൽ, പൈസ പങ്കിടുന്നതിനെക്കുറിച്ച് വഴക്കായി. അതോടെ രണ്ടുപേരും രണ്ട് വഴിക്ക് പോയി.”

ഇളയച്ഛൻ ബുൽ‌ദാനയിലേക്ക് യാത്രയായി. മീരാബായ് അച്ഛനെ അനുഗമിക്കാനും തുടങ്ങി. അച്ഛന്റെ പിന്നിലായി, ഇളം ശബ്ദത്തിൽ ഭക്തിഗീതങ്ങൾ ആലപിച്ചുകൊണ്ട് അവൾ നടന്നുനീങ്ങാൻ തുടങ്ങി. “ഞാനൊരു ഗായികയായിത്തീരുമെന്ന് അച്ഛൻ എന്നും വിശ്വസിച്ചിരുന്നു,” അവർ പറയുന്നു.

പിന്നീട്, ഉപജീവനത്തിനായി, കന്നുകാലികളെ മേയ്ക്കാൻ തുടങ്ങിയ അവൾ ദിമാദി വായിക്കാൻ തുടങ്ങി. “കുട്ടിയായിരുന്നപ്പോൾ, ലോഹപ്പാത്രങ്ങളായിരുന്നു എന്റെ സംഗീതോപകരണങ്ങൾ. വെള്ളം കൊണ്ടുവരുമ്പോൾ, എന്റെ വിരലുകൾ പാത്രത്തിൽ താളം പിടിക്കും. അതൊരു സ്വഭാവമായി മാറി. എന്റെ ജീവിതത്തിൽ ഞാൻ പഠിച്ചതെല്ലാം ഈ വിധത്തിലായിരുന്നു. ഓരോന്ന് ചെയ്തുചെയ്ത്. ഒന്നും സ്കൂളിൽനിന്നായിരുന്നില്ല,” മീരാബായ് പറയുന്നു.

അയൽ‌വക്കങ്ങളിൽ ഭജനുകൾ പാടാൻ ആളുകൾ ഒത്തുകൂടുക പതിവായിരുന്നു. വൈകാതെ മീരാബായ് ആ കൂട്ടത്തിൽ ചേർന്ന് ഭജനുകൾ ആലാപിക്കാൻ തുടങ്ങി.

राम नाही सीतेच्या तोलाचा
राम बाई हलक्या दिलाचा

രാമൻ ഒരിക്കലും സീതയുടെ ഒപ്പമെത്തില്ല,
രാമന്റെ ഹൃദയം ഇടുങ്ങിയതാണ്

“ഞാൻ സ്കൂളിൽ പോയിട്ടേയില്ല. എങ്കിലും എനിക്ക് 40 വ്യത്യസ്ത രാമായണങ്ങൾ ഹൃദിസ്ഥമാണ്.” അവർ പറയുന്നു. “ശ്രാവൺ ബാലിന്റെ കഥകൾ, മഹാഭാരതത്തിലെ പാണ്ഡവരുടെ കഥകൾ, കബീറിന്റെ നൂറുകണക്കിന് ദോഹ കൾ, എല്ലാം എന്റെ തലയ്ക്കകത്തുണ്ട്.” കല്ലിൽ കൊത്തിവെച്ചതുപോലുള്ള മാറ്റമില്ലാത്ത കഥകളല്ല രാമായണമെന്നും, ആളുകളുടെ സംസ്കാ‍രത്തിനേയും ലോകവീക്ഷണത്തേയും നിരീക്ഷണത്തേയും അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ് അതെന്നുമാണ് മീരാബായ് വിശ്വസിക്കുന്നത്. സമുദായങ്ങൾക്ക് നേരിടേണ്ടിവന്ന ചരിത്രപരമായ വെല്ലുവിളികളും അവരനുഭവിച്ച പ്രതികൂലമായ അവസ്ഥകളും എല്ലാം ഈ ഇതിഹാസങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്കൊന്നും മാറ്റമില്ലെങ്കിലും, കഥകൾ വർണ്ണവൈചിത്ര്യവും ബഹുമുഖത്വവുമുള്ളവയാണ്.

സമൂഹത്തിലെ തന്റെ സ്ഥാനവും പദവിയും ഉപയോഗിച്ചാണ് മീരാബായ് കഥകൾ അവതരിപ്പിക്കുന്നത്. സവർണ്ണഹിന്ദുക്കൾ അവതരിപ്പിക്കുന്നതിൽനിന്ന് വ്യത്യസ്തമാണത്. മീരാബായിയുടെ രാമായണത്തിൽ ദളിതയായ ഒരു സ്ത്രീയാണ് കേന്ദ്രകഥാപാത്രം. എന്തിനാണ് രാമൻ സീതയെ കാട്ടിൽ ഒറ്റയ്ക്കാക്കിയത്? എന്തിനാണ് അയാൾ ശംബൂകനെ കൊന്നത്? എന്തിനാണ് അയാൾ ബാലിയെ കൊന്നത്? തന്റെ പ്രേക്ഷകരുടെ മുന്നിൽ അവർ ധാരാളം ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഇതിഹാസത്തിലെ കഥകളിൽനിന്ന് തന്റെ യുക്തിബോധത്തിനനുസരിച്ച് മനസ്സിലാക്കിയ കാര്യങ്ങളാണ് മീരാബായ് സദസ്സിനുമുന്നിൽ അവതരിപ്പിക്കുന്നത്. “ഈ കഥകൾ അവതരിപ്പിക്കാൻ ഞാൻ നർമ്മം‌പോലും ഉപയോഗിക്കാറുണ്ട്,” അവർ പറയുന്നു.

