20 വർഷം മുമ്പെടുത്ത ഒരു തീരുമാനം ഇന്ന് തന്നെ വേട്ടയാടുമെന്ന് ബാലാസാഹേബ് ലോന്ധെ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ഫർസുംഗി എന്ന ചെറുപട്ടണത്തിൽ, ചെറുകിട കർഷകരുടെ മകനായി ജനിച്ച ലോന്ധെ ആദ്യകാലത്ത്, സ്വന്തം കൃഷിയിടത്തിൽ പരുത്തിക്കൃഷിയാണ് ചെയ്തിരുന്നത്. 18 വയസ്സായപ്പോൾ, അല്പം കൂടുതൽ വരുമാനം സമ്പാദിക്കുന്നതിനായി ഒരു ഡ്രൈവറുടെ ജോലികൂടി ചെയ്യാൻ അയാൾ തീരുമാനിച്ചു.

“കന്നുകാലികളെ കൊണ്ടുപോകുന്ന കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഒരു മുസ്ലിം കുടുംബവുമായി ഒരു കൂട്ടുകാരൻ എന്നെ പരിചയപ്പെടുത്തി,” 48 വയസ്സുള്ള അയാൾ പറയുന്നു. “അവർക്ക് ഡ്രൈവർമാരെ ആവശ്യമായിരുന്നു. ഞാൻ അവരൊടൊപ്പം കൂടി.”

ഉത്സാഹിയായിരുന്ന ലോന്ധെ വളരെ വേഗം ആ കച്ചവടം പഠിച്ചെടുത്തു. ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ, ആവശ്യത്തിനുള്ള അറിവും, അല്പം സമ്പാദ്യവും സ്വന്തമായുണ്ടെന്ന് അയാൾക്ക് തോന്നി.

“ഒരു പഴയ ട്രക്ക് 8 ലക്ഷം രൂപ കൊടുത്ത് വാങ്ങി. 2 ലക്ഷം രൂപ മൂലധനം എന്നിട്ടും കൈയ്യിലുണ്ടായിരുന്നു,” അയാൾ പറയുന്നു. “10 വർഷത്തിനുള്ളിൽ കമ്പോളത്തിലെ കൃഷിക്കാരും വ്യാപാരികളുമായി ഞാൻ പരിചയത്തിലായിക്കഴിഞ്ഞിരുന്നു.”

അതിന്റെ ഫലം ലോന്ധെക്കുണ്ടായി. വിളകളുടെ വിലക്കുറവും നാണയപ്പെരുപ്പവും കാലാവസ്ഥാ വ്യതിയാനവും ചേർന്ന് അയാളുടെ അഞ്ചേക്കർ കൃഷിയെ തകർത്തെറിഞ്ഞപ്പോൾ, അതിൽനിന്ന് അയാളെ രക്ഷിച്ചത്, ഈ പുതിയ കച്ചവടമായിരുന്നു.

നേരാം‌വണ്ണമുള്ള ജോലിയായിരുന്നു. ഗ്രാമച്ചന്തകളിൽ പോയി, കന്നുകാലികളെ വിൽക്കാൻ ആഗ്രഹിക്കുന്ന കർഷകരിൽനിന്ന് അവയെ വാങ്ങി, കന്നുകാലികളെ ആവശ്യമുള്ള കർഷകർക്കോ, അല്ലെങ്കിൽ അറവുശാലകളിലേക്കോ വിറ്റ്, അതിൽനിന്ന് ഒരു ചെറിയ കമ്മീഷൻ എടുക്കുക. പുതിയ കച്ചവടം തുടങ്ങി, ഒരു പതിറ്റാണ്ടിനുള്ളിൽ, 2014-ൽ അയാൾ രണ്ടാമതൊരു ട്രക്കുകൂടി വാങ്ങി കച്ചവടം വ്യാപിപ്പിച്ചു.

പെട്രോൾ ചിലവും വണ്ടികളുടെ റിപ്പയർ ചിലവുകളും, ഡ്രൈവർമാരുടെ ശമ്പളവും എല്ലാം തട്ടിക്കിഴിച്ചാലും, അക്കാലത്ത്, പ്രതിമാസം, ശരാശരി ഒരു ലക്ഷത്തിനടുത്ത് വരുമാനമുണ്ടായിരുന്നുവെന്ന് ലോന്ധെ പറയുന്നു. മുസ്ലിം ഖുറൈഷി സമുദായത്തിന് മേൽക്കൈയ്യുള്ള ഒരു കച്ചവടം ചെയ്യുന്ന ഹിന്ദു സമുദായക്കാരൻ എന്നതൊന്നും ഒരിക്കലും പ്രശ്നമായിരുന്നില്ലെന്ന് അയാൾ കൂട്ടിച്ചേർത്തു. “അവർ വളരെ ഉദാരമതികളായിരുന്നു. ആളുകളെ പരിചയപ്പെടുത്തുത്തരുന്നതിലും, ആവശ്യമായ ഉപദേശങ്ങൾ തരുന്നതിലുമൊക്കെ. എല്ലാം ഭദ്രമായി എന്ന് ഞാൻ കരുതി.”

Babasaheb Londhe switched from farming to running a successful business transporting cattle. But after the Bharatiya Janta Party came to power in 2014, cow vigilantism began to rise in Maharashtra and Londhe's business suffered serious losses. He now fears for his own safety and the safety of his drivers
PHOTO • Parth M.N.

