“ഞങ്ങളുടെ മകൻ എങ്ങിനെയാണ് മരിച്ചതെന്നുപോലും ഞങ്ങൾക്ക് തീർച്ചയില്ല. കമ്പനി അതുപോലും ഞങ്ങളോട് പറയുന്നില്ല”, നീലം യാദവ് പറയുന്നു.
സോണിപട്ടിലെ റായി എന്ന പട്ടണത്തിലെ വീടിന്റെയകത്തിരുന്നു ഇത് പറയുമ്പോൾ, 33 വയസ്സുള്ള അവർ ഞങ്ങളുടെ കണ്ണുകളിലേക്കുപോലും നോക്കുന്നുണ്ടായിരുന്നില്ല. ആറുമാസം മുമ്പാണ് അവരുടെ സഹോദരീഭർത്താവീന്റെ മകൻ 27 വയസ്സുള്ള രാം കമൽ മരിച്ചത്. ജോലി ചെയ്തുകൊണ്ടിരുന്ന പ്രാദേശികമായ ചില്ലറ ഭക്ഷണശാലയുടെ എ.സി. റിപ്പയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു അവൻ. 2007-ൽ നീലമിന്റെ വിവാഹശേഷം അവരായിരുന്നു അവനെ വളർത്തിയത്.
നീലം ആ ദിവസം ഇപ്പോഴും ഓർക്കുന്നു. 2023 ജൂൺ 29-ലെ അലസവും തെളിഞ്ഞതുമായ ഒരു ഉച്ചസമയം. അവരുടെ മൂന്ന് ഇളയ കുട്ടികളും - രണ്ട് പെണ്ണും ഒരാണും – ഭർത്തൃപിതാവ് ശോഭനാഥും പതിവുള്ള ചോറും പരിപ്പുകറിയും കഴിച്ചിട്ട് അധികനേരമായിട്ടില്ലായിരുന്നു. നീലം അടുക്കള വൃത്തിയാക്കുമ്പോൾ ശോഭനാഥ് ഒരു ചെറിയ ഉച്ചമയക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഒരുമണിക്ക് വാതിലിൽ ആരോ ബെല്ലടിച്ചു. കൈകഴുകി, ദുപ്പട്ട നേരെയാക്കി ആരാണെന്ന് നോക്കാൻ നീലം പോയി. നീല യൂണിഫോമിട്ട രണ്ട് ചെറുപ്പക്കാർ, അവരുടെ ബൈക്കിന്റെ താക്കോൽ വിരലിൽ ചുഴറ്റിക്കൊണ്ട് വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. രാം കമൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സഹപ്രവർത്തകരാണെന്ന് നീലത്തിന് പെട്ടെന്ന് മനസ്സിലായി. അതിലൊരാൾ അറിയിച്ചു, “രാമിന് ഷോക്കടിച്ചു. ഒന്ന് വേഗം സിവിൽ ആശുപത്രിയിലേക്ക് വരൂ”.
“അവന് എങ്ങിനെയുണ്ട്, കുഴപ്പമില്ലല്ലോ, ഓർമ്മയുണ്ടോ എന്നൊക്കെ ഞാൻ ചോദിച്ചുകൊണ്ടിരുന്നു. ഇല്ല എന്നുമാത്രമേ അവർ പറഞ്ഞുള്ളു”, ഇടറിയ ശബ്ദത്തോടെ നീലം പറയുന്നു. വണ്ടി കാത്തുനിൽക്കാനൊന്നും നീലവും ശോഭനാഥും നിന്നില്ല. തങ്ങളെക്കൂടി ബൈക്കിൽ കൂടെ കൊണ്ടുപോകാൻ അവർ ആ ചെറുപ്പക്കാരോട് ആവശ്യപ്പെട്ടു. 20 മിനിറ്റിനുള്ളിൽ അവർ ആശുപത്രിയിലെത്തി.











