സാധാരണയായി, ഈ നേരത്ത് ഷംസുദ്ദിൻ മുല്ല കൃഷിയിടങ്ങളിൽ എൻജിനുകളും പമ്പുകളും നന്നാക്കുകയായിരിക്കും.
ലോക്കഡൗണിന്റെ രണ്ടാം ദിവസമായ മാർച്ച് 26-ന് സുൽകുഡ് ഗ്രാമത്തിൽനിന്നും (കൊൽഹാപ്പൂർ ജില്ലയിലെ കാഗൽ താലൂക്കിൽ) നിരാശനായ ഒരു കർഷകൻ ഒരു ബൈക്കിൽ അദ്ദേഹത്തെ തേടി വീട്ടിലെത്തിയപ്പോൾ ഷംസുദ്ദീൻ പുറത്തിറങ്ങി. "അയാൾ എന്നെ അയാളുടെ കൃഷിയിടത്തേക്ക് കൊണ്ടുപോയി, അവിടെവെച്ചു ഞാൻ അയാളുടെ ഡീസൽ -എൻജിനിൽ പ്രവർത്തിക്കുന്ന വെള്ളത്തിന്റെ പമ്പ് സെറ്റ് നന്നാക്കികൊടുത്തു". ഷംസുദ്ദിൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ആ കർഷകൻ തന്റെ കരിമ്പിൻ തോട്ടം നനക്കാൻ നന്നായി ബുദ്ധിമുട്ടുമായിരുന്നു.
തന്റെ പത്താം വയസ്സിൽ ജോലി തുടങ്ങിയ, 84-കാരനായ ഈ മെക്കാനിക്ക്, കഴിഞ്ഞ 74 വർഷങ്ങൾക്കിടയിൽ ഇത് വെറും രണ്ടാം തവണയാണ് എൻജിനുകൾ നന്നാക്കുന്നതിൽനിന്നും മാറിനിൽക്കുന്നത്. ആദ്യത്തേത്, ജനുവരി 2019-ൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായപ്പോഴായിരുന്നു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളിൽ ഷംസുദ്ദിൻ 5000-ത്തിലേറെ എൻജിനുകൾ നന്നാക്കിയിട്ടുണ്ട്. ഇതിൽ ബോർവെൽ പമ്പുകൾ, മിനി എക്സ്കവേറ്ററുകൾ, വെള്ളത്തിന്റെ പമ്പുകൾ, ഡീസൽ എൻജിനുകൾ മുതലായവ ഉൾപ്പെടുന്നു. അങ്ങനെ അദ്ദേഹം ഈ നൈപുണ്യത്തെ ഒരു കലാരൂപത്തിലേക്കു ഉയർത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ ബാർവാഡ് ഗ്രാമത്തിലുള്ള തന്റെ വീട് കുറേക്കാലമായി യന്ത്രങ്ങളുമായി ബുദ്ധിമുട്ടുന്ന കർഷകരുടെ ഒരാശ്രയകേന്ദ്രമായിരുന്നു. സാധാരണ വർഷങ്ങളിൽ തന്റെ ഏറ്റവും തിരക്കുപിടിച്ച കാലഘട്ടത്തിൽ - അതായത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ - വിവിധ ഇനത്തിൽപെട്ട ശരാശരി 30 എൻജിനുകളെങ്കിലും അദ്ദേഹം നന്നാക്കാറുണ്ട്. ഓരോ യന്ത്രത്തിനും 500 രൂപവെച്ച് സമ്പാദിച്ചിട്ടുമുണ്ടാകും. എന്നാലിപ്പോൾ ലോക്ക്ഡൗൺ ആ കാലഘട്ടത്തെ തകർത്തിരിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ജീവിക്കുന്നത് ഫെബ്രുവരിയിലും മാർച്ചു മാസത്തിന്റെ തുടക്കത്തിലുമായി എട്ട് എൻജിനുകൾ നന്നാക്കിയപ്പോൾ സമ്പാദിച്ച ഏകദേശം 5000 രൂപയിലാണ്. പിന്നെ, ഗവണ്മെന്റ് പ്രഖ്യാപിച്ച അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങളടങ്ങുന്ന സൗജന്യ റേഷനിലും.