ബാബാസാഹേബ് ലോന്ധെ കൃഷിയിൽനിന്ന് കന്നുകാലികളെ ഗതാഗതം ചെയ്യുന്ന വിജയകരമായ വ്യാപാരത്തിലേക്ക് സ്വയം മാറി. എന്നാൽ 2024-ൽ ഭാരതീയ ജനതാപാർട്ടി അധികാരത്തിൽ വന്നതിനുശേഷം, ഗോസംരക്ഷക സേനകൾ മഹാരാഷ്ട്രയിൽ ഉയർന്നുവരികയും, ലോന്ധെയുടെ വ്യാപാരം കനത്ത നഷ്ടത്തിലാവുകയും ചെയ്തു. തന്റെയും തന്റെ ഡ്രൈവർമാരുടേയും സുരക്ഷയെ ഓർത്ത് ആശങ്കപ്പെടുകയാണ് അയാളിപ്പോൾ

എന്നാൽ 2014-ൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) അധികാരത്തിലെത്തിയതോടെ, ഗോസംരക്ഷകസേനകൾ ശക്തി പ്രാപിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഗോരക്ഷയുടെ പേരിൽ അഴിഞ്ഞാടുന്നത് ആൾക്കൂട്ടങ്ങളാണ്. ഗോക്കളെ – ഹിന്ദുമതത്തിൽ വിശുദ്ധപദവിയുള്ള വളർത്തുമൃഗം – സംരക്ഷിക്കാനെന്ന പേരിൽ, ഹിന്ദു ഇതര സമുദായങ്ങളെ, പ്രത്യേകിച്ചും മുസ്ലിങ്ങളെ ഇക്കൂട്ടർ ആക്രമിക്കാൻ തുടങ്ങി.

2015 മേയ് മാസത്തിനും 2018 ഡിസംബറിനുമിടയ്ക്ക്, 100-ലധികം, ഗോക്കളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ഇന്ത്യയിൽ നടന്നതായി 2019-ൽ ന്യൂയോർക്ക് ആസ്ഥാനമായ അവകാ‍ശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് രേഖപ്പെടുത്തുന്നു അതിൽ 280 ആളുകൾക്ക് പരിക്കേൽക്കുകയും 44 പേർ കൊല്ലപ്പെടുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു.

2010-ന് ശേഷം, ഗോക്കളുമായി ബന്ധപ്പെട്ട ആൾക്കൂട്ടക്കൊലകളെക്കുറിച്ച് ഒരു റിപ്പോർട്ട്, ഇന്ത്യാ സ്പെൻഡ് എന്ന ഡേറ്റ വെബ്‌സൈറ്റ് 2017-ൽ പ്രസിദ്ധീകരിച്ചു. ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ 86 ശതമാനവും മുസ്ലിങ്ങളായിരുന്നുവെന്ന് അതിൽ കണ്ടെത്തി. 97 ശതമാനം ആക്രമണങ്ങളും നടന്നത്, മോദി അധികാരത്തിലെത്തിയതിനുശേഷവും. അതിനുശേഷം ആ വെബ്‌സൈറ്റ് അവരുടെ ട്രാക്കർ എടുത്തുകളഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, ഇത്തരം ആക്രമണങ്ങൾ - അതിൽ ആളുകളെ ഭീഷണിപ്പെടുത്തലും ഉൾപ്പെടുന്നു – വർദ്ധിക്കുകയാണ് ഉണ്ടായതെന്ന് ലോന്ധെ പറയുന്നു. മാസം‌തോറും 1 ലക്ഷം രൂപ സമ്പാദിച്ചിരുന്ന മനുഷ്യന് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 30 ലക്ഷം രൂപയുടെ നഷ്ടമായി. തന്റെയും തന്റെ ഡ്രൈവർമാരുടേയും ജീവനിലും അയാൾക്ക് ആശങ്കയുണ്ട്.

“ഇതൊരു ദുസ്വപ്നമാണ്”, അയാൾ പറയുന്നു.

*****

2023 സെപ്റ്റംബർ 21-ന്, 16 എരുമകളെ വീതം, പുനെയിലെ ഒരു ചന്തയിലേക്ക് കൊണ്ടുപോയിരുന്ന ലോന്ധെയുടെ രണ്ട് ട്രക്കുകളെ ഗോരക്ഷക് എന്ന ഈ ഗോസംരക്ഷണസേനകൾ കത്‌രാജ് എന്ന പട്ടണത്തിനടുത്തുവെച്ച് തടഞ്ഞു. അരമണിക്കൂർ ദൂരമേ ഉണ്ടായിരുന്നുള്ളു അവിടേക്ക്.

1976 മുതൽ മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാൽ 2015-ൽ അന്നത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അത് കാളകളിലേക്കും വണ്ടിക്കാളകളിലേക്കും വ്യാപിപ്പിച്ചു. ലോന്ധെയുടെ ട്രക്കുകളിലുണ്ടായിരുന്ന എരുമകൾ, നിരോധനത്തിന്റെ പരിധിയിൽ വന്നിരുന്നില്ല.

“എന്നിട്ടും രണ്ട് ഡ്രൈവർമാരേയും ഈ ആൾക്കൂട്ടം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു,” ലോന്ധെ പറയുന്നു. “ഒരാൾ ഹിന്ദുവായിരുന്നു, മറ്റൊരാൾ മുസ്ലിമും. നിയമം ആവശ്യപ്പെടുന്ന എല്ലാ രേഖകളും എന്റെ കൈവശമുണ്ടായിരുന്നു. എന്നിട്ടും എന്റെ ട്രക്കുകളെ കണ്ടുകെട്ടുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.”

