തരിശായ ഒരു പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ദർഗ മാൽഗാംവിലെ താമസക്കാർക്ക് അനുഗ്രഹമായിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ദേവാലയം ഒരു അഭയകേന്ദ്രമായിരുന്നു അവർക്ക്.

ദർഗയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ കീഴിലിരുന്ന് സ്കൂൾകുട്ടികൾ അവരുടെ ഗൃഹപാഠങ്ങൾ ചെയ്യുന്നു. കവാ‍ടത്തിലിരുന്ന് യുവതീയുവാക്കൾ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. തിളയ്ക്കുന്ന വേനലിൽ, തണുത്ത കാറ്റ് കിട്ടുന്ന ഒരേയൊരു സ്ഥലം ആ കവാടമാണ്. അതിന് ചുറ്റുമുള്ള ഒഴിഞ്ഞ പറമ്പിൽ, പൊലീസുകാർ, തൊഴിലിലെ ഉയർച്ചയെ ലാക്കാക്കി, കഠിനമായ കായികപരിശീലനത്തിൽ മുഴുകിയിരിക്കുന്നു.

“എന്റെ മുത്തച്ഛനുപോലും ഇതിനെക്കുറിച്ച് (ദർഗയെക്കുറിച്ച്) കഥകൾ പറയാനുണ്ട്,” ഗ്രാമത്തിൽ 15 ഏക്കർ സ്വന്തമായുള്ള 76 വയസ്സുള്ള വിനായക് ജാദവ് പറയുന്നു. “അപ്പോൾ എത്ര പഴക്കമുണ്ടെന്ന് ആലോചിച്ചുനോക്കൂ. ഹിന്ദുക്കളും മുസ്ലിംകളും ചേർന്നാണ് ഇതിനെ പരിപാലിച്ചത്. സമാധാനപൂർവ്വമായ സഹവർത്തിത്വത്തിന്റെ അടയാളമായിരുന്നു ഇത്.”

2023 സെപ്റ്റംബറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. എല്ലാവരാലും സ്നേഹിക്കപ്പെട്ടിരുന്ന ആ മന്ദിരത്തിന് മാൽഗാംവിൽ പുതിയൊരു അർത്ഥം ലഭിച്ചു. ഈ മന്ദിരം സ്ഥിതി ചെയ്യുന്നത് കൈയ്യേറിയ സ്ഥലത്താണെന്നവകാശപ്പെട്ട് ഒരു ചെറിയ കൂട്ടം ചെറുപ്പക്കാർ ആക്രോശത്തോടെ വന്നു. ഹിന്ദുത്വ സംഘടനകളുടെ ഒരു മുന്നണിയാണ് അവരെ ഇളക്കിവിട്ടത്.

ഈ ‘അനധികൃത കൈയ്യേറ്റം‘ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മാൽഗാംവിലെ, 20-25 വയസ്സ് പ്രായക്കാരായ ഈ ഹിന്ദു യുവാക്കൾ ജില്ലാ ഭരണകൂടത്തിന് കത്തെഴുതി. ആരോ ചിലർ അതിനകം‌തന്നെ, അതിന്റെയടുത്തുള്ള ജലസംഭരണി നശിപ്പിച്ചിരുന്നു. “ചുറ്റുമുള്ള സ്ഥലം കൈയ്യേറാൻ മുസ്ലിം സമുദായം ശ്രമിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്” എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

PHOTO • Parth M.N.

മാൽഗാംവിലെ മന്ദിരത്തിൽ വിനായക് ജാദവും (ഗാന്ധിത്തൊപ്പി ധരിച്ച്) കൂട്ടുകാരും. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഈ മന്ദിരം

എന്നാൽ മന്ദിരം പൊളിച്ചുമാറ്റാനുള്ള ആവശ്യമുയർന്നപ്പോൾ, ശരിയുടെ പക്ഷത്ത് നിൽക്കാൻ തയ്യാറായി, ഗ്രാമം മുന്നോട്ടുവന്നു. “1918-ലെ ഭൂപടത്തിൽ‌പ്പോലും മന്ദിരം പരാമർശിക്കപ്പെടുന്നുണ്ട്” ഒരു മങ്ങിത്തുടങ്ങിയ കടലാസ്സ് ശ്രദ്ധാപൂർവ്വം തുറന്ന് ജാദവ് പറയുന്നു. “സ്വാതന്ത്ര്യത്തിണ് മുമ്പും ഈ ഗ്രാമത്തിൽ വിവിധ മതപരമായ സ്ഥലങ്ങൾ നിലനിന്നിരുന്നു. അതെല്ലാം സംരക്ഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ കുട്ടികൾ സമാധാനപരമായ ഒരന്തരീക്ഷത്തിൽ വളരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”

“ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നത് നമ്മെ പിന്നോട്ട് കൊണ്ടുപോവുകയേ ഉള്ളൂ,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദർഗ പൊളിച്ചുമാറ്റാനുള്ള ഹിന്ദുത്വ വിഭാഗക്കാരുടെ ആഹ്വാനം പുറപ്പെട്ടപ്പോൾ, ഇരുസമുദായങ്ങളിലേയും മുതിർന്ന അംഗങ്ങൾ മാൽഗാംവിൽ ഒരുമിച്ചുകൂടി, അതിനെതിരേ ഒരു കത്ത് പുറത്തിറക്കി. ദർഗ പൊളിച്ചുമാറ്റണമെന്നത് ഭൂരിപക്ഷത്തിന്റെ വീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന് അവർ അതിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. മുസ്ലിം, ഹിന്ദു വിഭാഗത്തിൽപ്പെട്ട ഇരുന്നൂറോളം ആളുകൾ ആ കത്തിൽ ഒപ്പിട്ടു. അങ്ങിനെ മന്ദിരത്തിനെ രക്ഷിക്കാൻ സാധിച്ചു – തത്ക്കാലത്തേക്ക്.

ശ്രമപ്പെട്ട് നേടിയെടുത്ത ഈ സമാധാനാന്തരീക്ഷം നിലനിർത്തുക എന്നതാണ് വലിയ വെല്ലുവിളി.

*****

വിഘടനശക്തികൾക്കെതിരേ ഒരു ഗ്രാമം ഒന്നടങ്കം നിലപാടെടുത്ത്, മുസ്ലിം സമുദായത്തിന്റെ ഒരു സ്മാരകത്തെ സംരക്ഷിച്ചതിന്റെ അപൂർവ്വ ഉദാഹരണമാണ് മാൽഗാംവ്.

കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയ്ക്ക് മഹാരാഷ്ട്രയിലെ മുസ്ലിം ആരാധനാലയങ്ങൾ വർദ്ധിച്ച തോതിൽ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് മാത്രമല്ല, പൊലീസിന്റെ കൃത്യവിലോപവും ഭൂരിപക്ഷ സമുദായത്തിന്റെ നിശ്ശബ്ദതയും‌മൂലം കുറ്റവാളികൾ രക്ഷപ്പെടുകയുമായിരുന്നു പതിവ്.

2019-ൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര വർഷത്തോളം, ഇന്ത്യയിലെ ഈ ധനിക സംസ്ഥാനത്തെ ഭരിച്ചിരുന്നത്, മൂന്ന് രാഷ്ട്രീയപ്പാർട്ടികളുടെ ഒരു സഖ്യമായിരുന്നു. ശിവസേനയും, കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും. ഉദ്ധവ് താക്കറെയായിരുന്നു മുഖ്യമന്ത്രി.

എന്നാൽ 2022 ജൂണിൽ, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ശിവസേനയുടെ 40 നിയമസഭാ സാമാജികരെ കൂറുമാറ്റി മുന്നണിയെ പൊളിച്ച് ഒരു സർക്കാർ രൂപീകരിച്ചതോടെ, മഹാരാഷ്ട്രയിൽ അധികാരമാറ്റമുണ്ടായി. അതിൽ‌പ്പിന്നെ, തീവ്ര ഹിന്ദുഗ്രൂപ്പുകൾ ഒരുമിക്കുകയും സംസ്ഥാനത്തുടനീളം നിരവധി റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. മുസ്ലിങ്ങളെ കൊന്നൊടുക്കാനും അവരെ സാമ്പത്തികമായി ബഹിഷ്കരിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള റാലികളായിരുന്നു അത്. സംസ്ഥാനത്തെ അന്തരീക്ഷത്തിൽ വിഷം കലക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു മുസ്ലിം ആരാധനാലയങ്ങൾക്കെതിരെയുണ്ടായ ആക്രമണങ്ങൾ.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്ത്: ദർഗയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ കീഴിലിരുന്ന് ഗൃഹപാഠങ്ങൾ ചെയ്യുന്ന സ്കൂൾകുട്ടികൾ. കവാ‍ടത്തിലിരുന്ന് യുവതീയുവാക്കൾ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു വലത്ത്: തന്റെ സ്കൂട്ടിയിൽ ദർഗയിലേക്ക് പോകുന്ന ജാദവ്. ‘സ്വാതന്ത്ര്യത്തിന് മുമ്പും ഗ്രാമത്തിൽ നിരവധി ആരാധനാസ്ഥലങ്ങൾ നിലനിന്നിരുന്നു. അവ സംരക്ഷിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറയുന്നു

ധ്രുവീകരണത്തിനുള്ള ഈ പദ്ധതി വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും, 2022-നുശേഷം അതിന്റെ ശക്തി വർദ്ധിച്ചിട്ടുണ്ടെന്ന്, സത്താറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ ആക്ടിവിസ്റ്റ് മിനാജ് സയ്യദ് പറയുന്നു. “ഗ്രാമത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദർഗകളും കല്ലറ പോലുള്ള സ്മാരകങ്ങളും ആക്രമിക്കപ്പെടുകയാണ്,” അയാൾ പറയുന്നു. “സമന്വയത്തിന്റേതായ സംസ്കാരം നശിപ്പിക്കുക എന്നതാണ് ലക്ഷ്യം.”