ഈ അടുത്തകാലത്ത് സുൽകുടിൽനിന്നുമുള്ള കർഷകൻ ബൈക്കിൽ തന്റെ വീട്ടിൽ വന്നതിൽപ്പിന്നെ മൂന്ന് കർഷകർകൂടി ഷംസുദ്ദിനെ തങ്ങളുടെ കേടുപാടുള്ള യന്ത്രങ്ങളുമായി സമീപിച്ചിരുന്നു. പക്ഷെ അവർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. "എന്റെ പക്കൽ അവ നന്നാക്കാൻ ആവശ്യമായ സാമഗ്രികളില്ല, പോരാതെ കോൽഹാപ്പൂർ നഗരത്തിലുള്ള എല്ലാ കടകളും ഇപ്പോൾ അടച്ചിരിക്കുകയാണ്", അദ്ദേഹം എന്നോട് ഫോണിൽ പറഞ്ഞു.
രണ്ട് മാസങ്ങൾക്കുമുൻപ്, തന്റെ 70 വയസ്സുള്ള ഭാര്യ ഗുൽഷനും, 50 വയസ്സ് കഴിഞ്ഞ മകൻ ഇസാഖിനുമൊപ്പം ഷംസുദ്ദിൻ അദ്ദേഹത്തിന്റെ രണ്ടേക്കർ ഭൂമിയിൽ കരിമ്പ് നട്ടു. പക്ഷെ സാധാരണ സമയങ്ങളിൽപ്പോലും കൃഷിക്കാവശ്യമായ ജലം അസമയത്താണ് (ചിലപ്പോൾ പുലർച്ചെ രണ്ട് മണിക്ക്) വരുന്നത്. വിതരണത്തിന്റെ കാര്യത്തിലും ഉറപ്പില്ല. കൃഷിയിടം അടുത്തുതന്നെയാണെങ്കിലും, പൊലീസിനെ പേടിച്ച്, അത് സന്ദർശിക്കാൻപോലും അദ്ദേഹം മടിക്കുന്നു. അതിനാൽ, ഈ വിളവിന്റെ വിധി വളരെ അനിശ്ചിതത്വത്തിലാണ്.
മാത്രമല്ല, ലോക്ക്ഡൗൺ പിന്നിട്ട് ഏകദേശം 40 ദിവസങ്ങൾക്ക് ശേഷവും ഒരൊറ്റ എൻജിനോ യന്ത്രമോ ഷംസുദ്ദിൻ നന്നാക്കിയിട്ടുമില്ല. "ഇക്കഴിഞ്ഞ അഞ്ചാഴ്ചകളിൽ കുറഞ്ഞത് ഒരു 15,000 രൂപയെങ്കിലും" തനിക്ക് നഷ്ടപ്പെട്ടതായി അദ്ദേഹം കണക്കാക്കുന്നു. " ഇതിന് മുൻപൊരിക്കലും ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല (മഹാമാരിയും ലോക്കഡൗണും)". വെറും എട്ട് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്ന അന്ന് ഗ്രാമപ്രദേശമായിരുന്ന കൊൽഹാപൂരിലുണ്ടായ പ്ലേഗ് ബാധയെപ്പറ്റി അദ്ദേഹം ഓർക്കുന്നു. മഹാരാഷ്ട്രയുടെ അയൽജില്ലയിലെ ഹട്കണംഗളെ താലൂക്കിലെ പത്താൻ കൊടോളി ഗ്രാമത്തിലായിരുന്നു കുട്ടിക്കാലത്ത് കുടുംബം താമസിച്ചിരുന്നത്.
"അക്കാലത്തു ഞങ്ങളോടൊക്കെ ഞങ്ങളുടെ വീടുകളുപേക്ഷിച്ചു പാടങ്ങളിൽ ചെന്ന് പാർക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്നിതാ ഞങ്ങളോട് വീട്ടിൽത്തന്നെ ചടഞ്ഞിരിക്കാനും" അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.
*****
കൊൽഹാപ്പൂരിലെ ഹട്കണംഗളെ താലൂക്കിലെത്തന്നെ രണ്ടാൾ ഗ്രാമത്തിലുള്ള സ്വന്തം വീടിന് ചുറ്റുമുള്ള രണ്ടു കിലോമീറ്റർ പരിധിയിൽ, 83-ആം വയസ്സിലും വസന്ത് ടംബേ കരിമ്പ് കൊയ്ത്തുകാരനായി ജോലി ചെയ്യുന്നു. പക്ഷെ അദ്ദേഹത്തിന്റെ പ്രധാന വരുമാനമാകട്ടെ, തികച്ചും വ്യത്യസ്തമായ മറ്റൊരു തൊഴിലിൽനിന്നായിരുന്നു ലഭിച്ചിരുന്നത്. രണ്ടാളിലെ ഏറ്റവും പ്രായമേറിയ നെയ്ത്തുകാരനായി 2019-ൽ വിരമിക്കുമ്പോൾ, അദ്ദേഹം ആ പ്രദേശത്തെ ഏറ്റവും നിപുണരായ കൈത്തറിയുത്പാദകരിലൊരാളായിരുന്നു. ഈ തൊഴിലിൽ ആറ് ദശകങ്ങൾ പിന്നിട്ട അദ്ദേഹം, ഏതാണ്ട് 100,000 മീറ്റർ തുണി നെയ്തതായി സ്വയം കണക്കാക്കുന്നു.
