“ഒരു രഹസ്യപാതയിലൂടെ ഞങ്ങൾ പുറത്തേക്ക് ഒളിച്ചുകടന്നു. അല്ലാതെ എന്ത് ചെയ്യാനാണ്? കുട്ട മെടയാനുള്ള വസ്തുക്കളെങ്കിലും കൈവശമുണ്ടെങ്കിൽ വീട്ടിലിരുന്ന് കുട്ട തയ്യാറാക്കിവെക്കാമല്ലോ” തെലുങ്കാനയിലെ കാംഗൽ ഗ്രാമത്തിലുള്ള ഒരു സംഘം കുട്ടനിർമാണത്തൊഴിലാളികൾ പറയുന്നു. എന്താണവർ പറയുന്ന രഹസ്യപാത? പോലീസ് ബാരിക്കേഡുകളോ ഗ്രാമീണർ നട്ടുവളർത്തിയ മുൾച്ചെടികളുടെ വേലിയോ വഴി മുടക്കാത്ത പാതകളെപ്പറ്റിയാണ് അവർ പറയുന്നത്.

ഏപ്രിൽ 4-ന് രാവിലെ ഏതാണ്ട് 9 മണിക്ക് നെലിഗുന്ധരാശി രാമുലമ്മ വെല്ലിഡാംഡുപാഡുവിലേക്ക് പുറപ്പെട്ടു. രമുലമ്മയ്ക്ക് പുറമെ നാല് സ്ത്രീകളും ഒരു പുരുഷനും അവരുടെ സംഘത്തിലുണ്ട്. കാംഗലിൽനിന്ന് 7 കിലോമീറ്റർ ദൂരെയുള്ള ഈ സ്ഥലത്തുനിന്ന് സിൽവർ ഡേറ്റ് പാമിന്‍റെ ഇലയും മടലും ശേഖരിക്കുകയാണ് അവരുടെ ലക്ഷ്യം. ഇവ ഉപയോഗിച്ചാണ് അവർ കുട്ട നിർമ്മിക്കുന്നത്. മിക്കവാറും പുറമ്പോക്കിൽനിന്നാണ് അവർ മടൽ ശേഖരിക്കുന്നത്. ചിലപ്പോഴൊക്കെ കൃഷിയിടങ്ങളിൽനിന്നും. പ്രതിഫലമായി  ഏതാനും കുട്ടകൾ അവ‍ർ ആ കൃഷിക്കാർക്ക് നൽകുകയും ചെയ്യും.

തെലുങ്കാനയിൽ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യെരുകുല വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുട്ട നിർമാതാക്കൾ. മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്താണ് അവർ മടൽ ഉണക്കിയെടുക്കുക. അവരുടെ കച്ചവടം നടക്കുന്നതും ഈ മാസങ്ങളിലാണ്.

വർഷത്തിലെ മറ്റ് മാസങ്ങളിൽ കൃഷിയിടങ്ങളിൽ പണിയെടുത്താണ് അവർ ഉപജീവനം കണ്ടെത്തുന്നത്. ദിവസം 200 രൂപയാണ് കൃഷിപ്പണിക്ക്  പ്രതിഫലം ലഭിക്കുക. ഡിസംബർ മുതൽ ഫെബ്രുവരിവരെ നീളുന്ന പരുത്തി വിളവെടുപ്പ് കാലത്ത് ചിലർക്ക് 700-800 രൂപ ദിവസക്കൂലി ലഭിക്കും. പക്ഷേ എന്തുമാത്രം പണിയുണ്ട് എന്നതിനെക്കൂടി ആശ്രയിച്ചാണ് കൂലി നിശ്ചയിക്കപ്പെടുക.

ഈ വർഷം കോവിഡ്-19 ലോക്ക്ഡൗൺ ആരംഭിച്ചതോടെ കുട്ട വിൽപനയിൽനിന്നുള്ള അവരുടെ വരുമാനം നിലച്ചു. “കൈയിൽ പണമുള്ളവർക്ക് ആഹാരം കഴിക്കാം. ഞങ്ങളെന്ത് ചെയ്യും? അത് കൊണ്ടാണ് (മടൽ ശേഖരിക്കാനായി) ഞങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. അല്ലെങ്കിൽ ഞങ്ങളെന്തിന് പുറത്തിറങ്ങണം?” 70 വയസുള്ള രമുലമ്മ ചോദിക്കുന്നു.

The baskets Ramulamma (left), Ramulu (right) and others make are mainly used at large gatherings like weddings to keep cooked rice and other edible items. From March 15, the Telangana government imposed a ban on such events
PHOTO • Harinath Rao Nagulavancha
The baskets Ramulamma (left), Ramulu (right) and others make are mainly used at large gatherings like weddings to keep cooked rice and other edible items. From March 15, the Telangana government imposed a ban on such events
PHOTO • Harinath Rao Nagulavancha

വിശേഷാവസരങ്ങളിൽ ചോറും മറ്റ് ഭക്ഷണവസ്തുക്കളും വെക്കാനാണ് രമുലമ്മയും (ഇടത്) രാമുലുവും (വലത്) മറ്റുള്ളവരും മെടഞ്ഞെടുക്കുന്ന കുട്ടകൾ പ്രധാനമായും ഉപയോഗിക്കുന്നത്. തെലുങ്കാന സർക്കാർ മാർച്ച് 15 മുതൽ ഇത്തരം ചടങ്ങുകൾ നിരോധിച്ചിരിക്കുകയാണ്

രമുലമ്മയുടെ സംഘത്തിൽ ആറ് പേരുണ്ട്. ദിവസവും 5-6 മണിക്കൂർ വീതം പണിയെടുത്താൽ 2-3 ദിവസംകൊണ്ട് 30-35 കുട്ടകൾ നിർമിക്കാൻ അവർക്ക്  കഴിയും. കുടുംബാംഗങ്ങളെല്ലാവരും പണിയിൽ പങ്കാളികളാകും. ഇത്തരത്തിലുള്ള 10 സംഘങ്ങളെങ്കിലും കംഗാൽ ഗ്രാമത്തിലുണ്ടെന്ന് രമുലമ്മ പറയുന്നു. നൽഗോണ്ട ജില്ലയിലെ കംഗാൽ മണ്ഡലിലുള്ള ഈ ഗ്രാമത്തിൽ ഏതാണ്ട് 7000 പേർ താമസിക്കുന്നുണ്ട്. അവരിൽ 200 പേർ പട്ടികവർഗത്തിൽപ്പെടുന്നവരാണ്.

“മടലിലെ മുള്ളുകൾ എടുത്തുമാറ്റുകയാണ് ഞങ്ങൾ ആദ്യം ചെയ്യുന്നത്. പിന്നീട് അവ വെള്ളത്തിൽ മുക്കിവെച്ചശേഷം ഉണക്കിയെടുക്കും. തുടർന്ന് കനം കുറഞ്ഞ പാളികളായി കീറിയെടുക്കും. അവയുപയോഗിച്ചാണ് ഞങ്ങൾ കുട്ടയും മറ്റ് വസ്തുക്കളും തയ്യാറാക്കുന്നത്”. രമുലമ്മ വിശദീകരിക്കുന്നു. “ഇത്രയും പണിയെടുത്താലും കുട്ടകൾ വിൽക്കാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിയുന്നില്ല (ലോക്ക്ഡൗൺ കാരണം)”.

കുട്ടകൾ വാങ്ങാനായി ഹൈദരാബാദിൽനിന്നുള്ള ഒരു വ്യാപാരി ഇടക്കിടെ ഗ്രാമത്തിലെത്താറുണ്ടായിരുന്നു. 7 മുതൽ 10 വരെ ദിവസത്തെ ഇടവേളയിൽ ഗ്രാമത്തിലെത്തുന്ന അയാൾ കുട്ടയൊന്നിന് 50 രൂപ വില നൽകാറുണ്ടായിരുന്നു. മാർച്ച് മുതൽ മേയ വരെയുള്ള മാസങ്ങളിൽ പ്രതിദിനം 100-150 രൂപ ഇത്തരത്തിൽ ഗ്രാമീണർക്ക് ലഭിക്കും. “വില്പനയുള്ളപ്പോൾ മാത്രമാണ് ഞങ്ങൾക്ക് പണം ലഭിക്കുക” 28-കാരിയായ നെലിഗുന്ധരാശി സുമതി പറയുന്നു.

മാർച്ച് 23-ന് തെലുങ്കാനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കച്ചവടക്കാരൻ ഗ്രാമത്തിൽ വരാതെയായി. ലോക്ക്ഡൗണിന് മുമ്പ് ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ  അയാൾ ഇവിടെനിന്നും അയൽഗ്രാമങ്ങളിൽനിന്നും ലോറിയിൽ കുട്ടകൾ ശേഖരിക്കുമായിരുന്നു എന്ന് 40 വയസുള്ള നെലിഗുന്ധരാശി രാമുലു പറയുന്നു.

വിവാഹങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും അരി വാർക്കുവാനും വറുത്ത സാധനങ്ങളിൽനിന്ന് എണ്ണ അരിച്ചുമാറ്റാനുമാണ് ഈ കുട്ടകൾ പ്രധാനമായി ഉപയോഗിക്കുന്നത്. മാർച്ച് 15 മുതൽ ഇത്തരം ചടങ്ങുകൾക്ക് തെലുങ്കാന സർക്കാർ നിരോധനമേർപ്പെടുത്തി.

തെലുങ്ക് പുതുവർഷമായ ഉഗാഡിക്ക് മുമ്പ് ശേഖരിച്ച കുട്ടകൾ ഇനിയും വിറ്റുപോയിട്ടില്ല. മാർച്ച് 25-നായിരുന്നു ഉഗാഡി. ആ കുട്ടകൾ ഇപ്പോഴും വ്യാപാരികളുടെ കൈവശമുണ്ട്. അതുകൊണ്ട് ലോക്ക്ഡൗൺ പിൻവലിച്ചാൽപ്പോലും വിവാഹമണ്ഡപങ്ങളും മറ്റും തുറന്ന് പ്രവർത്തനമാരംഭിച്ചാൽ മാത്രമേ വ്യാപാരികൾ വീണ്ടും കംഗലിൽ എത്തുകയുള്ളൂ.

Clearing thorns from the silver date palm fronds: Neligundharashi Ramulamma (top left); Neligundharashi Yadamma (top right); Neligundharashi Sumathi  (bottom left), and Ramulu (bottom right)
PHOTO • Harinath Rao Nagulavancha

സിൽവർ ഡേറ്റ് പാമിന്‍റെ മുള്ളുകൾ മാറ്റുന്നു — നെലിഗുണ്ടരാശി രമുലമ്മ (ഇടത്ത് മുകളിൽ), നെലിഗുണ്ടരാശി യദമ്മ (മുകളിൽ വലത്), നെലിഗുണ്ടരാശി സുമതി (താഴെ ഇടത്), രാമുലു (താഴെ വലത്)

“ലോക്ക്ഡൗൺ കഴിഞ്ഞശേഷം ഞങ്ങളുടെ കൈയിലുള്ള കുട്ടകളെല്ലാം വാങ്ങാമെന്ന് വ്യാപാരികൾ ഉറപ്പ് തന്നിട്ടുണ്ട്” സുമതി പറയുന്നു. അതിനകം കുട്ടകൾ കേടായിപ്പോകാൻ സാദ്ധ്യതയില്ല എന്ന് അവർ കരുതുന്നു. എന്നാൽ എല്ലാ കുട്ട നിർമാതാക്കളുടേയും കൈവശം കുട്ടകൾ കുന്നുകൂടിയിരിക്കുകയാണ്. അതുകൊണ്ട് ലോക്ക്ഡൗൺ കഴിയുമ്പോഴേക്കും കുട്ടകൾക്ക് ന്യായമായ വില ലഭിക്കുമോ എന്നതിൽ അവർക്ക് ആശങ്കയുണ്ട്.