PHOTO • Parth M.N.

‘കന്നുകാലികളെ ഒരു ട്രക്കിൽ കൊണ്ടുപോവുക എന്നത് ജീവഹാനിക്ക് കാരണമാകും. സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാ‍ണ്. ഈ ഗുണ്ടാരാജ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞിരിക്കുന്നു. ക്രമസമാധാനം തകർക്കുന്ന മനുഷ്യരുടെ ജീവിതം മാത്രമാണ് പുഷ്ടിപ്പെടുന്നത്’

പുനെ സിറ്റി പൊലീസ് ലോന്ധെയ്ക്കും അയാളുടെ രണ്ട് ഡ്രൈവർമാർക്കെതിരേയും, പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ‌സ് ആക്ട് 1960 -പ്രകാരം (മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 1960) കേസെടുത്തു. തീറ്റയും വെള്ളവും കൊടുക്കാതെ, മൃഗങ്ങളെ ഒരു ഇടുങ്ങിയ സ്ഥലത്ത് പാർപ്പിച്ചു എന്ന പേരിലാണ് കുറ്റം ചുമത്തിയത്. “ഗോസംരക്ഷക സേനകൾ അക്രമാ‍സക്തരാവുമ്പോൾ, പൊലീസ് പിൻ‌വലിയും, ഇത് ഒരു പതിവ് തന്ത്രമാണ്”, ലോന്ധെ പറയുന്നു.

ലോന്ധെയുടെ കന്നുകാലികളെ പുനെയിലെ മാവൽ താലൂക്കിലെ  ധാമനെ ഗ്രാമത്തിലെ ഒരു പശുകേന്ദ്രത്തിലേക്ക് മാറ്റിയപ്പോൾ, നിയമപരമായ പരിഹാരം തേടാൻ അയാൾ നിർബന്ധിതനായി. 6.5 ലക്ഷം രൂപയാണ് നഷ്ടപ്പെടുമെന്ന സ്ഥിതിയിലായത്. ഓരോരുത്തരെയായി അയാൾ സമീപിച്ചു. നല്ലൊരു അഭിഭാഷകന്റെ ഉപദേശം തേടുകപോലും ചെയ്തു അയാൾ.

രണ്ടുമാസം കഴിഞ്ഞ്, 2023 നവംബർ 24-ന് ശിവജി നഗറിലെ പുനെ സെഷൻസ് കോർട്ട് വിധി പ്രസ്താവിച്ചു. കന്നുകാലികളെ ലോന്ധെയെ തിരിച്ചേൽ‌പ്പിക്കാൻ ജഡ്ജി ഗോസംരക്ഷക സേനകൾക്ക് നിർദ്ദേശം നൽകിയതോടെ, സന്തോഷത്തോടെ അയാൾ നിശ്വസിച്ചു. വിധി നടപ്പാക്കേണ്ട ചുമതല പൊലീസ് സ്റ്റേഷനായിരുന്നു.

എന്നാൽ നിർഭാഗ്യവശാൽ, ലോന്ധെയുടെ ആശ്വാസം നീണ്ടുനിന്നില്ല. കോടതിയുടെ അനുകൂലവിധിയുണ്ടായിട്ടും, അയാൾക്ക് ഇതുവരെ തന്റെ കന്നുകാലികളെ തിരിച്ചുകിട്ടിയിട്ടില്ല.

“കോടതി വിധി വന്നിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോൽ എനിക്ക് പൊലീസിൽനിന്ന് ട്രക്കുകൾ തിരിച്ചുകിട്ടി,” അയാൾ പറയുന്നു. “ട്രക്ക് തിരിച്ച് കിട്ടാത്തതിനാൽ ആ സമയങ്ങളിൽ എനിക്ക് ജോലി ചെയ്യാനായില്ല. എന്നാൽ അതുകഴിഞ്ഞ് സംഭവിച്ചത് കൂടുതൽ മനസ്സ് മടുപ്പിക്കുന്ന കാര്യങ്ങളായിരുന്നു.”

“കോടതിവിധിക്കുശേഷം എനിക്കെന്റെ ട്രക്കുകൾ തിരിച്ചുകിട്ടിയെങ്കിലും പിന്നീട് കൂടുതൽ ദുരിതമാവുകയായിരുന്നു,” ലോന്ധെ ഓർത്തെടുക്കുന്നു. തന്റെ കന്നുകാലികളെ തിരിച്ചുകിട്ടാൻ അയാൾ സന്ത് തുക്കാറാം മഹാരാജ് ഗോശാലയിലേക്ക് പോയി. എന്നാൽ പിറ്റേന്ന് വീണ്ടും വരാനാണ് ഗോകേന്ദ്രത്തിന്റെ ചുമതലയുള്ള രൂപേഷ് ഗരാഡെ പറഞ്ഞത്.

പിന്നീട് പല ദിവസങ്ങളിലായി അവർ ഓരോരോ ഒഴിവുകഴിവുകൾ പറയാൻ തുടങ്ങി - പശുക്കളെ വിട്ടുകൊടുക്കുന്നതിനുമുൻപ് അവയെ പരിശോധിക്കേണ്ട ഡോക്ടറുടെ അലഭ്യതയും മറ്റും പറഞ്ഞ്. ദിവസങ്ങൾക്കുശേഷം, സെഷൻസ് കോർട്ടിന്റെ വിധിക്കെതിരേ മറ്റൊരു ഉപരികോടതിയിൽനിന്ന്, ഗരാഡെ സ്റ്റേ ഓർഡർ വാങ്ങി.. തന്റെ മൃഗങ്ങളെ തിരിച്ചുതരാനുള്ള ഉദ്ദേശ്യം അവർക്കില്ലെന്ന് ലോന്ധെക്ക് പതുക്കെപ്പതുക്കെ മനസ്സിലായി. “എന്നാൽ, ഓരോ തവണ പൊലീസിന്റെയടുത്ത് പോകുമ്പോഴും, അതൊന്നും സാരമാക്കാനില്ല എന്ന മറുപടിയായിരുന്നു അവർ തന്നത്. എന്തൊരു വൃത്തികെട്ട പരിപാടിയാണ്.”

പുനെയിലും ചുറ്റുവട്ടത്തുമുള്ള ഖുറൈഷി സമുദായക്കാരോട് ചോദിച്ചപ്പോൾ, ഇതൊരു അപൂർവ്വ സംഭവമല്ലെന്നും ഗോരക്ഷാഗുണ്ടകളുടെ സ്ഥിരം തന്ത്രമാണെന്നുമായിരുന്നു ഉത്തരം. മറ്റ് നിരവധി വ്യാപാരികൾക്കും സമാനമായ നഷ്ടമുണ്ടായിട്ടുണ്ട്. ഗോക്കളോടുള്ള സ്നേഹംകൊണ്ടാണ് തങ്ങൾ തടഞ്ഞുവെക്കുന്നതെന്ന് ആ ഗോരക്ഷകർ പറയുന്നതിനെ ഖുറൈഷി സമുദായം മുഖവിലക്കെടുക്കുന്നില്ല.

'Many of my colleagues have seen their livestock disappear after the cow vigilantes confiscate it. Are they selling them again? Is this a racket being run?' asks Sameer Qureshi. In 2023, his cattle was seized and never returned
PHOTO • Parth M.N.

‘എന്റെ നിരവധി സഹപ്രവർത്തകരുടെ കന്നുകാലികൾ അപ്രത്യക്ഷമായിട്ടുണ്ട്, ഗോരക്ഷകസേനകൾ അവയെ പിടിച്ചെടുത്തതിനുശേഷം. വീണ്ടും അവയെ വിൽക്കുകയാണോ? ഒരു ഗൂഢസംഘം ഇതിന് പിന്നിലുണ്ടോ?', സമീർ ഖുറൈഷി ചോദിക്കുന്നു. 2023-ൽ അയാളുടെ കന്നുകാലികളെ പിടിച്ചെടുത്തിരുന്നു. ഇന്നുവരെ തിരിച്ച് കിട്ടിയിട്ടുമില്ല

“ഈ ഗോരക്ഷകർക്ക് കന്നുകാലികളെക്കുറിച്ച് ഇത്ര ആശങ്കയാണെങ്കിൽ എന്തുകൊണ്ടാണവർ കൃഷിക്കാർക്കെതിരേ നീങ്ങാത്തത്?”, പുനെയിലെ 52 വയസ്സുള്ള വ്യാപാരി സമീർ ഖുറൈഷി ചോദിക്കുന്നു. “അവരാണല്ലോ വിൽക്കുന്നത്. ഞങ്ങൾ അവയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുക മാത്രമാണ് ചെയ്യുനത്. മുസ്ലിങ്ങളെ വേട്ടയാടുക എന്നതാണ് യഥാർത്ഥ ലക്ഷ്യം.”

2023 ഓഗസ്റ്റിൽ, തന്റെ ട്രക്കിനെ തടഞ്ഞപ്പോൾ സമീറിന് സമാനമായ അനുഭവമുണ്ടായി. ഒരു മാസത്തിനുശേഷം, കോടതിയിൽനിന്ന് അനുകൂലവിധിയുമായി അയാൾ പുരന്ദർ താലൂക്കിലെ സെന്ദെവാദി ഗ്രാമത്തിലെ ഗോകേന്ദ്രത്തിലേക്ക് ചെന്നു.

“ഞാനവിടെ ചെന്നപ്പോൾ, എന്റെ കന്നുകാലികളെയൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല. 1.6 ലക്ഷം രൂപ വിലവരുന്ന എന്റെ അഞ്ച് എരുമകളേയും 11 കിടാവുകളേയും അവിടെ കണ്ടില്ല,” അയാൾ പറയുന്നു.

ആരെങ്കിലും വന്ന് തനിക്ക് വിശദീകരണം തരുമെന്ന് പ്രതീക്ഷിച്ച്, 4 മണിമുതൽ 11 മണിവരെ, ഏഴുമണിക്കൂർ,  സമീർ ക്ഷമയോടെ കാത്തുനിന്നു. ഒടുവിൽ പൊലീസെത്തി, പിറ്റേന്ന് വരാൻ പറഞ്ഞു. “പിറ്റേന്ന് ഞാൻ ചെന്നപ്പോഴേക്കും ഗോസംരക്ഷകർ സ്റ്റേ ഓർഡർ തയ്യാറാക്കിവെച്ചിരുന്നു,” സമീർ ചൂണ്ടിക്കാട്ടി