നെയ്ത്തിൽ അദ്ദേഹത്തിന്റെ പ്രാവീണ്യം പക്ഷെ, ആ ശ്രമകരമായ തൊഴിലിനെ എക്കാലത്തേക്കുമായുള്ള അദ്ദേഹത്തിന്റെ ജീവിതോപാധിയാക്കാൻ പര്യാപ്തമായിരുന്നില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അദ്ദേഹത്തിന് ധാരാളം മണിക്കൂറുകൾ ഒരു കരിമ്പ് കൊയ്ത്തുകാരനായി മറ്റുള്ളവരുടെ പാടങ്ങളിലും സഹോദരരുമായി ഉടമസ്ഥത പങ്കുവെക്കുന്ന സ്വന്തം ഒരേക്കർ ഭൂമിയിലുമായി ചിലവഴിക്കേണ്ടിവന്നു. ലോക്ക്ഡൗൺ അദ്ദേഹത്തിന്റെ ശിഥിലമായ ജീവിതത്തെ ആടിയുലച്ചിരിക്കുന്നു.
"മൂന്ന് മണിക്കൂറിൽ (സാധാരണയായി) എനിക്ക് 10-15 മോ ല്യ (ഏകദേശം 200 കിലോ ഭാരമുള്ള ഒരു കെട്ട്) കൊയ്യാൻ കഴിയും" മറ്റുള്ളവരുടെ പാടങ്ങളിൽ ജോലിചെയുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു. ഇതിനായി വസന്തിന് 100 രൂപയ്ക്കുള്ള കാലിത്തീറ്റ പ്രതിഫലമായി ലഭിക്കുന്നു. അത് അദ്ദേഹം പോത്തിനും അതിന്റെ കിടാവിനും നൽകുന്നു. ഈ പ്രായത്തിലും, വീട്ടിലേക്ക് അദ്ദേഹം കാലിത്തീറ്റ സൈക്കിളിൽ കൊണ്ടുപോകാറുണ്ട്. ദിവസവും രാവിലെ 6 മണിക്ക് വീട്ടിൽനിന്ന് ഇറങ്ങുകയും ഉച്ചക്ക് 2 മണിക്കുള്ളിൽ തിരിച്ചെത്തുകയും ചെയ്യുന്നു.
"അവസാനമായി ഞാൻ കരിമ്പ് കൊയ്തത് മാർച്ച് 31-നായിരുന്നു." വസന്ത് പറയുന്നു. ഇതിനർത്ഥം അദ്ദേഹത്തിന് 32 ദിവസത്തെ കരിമ്പുകൊയ്‌ത്ത് അഥവാ തത്തുല്യമായ 3,200 രൂപ വിലയുള്ള കാലിത്തീറ്റ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. പക്ഷെ ദുരന്തത്തിന്റെ പാത അതിനും വളരെ മുൻപേ ആരംഭിച്ചിരുന്നു.
ഓഗസ്റ്റ് 2019-ലെ വെള്ളപൊക്കത്തിൽ, സഹോദരരുമായി ചേർന്ന് അവരുടെ ഒരേക്കർ ഭൂമിയിൽ അദ്ദേഹം കൃഷിചെയ്ത 60 ശതമാനം കരിമ്പും, മണിച്ചോളവും എല്ലാം നശിച്ചു. വിളവെടുപ്പിലെ തന്റെ വീതമായ 0.33 ഏക്കറിൽനിന്നുള്ള ഏഴ് ടണ്ണിൽ ഓരോന്നിനും അദ്ദേഹത്തിന് ലഭിച്ചത് വെറും 2,875 രൂപയാണ്. (മുൻവർഷത്തിൽ ഇതേ സ്ഥലത്തുനിന്ന് അദ്ദേഹം വിളവെടുത്തത് 21 ടൺ ആയിരുന്നു). " ആ ഏഴ് ടൺ വിറ്റുകിട്ടുന്ന 20,000 രൂപകൊണ്ട് (ഈ തുകതന്നെ അദ്ദേഹത്തിന് ലഭിച്ചത് ഇക്കഴിഞ്ഞ മാർച്ചുമാസത്തിലായിരുന്നു) എങ്ങിനെയെങ്കിലും ഈ വർഷം തള്ളിനീക്കേണ്ടിവരും”.
