നബ കുമാറിന്റെ പണിശാലയിലെല്ലായിടത്തും താറാവുകളുടെ തൂവലുകൾ ചിതറിക്കിടക്കുകയാണ്. വൃത്തിയുള്ളതും, അല്ലാത്തവയും, മുറിച്ചവയും വിവിധ ആകൃതിയിലുള്ളവയും വെള്ളയുടെ വിവിധ നിറഭേദങ്ങളിലുള്ളവയുമെല്ലാം. തുറന്നിട്ട ജനലിലൂടെ വരുന്ന ഇളംകാറ്റിൽ അവ വായുവിൽ പറന്ന് താഴേക്ക് വീഴുന്നുണ്ട്.
ഉലുബേരിയയിലെ നബ കുമാറിന്റെ മൂന്ന് നിലയുള്ള വീടിന്റെ താഴത്തെ നിലയിലായിരുന്നു ഞങ്ങൾ. പണിശാലയ്ക്കകത്തെ അന്തരീക്ഷത്തിൽ, കത്രികകളുടെ ശബ്ദവും, ഇരുമ്പ് മുറിക്കുന്ന ശബ്ദവും നിറഞ്ഞിരുന്നു. ഇവിടെയാണ് ഇന്ത്യയിലെ ബാഡ്മിന്റൺ ഷട്ടിൽകോക്കുകൾ നിർമ്മിക്കുന്നത്. “താറാവിന്റെ തൂവലുകൾ, സിന്തറ്റിക്കോ മരമോ ഉപയോഗിച്ചുള്ള കോർക്കുകൾ, നൈലോൺ കലർന്ന പരുത്തിനൂലുകൾ, പശ എന്നിവയൊക്കെ ഉപയോഗിച്ചാണ് ഒരു ഷട്ടിലുണ്ടാക്കുന്നത്”, വില്പനയ്ക്ക് അയയ്ക്കാൻവെച്ച കെട്ടിൽനിന്ന് ഒന്നെടുത്ത് അദ്ദേഹം വിശദീകരിക്കുന്നു.
2023 ഓഗസ്റ്റ് അവസാനത്തെ, ഒരു തിങ്കളാഴ്ചയിലെ തെളിഞ്ഞ പകൽ 8 മണിയായിരുന്നു അപ്പോൾ. അഞ്ചാഴ്ച കഴിഞ്ഞ് ദക്ഷിണ കൊറിയയെ 21-18, 21-16-ന് തോൽപ്പിച്ച് ഇന്ത്യ ആദ്യത്തെ ഏഷ്യൻ സ്വർണ്ണം നേടുമെന്ന് അപ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു.
ഉലുബേരിയയിൽ, തൊഴിലാളികളുടെ ചെരുപ്പുകളും സൈക്കിളുകളും പണിശാലയുടെ മുമ്പിൽ നിരന്നു. മറൂൺ നിറത്തിലുള്ള, ഇസ്ത്രിയിട്ട മുഴുക്കൈയ്യൻ ഷർട്ടും പാന്റും ധരിച്ച് നബ കുമാറും ആ ദിവസത്തെ ജോലിക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു.
“എന്റെ ഗ്രാമമായ ബൊനിബൊനിലെ പണിശാലയിൽ, 12-ആമത്തെ വയസ്സിലാണ് ഞാൻ താറാവുകളുടെ തൂവലുകളുപയോഗിച്ച് ആദ്യമായി ബാഡ്മിന്റൻ പന്തുകൾ ഉണ്ടാക്കാൻ തുടങ്ങിയത്”, തൂവലിന് ആകൃതികൊടുക്കുന്ന ജോലി ചെയ്ത് ഈ വ്യവസായത്തിലുള്ള തന്റെ യാത്ര ആരംഭിച്ച ഇന്നത്തെ 61 വയസ്സുകാരൻ പറയുന്നു. കൈകൊണ്ട് പിടിക്കാവുന്ന ഇരുമ്പ് കത്രികയുപയോഗിച്ച്, മൂന്നിഞ്ച് നീളമുള്ള തൂവലുകൾ അയാൾ വെട്ടി ആകൃതി വരുത്തി. ഷട്ടിൽകോക്കുകളെ ജോലിക്കാർ വിളിക്കുന്നത് ‘പന്തുകൾ’ എന്നാണ്.
1920-കളിൽ, പിർപുർ ഗ്രാമത്തിൽ സ്ഥാപിതമായ ജെ.ബോസ് ആൻഡ് കമ്പനിയാണ് (ബംഗാളിലെ) ആദ്യത്തെ ഫാക്ടറി. ക്രമേണ, ജെ.ബോസിലെ തൊഴിലാളികൾ അടുത്തുള്ള ഗ്രാമങ്ങളിൽ തങ്ങളുടെ സ്വന്തം യൂണിറ്റുകൾ തുറന്നു. അത്തരമൊരു യൂണിറ്റിൽനിന്നാണ് ഞാൻ ഈ കരകൌശലവിദ്യ പഠിച്ചത്”, അദ്ദേഹം പറയുന്നു.
























