കൃഷ്ണാജി ഭരിത് സെന്ററിൽ ഒരാൾപോലും വെറുതെയിരിക്കുന്നില്ല.
നിത്യേന ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മണിക്കൂറുകൾ മുൻപും പ്രധാന ദീർഘദൂര തീവണ്ടികൾ ജൽഗാവ് സ്റ്റേഷനിൽ നിർത്തുന്ന നേരത്തിന് മുൻപുമായി, ഈ ഭക്ഷണശാലയിൽവെച്ച് ഏകദേശം 300 കിലോഗ്രാം വഴുതനങ്ങ ഭരിത് പാകം ചെയ്ത്, കടയിലെത്തുന്നവർക്ക് വിളമ്പുകയോ ഓർഡർ ചെയ്യുന്നവർക്ക് പാക്ക് ചെയ്ത് അയക്കുകയോ ചെയ്യുന്നു. ജൽഗാവ് നഗരത്തിലെ പഴയ ബി.ജെ മാർക്കറ്റ് പ്രദേശത്തുള്ള ഈ ചെറിയ കടയിൽ എത്തുന്നവരിൽ വ്യവസായികൾ മുതൽ സാധാരണ തൊഴിലാളികൾവരെയും പാർലമെന്റ് സീറ്റ് മോഹിച്ചു നടക്കുന്നവർമുതൽ തളർന്നവശരായ പാർട്ടി പ്രവർത്തകർവരെയുമുണ്ട്.
ഉഷ്ണമേറിയ ഒരു ആഴ്ചദിവസം അത്താഴത്തിന് തൊട്ടുമുൻപുള്ള സമയം. കൃഷ്ണാജി ഭരിത് സെന്ററിന്റെ അകത്തളത്തിൽ, വഴുതനങ്ങ വൃത്തിയാക്കി, അരിഞ്ഞ്, തോല് കളഞ്ഞ്, വറുക്കുകയും പൊരിക്കുകയും ഇളക്കുകയും ചെയ്യുന്നതിന്റെയും ആവശ്യക്കാർക്ക് വിളമ്പുകയോ പാക്ക് ചെയ്ത് നൽകുകയോ ചെയ്യുന്നതിന്റെയും തിരക്കിലാണ് ജീവനക്കാർ. ഭക്ഷണശാലയ്ക്ക് പുറത്ത്, മൂന്ന് സ്റ്റീൽ കൈവരികൾക്കിടയിലായി ആളുകൾ തങ്ങളുടെ ഇഷ്ടവിഭവം വാങ്ങാൻ വരി നിൽക്കുന്നുണ്ട്; പണ്ടുകാലത്ത് ഒരേയൊരു സ്ക്രീൻ മാത്രമുണ്ടായിരുന്ന സിനിമാ തീയേറ്ററുകളിൽ ബ്ലോക് ഓഫീസിന് പുറത്ത് ആളുകളെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന കൈവരികളെ അനുസ്മരിപ്പിക്കുന്ന ഒരു സംവിധാനമാണിത്.
14 സ്ത്രീകളാണ് ഇവിടത്തെ പ്രധാന കഥാപാത്രങ്ങൾ..









