ആദിയിൽനിന്ന് നമുക്ക് തുടങ്ങാം
2014 മുതൽ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (പാരി) രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വൈവിദ്ധ്യത്തിന്റെ ഇതിഹാസകഥകൾ തുടങ്ങുന്നത് ഇന്ത്യൻ ഭാഷകളിലൂടെയാണ്. 86 ലിപികളുപയോഗിച്ച് 833 ദശലക്ഷമാളുകൾ സംസാരിക്കുന്ന 700-ലധികം വ്യത്യസ്തമായ ഭാഷകൾ. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യത്തിലാണ് ഈ ഭാഷകളും, ലിപികളില്ലാത്ത മറ്റിതര ഭാഷകളും എല്ലാം കുടികൊള്ളുന്നത്. അവയില്ലാതെ മനുഷ്യരെക്കുറിച്ചുള്ള ഈ രേഖാശേഖരണം, പ്രായോഗികമല്ലെന്നത് പോകട്ടെ, സങ്കല്പിക്കാൻ പോലുമാവില്ല.. ഓരോ പാരി കഥകളുടേയും സഞ്ചാരപഥത്തിൽ, ഇന്ത്യൻ ഭാഷകൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.
“പത്രപ്രവർത്തന മണ്ഡലത്തിൽ ഈ രേഖാഭണ്ഡാരം മുൻപന്തിയിലാണ്; സാമൂഹികനീതിയുടെ കാചത്തിലൂടെയാണ് അത് പരിഭാഷയെ നോക്കിക്കാണുനത്”, സ്മിത ഖാടോർ പറയുന്നു. “ഗ്രാമീണ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് ഭാഷയിൽനിന്ന് പ്രകാശവർഷങ്ങൾക്കകലെ താമസിക്കുമ്പോൾ, ജ്ഞാനത്തിന്റെ ഉത്പാദനവും വികിരണവും ഇംഗ്ലീഷ്-വിദ്യാഭ്യാസം നേടിയ, ഇംഗ്ലീഷ് സംസാരിക്കുന്ന വർഗ്ഗത്തിന്റെ വിശേഷാവകാശമായി മാറിനിൽക്കുന്നില്ലെന്ന് ഇത് ഉറപ്പ് വരുത്തുന്നു”
വാക്കുകളുടെ സാംസ്കാരികമായ പ്രകരണവും, വാക്യങ്ങളുടെ സാന്ദർഭികമായ ഔചിത്യവും എല്ലാം ഞങ്ങളുടെ ഭാഷാ എഡിറ്റർമാരും പരിഭാഷകരും നിരന്തരം ചർച്ച ചെയ്യാറുണ്ട്. ഈയടുത്തൊരു ദിവസം....
സ്മിത: ഓർമ്മയുണ്ടോ പുരുഷോത്തം താക്കൂറിന്റെ ആ കഥ? തെലങ്കാനയിലെ ഇഷ്ടികച്ചൂളയിൽ പണിയെടുക്കുന്ന കുരുംപുരി പഞ്ചായത്തിലെ കുടിയേറ്റത്തൊഴിലാളികൾ തന്നെ കണ്ടപ്പോൾ സന്തോഷത്തോടെ എതിരേറ്റത് അദ്ദേഹം ആ കഥയിലൊരിടത്ത് പരാമർശിക്കുന്നുണ്ട്. “ഏറെക്കാലത്തിനുശേഷമാണ് ഒഡിയ സംസാരിക്കുന്ന ഒരാളെ കാണുന്നത്. താങ്കളെ കാണാനിടയായതിൽ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു” എന്നാണ് അവരിലെ പ്രായമായ ഒരാൾ പറഞ്ഞത്.
മറ്റൊന്ന്, ജ്യോതി ഷിനോലി മഹാരാഷ്ട്രയിൽനിന്ന് എഴുതിയ ഒരു കഥ. അതിലെ രഘു എന്ന ആൺകുട്ടി. കുടിയേറ്റത്തൊഴിലാളികളുടെ മകൻ. തനിക്ക് പരിചയമില്ലാത്ത ഭാഷയിൽ സംസാരിക്കുന്ന അദ്ധ്യാപകരും കൂട്ടുകാരുമുള്ള സ്കൂളുമായി ഒത്തുപോവുക എന്നതായിരുന്നു. അവൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അവന്റെ അമ്മ ഗായത്രി പറയുന്നുണ്ട്, “ചെന്നൈയിലെ സ്കൂളിൽ ചേർന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം അവൻ കരഞ്ഞുകൊണ്ട് തിരിച്ചുവന്ന് ഇനി സ്കൂളിൽ പോവുന്നില്ലെന്ന് പറഞ്ഞു. അവിടെ, അവനൊന്നും മനസ്സിലാകുന്നില്ലെന്നും, എല്ലാവരും തന്നോട് ദേഷ്യത്തോടെ സംസാരിക്കുന്നതായി തോന്നിയെന്നുമായിരുന്നു അവന്റെ സങ്കടം”.
ഗ്രാമീണ ഇന്ത്യയിലെ ജനങ്ങൾക്ക് ഭാഷാപരമായ സ്വത്വം വളരെ പ്രധാനമാണ്. വിശേഷിച്ചും, ഉപജീവനത്തിനായി ദൂരസ്ഥലങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുമ്പോൾ.