കോടതിയിൽ കേസുകൊടുക്കാനൊന്നും സമീർ മിനക്കെട്ടില്ല. കാരണം, കന്നുകാലികളുടെ നഷ്ടത്തേക്കാളധികം പൈസ കോടതിച്ചിലവിന് പോകുമെന്ന് അയാൾക്ക് മനസ്സിലായിരുന്നു. പോരാത്തതിന് മാനസികസംഘർഷവും. “എന്നാൽ, എന്റെ കൈയ്യിൽനിന്ന് തട്ടിയെടുത്തതിനുശേഷം അവയെ എന്തുചെയ്തു എന്ന് എനിക്കറിയണം. എവിടെയാണ് എന്റെ മൃഗങ്ങൾ? ഞാൻ മാത്രമല്ല ഇത് ശ്രദ്ധിച്ചിട്ടുള്ളത്. എന്റെ സഹപ്രവർത്തകരുടെ കന്നുകാലികളും ഇതേ മട്ടിൽ അപ്രത്യക്ഷമായിട്ടുണ്ട്. അവർ ഇവയെ വിൽക്കുകയാണോ? ഏതോ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടോ?”.

ഇനി, പശുക്കളെ തിരിച്ചുകൊടുക്കേണ്ടിവരുന്ന അപൂർവ്വ സന്ദർഭങ്ങളിൽ, അത്രയും കാലം അവയെ പോറ്റിയതിന്റെ ചിലവ് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ഈ ഗോരക്ഷകഗുണ്ടാസംഘം. ഓരോ കന്നുകാലിക്കും 50 രൂപവെച്ച് അവർ ആവശ്യപ്പെട്ടുവെന്ന്, പുനെയിലെ മറ്റൊരു വ്യാപാരിയായ 28 വയസ്സുള്ള ഷാനവാസ് ഖുറൈഷി പറഞ്ഞു. “അതായത്, അവർ എന്റെ 15 പശുക്കളെ രണ്ടുമാസം തടവിൽ വെച്ചാൽ, അവയെ തിരിച്ചുകിട്ടാൻ ഞാൻ 45,000 രൂപ കൊടുക്കണമെന്ന്,” ഷാനവാസ് സൂചിപ്പിക്കുന്നു. “ഞാൻ ഈ കച്ചവടം ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് പൂർണ്ണമായും അസംബന്ധമാണ്. പിടിച്ചുപറിയല്ലാതെ മറ്റൊന്നുമല്ല ഇത്.”

Shahnawaz Qureshi, a trader from Pune, says that on the rare occasions when the cattle are released, cow vigilantes ask for compensation for taking care of them during the court case
PHOTO • Parth M.N.

പശുക്കളെ തിരിച്ചുകൊടുക്കേണ്ടിവരുന്ന അപൂർവ്വ സന്ദർഭങ്ങളിൽ, അത്രയും കാലം അവയെ പോറ്റിയതിന്റെ ചിലവ് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പുനെയിലെ മറ്റൊരു വ്യാപാരിയായ 28 വയസ്സുള്ള ഷാനവാസ് ഖുറൈഷി പറഞ്ഞു

പുനെ ജില്ലയിലെ ചെറിയ പട്ടണമായ സാസ്‌വാദിൽ‌വെച്ച്, ഒരു ട്രക്ക് ഡ്രൈവറെ ഉപദ്രവിക്കുന്നതിന് സാക്ഷിയായിട്ടുണ്ട് 14 വയസ്സുള്ള സുമിത് ഗാവഡെ. അത് 2014-ലായിരുന്നു.

“ആവേശം തോന്നിയത് എനിക്കോർമ്മയുണ്ട്. ഞാനും അതിൽ പങ്കെടുക്കണമെന്ന ഒരു തോന്നലുണ്ടായി,” സുമിത് ഓർമ്മിക്കുന്നു.

പുനെ ഉൾപ്പെടുന്ന പടിഞ്ഞാറൻ മഹാരാഷ്ട്ര മേഖലയിലെ ഹിന്ദു തീവ്രദേശീയവാദിയാണ് 88 വയസ്സുള്ള സംഭാജി ഭിഡെ . വലിയ ജനപ്രിയതയുള്ള ആളാണ് അയാൾ. ചെറുപ്പക്കാരെ മസ്തിഷ്കപ്രക്ഷാളനം ചെയ്തും, ഹിന്ദു സൈന്യാധിപനായിരുന്ന ശിവജിയുടെ പേർ ദുരുപയോഗം ചെയ്തും മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച ചരിത്രമുള്ളയാളാണ്.

“ഞാൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊക്കെ കേൾക്കാൻ പോകാറുണ്ട്. മുസ്ലിമുകളായിരുന്ന മുഗളന്മാരെ ശിവജി തോൽ‌പ്പിച്ചതൊക്കെ അദ്ദേഹം വിവരിക്കാറുണ്ട്. ഹിന്ദു മതത്തെക്കുറിച്ചും, അതിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചുമൊക്കെ അദ്ദേഹം ജനങ്ങളെ ബോധവത്കരിക്കുന്നു,” സുമിത് തുടർന്നു.

കൌതുകമുണർത്തുന്ന 14 വയസ്സുകാരനെ ഭിഡെയുടെ പ്രസംഗങ്ങൾ പ്രചോദിപ്പിച്ചു. ഗോസംരക്ഷണത്തെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞത് ആ കൌമാരപ്രായക്കാരന് ആവേശം നൽകി. ഭിഡെ സ്ഥാപിച്ച ശിവ് പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ നേതാവായ പണ്ഡിറ്റ് മോദകുമായി അവൻ ബന്ധപ്പെട്ടു.