രാമുലുവിന്‍റെ ഭാര്യയാണ് യദമ്മ. ഉഗാഡിക്ക് മുമ്പുള്ള കാലത്ത് കുട്ട വിറ്റ് ലഭിക്കുന്ന പണംകൊണ്ട് 10 ദിവസത്തേക്കുള്ള നിത്യോപയോഗസാധനങ്ങൾ വാങ്ങുവാൻ നെലിഗുണ്ടരാശി യദമ്മക്ക് കഴിഞ്ഞിരുന്നു. ലോക്ക്ഡൗണിനും മുമ്പായിരുന്നു ഇത്. അരി, എണ്ണ, ദാൽ, പഞ്ചസാര, മുളക്പൊടി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ അന്നന്നത്തെ ആവശ്യത്തിന് മാത്രമേ കുട്ടനെയ്ത്തുകാർ വാങ്ങാറുള്ളൂ. പ്രദേശത്തെ കടകളിൽനിന്നും റേഷൻ കടകളിൽനിന്നുമാണ് അവർ സാധനങ്ങൾ വാങ്ങുക. ഏപ്രിൽ 4-ന് ഞാൻ യദമ്മെയെ കാണുമ്പോൾ അവർ കടയിൽനിന്ന് വാങ്ങിയ അരി തീർന്നിരുന്നു. മുൻമാസത്തെ റേഷൻ അരി പാകം ചെയ്യുകയായിരുന്നു അവർ. തെലുങ്കാനയിൽ എല്ലാ കുടുംബാംഗങ്ങൾക്കും കിലോക്ക് ഒരു രൂപ നിരക്കിൽ 6 കിലോ അരി ലഭിക്കും. കമ്പോളത്തിൽ കിലോക്ക് 40 രൂപയാണ് അരിയുടെ വില.

എന്നാൽ റേഷൻ കടയിൽനിന്ന് വാങ്ങുന്ന അരിയെപ്പറ്റി അവർക്ക് പരാതികൾ ഏറെയാണ്. വേവിക്കുമ്പോൾ അത് ഒട്ടിപ്പിടിക്കുമെന്ന് മാത്രമല്ല, ദുർഗന്ധവുമുണ്ട്. “നല്ല രുചിയാണ്” യദമ്മ കളിയാക്കി പറയുന്നു. “തിന്ന് തിന്ന് ചാകാം”.

ഇതൊക്കെയാണെങ്കിലും അവരെല്ലാം സ്ഥിരമായി റേഷൻ വാങ്ങുന്നുണ്ട്. ഇല്ലെങ്കിൽ റേഷൻ കാർഡ് റദ്ദാക്കപ്പെടുമെന്ന് അവർ ഭയക്കുന്നു. റേഷനരി പൊടിച്ച് ഉണ്ടാക്കുന്ന റോട്ടിയാണ് യദമ്മയുടെയും ഭർത്താവിന്‍റെയും രണ്ട് കുട്ടികളുടെയും അത്താഴം.. കമ്പോളത്തിൽനിന്ന് വാങ്ങിയ നല്ലയിനം അരിയാണ് ലോക്ക്ഡൗണിന് മുമ്പ് രാവിലെയും ഉച്ചക്കും അവർ ഉപയോഗിച്ചിരുന്നത്. പക്ഷേ ഇതിന് കൃത്യമായ വരുമാനം വേണം. “ഞങ്ങളെപ്പോലുള്ള താഴ്ന്ന ജാതിക്കാർക്ക് ഇതൊക്കെ പ്രശ്നങ്ങൾ തന്നെ” രമുലമ്മ പറയുന്നു.

ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എഫ്.സി.ഐ) വെയർഹൗസുകളിൽ സംഭരിക്കുന്ന അരിയാണ് സംസ്ഥാനസർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. പക്ഷികളുടെ ചിറക്, കാഷ്ഠം, എലിമൂത്രം, ഷട്പദങ്ങൾ തുടങ്ങിയവ കാരണം അരിയുടെ ഗുണനിലവാരം മോശമാകാനിടയുണ്ടെന്ന് എഫ്.സി.ഐയുടെ മാനുവൽ ഒഫ് ക്വാളിറ്റി കണ്ട്രോൾ പറയുന്നു. ഇത്തരം ജീവികളുടെ ശല്യമൊഴിവാക്കാനായി മീഥൈൽ ബ്രോമൈഡ്, ഫോസ്ഫീൻ തുടങ്ങിയ രാസവസ്തുക്കൾ ഇടക്കിടെ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തുക്കൾ പ്രത്യേക തരം മണം ഉള്ളവയാണ്. റേഷൻ കടകളിൽ ലഭിക്കുന്ന അരിയുടെ ഗുണനിലവാരം കുറയാനുള്ള ഒരു കാരണം ഇതായിരിക്കാം. “ഞങ്ങളുടെ കുട്ടികളൊന്നും ഈ അരി കഴിക്കില്ല” കുട്ട നിർമ്മാതാവായ നെലിഗുണ്ടരാശി വെങ്കിട്ടമ്മ പറയുന്നു.

'Some are eating relief rice mixed with rice bought in the market', says Ramulu; while with unsold baskets piling, it is not clear if their prices will remain the same
PHOTO • Harinath Rao Nagulavancha
'Some are eating relief rice mixed with rice bought in the market', says Ramulu; while with unsold baskets piling, it is not clear if their prices will remain the same
PHOTO • Harinath Rao Nagulavancha

“സൗജന്യമായി ലഭിക്കുന്ന അരിയും കമ്പോളത്തിൽനിന്ന് വാങ്ങുന്ന അരിയും ഒരുമിച്ച് ചേർത്താണ് പലരും പാചകം ചെയ്യുന്നത്” രാമുലു പറയുന്നു. കുട്ടകൾ കുന്നുകൂടുമ്പോൾ പഴയ വില കിട്ടുമോ എന്ന് ഉറപ്പില്ല

അൽപംകൂടി മെച്ചപ്പെട്ട അരിയാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ്-19 പാക്കേജിന്‍റെ ഭാഗമായി കംഗൽ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും ആളോഹരി 12 കിലോ അരിയും ഓരോ കുടുംബത്തിനും 1,500 രൂപ വീതവും ലഭിക്കുന്നുണ്ട്. ഏപ്രിലിലും മേയിലും അവർക്ക് ഇത് ലഭിച്ചു. റേഷൻ കടയിൽ കിട്ടുന്നതിനേക്കാൾ മെച്ചപ്പെട്ട അരിയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് രാമുലു പറയുന്നു. എന്നാലും ചിലപ്പോഴെങ്കിലും ഗുണം കുറഞ്ഞ അരിയും ലഭിക്കുന്നുണ്ട്. മേയ് 6-ന് രാമുലു എന്നോട് ഫോണിൽ പറഞ്ഞു “ചില സമയത്ത് നല്ല അരി കിട്ടും, ചില സമയത്ത് മോശം അരിയും. കിട്ടുന്നതല്ലേ കഴിക്കാൻ പറ്റൂ. സൗജന്യമായി കിട്ടുന്ന അരി കമ്പോളത്തിൽനിന്ന് വാങ്ങുന്നതുമായി ഒരുമിച്ച് ചേർത്താണ് പലരും പാചകം ചെയ്യുന്നത്”.

ഏപ്രിൽ 15-ന് ഞാൻ രാമുലുവിനെ കാണുമ്പോൾ അയാൾ സർക്കാർ നെല്ല് സംഭരണകേന്ദ്രത്തിൽ ദിവസക്കൂലിക്ക് പണിയെടുക്കുകയായിരുന്നു. ഏപ്രിൽ മുതൽ മേയ് വരെ അവിടെ പണിയുണ്ടാവും. ഇതേ ജോലിക്കായി പലരും ഊഴമിട്ട് കാത്തുനിൽക്കുകയാണ്. അതിനാൽ ഒന്നിടവിട്ട ദിവസം മാത്രമാണ് രാമുലുവിന് അവിടെ പണിയുണ്ടാവുക. ദിവസം അയാൾക്ക് 500 രൂപ കൂലി കിട്ടും. താൽകാലികമായ ഈ പണി മേയ് മൂന്നാം വാരംവരെ നീണ്ടുപോകും.. അപ്പോഴേക്കും നെല്ല് സംഭരണം പൂർത്തിയാകും.

രമുലമ്മയ്ക്കും യദമ്മക്കും അവരുടെ സംഘത്തിലെ മറ്റ് സ്ത്രീകൾക്കും ഇടക്കിടെ പണി ലഭിക്കുന്നുണ്ട്. ദിവസം 200-300 രൂപ അവർക്ക് കൂലി ലഭിക്കും. “പരുത്തി വിളവെടുപ്പ് കഴിഞ്ഞശേഷം അവശേഷിക്കുന്ന കമ്പുകളും മറ്റ് വസ്തുക്കളും ശേഖരിക്കുന്നതാണ് ഞങ്ങളുടെ പണി” മേയ് 12-ന് യദമ്മ എന്നോട് ഫോണിൽ പറഞ്ഞു.

റേഷൻ കട വഴിയോ കോവിഡ് പാക്കേജിലൂടെയോ ലഭിക്കുന്ന അരിയുടെ ഗുണനിലവാരമനുസരിച്ചായിരിക്കും വരുംമാസങ്ങളിൽ അവരുടെ ഭക്ഷണം. അവർക്ക് തങ്ങളുണ്ടാക്കിയ കുട്ടകൾ വിൽക്കാനോ അല്ലെങ്കിൽ സ്ഥിരമായ കാർഷികത്തൊഴിൽ ലഭിക്കാനോ കഴിയുമോ എന്നതിനെയും ആശ്രയിച്ചിരിക്കും അവരുടെ ഭക്ഷണം.

ഇതിനിടെയാണ് പുതുക്കിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയത്. 50 പേർക്കുവരെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് മേയ് 1-ന് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ കുട്ട വില്പന വീണ്ടും പച്ചപിടിക്കും. “ഇതുവരെ വ്യാപാരി ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഞങ്ങൾ കാത്തിരിക്കയാണ്” രാമുലു പറയുന്നു.

"ചുരുങ്ങിയത് 5-6 മാസത്തേക്കെങ്കിലും കുട്ടകൾ കേട് വരില്ല". രാമുലമ്മ പറയുന്നു. "എന്നാൽ അയാൾ  (വാങ്ങുന്ന ആൾ ) ഞങ്ങളെ ഇതുവരെ വിളിച്ചിട്ടില്ല. കൊറോണ പോയിട്ടില്ല."

പരിഭാഷ: ബൈജു വി .

Harinath Rao Nagulavancha

हरिनाथ राव नागुलवंचा लिंबू वर्गीय फळांची शेती करतात आणि ते तेलंगणातील नलगोंडास्थित मुक्त पत्रकार आहेत.

यांचे इतर लिखाण Harinath Rao Nagulavancha
Editor : Sharmila Joshi

शर्मिला जोशी पारीच्या प्रमुख संपादक आहेत, लेखिका आहेत आणि त्या अधून मधून शिक्षिकेची भूमिकाही निभावतात.

यांचे इतर लिखाण शर्मिला जोशी
Translator : Byju V

Byju V. is a writer and translator interested in science, technology, inclusion, inequality, economics and politics.

यांचे इतर लिखाण Byju V