PHOTO • Ramdas Unhale
PHOTO • Labani Jangi

ഇടത്ത്: ഏഴുവയസ്സുള്ളപ്പോൾ തന്റെ പാട്ട് ലേട്ട് തുക്ക്ഡോജി മഹാരാജ് സമ്മാനിച്ച തമ്പേറുമായി മീര ഉമാപ്. വലത്ത്: ദിമാദിയുടെ ഒരു ചിത്രം. മരത്തിന്റെ ഒരു വളയവും തുകലിന്റെ ഒരു പാളിയുംകൊണ്ട് നിർമ്മിക്കുന്ന കൊട്ടുവാദ്യമായ ദിമാദിയാണ് മീരാബായ് വായിക്കുന്നത്. ദിമാദിയിൽനിന്ന് വ്യത്യസ്തമായി, തമ്പേറിൽ കുറച്ചധികം ലോഹത്തകിടുകൾ അതിന്റെ ബാഹ്യവളയത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ആരാധനാമൂർത്തികളുടെ കഥകൾ ആലപിക്കുമ്പോൾ നാടോടിഗായകർ വായിക്കുന്ന ഖിഞ്ജറി ആരാധനയുടെ ഒരു അവിഭാജ്യ ഘടകമാണ്

സംഗീതത്തെക്കുറിച്ചുള്ള അഗാധമായ ബോധവും അതിന്റെ സാങ്കേതികയെക്കുറിച്ചുള്ള അറിവും, മീരാബായിയുടെ സംഗീതത്തെ സവിശേഷമാക്കുന്നു. വിദർഭയിലും മറാത്ത്‌വാഡയിലും ധാരാളം ശിഷ്യഗണങ്ങളുള്ള തുകഡോജി മഹാരാജിന്റെ രീതി പിന്തുടർന്ന മീരാബായിയും അതിപ്രശസ്തയായി.

തന്റെ കീർത്തനാലാപങ്ങളിൽ തുകഡോജി മഹാരാജ് ഖഞ്ജിറി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ സത്യപാൽ ചിഞ്ജോലികർ സപ്ത-ഖഞ്ജിരി യാണ് വായിക്കുന്നത്. ഏഴ് വ്യത്യസ്ത ശ്രുതികളും ശബ്ദങ്ങളുമുള്ളതാണ് അത്. സാംഗ്ലിയിൽനിന്നുള്ള ദേവാനന്ദ് മാലിയും സത്താറയിൽനിന്നുള്ള മ്ഹലരി ഗജഭാരെയും ഇതേ ഉപകരണം വായിക്കാറുണ്ട്. പക്ഷേ ഇത്ര വൈദഗ്ദ്ധ്യത്തോടെ ഖഞ്ജിരി വായിക്കുന്ന സ്ത്രീ മീരാബായി ഉമാപ് മാത്രമാണ്.

പാട്ടുകളെഴുതുകയും ദഫ് (ഷഹീരികൾ പതിവായി ഉപയോഗിക്കുന്ന ഒരു കൊട്ടുവാദ്യം) കൊട്ടുകയും ചെയ്യുന്ന ലത്തൂരിലെ ഷഹീർ രത്നാകർ കുൽക്കർണി, മീരാബായിയുടെ വായന കേൾക്കുകയും അവരുടെ മധുരമായ ശബ്ദം ശ്രദ്ധിക്കുകയും ചെയ്തു. മീരാബായിക്ക് പിന്തുണ നൽകാനും, ഷഹീരികൾ (സാമൂഹികമായ അവബോധം ഉണർത്തുന്നതിനുള്ള ഗാനങ്ങൾ) അവതരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചു. 20 വയസ്സുള്ളപ്പോൾ അവർ ഷഹീരിയിലേക്ക് പ്രവേശിക്കുകയും ബീഡിലെ സർക്കാർ പരിപാടികളിൽ അവതരണങ്ങൾ നടത്തുകയും ചെയ്തു.