സാസ്‌വാഡ് ആസ്ഥാനമായ മോദക് പുനെയിലെ ഒരു പ്രമുഖ ഹിന്ദു ദേശീയനേതാവാണ്. ഇപ്പോൾ ബി.ജെ.പി.യുമായി ചേർന്ന് പ്രവർത്തിക്കുന്ന അയാളുടെ കീഴിലാണ് സാസ്‌വാഡിലെ ഗോസംരക്ഷക സേനകൾ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മോദക്കിനുവേണ്ടി ജോലി ചെയ്യുന്ന ഗാവ്‌ഡെക്ക് ഗോസംരക്ഷണമെന്ന ലക്ഷ്യത്തോട് പൂർണമായ പ്രതിബദ്ധതയാണുള്ളത്. “ഞങ്ങളുടെ കാവൽ രാത്രി 1.30-ക്ക് തുടങ്ങും. രാ‍വിലെ നാലുമണിവരെ തുടരും,” അയാൾ പറയുന്നു. “എന്തെങ്കിലും സംശയം തോന്നിയാൽ ഞങ്ങൾ ട്രക്കുകൾ നിർത്തിച്ച്, ഡ്രൈവറെ ചോദ്യം ചെയ്ത്, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. പൊലീസുകാർ നന്നായി സഹകരിക്കുന്നുണ്ട്.”

ഗാവ്‌ഡെ പകൽ‌സമയത്ത് നിർമ്മാണജോലികൾ ചെയ്യുന്നു. എന്നാൽ, ‘ഗോരക്ഷക’ ജോലി ചെയ്യാൻ തുടങ്ങിയതുമുതൽ ചുറ്റുമുള്ളവർ ബഹുമാനത്തോടെ തന്നെ കാണാൻ തുടങ്ങിയെന്ന് അയാൾ പറയുന്നു. “ഞാനിത് പൈസയ്ക്കുവേണ്ടിയല്ല ചെയ്യുന്നത്. ജീവിതം ഇതിൽ സമർപ്പിച്ചിരിക്കുകയാണ്. ചുറ്റുമുള്ള ഹിന്ദുക്കൾ അത് തിരിച്ചറിയുകയും ചെയ്യുന്നു.”

സാസ്‌വാഡ് ഉൾപ്പ്ടുന്ന പുരന്ദറിലെ ഒരു താലൂക്കിൽ മാത്രം ഏകദേശം 150 ഗോരക്ഷകരുണ്ടെന്ന് ഗാവ്‌ഡെ സൂചിപ്പിക്കുന്നു. “ഞങ്ങളുടെ ആളുകൾക്ക് ഗ്രാമങ്ങളുമായാണ് ബന്ധം. അവർക്ക് രാത്രി കാവലിൽ പങ്കെടുക്കാൻ കഴിയാറില്ലെങ്കിലും, എന്തെങ്കിലും സംശയം തോന്നിയാൽ അവർ ഞങ്ങളെ വിവരമറിയിക്കും.”

The cow vigilantes ask for Rs. 50 a day for each animal. 'That means, if they look after 15 animals for a couple of months, we will have to pay Rs. 45,000 to retrieve them,' says Shahnawaz, 'this is nothing short of extortion'
PHOTO • Parth M.N.

ഗോരക്ഷകർ ഓരോ കന്നുകാലിക്കും 50 രൂപവെച്ച് ആവശ്യപ്പെടാറുണ്ട്, ‘അതായത്, അവർ എന്റെ 15 പശുക്കളെ രണ്ടുമാസം തടവിൽ വെച്ചാൽ, അവയെ തിരിച്ചുകിട്ടാൻ ഞാൻ 45,000 രൂപ കൊടുക്കണം’ ഷാനവാസ് സൂചിപ്പിക്കുന്നു. ‘പിടിച്ചുപറിയല്ലാതെ മറ്റൊന്നുമല്ല ഇത്’

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാണ് പശുക്കൾ. പതിറ്റാണ്ടുകളായി കർഷകർ അവയെ പരിരക്ഷയ്ക്കായി ഉപയോഗിച്ചുവരുന്നു. കല്ല്യാണങ്ങൾക്കും, മരുന്നിനും, വിളസീസണിനും അത്യാവശ്യം വരുമ്പോൾ കർഷകർ അവയെ വ്യാപാരം ചെയ്തുവന്നിരുന്നു

എന്നാൽ ഗോരക്ഷകസേനകളുടെ വ്യാപ്തി വർദ്ധിച്ചത്, ഇതിനെയെല്ലാം നാമാവശേഷമാക്കി. ഓരോ വർഷം കഴിയുമ്പോഴും ഈ സംഘം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ശിവ് പ്രതിഷ്ഠാൻ ഹിന്ദുസ്ഥാന് പുറമേ, നാല് തീവ്ര ഹിന്ദു ദേശീയ ഗ്രൂപ്പുകളും ഇവിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. ബംജ്രംഗ ദൾ, ഹിന്ദു രാഷ്ട്ര സേന, സമസ്ത ഹിന്ദു അഘാഡി, ഹോയ് ഹിന്ദു സേന തുടങ്ങിയവർ. രക്തരൂഷിത ആക്രമണങ്ങളുടെ നീണ്ട ചരിത്രമുള്ള ഇവരെല്ലാം പുനെയിൽ സജീവമാണ്.