വസന്തിനും അദ്ദേഹത്തിന്റെ ഭാര്യ 76 വയസ്സുള്ള വിമലിനും മാർച്ച് 26-ന് പ്രഖ്യാപിച്ച ഗവണ്മെന്റ് പദ്ധതിയിലുൾപ്പെട്ട സൗജന്യ അരി പെട്ടെന്നൊന്നും ലഭിച്ചില്ല. തങ്ങളുടെ പക്കലുള്ള റേഷൻ കാർഡുപയോഗിച്ച് ഏപ്രിൽ 2-ന് ആ ദമ്പതികൾ 6 കിലോ ഗോതമ്പും (കിലോയ്ക്ക് 3 രൂപ എന്ന നിരക്കിൽ), 4 കിലോ അരിയും (കിലോയ്ക്ക് 2 രൂപ) റേഷൻ കടയിൽനിന്നും വാങ്ങിച്ചു. ഏകദേശം 10 ദിവസങ്ങൾക്കുശേഷം മാത്രമാണ് അവർക്ക് 5 കിലോ വീതം സൗജന്യ ധാന്യം ലഭിച്ചത്.
ഭർത്താവും ഭാര്യയും ധങ്കർ സമുദായക്കാരാണ്. മഹാരാഷ്ട്രയിൽ നാടോടി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടവരാണ് ആ സമുദായം. ഷംസുദ്ദിനും ഗുൽഷനും എന്നപോലെ, ഇവർക്കും പ്രതിമാസം 1,000 രൂപ വാർധക്യപെന്ഷനായി ലഭിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമീണ കൊൽഹാപ്പൂരിനെ വിറപ്പിച്ച പ്ലേഗ് ബാധയെ അന്ന് കുട്ടിയായിരുന്ന വസന്തിന് ഇപ്പോഴും ഓർമ്മയുണ്ട്. "അക്കാലത്ത് കുറേപ്പേർ മരിച്ചു. എല്ലാവരോടും വീടുകളുപേക്ഷിച്ച് ഗ്രാമത്തിന് പുറത്തുപോകാനായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്" അദ്ദേഹം ഓർക്കുന്നു.
60 വർഷങ്ങളെടുത്ത് പ്രാവീണ്യം നേടിയ തന്റെൻ നെയ്ത്ത് തൊഴിലിൽനിന്നും വസന്ത് വിരമിച്ച് വെറും ഒരു വർഷം പിന്നിട്ടപ്പോഴാണ് ലോക്ക്ഡൌണിന്റെ വരവ്. "എനിക്ക് പ്രായമായി വരികയാണ്. നെയ്ത്തിന് ഒരുപാട് ശാരീരികപ്രയത്നം ആവശ്യമാണ്. ദിവസവും രണ്ടാളിൽനിന്നും കൊൽഹാപൂർവരെ നടക്കുന്നതുപോലെയുള്ള അദ്ധ്വാനമാണത് (27.5 കിലോമീറ്റർ)". അദ്ദേഹം പൊട്ടിച്ചിരിച്ചു.
പിന്നീട്, അല്പം ശാന്തത കൈവരിച്ച് ഇത്രയുംകൂടി കൂട്ടിച്ചേർത്തു. "എന്റെ ജീവിതകാലത്തൊരിക്കലും ഇത്തരമൊരു പ്രതിസന്ധി കണ്ടിട്ടില്ല"
*****
60 വയസ്സ് തികയുന്ന ദേവു ഭോരെ, മൂന്ന് പതിറ്റാണ്ടായി കർണാടകയിലെ ബെലഗാവി ജില്ലയിൽപ്പെട്ട ബോറാഗൺ ഗ്രാമത്തിൽ ഒരു കയർനിർമാതാവായി ജീവിക്കുന്നു. ഇപ്പോൾ അഞ്ച് തലമുറകളായി, ഭോരെ കുടുംബം കയർനിർമാണ കലയെ ജീവനോടെ കാത്തുസൂക്ഷിക്കുകയാണ്. പക്ഷെ സ്വയം ജീവിച്ചിരിക്കുന്നതിലാണ് ഈ ലോക്ക്ഡൗൺ കാലത്ത്, അവരുടെ ശ്രദ്ധ.
"(കയർ നിർമിക്കാൻ) ആവശ്യമായ മിക്ക സാമഗ്രികളും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ ഇനി പണി തുടങ്ങേണ്ട ആവശ്യമേ ഉള്ളൂ" ഭോരെയുടെ മകൻ 31 വയസ്സുള്ള അമിത് എന്നോട് ഫോണിൽ ഏപ്രിൽ 4-ആം തിയതി പറഞ്ഞിരുന്നു. കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ആസന്നമായ തകർച്ച മുന്നിൽ കണ്ട്, അയാൾ ഉത്കണ്ഠാകുലനായിരുന്നു. "ഏപ്രിലിലെ ആദ്യവാരം മുതൽ, ഞങ്ങൾ ബെന്ദൂരിനുവേണ്ടി കയർ നിർമ്മിക്കാൻ തുടങ്ങണം ഞങ്ങൾക്ക്”, അയാൾ എന്നോട് പറഞ്ഞു. കാളകൾക്കായി സമർപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന, ജൂൺ, ഓഗസ്റ്റ് മാസങ്ങളിലെ ഉത്സവമാണ് ബെന്ദൂർ.
ഭോരെമാർ മാതംഗ് എന്ന പട്ടികജാതിവിഭാഗത്തിൽപ്പെട്ട അവർ കർഷകർക്കുവേണ്ടി രണ്ടുതരം കയറുകൾ നിർമിക്കുന്നു. ഒന്ന്, 12 അടി നീളമുള്ള കസ്ര, കലപ്പയിൽ ബന്ധിപ്പിക്കുന്നതാണ്. വിളകളെ വലിയ കെട്ടുകളാക്കി കെട്ടാനും, ചില ഗ്രാമീണ ഭവനങ്ങളിൽ, ശിശുക്കളുടെ തൊട്ടിൽ മേൽക്കൂരയിൽനിന്ന് തൂക്കിയിടാനും ഇവ ഉപയോഗിക്കുന്നു. മൂന്നടി നീളമുള്ള കാണ്ട എന്ന പേരുള്ള രണ്ടാമത്തെ കയർ, കാളയുടെ കഴുത്തിൽ കെട്ടാനാണ് ഉപയോഗിക്കുന്നത്. കസ്ര എന്ന കയർ 100 രൂപയ്ക്കും, ഒരു ജോഡി കാണ്ട വെറും 50 രൂപയ്ക്കും അവർ വിൽക്കുന്നു .
അമിത്തിൻറെ ഉത്കണ്ഠ അസ്ഥാനത്തായിരുന്നില്ല. കുറേ ആഴ്ചകളായി ഇപ്പോൾ ജോലിയൊന്നുമില്ല. ലോക്ക്ഡൗണിന് മുൻപുള്ള കാലഘട്ടത്തിൽ, ദേവുവും, അദ്ദേഹത്തിന്റെ ഭാര്യ നന്ദുഭായിയും (50-കളിൽ പ്രായം) അമിതും കൂടി ഏകദേശം 100 രൂപവീതം ഒരു ദിവസത്തെ എട്ട് മണിക്കൂർ ജോലിയിൽനിന്ന് സമ്പാദിച്ചിരുന്നു. ലോക്ക്ഡൗൺ മൂലം 350-ലേറെ മണിക്കൂറുകൾ തങ്ങളുടെ പ്രവർത്തനസമയത്തിൽനിന്നും നഷ്ടപ്പെട്ട ഇവർ, ഇതുവരെ ഈ കാലഘട്ടത്തിൽ, ശരാശരി 13,000 രൂപയോളം തങ്ങൾക്ക് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
ഇക്കൊല്ലം, കർണാടകി ബെന്ദുർ (കർണാടകയുടെ ഉത്സവം) ജൂൺ 7-ആം തീയ്യതിയാണ്. ദേവുവും, നന്ദുഭായിയും, അമിതും നന്നേ പാടുപെടുകയാണ്. അവർ ഉപയോഗിക്കുന്ന പൊടിപ്പിച്ച നിറങ്ങൾ - മിറാജ് പട്ടണത്തിൽനിന്നും - ലോക്ക്ഡൗണിൽ വരുത്താൻ സാധ്യമല്ല. മാത്രമല്ല, വീടിന് പുറത്തെ മൺപാതയിൽ 120 അടി നീളത്തിൽ നേർവരയിലൊരു സ്ഥലം ആവശ്യമുവുമാണ് അവരുടെ തൊഴിൽ ചെയ്യാൻ. റോഡിലിറങ്ങി ജോലി ചെയ്താൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുമെന്നതാണ് പ്രശ്നം.