“എനിക്ക് മതഗ്രന്ഥങ്ങളെല്ലാം ഹൃദിസ്ഥമായിരുന്നു. കഥ , സപ്ത , രാമായണം, മഹാഭാരതം, സത്യവാൻ-സാവിത്രി കഥ, മഹാദേവിന്റെ പാട്ടുകളും കഥകളും, പുരാണങ്ങളും എല്ലാം എന്റെ നാവിൻ‌തുമ്പത്തുണ്ടായിരുന്നു,” അവർ പറയുന്നു. “ഞാനവ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും അവതരിപ്പിക്കുകയും, പാടുകയും ചെയ്തു. എന്നാൽ അതൊന്നും എനിക്ക് പൂർണ്ണമായ സംതൃപ്തിയോ സാഫല്യമോ നൽകിയില്ല. കേൾക്കുന്നവർക്ക് പുതിയ പാതകൾ തുറന്നുകൊടുക്കാനും ആ പാട്ടുകൾക്കായില്ല”.

ബഹുജൻ സമാജം നേരിടുന്ന സാമൂഹികമായ ആഘാതങ്ങൾ, ദുരിതങ്ങൾ എന്നിവയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ബുദ്ധനും, ഫൂലെയും, ഷാഹുവും, അംബേദ്ക്കറും, തുകഡോജി മഹാരാജും, ഗാഡ്ജെ ബാബയുമാണ് മീരാബായിയുടെ ഹൃദയത്തെ തൊട്ടത്. “ആദ്യമായി ഭീംഗീതം എന്നെ പഠിപ്പിച്ചത് വിജയ്കുമാർ ഗവായ് ആയിരുന്നു. വാമൻ‌ദാദ കർദാക്കിന്റെ ആ പാട്ടാണ് ഞാൻ ആദ്യമായി അവതരിപ്പിച്ചത്,” മീരാബായ് ഓർമ്മിക്കുന്നു.

पाणी वाढ गं माय, पाणी वाढ गं
लयी नाही मागत भर माझं इवलंसं गाडगं
पाणी वाढ गं माय, पाणी वाढ गं

ജലം നൽകൂ പ്രിയപ്പെട്ടവനേ, ജലം നൽകൂ
ഞാൻ കൂടുതലൊന്നും ചോദിക്കുന്നില്ല.
എന്റെ ചെറിയ കുടുക്ക നിറയാൻ മാത്രം
ജലം നൽകൂ പ്രിയപ്പെട്ടവനേ, ജലം നൽകൂ

“ആ ദിവസം മുതൽ ഞാൻ പൊതിപുരാണം (പുസ്തകങ്ങളിലെ അറിവ്) പാടുന്നത് ഉപേക്ഷിച്ചു. പകരം ഭീംഗീതങ്ങൾ പാടാൻ തുടങ്ങി. ബാബാസാഹേബ് അംബേദ്കറിന്റെ ജന്മശതാബ്ദിയായ 1991 മുതൽ, അവർ ഭീംഗീതങ്ങൾക്കായി തന്നെത്തന്നെ സമർപ്പിക്കുകയായിരുന്നു. ബാബാസാഹേബിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അവർ അദ്ദേഹത്തോടുള്ള തന്റെ നന്ദി അറിയിക്കുകയായിരുന്നു. “ജനങ്ങൾ അതേറ്റെടുക്കുകയും ആവേശത്തോടെ പ്രതികരിക്കുകയും ചെയ്തു,” ഷഹീർ മീരാബായ് പറയുന്നു.

മീരാ ഉമാപ് ഭീംഗീതം പാടുന്നത് കേൾക്കുക

‘ഷയാർ’, അഥവാ ‘ഷെയ്‌ർ’ എന്ന പദത്തിൽനിന്നാണ് ഷാഹിർ എന്ന വാക്കിന്റെ ഉത്ഭവം. പൊവാദ എന്ന ഭരണാധികാരികളെ സ്തുതിച്ചുകൊണ്ട്, മഹാരാഷ്ട്രയുടെ ഉൾനാടുകളിൽ ഷഹീറുകൾ പാട്ടുകൾ എഴുതുകയും പാടുകയും ചെയ്തുപോന്നു. ആത്മാറാം സാൽ‌വെ തന്റെ ഖഞ്ജിറികൊണ്ടും, ദാദു സാൽ‌വെ തന്റെ ഹാർമ്മോണിയംകൊണ്ടും, കാദുബായ് ഖാരാത്ത് തന്റെ ഏക്താരികൊണ്ടും (ഒരു നാടൻ വയലിൻ) തങ്ങളുടെ പാട്ടുകളിലൂടെ ദളിത് ബോധം ഉണർത്തുകയുണ്ടായി. മഹാരാഷ്ട്രയിലെ ചുരുക്കം സ്ത്രീ ഷാഹിറുകളുടെ സംഘത്തിൽ തന്റെ ദിമാദിയുമായി മീരാബായിയും അണിചേരുന്നു. ആ കാലംവരെ ദിമാദിയെ ഒരു യുദ്ധോപകരണമായിട്ടാണ് പരിഗണിച്ചിരുന്നത്. പുരുഷന്മാർ മാത്രം വായിക്കുന്ന ഒരു ഉപകരണം. തന്റെ ദിമാദിയിലൂടെ ഒരു പാരമ്പര്യംകൂടി തകർക്കുകയായിരുന്നു മീരാബായ്.

