“എന്ത് വോട്ട്, എന്ത് ഷോട്ട്?..ഇരുട്ടാവുന്നതിനുമുൻപ് തീർക്കാൻ നൂറായിരം കാര്യങ്ങളുണ്ട്. നാറ്റം സഹിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ ഞങ്ങളുടെ കൂടെ വന്ന് ഇവിടെയിരിക്ക്”, തന്റെയടുത്തുള്ള നിലം ചൂണ്ടിക്കാട്ടി മാലതി മായ് പറയുന്നു. കൂമ്പാരമായിട്ട സവാളക്ക് ചുറ്റുമിരുന്ന്, ചൂടും പൊടിയും കൂസാതെ ജോലി ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകളുടെ സംഘത്തിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു അവർ. വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് അവരോട് ചോദ്യങ്ങൾ ചോദിച്ച്, ഒരാഴ്ചയായി ഞാൻ ആ ഗ്രാമത്തിൽ ചുറ്റിത്തിരിയുകയായിരുന്നു.
ഏപ്രിൽ ആദ്യവാരം. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലെ ഈ ഭാഗത്ത് താപനില 41 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. വൈകീട്ട് 5 മണിക്കുപോലും ഈ മാൽ പഹാഡിയ കുടിലുകളിൽ കടുത്ത ചൂടുണ്ട്. ചുറ്റുമുള്ള മരങ്ങളിലെ ഒരൊറ്റ ഇലപോലും അനങ്ങുന്നില്ല. പുതിയ സവാളയുടെ രൂക്ഷമായ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
സ്ത്രീകൾ ഒരു സവാളക്കൂനയ്ക്ക് ചുറ്റും അർദ്ധവൃത്താകൃതിയിൽ ഇരിക്കുകയാണ്. അവരുടെ കുടിലുകളിൽനിന്ന് ഒരു 50 അടി അകലെയുള്ള ഒരു തുറസ്സായ സ്ഥലത്ത്. അരിവാളുപയോഗിച്ച് തണ്ടിൽനിന്ന് അവർ ബൾബുകൾ (സവാളകൾ) വേർതിരിച്ചെടുത്തുകൊണ്ടിരുന്നു. തിളയ്ക്കുന്ന ഉച്ചച്ചൂടും സവാളയിൽനിന്നുയരുന്ന ആവിയും അവരുടെ മുഖങ്ങൾക്ക്, കഠിനാദ്ധ്വാനംകൊണ്ട് മാത്രം ലഭിക്കുന്ന മട്ടിലുള്ള ഒരു തിളക്കം നൽകുന്നുണ്ടായിരുന്നു.
“ഇത് ഞങ്ങളുടെ സ്വന്തം ഗ്രാമമല്ല. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ഞങ്ങൾ ഇവിടെ വരുന്നുണ്ട്,” 60 കഴിഞ്ഞ മാലതി പറയുന്നു. അവരും സംഘത്തിലെ മറ്റ് സ്ത്രീകളും മാൽ പഹാഡിയ ആദിവാസി സമുദായത്തിൽപ്പെട്ടവരാണ്. സംസ്ഥാനത്ത് പട്ടികഗോത്രവിഭാഗത്തിൽപ്പെട്ട, ഏറ്റവും ദുർബ്ബല ഗോത്രവിഭാഗക്കാർ.
“ഞങ്ങളുടെ ഗ്രാമമായ ഗോവാസ് കലികപുരിൽ തൊഴിലൊന്നുമില്ല,” അവർ പറയുന്നു. മൂർഷിദാബാദ് ജില്ലയിലെ റാണിനഗരി ബ്ലോക്കിലെ ഗോവാസിൽനിന്നുള്ള 30-ലധികം കുടുംബങ്ങൾ ഇപ്പോൾ ബിഷുർപുകുർ ഗ്രാമത്തിന്റെ അതിർത്തിയിൽ കുടിലുകൾ കെട്ടി താമസിച്ച്, പ്രദേശത്തെ പാടങ്ങളിൽ കൃഷി ചെയ്യുന്നു.
മേയ് 7-ന് നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടവരായിരുന്നു അവർ. ബിഷുർപുകുർ കോളണിയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഗോവാസ് കാലികപുർ.




























