“ഇന്ന് ടിവിയും മൊബൈലുമൊക്കെയുണ്ടല്ലോ, ആളുകൾക്ക് സ്വയം വിനോദിക്കാനാവുന്നുണ്ട്”, മുസ്ലിം ഖലീഫ പറയുന്നു. സംസാരിക്കുന്നതിനിടയ്ക്ക് തന്റെ ധോലക്കിന്റെ കമ്പികൾ അദ്ദേഹം മുറുക്കുന്നു.
12-ആം നൂറ്റാണ്ടിലെ വീരന്മാരായ അൽഹയുടേയും ഉദാലിന്റേയും (രുദാൽ എന്നും അറിയപ്പെടുന്നു) ഇതിഹാസകഥയാണ് മുസ്ലിം ഖലീഫ പാടുന്നത്. ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഗായകനും ധോലക് വാദകനുമായ അദ്ദേഹം ഇത് തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടാകുന്നു. ഘനഗംഭീരവും സംഗീതമയവുമാണ് അദ്ദേഹത്തിന്റെ ശബ്ദം. ഏറെ നാളായി പാടിക്കൊണ്ടിരിക്കുന്ന ഒരാളുടെ പ്രതിഭ അതിൽ തെളിയുന്നുണ്ട്.
നെല്ലും, ഗോതമ്പും, ചോളവും വിളവെടുക്കുന്ന ഏപ്രിൽ-മേയ് മാസങ്ങളിൽ അദ്ദേഹം തന്റെ ധോലക്കുമായി കൃഷിയിടങ്ങളിൽ പോയി, കർഷകസമുദായത്തിനുവേണ്ടി പാടും. രണ്ട് മണിക്കൂർ അവതരണത്തിന്, പുതുതായി വിളവെടുക്കുന്ന പാടങ്ങളിൽനിന്ന് 10 കിലോഗ്രാം ധാന്യംവരെ ലഭിക്കും. “മൂന്ന് വിളകളും കൊയ്തെടുക്കാൻ ഒരുമാസമെടുക്കും. ആ കാലം മുഴുവൻ ഞാൻ പാടത്ത് കഴിയും”, അദ്ദേഹം പറയുന്നു. വിവാഹകാലമായാൽ, ആവശ്യക്കാർ കൂടും. അപ്പോൾ മൂന്ന് മാസത്തിനുള്ളിൽ 10,000 മുതൽ 15,000 രൂപവരെ സമ്പാദിക്കാനാവും.
52 അദ്ധ്യായങ്ങളുള്ള ആ വലിയ ഗാനം മുഴുവനായി പാടിത്തീർക്കാൻ ദിവസങ്ങൾ വേണം. താത്പര്യവും ശ്രദ്ധയുമുള്ള ആസ്വാദകരുണ്ടെങ്കിലേ അതിനാവൂ. “എന്നാലിന്ന്, ആരാണ് ഇത്ര ദൈർഘ്യമുള്ള പാട്ടൊക്കെ കേൾക്കുക?”, അദ്ദേഹം ചോദിക്കുന്നു. പാട്ടിൽനിന്നുള്ള തന്റെ വരുമാനം കുറഞ്ഞുവരുനത് ഖാലിസ്പുർ ഗ്രാമത്തിൽനിന്നുള്ള ആ 60-കാരൻ അറിയുന്നുണ്ട്. തന്റെ മക്കൾക്കുപോലും ഇപ്പോൾ അൽഹ-ഉദാലിനോട് താത്പര്യമില്ലെന്ന് അദ്ദേഹം സങ്കടപ്പെടുന്നു.