കീർത്തനം, ഭജൻ, പൊവാദ തുടങ്ങി വിവിധതരം ആലാപനങ്ങൾക്കനുസരിച്ച്, ദിമാദി യുടെ വിവിധ ഭാഗങ്ങളിൽ തന്റെ വിരലുകളുപയോഗിച്ച്, വ്യത്യസ്തമായ നാദങ്ങൾ സൃഷ്ടിക്കുന്ന മീരാബായിയെ കേട്ടുകൊണ്ടിരിക്കുക എന്നത് വേറിട്ട ഒരു അനുഭവം‌തന്നെയാണ്. പതുക്കെപ്പതുക്കെയാണ് അവരുടെ ഗാനം അതിന്റെ വേഗതയെ പുണരുക. എല്ലായ്പ്പോഴും മണ്ണിൽ വേരൂന്നിയ അവരുടെ അവതരണത്തിലും ശബ്ദത്തിലും ധീരമായ ഒരു ഊർജ്ജം പ്രതിധ്വനിക്കുന്നു. ദിമാദിയുടേയും ഖഞ്ജിരി യുടേയും കലയെ സജീവവും ഊഷ്മളവുമാക്കി നിലനിർത്തുന്നത്, അവരുടെ ആ അർപ്പണബോധംതന്നെയാണ്.

മഹാരാഷ്ട്രയിലെ വിവിധ കവിശ്രേഷ്ഠന്മാരും ഉപയോഗിച്ചിരുന്ന ഭാറൂദ് എന്ന നാടൻ കലാരൂപം അവതരിപ്പിക്കുന്ന ചുരുക്കം സ്ത്രീ ഷഹീറുകളിലൊരാളാണ് മീരാബായ്. ഭാറൂദു കൾ രണ്ടുതരമുണ്ട് – മതത്തേയും ആത്മീയതയേയും ചുറ്റുപ്പറ്റിക്കൊണ്ടുള്ള ഭജനി ഭാറൂദും പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിച്ച് വേദിയിൽ വന്ന് പാടുന്ന സോംഗ് ഭാറൂദും . ചരിത്ര, സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പൊവാദകളും ഭാറൂദുകളും പൊതുവെ അവതരിപ്പിക്കുന്നത് പുരുഷന്മാരാണ്. എന്നാൽ മീരാബായ് ഈ വിഭജനത്തെ വെല്ലുവിളിക്കുകയും എല്ലാ കലാരൂപങ്ങളും ഒരേ ശക്തിയോടെയും ആവേശത്തോടെയും അവതരിപ്പിക്കാനും തുടങ്ങി. പല പുരുഷന്മാരുടേയും അവതരണത്തേക്കാൾ എത്രയോ അധികം പ്രചാരമാണ് മീരാബായിയുടെ അവതരണങ്ങൾക്ക് ലഭിച്ചത്.

ദിമാദി ഉപയോഗിച്ചുള്ള അവതരണങ്ങൾ, പാട്ടുകൾ, നാടകങ്ങൾ, പ്രേക്ഷകർക്കായുള്ള സന്ദേശങ്ങൾ എന്നിവ, മീരാബായിയെ സംബന്ധിച്ചിടത്തോളം കേവലം വിനോദപരിപാടി മാത്രമായിരുന്നില്ല.

*****

ഈ രാജ്യത്ത് കല എന്നത്, അത് സൃഷ്ടിക്കുന്ന ആളുമായി അഭേദ്യമായി ബന്ധപ്പെട്ടതും അയാളെ വിലയിരുത്താൻ ഉപയോഗിക്കുന്നതുമായ ഒന്നാണ്. സംഗീതവും കലയുമടക്കം മറ്റൊരാളുടെ ജാതിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അയാൾ മനസ്സിലാക്കുന്നു. ദളിതനും ബഹുജനുമല്ലാത്ത ഒരാൾക്ക് ഈ ഉപകരണത്തിൽ ഇത്തരം പ്രതീകങ്ങൾ സൃഷ്ടിക്കാനോ പിന്തുടരാനോ, അത് വായിക്കാനും സാധിക്കുമോ? ഇനി പുറത്തുള്ള ഒരാൾ ദിമാദി യോ സംബാലോ സുംബാരുക്കോ പഠിക്കാൻ ശ്രമിച്ചാൽത്തന്നെയും, രേഖപ്പെടുത്തപ്പെട്ട വ്യാകരണമൊന്നും അതിനില്ല.

മുംബൈ സർവകലാശാലയിലെ സംഗീത വിഭാഗത്തിലെ കുട്ടികൾ ഖഞ്ജിരിയും ദിമാദി യും വായിക്കാൻ പഠിക്കുകയാണ്. ക്രുഷ്ണ മുസാലെ, വിജയ് ചവാൻ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാർ ഈ കൊട്ടുവാദ്യങ്ങൾക്കുള്ള ചിഹ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന്, സർവകലാശാലയിലെ ലോക്-കലാ അക്കാദമിയിലെ ഡയറക്ടറായ ഗണേഷ് ചന്ദൻ‌ഷിവെ അവകാശപ്പെടുന്നു.

PHOTO • Medha Kale
PHOTO • Ramdas Unhale

ഇടത്ത്: മുംബൈ സർവകലാശാലയിലെ ലോക കലാ അക്കാദമിയുടെ ഡയറക്ടറായ ഗണേഷ് ചന്ദൻ‌ഷിവെ. ദിമാദിക്കും സംബാലിനും അവയുടേതായ സംഗീതചിഹ്നങ്ങളില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ‘ആരും അവയ്ക്ക് വ്യാകരണം ചമക്കുകയോ, ക്ലാസ്സിക്കൽ ഉപകരണത്തിന്റെ പദവി നൽകാൻ പാകത്തിലുള്ള “ശാസ്ത്രം’ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല,’ അദ്ദേഹം പറയുന്നു. വലത്ത്: ഒരു ശാസ്ത്രവും, ചിഹ്നവും, വ്യാകരണവും പഠിക്കാതെയാണ് ഈ ഉപകരണം വായിക്കാനുള്ള പ്രാഗത്ഭ്യം മീരാബായ് സ്വായത്തമാക്കിയത്

“മറ്റ് ക്ലാസ്സിക്കൽ ഉപകരണങ്ങൾ പഠിപ്പിക്കുന്നതുപോലെ നിങ്ങൾക്ക് ദിമാദി യും സംബലും ഖഞ്ജിരി യും പഠിപ്പിക്കാൻ പറ്റില്ല,” അദ്ദേഹം പറയുന്നു. തബല പഠിക്കാനും പഠിപ്പിക്കാനും ഒരാൾക്ക് കഴിയുന്നത് ആ സംഗീതോപകരണത്തിനുള്ള ചിഹ്നങ്ങൾ നമുക്ക് എഴുതാൻ കഴിയുന്നതുകൊണ്ടാണ്. സമാനമായ ചിഹ്നങ്ങൾ ദിമാദി ക്കും സംബാലി നും ഉപയോഗിക്കാൻ ആളുകൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഗീതോപകരണങ്ങൾക്ക് അവയുടേതായ പ്രത്യേകമൊരു സംഗീതമാണ് ഉള്ളത്. ആരും ഇവയുടെ ചിഹ്നങ്ങൾ എഴുതുകയോ, ഒരു ക്ലാസ്സിക്കൽ ഉപകരണത്തിന്റെ പദവി നൽകാൻ പാകത്തിലുള്ള ‘ശാസ്ത്രം’ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല,” അദ്ദേഹം തുടർന്നു.

ദിമാദി യിലും ഖഞ്ജിരി യിലും മീരാബായി പ്രാഗത്ഭ്യം തെളിയിച്ചത്, അവയുടെ ശാസ്ത്രവും വ്യാകരണവും ചിഹ്നങ്ങളുമൊന്നും പഠിക്കാതെയാണ്. വായിക്കാൻ തുടങ്ങുമ്പോൾ, ‘ധ’ ആണോ, ‘ത’ ആണോ എന്നൊന്നും അവർക്ക് അറിയാമായിരുന്നില്ല. എന്നാൽ താളത്തിലും ശ്രുതിയിലുമുള്ള അവരുടെ പൂർണ്ണതയും ഗതിവേഗവും ക്ലാസ്സിക്കൽ ഉപകരണം വായിക്കുന്ന ഏതൊരു കലാകാരനോടും കിടപിടിക്കുന്നതാണ്. ആ ഉപകരണം അവരുടേത് മാത്രമാണ്. ലോക്-കലാ അക്കാദമിയിലെ ആർക്കും ദിമാദി യിൽ മീരാബായ്ക്കുള്ള വൈദഗ്ദ്ധ്യത്തോട് മത്സരിക്കാനാവില്ല.