2023 ഫെബ്രുവരിയിൽ ഒരുകൂട്ടം തീവ്ര ഹിന്ദുത്വക്കാർ കോലാപ്പൂരിലെ വിശാൽഗഡ് പട്ടണത്തിലെ ഹസ്രത്ത് പീർ മാലിക് റഹ്മാൻ ഷായുടെ ദർഗക്കുനേരെ റോക്കറ്റാക്രമണം നടത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

2023 സെപ്റ്റംബറിൽ, ബിജെപിയുടെ വിക്രം പവസ്കർ നയിക്കുന്ന ഹിന്ദു ഏൿത എന്ന തീവ്ര ഹിന്ദുസംഘടന സത്താറയിലെ പുസെസവാലി ഗ്രാ‍മത്തിലെ ഒരു മുസ്ലിം പള്ളിക്കുനേരെ നീചമായ ആക്രമണം നടത്തി. വാട്ട്സാപ്പിൽ പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെടുന്ന, ഇതുവരെ തെളിയിക്കപ്പെടാത്ത ചില സ്ക്രീൻഷോട്ടുകൾക്കെതിരെയുള്ള പ്രതികരണം എന്ന ന്യാത്തിന്മേലായിരുന്നു ആ ആക്രമണം. പള്ളിക്കകത്ത് സമാധാനപരമായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന 10-12 മുസ്ലിങ്ങളെ ഇഷ്ടികകൊണ്ടും, ഇരുമ്പുദണ്ഡുകൊണ്ടും ആക്രമിച്ചു. അതിൽ ഒരു മുസ്ലിം ചെറുപ്പക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. വായിക്കുക: പുസെസവാലിയിൽ: വ്യാജചിത്രങ്ങൾ, നഷ്ടപ്പെട്ട ജീവിതങ്ങൾ

സത്താറ ജില്ലയിൽമാത്രം മുസ്ലിങ്ങളുടെ ആരാധനാലയങ്ങൾക്കുനേരെ നടന്ന അത്തരം 13 ആക്രമണങ്ങളെക്കുറിച്ചുള്ള ഒരു ലഘുപുസ്തകം 2023 ഡിസംബറിൽ സലോഖ സമ്പർക്ക് ഗാട് – സാമുദായിക സൌഹാർദ്ദത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘം – പ്രസിദ്ധീകരിക്കുകയുണ്ടായി. സാമുദായിക വൈരം വളർത്തുക എന്ന ലക്ഷ്യത്തോടെ, ഒരു കല്ലറ തകർത്തതുമുതൽ, ഒരു മുസ്ലിം പള്ളിയുടെ മുകളിൽ കാവിപ്പതാക ഉയർത്തിയതുവരെയുള്ള വിവിധ ആക്രമണങ്ങളായിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത്.

ഈ ലഘുപുസ്തകം പറയുന്നത്, 2022-ൽ മാത്രം മഹാരാഷ്ട്രയിൽ ചെറുതും വലുതുമായ 8,218 ലഹളകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 9,5000-ലധികം പൌരന്മാരെ ഇത് ബാധിച്ചിട്ടുണ്ടെന്നുമാണ്. അതായത്, വർഷം മുഴുവൻ, ഓരോ ദിവസവും 23 കലാപങ്ങൾ വീതം.

PHOTO • Parth M.N.
PHOTO • Parth M.N.

സത്താറ ജില്ലയിൽമാത്രം മുസ്ലിങ്ങളുടെ ആരാധനാലയങ്ങൾക്കുനേരെ 13 ആക്രമണങ്ങൾ നടന്നതായി സലോഖ സമ്പർക്ക് ഗാട് എന്ന ഒരു ലഘുപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 2022-ൽ മാത്രം മഹാരാഷ്ട്രയിൽ 8,218 ലഹളകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 9,5000-ലധികം പൌരന്മാരെ ഇത് ബാധിച്ചിട്ടുണ്ടെന്നുമാണ്=ഈ ലഘുപുസ്തകം അവകാശപ്പെടുന്നത്. വലത്ത്: ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്ന് പരിപാലിക്കുന്ന മാൽഗാംവിലെ ദർഗ സാമുദായിക സൌഹാർദ്ദത്തിന്റെ അടയാളമായി നിൽക്കുന്നു

2023 ജൂണിലെ ഒരു പകൽ‌സമയത്ത്, സത്താറ ജില്ലയിലെ തന്റെ കോണ്ട്‌വെ ഗ്രാമത്തിലെ പള്ളിയിലേക്ക് നടന്നെത്തിയ 53-കാരനായ ഷംസുദ്ദീൻ സയ്യദിന് തന്റെ നെഞ്ചിടിപ്പ് പെട്ടെന്ന് നിന്നതുപോലെ തോന്നി. കറുത്ത അക്ഷരത്താൽ ‘ജയ് ശ്രീ റാം’ എന്ന് എഴുതിവെച്ച ഒരു കാവിക്കൊടി പള്ളിയുടെ മിനാരത്തിന്റെ മുകളിൽ പാറുന്നത് കണ്ട അദ്ദേഹം പരിഭ്രാന്തനായി. ഉടനെ പൊലീസിനെ വിളിച്ച്, സ്ഥിതിഗതികൾ നിയന്ത്രിക്കണമെന്ന് അഭ്യർത്ഥിച്ചു. കൊടി ഇറക്കുമ്പോൾ, താഴെയുള്ള ഇടവഴിയിൽ പൊലീസ് കാവൽ നിന്നിരുന്നുവെങ്കിലും, ക്രമസമാധാനം തകരാൻ പോവുകയാണെന്ന് ഷംസുദ്ദീന് തോന്നാതിരുന്നില്ല.

“രണ്ടുദിവസം മുമ്പ്, ഒരു മുസ്ലിം ആൺകുട്ടി, ടിപ്പു സുൽത്താനെക്കുറിച്ചുള്ള ഒരു സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്തിരുന്നു” എന്ന് പള്ളിയുടെ ട്രസ്റ്റിയായ സയ്യദ് സൂചിപ്പിച്ചു. “18-ആം നൂറ്റാണ്ടിലെ ആ മുസ്ലിം ഭരണാധികാരിയെ വാഴ്ത്തുന്നത് ഹിന്ദുത്വഗ്രൂപ്പുകൾക്ക് ഇഷ്ടമല്ലാതിരുന്നതിനാൽ, ഗ്രാമത്തിലെ പള്ളിയെ നിന്ദിച്ച് പകരം വീട്ടുകയായിരുന്നു അവർ”, അദ്ദേഹം പറഞ്ഞു.

താൻ ടിപ്പു സുൽത്താന്റെ സ്റ്റാറ്റസ് ഇട്ടതിൽ 20 വയസ്സുള്ള സൊഹൈൽ പത്താൻ എന്ന ചെറുപ്പക്കാരൻ പശ്ചാത്താപം പ്രകടിപ്പിച്ചു. “ഞാനത് ചെയ്യാൻ പാടില്ലായിരുന്നു. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഞാൻ എന്റെ കുടുംബത്തിനെ അപകടത്തിലാക്കുകയാണ് ചെയ്തത്.”

പോസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ, ഒരു കൂട്ടം ഹിന്ദു തീവ്രവിഭാഗക്കാർ സൊഹൈലിന്റെ, അധികം വെളിച്ചമില്ലാത്ത ഒറ്റമുറി കുടിലിൽ വന്ന് അവന്റെ ചെകിട്ടത്തടിച്ചു. “സ്ഥിതിഗതികൾ മോശമാവുമെന്ന് കരുതി ഞങ്ങൾ പകരം ചോദിക്കാനൊന്നും പോയില്ല,” സൊഹൈൽ പറയുന്നു. “എന്നാൽ ഇൻസ്റ്റാഗ്രാം സ്റ്റോറി മാത്രമായിരുന്നില്ല കാരണം. മുസ്ലിങ്ങളെ ആക്രമിക്കാൻ അവർക്ക് ഒരു കാരണം വേണമായിരുന്നുവെന്ന് മാത്രം,” അയാൾ തുടർന്നു.

സൊഹൈലിന് മർദ്ദനമേറ്റ അതേ രാത്രി, പൊലീസ് ഇടപെട്ട് കേസ് ഫയൽ ചെയ്തു – സൊഹൈലിനെതിരേ. രാത്രി പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടിവന്നു അയാൾക്ക്. മതവൈരം പ്രചരിപ്പിച്ചുവെന്ന പേരിൽ ജില്ലാ കോടതിയിൽ അയാൾക്കെതിരേ ഒരു കേസുമുണ്ട്.

എത്രയോ തലമുറകളായി തങ്ങളുടെ കുടുംബം സത്താറയിൽ താമസമാണെങ്കിലും ഇത്തരത്തിലൊരു ശത്രുതയോ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള നിരീക്ഷണമോ ഇതുവരെ അനുഭവിക്കേണ്ടിവന്നിരുന്നില്ല എന്ന സൊഹൈലിന്റെ അമ്മ, 46 വയസ്സുള്ള ഷഹനാസ് പറയുന്നു. “ഇന്ത്യയുടെ അതേതര ഭരണഘടനയിലുള്ള വിശ്വാസം കൊണ്ടാണ് വിഭജനസമയത്തുപോലും എന്റെ അച്ഛനമ്മമാരും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇന്ത്യയിൽത്തന്നെ ജീവിക്കാൻ തീരുമാനിച്ചത്. ഇത് എന്റെ നാടാണ്. എന്റെ ഗ്രാമവും. ഇതാണ് എന്റെ വീട്. എന്നാൽ എന്റെ കുട്ടികൾ ജോലിക്കായ് പുറത്തിറങ്ങുമ്പോൾ ഇപ്പോളെനിക്ക് പേടിയാണ്,” അവർ പറഞ്ഞു.

PHOTO • Parth M.N.

സത്താറയിലെ കോണ്ട്‌വെ ഗ്രാമത്തിലെ താമസക്കാരനായ സൊഹൈൽ പത്താൻ തന്റെ സാമൂഹികമാധ്യമത്തിൽ ടിപ്പു സുൽത്താനെക്കുറിച്ച് സ്റ്റാറ്റസിട്ടു. അതിനുശേഷം, വീട്ടിൽ‌വെച്ച് അയാൾ ആക്രമിക്കപ്പെടുകയും, ഗ്രാമത്തിലെ പള്ളിയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുകയും ചെയ്തു

സൊഹൈൽ ഒരു ഗരാജിലാണ് ജോലി ചെയ്യുന്നത്. 24 വയസ്സുള്ള സഹോദരൻ അഫ്താബ് ഒരു വെൽ‌ഡറാണ്. വീട്ടിൽ രണ്ട് അംഗങ്ങൾ ചേർന്ന് ജോലി ചെയ്ത് മാസം 15,000 രൂപ സമ്പാദിക്കുന്നു. സൊഹൈലിന്റെ കേസുമായി ബന്ധപ്പെട്ട്, ജാമ്യം ലഭിക്കാനും, വക്കീൽ ഫീസിനുമൊക്കെയായി രണ്ട് മാസത്തെ ശമ്പളമാണ് അവർക്ക് ചിലവാക്കേണ്ടിവന്നത്. “ഞങ്ങൾ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് കാണുന്നില്ലേ?”, വീട്ടിലേക്ക് ചൂണ്ടിക്കൊണ്ട് അവർ ചോദിച്ചു. അഫ്താബിന്റെ വെൽഡിംഗ് മെഷീൻ ചാരിവെച്ചിരുന്ന വീട്ടിലെ ചുമരിലെ പെയിന്റ് അടർന്നുതുടങ്ങിയിരുന്നു. “കോടതിയിൽ കൊടുക്കാൻ ഞങ്ങളുടെ കൈയ്യിൽ പൈസയൊന്നുമില്ല. ഗ്രാമത്തിലെ സമാധാന കമ്മിറ്റി ഇടപെട്ട്, സ്ഥിതിഗതികൾ ശാന്തമാക്കി എന്നതാണ് ഒരേയൊരു നല്ല കാര്യം”, അവർ കൂട്ടിച്ചേർത്തു.

2014-ൽ ആരംഭിച്ചതിനുശേഷം, ഇതാദ്യമായാണ് സമാധാന കമ്മിറ്റിക്ക് ഇത്തരമൊരു വിഷയത്തിൽ ഇടപെടേണ്ടിവന്നതെന്ന്, കൃഷിക്കാരനും, കമ്മിറ്റി അംഗവുമായ 71 വയസ്സുള്ള മധുകർ നിംബാൽകർ പറയുന്നു. “കാവിക്കൊടി കെട്ടിയ പള്ളിയിൽ ഞങ്ങൾ യോഗം ചേർന്നു. സ്ഥിതിഗതി കൂടുതൽ വഷളാവരുതെന്ന് ഇരുസമുദായക്കാരും തീർച്ചയാക്കി.”

പള്ളിയിൽ‌വെച്ച് കമ്മിറ്റി കൂടാൻ തീരുമാനിച്ചതിനൊരു കാരണമുണ്ടെന്ന് നിംബാൽകർ പറയുന്നു. “അതിന്റെ മുമ്പിലുള്ള തുറസ്സായ സ്ഥലം ഏറെക്കാലമായി ഹിന്ദുക്കളുടെ വിവാഹത്തിനായി സ്ഥിരമായി ഉപയോഗിക്കുന്ന ഇടമായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ എങ്ങിനെയാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് ആളുകളെ ഓർമ്മിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.”

*****

2023 ജനുവരി 22-ന് അയോദ്ധ്യയിൽ രാം ലല്ല ക്ഷേത്രം ഉദ്ഘാടനം ചെയ്തു. 2019 നവംബറിലെ സുപ്രീം കോടതിയുടെ ഐകകണ്ഠ്യേനയുള്ള വിധിയിലൂടെ അയോദ്ധ്യയിലെ തർക്കസ്ഥലം അമ്പലത്തിനായി വിട്ടുകൊടുത്തിരുന്നു. നാല് പതിറ്റാണ്ടുമുമ്പ്, വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഹിന്ദുത്വ തീവ്രവാദഗ്രൂപ്പുകൾ തല്ലിത്തകർത്ത ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

അതിനുശേഷം, ബാബറി മസ്ജിദിന്റെ തകർക്കൽ, ഇന്ത്യയിലെ ധ്രുവീകരണത്തിന്റെ പോർവിളിയായി മാറിയിരുന്നു.

ബാബറി മസ്ജിദ് തകർത്തത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി ജഡ്ജിമാർ കണ്ടെത്തിയെങ്കിലും, രാമക്ഷേത്ര നിർമ്മാണത്തിന് ആ സ്ഥലം വിട്ടുകൊടുക്കാനുള്ള അവരുടെ തീരുമാനം അക്രമകാരികൾക്ക് പ്രോത്സാഹനവും ധൈര്യവും പ്രദാനം ചെയ്തു.

PHOTO • Parth M.N.
PHOTO • Parth M.N.

2023-ൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മകന്റെ ചിത്രം കാണിച്ചുതരുന്ന നസീം. നസീം തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന വാർധംഗഡിന് മതപരമായ ബഹുസ്വരതയുടെ സമ്പന്നമായ ഒരു വലിയ ചരിത്രമുണ്ട്

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നിലനിന്നിരുന്ന ആരാധനാലയങ്ങളുടെ തൽസ്ഥിതി അതേ രീതിയിൽ തുടരുക എന്നത്, മതഭേദമെന്യേ എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമായിരുന്നു എന്ന് മിനാജ് സയ്യദ് സൂചിപ്പിച്ചു. “സുപ്രീം കോടതിവിധി അതിനെ തിരിച്ചിട്ടു,” അയാൾ പറയുന്നു. “ബാബറിക്ക് ശേഷം ഹിന്ദു ഗ്രൂപ്പുകൾ മറ്റ് പള്ളികൾക്കുനേരെയും തിരിയുകയാണ്.”

തന്റെ ഗ്രാമവും ജില്ലയും സംസ്ഥാ‍നവും ശത്രുതകളുടെ കാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ, സത്താറ ജില്ലയിലെ വർദ്ധംഗഡ് ഗ്രാമത്തിൽ താമസിക്കുന്ന 69 വയസ്സുള്ള ഹുസ്സൈൻ ശിക്കൽഗാർ എന്ന തയ്യൽക്കാരൻ കാണുന്നത്, തലമുറകളുടെ ഒരു വലിയ വിടവാണ്. “പുതിയ തലമുറ പൂർണ്ണമായും മസ്തിഷ്കക്ഷാളനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു,” അയാൾ പറയുന്നു. “എന്റെ പ്രായത്തിലുള്ള ആളുകൾ പഴയ കാലം ഓർമ്മിക്കുകയാണ്. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതിനുശേഷമുള്ള ധ്രുവീകരണം ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് കാണുന്ന സംഘർഷത്തിന്റെയത്രയ്ക്കൊന്നും അന്നുണ്ടായിരുന്നില്ല 1992-ൽ എന്നെ ഗ്രമത്തിന്റെ സർപഞ്ചായി തിരഞ്ഞെടുത്തു. ഇന്നെനിക്ക് ഒരു രണ്ടാംതരം പൌരനെപ്പോലെയാണ് സ്വയം തോന്നുന്നത്.”

ശികൽഗറിന്റെ അഭിപ്രായത്തിന് മൂർച്ച കൂടുന്നത്, അയാളുടെ ഗ്രാമത്തിന്റെ വർഷങ്ങളായുള്ള മതപരമായ ബഹുസ്വരതാ പാരമ്പര്യത്തെക്കുറിച്ചോർക്കുമ്പോഴാണ്. വർധംഗഡ് കോട്ടയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം, മഹാരാഷ്ട്രയിൽനിന്നെമ്പാടുമുള്ള ഭക്തരുടെ തീർത്ഥാടനകേന്ദ്രമാണ്. ഹിന്ദുകളും മുസ്ലിങ്ങളും തോളോടുതോൾ ചേർന്ന് പ്രാർത്ഥിക്കുന്ന അഞ്ച് കല്ലറകളും മന്ദിരങ്ങളും അടുത്തടുത്തായി നിലനിന്നിരുന്നു ആ പ്രദേശത്ത്. ഇരുസമുദായക്കാരും ചേർന്നാണ് ആ സ്ഥലം പരിപാലിച്ചിരുന്നത്. അഥവാ, 2023 ജൂലായ് വരെ പരിപാലിച്ചിരുന്നു.

മുസ്ലിങ്ങൾ പതിവായി പ്രാർത്ഥിച്ചിരുന്ന പീർ ദാ-ഉൽ മുൽക്കിന്റെ കല്ലറ, 2023 ജൂണിൽ “പ്രദേശത്തെ അജ്ഞാതരായവർ’ തകർത്തതിനുശേഷം, ബാക്കിവന്ന നാല് സ്മാരകങ്ങളുടെ നാടായിരുന്നു വർധംഗഡ്. അടുത്ത മാസം, വനംവകുപ്പ് ആ കല്ലറ പൂർണ്ണമായി പൊളിച്ചുമാറ്റി. അത് അനധികൃത നിർമ്മാണമാണെന്ന പേരും‌പറഞ്ഞ്. അഞ്ച് നിർമ്മാണങ്ങളിൽ ഈയൊരു സ്മാരകം മാത്രം എന്തുകൊണ്ട് പൊളിച്ചുമാറ്റി എന്ന് മുസ്ലിങ്ങൾക്ക് മനസ്സിലാവുന്നില്ല.

PHOTO • Courtesy: Residents of Vardhangad

വർധംഗഡിലെ കല്ലറ , തകർക്കപ്പെടുന്നതിനുമുൻപ്. എന്തുകൊണ്ടാണ് തങ്ങളുടെ സ്മാരകം മാത്രം കൈയ്യേറ്റത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയതെന്ന് മുസ്ലിങ്ങൾക്ക് മനസ്സിലായിട്ടില്ല

“ഗ്രാമത്തിലെ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്,” വർധം‌ഗഡിലെ താമസക്കാരനും വിദ്യാർത്ഥിയുമായ 21 വയസ്സുള്ള മൊഹമ്മദ് സാദ് പറയുന്നു. “ഇതേ കാലത്തുതന്നെ, സാമൂഹിക മാധ്യമത്തിലെ ഒരു പോസ്റ്റിന്റെ പേരിൽ എന്നെയും ലക്ഷ്യം‌വെച്ചിരുന്നു.”

സാദിന്റെ ഒരു സഹോദരബന്ധു – പൂനയിൽനിന്ന് രണ്ട് മണിക്കൂർ ദൂരത്ത് താമസിക്കുന്ന ഒരാൾ - ഇൻസ്റ്റാഗ്രാമിൽ, 17-ആം നൂറ്റാണ്ടിലെ ഭരണാധികാരിയായ ഔറംഗസീബിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് കലിപൂണ്ട ചില ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങൾ അതേ രാത്രി സാദിനെ അയാളെ വീട്ടിൽനിന്ന് വലിച്ചിറക്കി ഇരുമ്പുദണ്ഡും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലി അവശനാക്കുകയും ‘ഔറംഗസീബിന്റ് മോനേ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

“ആ രാത്രി അവരെന്നെ കൊന്നേനേ. ഭാഗ്യത്തിന് അതേ സമയത്തുതന്നെ ഒരു പൊലീസ് വാഹനം അതുവഴി വന്നതുകൊണ്ട്, ആൾക്കൂട്ടം ഓടി രക്ഷപ്പെട്ടു,” സാദ് ഓർത്തെടുക്കുന്നു.

പിന്നീടുള്ള 15 ദിവസം സാദിന്, പരിക്കേറ്റ തലയ്ക്കും, ഒടിഞ്ഞ കാലിനും കവിളെല്ലിനുമുള്ള ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയേണ്ടിവന്നു. ചില ദിവസങ്ങളിൽ ചോര ച്ഛർദ്ദിക്കുകയും ചെയ്തു. ഇപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അയാൾക്ക് ബുദ്ധിമുട്ടാണ്. “ഇനിയും എന്നെ ആക്രമിച്ചേക്കാം, എന്റെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല,” സാദ് പറയുന്നു.

കം‌പ്യൂട്ടർ സയൻസിൽ ബിരുദത്തിനായി പഠിക്കുകയാണ് സാദ്. 12-ആം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് 93 ശതമാനം മാർക്ക് കിട്ടിയ, മിടുക്കനായ വിദ്യാർത്ഥിയാണ് അയാൾ. എന്നാൽ ഈയിടെയായി മാർക്കുകളിൽ കുറവ് കാണുന്നുണ്ട്. “ഞാൻ ആശുപത്രിയിലായതിന്റെ മൂന്നാമത്തെ ദിവസം എന്റെ അമ്മവൻ ഹൃദയാഘാതം വന്ന് മരിച്ചു. 75 വയസ്സുണ്ടായിരുന്നു. നല്ല ആരോഗ്യവും. ഹൃദയത്തിന് അസുഖമൊന്നുമുണ്ടായിരുന്നില്ല. മനോവിഷമംകൊണ്ടുണ്ടായ അറ്റാക്കുതന്നെയാണ് അത്. എനിക്ക് അദ്ദേഹത്തെ മറക്കാനാവുന്നില്ല,” സാദ് പറയുന്നു.

ആ സംഭവത്തിനുശേഷം മുസ്ലിങ്ങൾ തങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടിയിരിക്കുന്നു. ഹിന്ദുക്കളുമായി ഇടപഴകുന്നില്ല. ഗ്രാമത്തിന്റെ മുഖംതന്നെ മാറ്റി ആ സംഭവം. പഴയ സൌഹൃദങ്ങളിൽ വിള്ളൽ വീണു. ബന്ധങ്ങൾ തകർന്നു.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്ത്: ‘ഗ്രാമത്തിലെ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്,’ വർധംഗഡിലെ താമസക്കാരനും വിദ്യാർത്ഥിയുമായ മൊഹമ്മദ് സാദ് പറയുന്നു. വലത്ത്: വർധംഗഡിലെ തയ്യൽക്കാരനായ ഹുസ്സൈൻ ശികൽഗർ പറയുന്നു: ‘ജീവിതകാലം മുഴുവൻ ഗ്രാമത്തിലെ ആളുകൾക്ക് തുണികൾ തുന്നിക്കൊടുത്ത് ജീ‍വിച്ചവനാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷമായി, ഹിന്ദുക്കൾ വരാറില്ല. മുകളിൽനിന്നുള്ള സമ്മർദ്ദംകൊണ്ടാണോ വിരോധംകൊണ്ടാണോ എന്ന് എനിക്കറിയില്ല’

ഈ കേവലം രണ്ട് സംഭവങ്ങൾമാത്രമല്ല എന്ന് ശികൽഗർ പറയുന്നു. ദൈനംദിന കാര്യങ്ങളിലും ഈ അന്യതാബോധം പ്രകടമാണ്.

“ജീവിതകാലം മുഴുവൻ ഗ്രാമത്തിലെ ആളുകൾക്ക് തുണികൾ തുന്നിക്കൊടുത്ത് ജീ‍വിച്ചവനാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷമായി, ഹിന്ദുക്കൾ വരാറില്ല. മുകളിൽനിന്നുള്ള സമ്മർദ്ദംകൊണ്ടാണോ വിരോധംകൊണ്ടാണോ എന്ന് എനിക്കറിയില്ല,” അയാൾ പറയുന്നു.