ഇസ്ലാം മതക്കാരനാണെങ്കിലും ഖലീഫ് നാട്ട് സമുദായക്കാരനാണ്. സംസ്ഥാനത്ത്, പട്ടികജാതിയായി അടയാളപ്പെടുത്തപ്പെട്ട സമുദായമാണത്. സംസ്ഥാനത്ത് അവരുടെ ജനസംഖ്യ 58,819 ആണെങ്കിലും, “10-20 ഗ്രാമങ്ങളിൽ ഒന്നോ രണ്ടോ അൽഹ-ഉദാൽ പാട്ടുകാരെ മാത്രമേ നിങ്ങൾക്ക് കാണാനാകൂ” എന്ന് അദ്ദേഹം പറയുന്നു. 2023 മേയ് മാസത്തിൽ ഞങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖലിസ്പുരിലെ അദ്ദേഹത്തിന്റെ വീടിന്റെ വൈക്കോൽച്ചുമരിൽ ഒരു ധോലക്ക് തൂക്കിയിട്ടിരിക്കുന്നു. മരത്തിന്റെ ഒരു കട്ടിലും കുറച്ച് സാധനങ്ങളും അവിടെ കാണാം. ഖലീഫയുടെ പൂർവ്വികരുടെ ആറ് തലമുറ ജീവിച്ച വീടാണത്. ഭാര്യ മോമിനയുടെ കൂടെയാണ് അദ്ദേഹത്തിന്റെ താമസം. ഞങ്ങൾ അദ്ദേഹത്തോട് അൽഹ-ഉദാൽ ഗാനം ആലപിക്കാമോ എന്ന് ചോദിച്ചു. എന്നാൽ, വൈകുന്നേരങ്ങളിൽ അത് പാടുന്നത് ശരിയല്ലെന്നും പിറ്റേന്ന് രാവിലെ വരാനും അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേന്ന് ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം മീശ കറുപ്പിച്ച്, ധോലക്കുമായി കട്ടിലിൽ വന്ന് ഇരുന്നു.
ധോലക്കിന്റെ ഇരുവശങ്ങളിലുമുള്ള കയറുകൾ മുറുക്കാൻ അഞ്ച് മിനിറ്റെടുത്തു ഖലീഫ. അടുത്തതായി, കയറുകൾക്ക് കുറുകെയുള്ള പിച്ചളയുടെ വളയങ്ങൾ നീക്കി, ധോലക്കിലൊന്ന് കൊട്ടി, ശബ്ദം പരിശോധിച്ചു. അൽഹ-ഉദാൽ ഇതിഹാസം പാടിക്കൊണ്ട് 10 കോസു വരെ (31 കിലോമീറ്റർ) സഞ്ചരിച്ച കാലമുണ്ടായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുത്തു.
പാട്ട് കഴിഞ്ഞപ്പോൾ ഖലീഫ് പിച്ചള വളയങ്ങൾ അയച്ച് ധോലക്കിന്റെ തുകൽ താഴ്ത്തി, ചുമരിൽ വീണ്ടും തൂക്കി. “തുകൽ താഴ്ത്തിയില്ലെങ്കിൽ അത് കേടുവരും. മഴയോ ഇടിമിന്നലോ ഉണ്ടായാൽ പൊട്ടിത്തെറിക്കും. അതിന്റെ കാരണമൊന്നും എനിക്കറിയില്ല”, അദ്ദേഹം പറയുന്നു.
ധോലക്കിന്റെ ചട്ടക്കൂട് മരംകൊണ്ടുണ്ടാക്കിയതാണ്. 40 വർഷത്തെ പഴക്കമുണ്ട് അതിന്. ആറുമാസം കൂടുമ്പോൾ അതിന്റെ കയറുകളും തുകലും മാറ്റുമെങ്കിലും ചട്ടക്കൂട് പഴയതുതന്നെയാണ്. “ധോലക്കിന്റെ ചട്ടക്കൂട് കൃത്യമാണ്. പ്രാണികളെ അകറ്റിനിർത്താൻ ഞങ്ങൾ കടുകെണ്ണ തേക്കും”.
അൽഹ-ഉദാൽ ഗായകരുടെ സുവർണ്ണകാലമായിരുന്നു കഴിഞ്ഞ 20-30 വർഷങ്ങൾ എന്ന് അദ്ദേഹം കണക്കാക്കുന്നു. ബിദേശീയ നാച്ച് പ്രോഗ്രാമുകൾക്ക് (വിദേശീയ നൃത്തപരിപാടികൾക്ക്) ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. “ഈ ഇതിഹാസകഥ കേൾക്കാൻ ജന്മിമാർ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു”, അദ്ദേഹം പറയുന്നു.
52 അദ്ധ്യായങ്ങളുള്ള ഈ ദീർഘമായ ഗാനം മുഴുവൻ പാടാൻ ദിവസങ്ങളെടുക്കും. ‘എന്നാൽ ഇന്ന് ആരാണ് ഇത്രനേരം കേട്ടിരിക്കുക?’, അദ്ദേഹം ചോദിക്കുന്നു
അന്തരിച്ച ഭോജ്പുരി നാടകകൃത്ത് ഭിഖാരി താക്കൂർ എഴുതിയ പ്രസിദ്ധമായ നാടകമാണ് ബിദേശീയ . തൊഴിൽതേടി ജനങ്ങൾ നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നതിനെക്കുറിച്ച് വിവരിക്കുന്ന ഭോജ്പുരി നാടോടി പാരമ്പര്യത്തിൽ ഉൾപ്പെടുന്ന ഒന്നാണത്. പാട്ടിലും നൃത്തത്തിലും ആ കഥകൾ അവതരിപ്പിക്കുന്നു.