ബഹുജൻ ജാതികൾ മദ്ധ്യവർഗ്ഗത്തിലേക്ക് നീങ്ങുന്നതോടെ അവരുടെ പരമ്പരാഗത കലയും ആവിഷ്കാരങ്ങളും നഷ്ടമാവുകയാണ് ചെയ്യുന്നത്. പഠനത്തിനും തൊഴിലിനുമായി അവർ നഗരങ്ങളിലേക്ക് കുടിയേറുന്നതോടെ അവർക്ക് അവരുടെ പരമ്പരാഗത തൊഴിലുകളും കലാരൂപങ്ങളും ശീലിക്കാനാവാതെ വരുന്നു. ഈ കലരൂപങ്ങൾ അടയാളപ്പെടുത്തിവെക്കേണ്ടതും അവയുടെ ചരിത്രപരവും ഭൂശാസ്ത്രപരവുമായ പശ്ചാത്തലങ്ങളുടെ ഉത്ഭവവും രീതികളും മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. അവ നമുക്കുനേരെ ഉയർത്തുന്ന ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ അത് സഹായിക്കും. ഉദാഹരണത്തിന്, ജാതിസംഘർഷങ്ങളുടേയും മറ്റ് സംഘർഷങ്ങളുടേയും ഘടകങ്ങൾ ഈ ആവിഷ്കാരങ്ങളിൽ പ്രതിഫലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ഏതെല്ലാം രൂപത്തിലാണ് അവ ആവിഷ്കരിക്കപ്പെടുന്നത്. ഈ കലാരൂപങ്ങളെ അക്കാദമികമായി അഭിമുഖീകരിക്കുമ്പോൾ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം യാതൊരു കാഴ്ചപ്പാടും പ്രദർശിപ്പിക്കുന്നില്ല.

ഓരോ ജാതിക്കും അവയുടേതായ സവിശേഷ കലാരൂപമുണ്ട്. അതിനാൽ അവയുടെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. ഇവയെയെല്ലാം ശേഖരിച്ചുവെക്കാനും രേഖപ്പെടുത്താനും പ്രാപ്തിയുള്ള പ്രതിജ്ഞാബദ്ധമായ ഗവേഷണ സ്ഥാപനങ്ങൾ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതൊന്നും ഒരു ബ്രാഹ്മണേതര പ്രസ്ഥാനങ്ങളുടേയും അജണ്ടയിലില്ല. ഈ അവസ്ഥയിൽ മാറ്റം വരുത്തണമെന്ന് മീരാബായ് ആഗ്രഹിക്കുന്നു. “യുവാക്കൾക്ക് ഖഞ്ജിരി യും ഏക്താരി യും ധോലകി യും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനം ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം,” മീരാബായ് പറയുന്നു.

സംസ്ഥാനതലത്തിൽ ഒരു പിന്തുണയും അവർക്ക് ലഭിച്ചിട്ടില്ല. സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? “അതിന് എനിക്ക് എഴുതാനും വായിക്കാനും അറിയാമോ?” അവർ തിരിച്ച് ചോദിക്കുന്നു. “എപ്പോൾ ഏത് പരിപാടിക്ക് പോയാലും, അവിടെ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഞാൻ അവരോട് അഭ്യർത്ഥിക്കും, എന്റെ ഈ സ്വപ്നം സഫലമാക്കാൻ സഹായിക്കണമെന്ന്. പാവപ്പെട്ടവരുടെ കലകൾക്ക് എന്തെങ്കിലും മൂല്യം സംസ്ഥാനങ്ങൾ കല്പിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”

PHOTO • Labani Jangi
PHOTO • Labani Jangi

പൊവദ (സ്തുതിഗീതങ്ങൾ) അവതരിപ്പിക്കുന്ന ഷഹീറുകൾ  ഉപയോഗിക്കുന്ന ദഫ് എന്ന കൊട്ടുവാദ്യവും, ‘ഭവാനിയായി’യുടെ അനുഗ്രഹം തേടി ഗോന്ധാലി സമുദായം ഉപയോഗിക്കുന്ന ഒറ്റതന്ത്രിവാദ്യമായ തുൻ‌തുനെയും (തുൽജാഭവാനി). വലത്ത്: ദക്കൽ‌വാർ സമുദായമാണ് കിംഗ്രി എന്ന തന്ത്രിവാദ്യം സൃഷ്ടിച്ചത്. മിനുസപ്പെടുത്താത്ത മൺകുടത്തിന്റെ ഒരു മാറ്റൊലിപ്പെട്ടിയും, അതിന്റെ കഴുത്തിലൂടെ കടത്തിയ ഒരു വടിയുമാണ് അതിലുള്ളത്. മൂന്ന് മാറ്റൊലിപ്പെട്ടികളും, ശ്രുതി ചേർത്ത് പാടാൻ പാകത്തിൽ മരത്തിന്റെ ഒരു മയിലുമുള്ള മറ്റൊരുതരം കിംഗ്രി

PHOTO • Labani Jangi
PHOTO • Labani Jangi

ഇടത്ത്: സ്ത്രീ ദേവതകളെ ആരാധിക്കുന്ന ഗോന്ധാൽ എന്ന അനുഷ്ഠാനത്തിന് ഉപയോഗിക്കുന്ന സംബാൽ. രണ്ട് മരച്ചെണ്ടകളെ ഒരു തുകലിന്റെ പാളി ഉപയോഗിച്ച് ഒരു ഭാഗത്ത് കൂട്ടിക്കെട്ടുന്ന ഒരു ഉപകരണമാണത്. അറ്റം വളഞ്ഞ രണ്ട് വടികൾകൊണ്ടാണ് ഇത് വായിക്കുക. വലത്ത്: വട്ടത്തിലുള്ള മരത്തിന്റെ ചട്ടക്കൂടുള്ള ഡ്രമ്മുകളാണ് ഹാൽഗി. ഉത്സവങ്ങൾക്കും, വിവാഹഘോഷയാത്രയ്ക്കും അമ്പലങ്ങളിലും ദർഗകളിലും നടക്കുന്ന അനുഷ്ഠാനങ്ങൾക്കും, മാംഗ് സമുദായം വായിക്കുന്ന ഉപകരണമാണിത്

*****

സംസ്ഥാനം മീരാബായിയെ ക്ഷണിക്കുകയൊക്കെ ചെയ്തു. മീരാബായിയുടെ ഷാഹിരിയും ആലാപനവും ധാരാളം ആളുകളെ ആകർഷിച്ച് തുടങ്ങിയപ്പോൾ, മഹാരാഷ്ട്ര സംസ്ഥാനം അവരോട്, വിവിധ ബോധവത്കരണ പരിപാടികളിൽ അവരുടെ സംഭാവനകൾ നൽകാൻ അഭ്യർത്ഥിച്ചു. സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത്, അവർ ലഘുനാടകങ്ങളിലൂടെ, ആരോഗ്യം, ലഹരിവിമുക്തി, സ്ത്രീധന നിരോധനം, മദ്യനിരോധനം തുടങ്ങിയ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി.

बाई दारुड्या भेटलाय नवरा
माझं नशीब फुटलंय गं
चोळी अंगात नाही माझ्या
लुगडं फाटलंय गं

എന്റെ ഭർത്താവ് ഒരു മദ്യപാനി,
ത്യജിക്കപ്പെടാനെന്റെ വിധി,
ധരിക്കാൻ ഒരു ബ്ലൌസുപോലുമില്ല
സാരിയാകട്ടെ മുഷിഞ്ഞുകീറിയതും

ലഹരിവിമുക്തിയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിക്ക്, സംസ്ഥാന സർക്കാരിൽനിന്ന് അവർക്ക് വ്യസൻ‌മുക്തി സേവാ പുരസ്കാരം ലഭിക്കുകയുണ്ടായി. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും അവരെ പരിപാടികൾ അവതരിപ്പിക്കാൻ ക്ഷണിച്ചു.

*****

ഇത്തരം നല്ല കാര്യങ്ങൾ ചെയ്തിട്ടും, മീരാബായിയുടെ ജീവിതം പ്രാരാബ്ധം നിറഞ്ഞതാണ്. “എനിക്ക് വീടില്ലാതായി. ആരും സഹായത്തിനുമുണ്ടായില്ല,” ഏറ്റവുമടുത്ത് തനിക്കുണ്ടായ നിർഭാഗ്യങ്ങളുടെ കഥ പറയുകയായിരുന്നു അവർ “അടച്ചുപൂട്ടലിന്റെ നാളുകളിൽ (2020) എന്റെ വീട്, ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ നശിച്ചു. മറ്റൊരു മാർഗ്ഗവുമില്ലാതെ, ആ വീട് എനിക്ക് വിൽക്കേണ്ടിവന്നു. ജീവിതം തെരുവിലായിപ്പോയി. ഈ വീട് നിർമ്മിക്കാൻ ധാരാളം അംബേദ്കറൈറ്റുകൾ എന്നെ സഹായിച്ചു,” ഞങ്ങൾ ഇരുന്നിരുന്ന, തകരത്തിന്റെ ചുമരുകളും മേൽക്കൂരയുമില്ലാത്ത, വീട്ടിലിരുന്ന് അവർ പറയുന്നു.

PHOTO • Ramdas Unhale
PHOTO • Ramdas Unhale

നാടോടി കലാകാരിയും, നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ഷഹീർ മീര ഉമാപിന്റെ ജീവിതം സംഘർഷങ്ങളുടേതാണ്. ഛത്രപതി സംഭാജി നഗറിലെ ചികൽതാനയിലെ അവരുടെ ചെറിയ തകരവീടിന്റെ ചില ചിത്രങ്ങൾ

അണ്ണാഭാവു സാഥെ, ബാൽ ഗാന്ധർവ്വ, ലക്ഷ്മിബായ് കോൽഹാപുർകാർ തുടങ്ങിയ മഹാരഥന്മാരുടെ പേരിലുള്ള നിരവധി വലിയ പുരസ്കാരങ്ങൾ നേടിയ ഒരു കലാകാരിയുടെ അവസ്ഥയാണ് ഇത്.സംസ്കാരികമായ സംഭാവനകൾക്ക് മഹാരാഷ്ട്ര സംസ്ഥാനവും ഒരു സംസ്ഥാന പുരസ്കാരം നൽകി അവരെ ആദരിച്ചിട്ടുണ്ട്. ആ അവാർഡുകളൊക്കെ ഒരുകാലത്ത് അവരുടെ വീടിന്റെ ചുമരിനെ അലങ്കരിച്ചിരുന്നു.

“ഞാൻ പറയട്ടെ, ഇതൊക്കെ കണ്ണിനെ ആശ്വസിപ്പിക്കുമെന്നേയുള്ളു,” നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ അവർ പറയുന്നു. “ഇതൊക്കെ നോക്കിയിരുന്നാൽ നമ്മുടെ വയർ നിറയില്ലല്ലോ. കൊറോണ കാലത്ത്, ഞങ്ങൾ പട്ടിണിയിലായിരുന്നു. വല്ലാതെ മനസ്സ് മടുത്ത ചില സമയങ്ങളിൽ, വിറകിന് പകരം ഈ അവാർഡുകൾ കത്തിച്ച് ഞാൻ ഭക്ഷണം പാകം ചെയ്തിട്ടുണ്ട്. ഏതൊരു പുരസ്കാരത്തേക്കാൾ ശക്തിയുള്ളതാണ് വിശപ്പ്.”

പുരസ്കാരം കിട്ടിയാലും കിട്ടിയില്ലെങ്കിലും, മീരാബായ് തന്റെ കലയെ പതറാത്ത ആ‍രാധനയോടെ പിന്തുടരുന്നു. മാനവികതയുടേയും സ്നേഹത്തിന്റേയും അനുതാപത്തിന്റേയും സന്ദേശങ്ങൾ പകർന്നുനൽകിയ ആ ഇതിഹാസതുല്യരായ സാമൂഹിക പരിഷ്കർത്താക്കളുടെ അതേ പാതയാണ് ഇവരും പിന്തുടരുന്നത്. “എന്റെ കലയെ കച്ചവടം ചെയ്യാൻ എനിക്ക് താത്പര്യമില്ല. ഒരാൾ അതിനെ ബഹുമാനിക്കുകയാണെങ്കിൽ അത് കലയായിത്തീരും. ഇല്ലെങ്കിൽ, ദണ്ഡനവും.”

ഞാൻ എന്റെ കലയുടെ സ്വഭാവം നഷ്ടപ്പെടാൻ അനുവദിച്ചിട്ടില്ല. കഴിഞ്ഞ 40 കൊല്ലത്തിനുള്ളിൽ ഞാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്, കബീറിന്റേയും തുക്കാറാമിന്റേയും തുകഡോജി മഹാരാജിന്റേയും ഫൂലെ-അംബേദ്കർ എന്നിവരുടേയും സന്ദേശങ്ങൾ പ്രചരിപ്പിച്ചു. എന്റെ ജീവിതത്തിലെ അവതരണങ്ങളിലുടനീളം ഞാൻ അവരുടെ പാട്ടുകളും പൈതൃകവും പാടുകയായിരുന്നു.

“ഞാൻ എന്റെ അവസാന ശ്വാസംവരെ ഭീം ഗീതങ്ങൾ പാടും. അതായിരിക്കും എന്റെ ജീവിതത്തിന്റെ അവസാനം. എനിക്ക് ഏറ്റവും ചാരിതാർത്ഥ്യം നൽകുന്നതും അതാണ്.”

ഇന്ത്യാ ഫൌണ്ടേഷൻ ഫോർ ആർട്ട്സിന്റെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയും ചേർന്ന് നടപ്പക്കിയതും ‘ഇൻഫ്ലുവെൻഷ്യൽ ഷഹീർസ്, നരേറ്റീവ്സ് ഫ്രം മറാത്ത്‌വാഡ – സ്വാധീനം ചെലുത്തിയ ഷഹീറുകൾ, മറാത്ത്‌വാഡയിൽനിന്നുള്ള ആഖ്യാനങ്ങൾ’ എന്ന് പേരിട്ടതുമായ സമാഹാരത്തിൽനിന്നുള്ള ഒരു വീഡിയോയാണ് ഇത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Keshav Waghmare

Keshav Waghmare is a writer and researcher based in Pune, Maharashtra. He is a founder member of the Dalit Adivasi Adhikar Andolan (DAAA), formed in 2012, and has been documenting the Marathwada communities for several years.

यांचे इतर लिखाण Keshav Waghmare
Editor : Medha Kale

मेधा काळे यांना स्त्रिया आणि आरोग्याच्या क्षेत्रात कामाचा अनुभव आहे. कुणाच्या गणतीत नसणाऱ्या लोकांची आयुष्यं आणि कहाण्या हा त्यांचा जिव्हाळ्याचा विषय आहे.

यांचे इतर लिखाण मेधा काळे
Editor : Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Illustrations : Labani Jangi

मूळची पश्चिम बंगालच्या नादिया जिल्ह्यातल्या छोट्या खेड्यातली लाबोनी जांगी कोलकात्याच्या सेंटर फॉर स्टडीज इन सोशल सायन्सेसमध्ये बंगाली श्रमिकांचे स्थलांतर या विषयात पीएचडीचे शिक्षण घेत आहे. ती स्वयंभू चित्रकार असून तिला प्रवासाची आवड आहे.

यांचे इतर लिखाण Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat