ശ്യാംലാൽ കശ്യപിന്റെ മൃതദേഹംവെച്ചാണ് അദ്ദേഹത്തിന്റെ കുടുംബത്തോട് അവർ വിലപേശിയത് – അക്ഷരാർത്ഥത്തിൽത്തന്നെ.
അറാക്കോട്ടെ സ്വദേശിയായ ആ കൂലിത്തൊഴിലാളി 2023 മേയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു; തന്റെ ഗർഭിണിയായ ഭാര്യ, 20 വയസ്സുകാരി മാർത്തയെ തനിച്ചാക്കിയാണ് അദ്ദേഹം യാത്രയായത്.
"അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്താൻ 15 കിലോമീറ്റർ പോകണം. അവന്റെ ശരീരം അങ്ങോട്ടാണ് കൊണ്ടുപോയത്," ശ്യാംലാലിന്റെ സഹോദരഭാര്യ, 30 വയസ്സുകാരിയായ സുക്മീതി കശ്യപ് പറയുന്നു. അറാക്കോട്ടെ ഗ്രാമത്തിൽ, തരിശുഭൂമിയുടെ അരികിലായുള്ള, വെളിച്ചം അധികം കടന്നുചെല്ലാത്ത വീടിന്റെ പുറത്തിരിക്കുകയാണ് അവർ. "മരണത്തിൽ സംശയകരമായി ഒന്നുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു."
ശ്യാംലാലിന്റെ മൃതദേഹം ഏറ്റുവാങ്ങി, ഗ്രാമത്തിലേക്ക് കൊണ്ടുപോകാനായി സർക്കാർ ആശുപത്രിയിൽ ഏതാനും ബന്ധുക്കൾ കാത്തുനിന്നു. അതേസമയം ഗ്രാമത്തിൽ, അദ്ദേഹത്തിന്റെ ദുഖാർത്തരായ കുടുംബാംഗങ്ങൾ സംസ്കാരകർമ്മങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തങ്ങൾക്ക് സംഭവിച്ച ദുരന്തം വിശ്വസിക്കാനാകാതെ, അതുമായി പൊരുത്തപ്പെടാനാകാതെ മരവിച്ചിരിക്കുകയായിരുന്നു ആ കുടുംബം.
ആ സമയത്താണ് ചില പ്രദേശവാസികൾ അവിടെ എത്തി, ശ്യാംലാലിന്റെ കുടുംബം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ഗ്രാമത്തിൽവെച്ച് നടത്താനാകുകയുള്ളൂ എന്ന് ബന്ധുക്കളെ അറിയിച്ചത്.
പ്രധാനമായും കൂലിവേല ചെയ്തും ചത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ സ്വന്തമായുള്ള മൂന്നേക്കർ നിലത്ത് കൃഷിചെയ്തുമാണ് ഈ കുടുംബം ഉപജീവനം കണ്ടെത്തുന്നത്. വീട്ടാവശ്യത്തിനുള്ള അരി മാത്രമാണ് അവർ ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഈ കുടുംബത്തിന് ഉണ്ടായിരുന്ന ഏകവരുമാനം, ശ്യാംലാൽ നടുവൊടിയോളം പണിയെടുത്ത് മാസത്തിൽ സമ്പാദിച്ചിരുന്ന 3,000 രൂപയായിരുന്നു
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ ഒരു കുഞ്ഞിനെ വളർത്തേണ്ടിവരുമെന്നതോർത്തുള്ള മാനസികസമ്മർദ്ദമാകാം ശ്യാംലാലിനെ തളർത്തിയതെന്നാണ് സുക്മീതി കരുതുന്നത്. "അവൻ ഒരു ആത്മഹത്യാക്കുറിപ്പുപോലും എഴുതിവെച്ചിരുന്നില്ല," അവർ പറയുന്നു.