തന്നെപ്പോലുള്ള ഗായകർക്ക് ജന്മിമാരിൽനിന്ന് ഗംഭീരമായ ആതിഥേയത്വം കിട്ടിയിരുന്ന ഒരു കാലം ഖലീഫ ഓർത്തെടുത്തു. “വർഷത്തിൽ ഒരിക്കലും ഒഴിവുകിട്ടാത്തവിധം അത്രയധികം ആവശ്യക്കാരുണ്ടായിരുന്നു അന്ന് ആ പാട്ടുകൾക്ക്. തൊണ്ട പൊട്ടുംവരെയൊക്കെ ഞാൻ പാടാറുണ്ടായിരുന്നു. പലപ്പോഴും എനിക്ക് (ജന്മിമാരോട്) പറ്റില്ല എന്ന് പറയേണ്ടിവന്നിട്ടുണ്ട്”.
*****
ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലെമ്പാടും പ്രചാരമുള്ളതാണ് അൽഹ-ഉദാലുകളുടെ ഇതിഹാസകഥകൾ. 12-ആം നൂറ്റാണ്ടിൽ, ഇന്നത്തെ ഉത്തർ പ്രദേശിലെ മഹോബ ഭരിച്ചിരുന്ന പർമാൾ എന്ന ചാണ്ടെൽ രാജാവിന്റെ കീഴിൽ സേവനമനുഷ്ഠിച്ചവരായിരുന്നു അൽഹ, ഉദാൽ സഹോദരന്മാരെന്ന് കരീൻ ഷോമറിന്റെ ദ് വേൾഡ് ഓഫ് മ്യൂസിക്കി ലെ ഒരു ലേഖനത്തിൽ സൂചിപ്പിക്കുന്നു. നിർഭയരും വിദഗ്ദ്ധ പോരാളികളുമായിരുന്ന അൽഹയയ്ക്കും ഉദാലിനുമായിരുന്നു മഹോബയുടെ സംരക്ഷണച്ചുമതല. മഹോബ, ദില്ലി രാജ്യങ്ങൾതമ്മിലുണ്ടായ മഹായുദ്ധത്തോടെയാണ് അൽഹ-ഉദാൽ ഇതിഹാസം അവസാനിക്കുന്നത്.
തന്റെ വേരുകളെ മഹോബയോളം നീട്ടുന്നുണ്ട് ഖലീഫ. മഹോബ പ്രദേശത്തെ താമസക്കാരായിരുന്നു തന്റെ പൂർവ്വികരെന്നും, അക്ബറിന്റെ കാലത്ത് അവിടെനിന്ന് പലായനം ചെയ്ത് ബിഹാറിൽ അവർ വാസമുറപ്പിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ പൂർവ്വികർ രജപുത്ത ജാതിക്കാരായിരുന്നുവെന്നും ഖലീഫ കൂട്ടിച്ചേർത്തു. ബിഹാറിലെത്തിയതിനുശേഷം, ഉപജീവനത്തിനായി അൽഹ-ഉദാൽ കഥകൾ പാടുന്ന പാരമ്പര്യം അവർ ഏറ്റെടുത്തു. അനന്തര തലമുറകൾക്ക് അവർ ആ കല പകർന്നുകൊടുത്തു.
അച്ഛൻ സിറാജുൽ ഖലീഫ മരിക്കുമ്പോൾ ഖലീഫയ്ക്ക് രണ്ടുവയസ്സായിരുന്നു. അമ്മയാണ് വളർത്തിയത്. “കുട്ടിക്കാലത്ത്, ഏതെങ്കിലും പാട്ടുകാരൻ അൽഹ-ഉദാൽ പാടുന്നത് കേട്ടാൽ ഞാൻ പോയി അവരെ കേട്ടുനിൽക്കാറുണ്ടായിരുന്നു. ഏതൊരു പാട്ടും ഒറ്റത്തവണ കേട്ടാൽ ഹൃദിസ്ഥമാക്കാൻ കഴിഞ്ഞത്, സരസ്വതിയുടെ വരദാനമായിരുന്നു. എനിക്ക് ഈ അൽഹ-ഉദാൽ പാട്ടുകളിൽ കമ്പം കയറി. മറ്റൊരു തൊഴിലിലും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല”.
ആ കാലത്ത്, അദ്ദേഹം റഹ്മാൻ ഖലീഫ എന്നൊരു ഗായകനെ പരിചയപ്പെട്ടു. ഉസ്താദ് എന്നാണ് ഖലീഫ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. “അദ്ദേഹത്തോടൊപ്പം അവതരണങ്ങൾക്ക് പോകും. അദ്ദേഹത്തെ സഹായിക്കും, സാധനങ്ങളെല്ലാം ചുമക്കും”, ഖലീഫ പറയുന്നു. ചിലപ്പോൾ റഹ്മാൻ ഒരു ധോലക്ക് കൊടുത്ത് ഖലീഫയോട് പാടാൻ പറയും. “അദ്ദേഹത്തിന്റെകൂടെ കഴിയുന്ന കാലത്ത് അൽഹ—ഉദാൽ ചരിത്രത്തിലെ 10-20 അദ്ധ്യായങ്ങൾ ഞാൻ ഹൃദിസ്ഥമാക്കി”, ഖലീഫ ഓർമ്മിച്ചു.
വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നില്ല അദ്ദേഹം. താത്പര്യമില്ലാഞ്ഞിട്ടല്ല. ഒരു സർക്കാർ സ്കൂളിൽ പോയിരുന്നു. ഒരിക്കൽ ഒരു അദ്ധ്യാപകൻ തല്ലിയപ്പോൾ, അയാൾ പഠനം നിർത്തി.
“അന്നെനിക്ക് 7-8 വയസ്സുണ്ടായിരുന്നു. കുട്ടിക്കാലം മുതൽക്കേ നല്ല ശബ്ദമായിരുന്നു എന്റേത്. അതുകൊണ്ട് അദ്ധ്യാപകർക്കൊക്കെ എന്നോട് വലിയ സ്നേഹമായിരുന്നു. ഇടയ്ക്കിടയ്ക്ക് പാടാൻ പറയും. ഒരിക്കൽ പ്രാർത്ഥനക്കിടയ്ക്ക് ഒരു തെറ്റ് വരുത്തിയപ്പോൾ ഒരു അദ്ധ്യാപകൻ എന്നെ അടിച്ചു. എനിക്ക് ദേഷ്യം വന്നു. അതിനുശേഷം സ്കൂളിൽപ്പോക്ക് ഞാൻ അവസാനിപ്പിച്ചു”.
മുസ്ലിം ഖലീഫയുടെ ജീവിതവും മറ്റൊരു ചരിത്രമാണ്. അൽഹാ-ഉദാൽ ഗാനങ്ങൾ തനിക്ക് നൽകിയ പ്രതിഫലങ്ങൾക്ക് അദ്ദേഹത്തിന് നന്ദിയുണ്ട്. എന്നാൽ സ്വന്തമായ ചില സങ്കടങ്ങളുമുണ്ട് ആ മനുഷ്യന്. പാട്ടുപാടി കിട്ടിയ പണംകൊണ്ടാണ് മൂന്ന് മക്കളെ വളർത്തിയതും അവരെ വിവാഹം കഴിച്ച് അയപ്പിച്ചതും. എന്നാലിപ്പോൾ പാട്ടുപാടിയും ധോലക്ക് വായിച്ചും ജീവിതം നിലനിർത്താനാവുന്നില്ല. വീടുകളിലെ പരിപാടികൾക്ക് വിളിച്ചാൽ ഒരു അവതരണത്തിന് കിട്ടുന്നത് വെറും 300-500 രൂപ മാത്രമാണ്.
ജീവിതത്തിൽ എന്തുനേടി എന്ന് ഒരിക്കൽ ഒരു മകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ നെഞ്ച് പൊട്ടി. ആ കഥ വിവരിച്ചപ്പോൾ ദു:ഖത്തിന്റെ ഒരു നിഴൽ ആ മുഖത്ത് പരന്നു. “(എന്റെ മകന്റെ) ആ ചോദ്യം എന്നെ ഒന്ന് പിടിച്ചുനിർത്തി. അൽഹ-ഉദൽ പാടി എനിക്ക് കാര്യമായൊന്നും സ്വരൂപിക്കാനായില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു വീട് വെക്കാൻ സ്ഥലം വാങ്ങാൻ പോലും എനിക്ക് സാധിച്ചില്ല. എവിടെ പോയാലും എനിക്ക് ബഹുമാനം ലഭിച്ചിരുന്നു. എന്നാൽ വിശപ്പടക്കാനുള്ള പണം മാത്രമേ എനിക്ക് കിട്ടിയിരുന്നുള്ളു”.
“എന്റെ കുടുംബത്തിലെ എത്രയോ തലമുറ ഇവിടെ ജീവിച്ചു. എന്നാൽ ഇന്ന് ഞാനിരിക്കുന്ന ഈ സ്ഥലം സർക്കാരിന്റേതാണ്. സർക്കാരിന്റെ കുളത്തിന്റെ സമീപത്ത്”.
അദ്ദേഹത്തിന്റെ ഭാര്യ, അമ്പത്തഞ്ച് വയസ്സുള്ള മോമിന പച്ച കുത്തൽ കലാകാരിയായിരുന്നു. ഇപ്പോൾ അവർക്ക് ആസ്തമയും കേൾവിക്കുറവുമുണ്ട്. “മുമ്പൊക്കെ ഞങ്ങൾ ഗ്രാമങ്ങൾതോറും സഞ്ചരിക്കും. എന്റെ സ്വന്തം കൈകൊണ്ട് ഞാൻ പച്ച കുത്തും. ഇപ്പോൾ ശരീരത്തിന് ബലമില്ല. ഭർത്താവുള്ളതുകൊണ്ടാണ് ജീവിച്ചുപോകുന്നത്”, അവർ പറയുന്നു.
വ്യക്തിപരമായ നഷ്ടങ്ങളേക്കാൾ വലിയൊരു ദു:ഖം ഖലീഫയ്ക്കുണ്ട്. പുതിയ തലമുറയ്ക്ക് അൽഹ-ഉദാൽ പാട്ടുകളിൽ താത്പര്യമില്ലെന്ന് അദ്ദേഹത്തിനറിയാം. തനിക്ക് ശേഷം ഈ കലാരൂപം ഏറ്റെടുക്കാൻ കുടുംബത്തിലാരുമില്ലെന്നതും ഒരു തീരാവേദനയാണ്.
“എന്റെ അച്ഛനും മുത്തച്ഛനും അവരുടെ പൂർവ്വികരുമൊക്കെ അൽഹ-ഉദാൽ മാത്രമേ പാടിയിരുന്നുള്ളു. ഞാനും പാടുന്നു. എന്നാൽ എന്റെ മകൻ അത് ഇപ്പോഴും പഠിച്ചിട്ടില്ല. എന്റെ കുട്ടികൾക്ക് താത്പര്യമില്ല. ഞങ്ങൾക്കതിൽ വലിയ ആവേശമുണ്ടായിരുന്നതുകൊണ്ടാണ് ആ പാട്ടുകൾ പഠിച്ചത്. പുതിയ തലമുറയ്ക്ക് അതിനോടൊരു താത്പര്യവുമില്ല”, ഖലീഫ പറയുന്നു.
“മുമ്പൊക്കെ വിവാഹവേളകളിൽ ഖുർദക് ബാജ – അകമ്പടിയായി വായിക്കുന്ന ഷെഹനായിയും തബലയും – വായിച്ചിരുന്നു. അവയ്ക്ക് പകരം, അംഗ്രേസി ബാജ (വിദേശ വാദ്യങ്ങൾ - ഡ്രമ്മുകളും, ഷെഹനായിയും കീബോർഡും മറ്റ് പലതും) ഒക്കെയായി. പിന്നെ നാട്ടിലെ പാട്ടുകാർ അംഗ്രേസി ബാജക്കൊപ്പം പാടുന്ന പരിപാടികളും. ഇപ്പോൾ മാർക്കറ്റിൽ ഡിജെക്കാണ് വില. മറ്റ് വാദ്യോപകരണങ്ങളൊക്കെ അവസാനിച്ചു”, ഖലീഫ പറയുന്നു.
“എന്റെ മരണശേഷം എന്റെ കുടുംബത്തിൽ ഈ കല പിന്തുടരാൻ ആരുമില്ലെന്നത് എന്നെ വേദനിപ്പിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലെ പാർശ്വവത്കൃതരായ ജനങ്ങൾക്കുവേണ്ടി മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച ഒരു ട്രേഡ് യൂണിയൻ പ്രവർത്തകന്റെ ഓർമ്മയ്ക്കായുള്ള ഫെല്ലോഷിപ്പിന്റെ സഹായത്തോടെ എഴുതിയ റിപ്പോർട്ടാണിത്.
പരിഭാഷ: രാജീവ് ചേലനാട്ട്