ഇനിയെങ്ങാനും കയർ നിർമിക്കാൻ കഴിഞ്ഞെങ്കിലും, മറ്റ് പ്രതിസന്ധികളും തരണം ചെയ്യേണ്ടതുണ്ട്. ധാരാളം കർഷകർ ബെന്ദുറിനിടെ കസ്ര, കാണ്ട കയറുകൾ വാങ്ങാറുണ്ട്. കയർ വിൽക്കണമെങ്കിൽ, ദേവുവിനും അമിത്തിനും ആറ് വ്യത്യസ്ത ഗ്രാമങ്ങളിൽ നടക്കാറുള്ള ആഴ്ചച്ചന്തകളിലേക്ക് പോകേണ്ടിയും വരും - ഇവയിൽ അക്കോൽ, ഭോജ്, ഗലാട്ഗ, കരടാഗ്, സൗന്ദൽഗ തുടങ്ങിയ ഗ്രാമങ്ങൾ കർണ്ണാടകയിലും കുരുന്ദ്‌വാദ് ഗ്രാമം മഹാരാഷ്ട്രയിലുമാണ്. ഈ വലിയ ഉത്സവത്തിന് ഏതാണ്ട് രണ്ടുദിവസം മുന്നെ, "ധാരാളം കയർ ഇച്ചാൽക്കരഞ്ജി പട്ടണത്തിലും വിറ്റഴിക്കാറുണ്ട്" എന്ന് അമിത് പറയുന്നു.
ഇപ്രാവശ്യം, കർണ്ണാടകി ബെന്ദുർ ജൂൺ 7-ന് നടക്കുമോ എന്നുപോലും യാതൊരു ഉറപ്പുമില്ല, മാത്രമല്ല അതിനുശേഷം നടക്കേണ്ട മറ്റുത്സവങ്ങളും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇത് ഇവരെ വല്ലാതെ വിഷമിപ്പിക്കുന്നു, കാരണം ബെന്ദുർ കാലത്താണ് കൈകൊണ്ട് നിർമ്മിക്കുന്ന കയർ വിറ്റ് 15,000 രൂപ സമ്പാദിക്കാൻ അവർക്ക് സാധിക്കുക. അതിനുശേഷം കച്ചവടം പൊതുവേ കുറയും.
ദേവുവിനും അദ്ദേഹത്തിന്റെ മൂന്ന് സഹോദർക്കും ഒരുമിച്ച് ഒരേക്കർ ഭൂമി സ്വന്തമായുണ്ട്. അതിവർ ഒരു വാടകക്കാരന് വർഷം 10,000 രൂപയ്ക്ക് പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. പക്ഷെ വാടകക്കാരന് ഈ വർഷം ആ തുക അടക്കാനുള്ള നിവർത്തിയുണ്ടാകുമോ എന്ന കാര്യത്തിലും ഇവർക്ക് ആശങ്കയുണ്ട്.
ബെന്ദുറുകളിൽ ഏതെങ്കിലുമൊന്ന് ഇക്കൊല്ലം നടക്കുമോയെന്നുതന്നെ ഭോരെ കുടുംബം സംശയിക്കുന്നു. ലോക്കഡൗണിന് ഒരുമാസം മുൻപുവരെ അവരൊരുമിച്ചു സമ്പാദിച്ച 9,000 രൂപയിലാണ് ഇപ്പോൾ അവരുടെ ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആ സമ്പാദ്യം അതിവേഗമ്ം കുറയാനും തുടങ്ങിയിരിക്കുന്നു.
"അല്ലെങ്കിൽത്തന്നെ ഞങ്ങൾ വൈകിയിരിക്കുന്നു" അമിത് പറയുകയാണ് "ഇനിയെങ്ങാനും ലോക്ക്ഡൗൺ നീട്ടുകയാണെങ്കിൽ, സമ്പാദ്യമൊന്നും ഉണ്ടാവില്ല”.
പരിഭാഷ: വിശാലാക്ഷി ശശികല