ഭാഷപോലും മാറിക്കഴിഞ്ഞുവെന്ന് അയാൾ കൂട്ടിച്ചേർത്തു. “ലണ്ട്യ’ എന്ന വാക്ക് അടുത്ത കാലത്തൊന്നും കേട്ടതായി ഞാൻ ഓർക്കുന്നില്ല,” സുന്നത്ത് ചെയ്യുന്ന മുസ്ലിങ്ങളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന പേരാണ് അത്. “ഈയിടെയായി അത് ധാരാ‍ളം ഉപയോഗിച്ച് കേൾക്കുന്നുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും നേർക്കുനേർ നോക്കാതെയായി.”

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സ്ഥലമല്ല സത്താറയിലുൾപ്പെടുന്ന വർധംഗഡ്. വർഗ്ഗീയ സംഘർഷങ്ങൾ ഗ്രാമങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിച്ചിരിക്കുന്നു. ഗ്രാമങ്ങളിലെ ഉത്സവങ്ങളുടേയും വിവാഹാഘോഷങ്ങളുടേയും മുഖച്ഛായതന്നെ മാറിയിരിക്കുന്നു.

ഹിന്ദുക്കളുടെ ഗണേശോത്സവം സംഘടിപ്പിക്കുന്നതിൽ താൻ മുൻ‌നിരയിലുണ്ടായിരുന്നുവെന്ന് ശികാൽഗർ പറയുന്നു. സൂഫി സന്ന്യാസി മൊഹിയുദ്ദീൻ ചിഷ്തിയുടെ ചരമദിനം ആചരിക്കുന്ന ഉറുസ് എന്ന മുസ്ലിങ്ങളുടെ വാർഷികാഘോഷത്തിന് ഹിന്ദുക്കളും സജീവമായി പങ്കെടുത്തിരുന്നു. ഗ്രാമങ്ങളിലെ വിവാഹങ്ങൾപോലും ഒരു കൂട്ടായ്മയിലാണ് നടന്നിരുന്നത്. “അതെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. പള്ളിയുടെ മുമ്പിലൂടെ പോകുമ്പോൾ രാമനവമി ആഘോഷത്തിലെ പാട്ടുകൾ നിർത്തിവെക്കാറുണ്ടായിരുന്നു. ഇപ്പോൾ, അത് കൂടുതൽ ഉച്ചത്തിൽ വെക്കാൻ തുടങ്ങി,” അയാൾ കൂട്ടിച്ചേർത്തു.

എന്നിട്ടും, എല്ലാം നഷ്ടമായെന്ന് വിശ്വസിക്കാൻ ഇരുസമുദായങ്ങളിലേയും ഒരു വലിയ വിഭാഗം ഇപ്പോഴും വിസമ്മതിക്കുന്നു. മതങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നവർ ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അവർ ഉറച്ച് വിശ്വസിക്കുന്നു. “അവർക്ക് കൂടുതൽ ഒച്ചയുണ്ട്. സംസ്ഥാനത്തിന്റെ പിന്തുണയും. അതുകൊണ്ട് ആ വിഭാഗക്കാർ കൂടുതലാണെന്ന് തോന്നിക്കുമെന്ന് മാത്രം,” മാൽഗാംവിലെ ജാദവ് പറയുന്നു. “വിവാദങ്ങളൊന്നുമില്ലാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹിന്ദുക്കൾ സംസാരിക്കാൻ ഭയക്കുന്നത്. അത് മാറണം.”

മാൽ‌ഗാംവ് കാണിച്ച മാതൃക, മുഴുവൻ മഹാരാഷ്ട്രയ്ക്കും മാതൃകയാ‍ക്കാൻ കഴിഞ്ഞില്ലെങ്കിൽ‌പ്പോലും. ചുരുങ്ങിയത് സത്താറയ്ക്കുള്ള രൂപരേഖയെങ്കിലുമാവണമെന്ന് ജാദവ് ആഗ്രഹിക്കുന്നു. “ദർഗയെ സംരക്ഷിക്കാൻ ഹിന്ദുക്കൾ കാൽ‌വെച്ചപ്പൊഴേക്കും, തീവ്രപക്ഷക്കാർ പിൻ‌വാങ്ങി. മതപരമായ ബഹുസ്വരതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മളിലാണ്, മുസ്ലിങ്ങളിലല്ല. നമ്മുടെ നിശ്ശബ്ദതയാണ് സാമൂഹികവിരുദ്ധർക്ക് ധൈര്യം നൽകുന്നത്.”

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

पार्थ एम एन हे पारीचे २०१७ चे फेलो आहेत. ते अनेक ऑनलाइन वृत्तवाहिन्या व वेबसाइट्ससाठी वार्तांकन करणारे मुक्त पत्रकार आहेत. क्रिकेट आणि प्रवास या दोन्हींची त्यांना आवड आहे.

यांचे इतर लिखाण Parth M.N.
Editor : Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat