വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ 70 വയസ്സുള്ള ബൽദേവ് കൌർ തപ്പിത്തടഞ്ഞ് നടന്നു. തങ്ങളുടെ കൃഷിയിടത്തിൽ അവരുടെ കുടുംബം ഒരിക്കൽ നിർമ്മിച്ച വീടായിരുന്നു അത്. ഇപ്പോഴും ബാക്കിവന്ന മുറികളുടെ ചുമരുകളിൽ നെടുനീളൻ വിള്ളലുകളുണ്ടായിരുന്നു.
“പുരപ്പുറത്ത് മഴയും ആലിപ്പഴവും വർഷിച്ചപ്പോൾ രാത്രി മുഴുവൻ ഞങ്ങൾ ഉറങ്ങാതെ ചിലവഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു”, പരുത്തി സൽവാർ കമ്മീസ് ധരിച്ച്, ഒരു ദുപ്പട്ടകൊണ്ട് തല മറച്ച, തലമുടി നരച്ച ബൽദേവ് പറഞ്ഞു. “രാവിലെ, ഉത്തരത്തിൽനിന്ന് വെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങളെല്ലാവരും പുറത്തേക്കോടി”.
സൂര്യൻ പുറത്തേക്ക് വന്നതോടെ, വീട് ഇടിയാൻ ആരംഭിച്ചു എന്ന് ബൽദേവിന്റെ ഇളയ പുത്രവധു, 26 വയസ്സുള്ള അമൻദീപ് കൌർ പറഞ്ഞു. “വീട് ഇടിഞ്ഞ് ചുറ്റും കിടന്നു. ബൽദേവിന്റെ മൂത്ത മകൻ 35 വയസ്സുള്ള ബൽജിന്ദർ സിംഗ് പറഞ്ഞു.
ഇതിനുമുമ്പൊരിക്കലും ഇത്തരമൊരു തകർച്ച ബൽദേവ് കൌറും മൂന്ന് കുട്ടികളടക്കം ഏഴുപേരുള്ള അവരുടെ കുടുംബവും കണ്ടിരുന്നില്ല. 2023 മാർച്ചിലെ അസമയത്തുള്ള മഴയും അതോടൊപ്പമുണ്ടായ ആലിപ്പഴവർഷവും വിളകളേയും വീടുകളേയും തകർത്ത് തരിപ്പണമക്കി. ശ്രീ മുക്ത്സർ സാഹിബ് ജില്ലയിലെ ഗിദ്ദർബഹ ബ്ലോക്കിലെ ബലയ്യാന ഗ്രാമത്തിലായിരുന്നു അവരുടെ വീടും കൃഷിയിടവും. തെക്ക്-പടിഞ്ഞാറൻ പഞ്ചാബിന്റെ ഈ മേഖലയുടെ തെക്കേ അതിർത്തിയിൽ രാജസ്ഥാനും കിഴക്ക് ഹരിയാനയുമാണ്.
മൂന്ന് ദിവസം ആ മഴയും ആലിപ്പഴവർഷവും തുടർന്നതോടെ ബൽജിന്ദർ പരിഭ്രമിക്കാൻ തുടങ്ങി. കുടുംബത്തിന് സ്വന്തമായുള്ള 5 ഏക്കറിന് പുറമേ, മറ്റൊരു 10 ഏക്കർ കൃഷിഭൂമികൂടി വാടകക്കെടുക്കാൻ, ഒരു അർതിയയിൽനിന്ന് (കാർഷികവിള ദല്ലാൾ) 6.5 ലക്ഷം രൂപ അവർ കടം വാങ്ങിയിരുന്നു. ഗോതമ്പ് ലഭിച്ചില്ലെങ്കിൽ, കുടുംബത്തിന് നിലനിൽക്കാനോ കടം തിരിച്ചടക്കാനോ മറ്റ് വഴിയില്ലായിരുന്നു.
“പാകമാവാൻ തുടങ്ങിയ വിളയെ ആദ്യം നശിപ്പിച്ചത് ആലിപ്പഴവർഷമാണ്. പിന്നെ മഴയുംകൂടി പെയ്തതോടെ, പാടം മുഴുവൻ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി. വെള്ളത്തിന് ഒലിച്ചുപോകാൻ വഴിയുണ്ടായിരുന്നില്ല. വിളകൾ അതിൽക്കിടന്ന് ചീഞ്ഞു”, ബൽജിന്ദർ പറഞ്ഞു. “ആ 15 ഏക്കറിൽ ഇപ്പൊഴും കൃഷി നശിച്ചുകിടക്കുകയാണ്”, ഏപ്രിൽ മധ്യത്തിൽ കണ്ടപ്പോൾ ബൽജിന്ദർ പറഞ്ഞു.


