“സ്ഥലത്തുള്ള പ്രവർത്തകരെല്ലാം പരസ്പരം സഹായിക്കുന്നു. നല്ല വഴക്കമുള്ള ഘടനയാണ് ഇതിന്. എല്ലാവരുടേയും ലക്ഷ്യം ഒന്നായതുകൊണ്ട് ഞങ്ങൾ പരസ്പരം സഹായിക്കുന്നു.”

പുരന്ദറിൽ‌മാത്രം, ഗോരക്ഷകർ മാസത്തിൽ അഞ്ച് ട്രക്കുകളെങ്കിലും തടയാറുണ്ടെന്ന് ഗാവ്‌ഡെ സൂചിപ്പിക്കുന്നു. പുനെയുടെ ഏഴ് താലൂക്കുകളിലെങ്കിലും ഈ വിവിധ ഗ്രൂപ്പുകളുടെ അംഗങ്ങൾ സജീവമാണ്. ഒരു മാസത്തിൽ 35 ട്രക്കുകൾ എന്ന കണക്കുപ്രകാരം, വർഷത്തിൽ 400 എണ്ണം ട്രക്കുകൾ.

കണക്ക് കഥ പറയുന്നു.

2023-ൽ തങ്ങളുടെ 400-500 ട്രക്കുകളെങ്കിലും പിടിച്ചെടുക്കപ്പെട്ടിട്ടുണ്ടെന്ന് പുനെയിലെ ഖുറൈഷി സമുദായത്തിലെ തലമുതിർന്നവർ പറയുന്നു. ഓരോ ട്രക്കുകളിലും 2 ലക്ഷം രൂപ വിലമതിക്കുന്ന കന്നുകാലികളുണ്ടായിരുനു. ഏറ്റവും ചുരുങ്ങിയ കണക്കുപ്രകാരമെങ്കിലും, 8 കോടി രൂപയുടെ നഷ്ടമാണ് ഈ ഗോരക്ഷക സേനകൾ ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഇത് മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ ഒന്നിലെ മാത്രം കഥയാണ്. തങ്ങളുടെ ഉപജീവനം ഉപേക്ഷിക്കാൻ ആലോചിക്കുകയാണ് ഖുറൈഷി സമുദായം.

“ഞങ്ങളൊരിക്കലും നിയമം കൈയ്യിലെടുക്കാറില്ല. എപ്പോഴും ഞങ്ങൾ ചട്ടങ്ങൾ അനുസരിക്കുന്നു”, ഗാവ്‌ഡെ പറയുന്നു.

എന്നാൽ ഈ ഗോരക്ഷകരുടെ ആക്രമണം നേരിടേണ്ടിവരുന്ന ട്രക്ക് ഡ്രൈവർമാർ പറയുക, മറ്റൊരു കഥയാണ്.

*****

2023 ആദ്യം, 25 എരുമകളുമായി വരികയായിരുന്ന ഷബ്ബീർ മൌലാനിയുടെ ട്രക്കിനെ സാസ്‌വാഡിൽ‌വെച്ച് ഗോരക്ഷകർ തടഞ്ഞു. ഉൾക്കിടിലത്തോടെയാണ് അയാളത് ഓർത്തെടുത്തത്.

“ആ രാത്രി, ആൾക്കൂട്ടക്കൊലയ്ക്ക് ഞാൻ ഇരയാകുമെന്ന് ഭയന്നു,” പുനെയിൽനിന്ന് രണ്ട് മണിക്കൂർ വടക്കുള്ള സത്താറ ജില്ലയിലെ താമസക്കാരനാണ് 43 വയസ്സുള്ള മൌലാനി. “എന്നെ അവർ തെറി പറയുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. ഞാൻ വെറും ഒരു ഡ്രൈവറാണെന്ന് അവരോട് ആവർത്തിച്ച് പറഞ്ഞുനോക്കി. ഫലമുണ്ടായില്ല.”

In 2023, Shabbir Maulani's trucks were intercepted and he was beaten up. Now, e very time Maulani leaves home, his wife Sameena keeps calling him every half an hour to ensure he is alive. 'I want to quit this job, but this is what I have done my entire life. I need money to run the household,' Maulani says
PHOTO • Parth M.N.

2023-ൽ ഷബ്ബീർ മൌലാനിയുടെ ട്രക്കുകളെ തടഞ്ഞ് അയാളെ ക്രൂരമർദ്ദനത്തിന് ഇരയാക്കി. ഇപ്പോൾ, അയാൾ പുറത്ത്  പോവുമ്പോഴൊക്കെ, ഓരോ അരമണിക്കൂറിലും ഭാര്യ സമീന മൊബൈലിൽ വിളിച്ച്, അയാൾ ജീവനൊടെയുണ്ടെന്ന് ഉറപ്പുവരുത്തും. ‘എനിക്ക് ഈ ജോലി ഉപേക്ഷിക്കണമെന്നുണ്ട്. എന്നാൽ ജീവിതകാലം മുഴുവൻ ഞാൻ ചെയ്തത് ഈ ജോലി മാത്രമാണ്. വീട്ടുചിലവ് നടത്താൻ പൈസ വേണം,’ മൌലാനി പറയുന്നു

പരിക്കേറ്റ മൌലാനിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ, മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ കേസ് ചാർജ് ചെയ്യുകയാണുണ്ടായത്. അയാളെ തല്ലിയവരുടെ പേരിൽ കേസുകളൊന്നുമെടുത്തില്ല. “ഗോരക്ഷകർ എന്റെ ട്രക്കിൽനിന്ന് 20,000 രൂപയും തട്ടിയെടുത്തു,” അയാൾ പറയുന്നു. “ഞാൻ പൊലീസുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. ആദ്യമൊക്കെ അവർ എന്നെ കേട്ടു. അപ്പോഴേക്ക് പണ്ഡിറ്റ് മോദക് കാറിലെത്തി. അതോടെ പൊലീസുകാർ അയാളുടെ വലയിലായി.”

മാസം 15,000 രൂപ സമ്പാദിക്കുന്ന മൌലാനിക്ക് ഒരുമാസം കഴിഞ്ഞപ്പോഴേക്കും തന്റെ ഉടമസ്ഥന്റെ ട്രക്ക് തിരിച്ചുകിട്ടിയെങ്കിലും കന്നുകാലികൾ ഇപ്പോഴും ഗോരക്ഷകരുടെ കൈവശമാണ്. “ഞങ്ങളെന്തെങ്കിലും നിയമവിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് ശിക്ഷിക്കട്ടെ. തെരുവിൽ ഞങ്ങളെ മർദ്ദിക്കാൻ ഇക്കൂട്ടർക്ക് എന്തവകാശമാണുള്ളത്?”, സഹികെട്ട് മൌലാനി ചോദിക്കുന്നു.

ഓരോതവണ മൌലാനി പുറത്തേക്ക് പോവുമ്പോഴും, ഭാര്യ സമീന ഇടയ്ക്കിടയ്ക്ക് മൊബൈലിൽ വിളിച്ച്, അയാൾ ജീവനൊടെയുണ്ടെന്ന് ഉറപ്പുവരുത്തും. “എനിക്ക് ഈ ജോലി ഉപേക്ഷിക്കണമെന്നുണ്ട്. എന്നാൽ ജീവിതകാലം മുഴുവൻ ഞാൻ ചെയ്തത് ഈ ജോലി മാത്രമാണ്. രണ്ട് കുട്ടികളും സുഖമില്ലാത്ത അമ്മയുമുണ്ട് എനിക്ക്. വീട്ടുചിലവ് നടത്താൻ പൈസ വേണം,” മൌലാനി പറയുന്നു

ഈ ഗോരക്ഷകർ പതിവായി ട്രക്കുകളിൽനിന്ന് പണം തട്ടിയെടുക്കുകയും, ഡ്രൈവർമാരെ തല്ലിച്ചതക്കുകയും ചെയ്യാറുണ്ടെന്ന് സത്താറയിലെ അഭിഭാഷകൻ സർഫറാസ് സയ്യദ് പറയുന്നു. മൌലാനിയുടേതുപോലുള്ള നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ആളാണ് സർഫറാസ്. “എന്നാൽ ഒരൊറ്റയെണ്ണം പോലും എഫ്.ഐ.ആറിലേക്ക് എത്തില്ല,” അയാൾ തുടർന്നു. “കന്നുകാലികളെ ഗതാഗതം ചെയ്യുന്നത്, എത്രയോ പഴക്കമുള്ള കച്ചവടമാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കമ്പോളങ്ങൾ ഈ കച്ചവടത്തിന് പേരെടുത്തതാണ്. മിക്കവാറും എല്ലാ ഡ്രൈവർമാരും ട്രക്കുകളും ഒരേ ഹൈവേ ഉപയോഗിക്കുന്നതുകൊണ്ട്, അവരെ പിന്തുടർന്ന് ആക്രമിക്കാൻ എളുപ്പവുമാണ്.”

ട്രക്കോടിക്കാൻ തയ്യാറുള്ള ഡ്രൈവർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ലോന്ധെ പറയുന്നു. “പലരും ഇപ്പോൾ കൂലിപ്പണിയിലേക്ക് തിരികെ പോയിരിക്കുന്നു. അവിടെ ശമ്പളം കുറവും കൃത്യവുമല്ലെങ്കിലും,” അയാൾ പറയുന്നു. “കന്നുകാലികളെ കൊണ്ടുപോവുക എന്നത് ജീവൻ അപകടത്തിലാക്കുന്ന പണിയാണ്. സമ്മർദ്ദമുള്ളതും. ഈ ഗുണ്ടാരാജ്, ഗ്രാമീണമേഖലയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞിരിക്കുന്നു.”

ഇപ്പോൾ കർഷകർക്ക്, അവരുടെ കന്നുകാലികൾക്ക് നല്ല വില കിട്ടുന്നില്ല എന്ന് അയാൾ പറഞ്ഞു. വ്യാപാരികൾക്ക് പണം നഷ്ടമാവുന്നു, ഡ്രൈവർമാരില്ലാത്തത്, അന്യഥാ, തകർന്നുകിടക്കുന്ന തൊഴിൽകമ്പോളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

“ക്രമസമാധാനം തകർക്കുന്ന മനുഷ്യരുടെ ജീവിതം മാത്രമാണ് പുഷ്ടിപ്പെട്ടത്”

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

पार्थ एम एन हे पारीचे २०१७ चे फेलो आहेत. ते अनेक ऑनलाइन वृत्तवाहिन्या व वेबसाइट्ससाठी वार्तांकन करणारे मुक्त पत्रकार आहेत. क्रिकेट आणि प्रवास या दोन्हींची त्यांना आवड आहे.

यांचे इतर लिखाण Parth M.N.
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

यांचे इतर लिखाण PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat