"ആരാണ് ഹിന്ദു, ആരാണ് മുസൽമാൻ എന്ന് ചൂണ്ടിക്കാട്ടാൻ ബുദ്ധിമുട്ടാണ്".

68 വയസ്സായ മുഹമ്മദ് ഷബ്ബീർ ഖുറേഷി തന്നെക്കുറിച്ചും, അയൽക്കാരനായ 52 വയസ്സുള്ള അജയ് സൈനിയെക്കുറിച്ചുമാണ് ഇത് പറഞ്ഞത്. അയോദ്ധ്യാ നിവാസികളും 40 വർഷമാ‍യി ആത്മസുഹൃത്തുക്കളുമായ അവരിരുവരും രാംകോട്ടെ ദുരാഹി കുവാൻ പ്രദേശത്തുകാരാണ്.

പരസ്പരം ആശ്രയിക്കുന്നവരും സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കിടുന്നവരുമാണ് അവരുടെ കുടുംബങ്ങൾ. "ഒരിക്കൽ ഞാൻ ജേലി സ്ഥലത്തായിരുന്ന സമയത്ത് എന്റെ മകൾക്ക് അസുഖം വന്നപ്പോൾ ഖുറേഷിയും കുടുംബവും അവളെ ആശുപത്രിയിൽ കൊണ്ടുപോയി എന്ന് ഭാര്യ വിളിച്ചുപറഞ്ഞു", അജയ് സൈനി ഓർമ്മിക്കുന്നു.

അവരിരിക്കുന്ന സ്ഥലത്തിന്റെ പിൻവശത്ത് എരുമകളും ആടുകളും പത്തുപന്ത്രണ്ട് കോഴികളും മേയുന്നുണ്ടായിരുന്നു. ആ രണ്ട് കുടുംബങ്ങളിലേയും കുട്ടികളും അവിടെ മതിമറന്നുള്ള കളിചിരിവർത്തമാനങ്ങളിലായിരുന്നു.

ജനുവരി 2024-ന് രാമക്ഷേത്രം വലിയ രീതിയിലുള്ള ഒരു ഉദ്ഘാടനത്തിന് തയ്യാറെടുക്കുമ്പോൾ, ഇരുമ്പിന്റെ കനത്ത ഇരട്ടമുൾ‌വേലികൾ അവരുടെ വീടുകൾക്കും ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുമിടയിൽ നിലകൊണ്ടു.

80-കളിൽ ഖുറൈഷിയുടെ കുടുംബത്തിന്റെ സമീപത്തേക്ക് സൈനിയുടെ കുടുംബം വീട് മാറുന്ന സമയത്ത് സൈനി കൗമാരപ്രായക്കാരനായിരുന്നു. അന്ന് ബാബറി മസ്ജിദായിരുന്ന പ്രദേശത്തുണ്ടായിരുന്ന രാമവിഗ്രഹത്തെ സന്ദർശിക്കാൻ വരുന്നവർക്ക് പൂക്കൾ വിറ്റിരുന്നു സൈനി.

ഖുറേഷിയുടെ കുടുംബം യഥാർത്ഥത്തിൽ അറവുകാരായിരുന്നു. അയോധ്യയുടെ വെളിയിൽ ഒരു കടയുമുണ്ടായിരുന്നു അവർക്ക്.  1992-ന് ശേഷമുണ്ടായ കലാപത്തിൽ അവർക്ക് ആ സ്ഥാപനം നഷ്ടമാവുകയും കുടുംബം ഒരു വെൽഡിങ് സ്ഥാപനം ആരംഭിക്കുകയും ചെയ്തു.

Left: Ajay Saini (on a chair in green jacket), and his wife, Gudiya Saini chatting around a bonfire in December. They share a common courtyard with the Qureshi family. Also in the picture are Jamal, Abdul Wahid and Shabbir Qureshi, with the Saini’s younger daughter, Sonali (in a red sweater).
PHOTO • Shweta Desai
Right: Qureshi and his wife along with his grandchildren and Saini’s children
PHOTO • Shweta Desai

ഇടത്ത്: ഡിസംബർ മാസത്തിലെ തണുപ്പിൽ, ഒരു തീക്കൂനയ്ക്കരികെ ഇരുന്ന് സംസാരിക്കുന്ന അജയ് സൈനിയും (പച്ച ജാക്കറ്റിട്ട് കസേരയിൽ) ഭാര്യ ഗുഡിയ സൈനിയും. ഖുറേഷി കുടുംബവുമായി ഒരേ മുറ്റം പങ്കിടുന്നവരാണ് അവർ. ജമാൽ, അബ്ദുൾ വാഹിദ്, ഷബ്ബീർ ഖുറേഷി, സൈനിയുടെ ഇളയ മകൾ സോനാലി (ചുമപ്പ് സ്വെറ്ററിൽ) എന്നിവരേയും ചിത്രത്തിൽ കാണാം. വലത്ത്: പേരക്കുട്ടികളുടേയും, സൈനിയുടെ മക്കളുടേയുമൊപ്പം ഖുറേഷിയും ഭാര്യയും

"ഈ കുട്ടികളെ നോക്കൂ അവർ ഹിന്ദുക്കളാണ്, ഞങ്ങൾ മുസ്ലിങ്ങളും. അവരെല്ലാവരും സഹോദരന്മാരും സഹോദരിമാരുമാണ്",  സമീപത്ത് കളിച്ചുകൊണ്ടിരുന്ന വിവിധപ്രായക്കാരായ കുട്ടികളെ ചൂണ്ടിക്കാട്ടികൊണ്ട് ഖുറേഷി പറയുന്നു. "ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആര് ഏതു മതത്തിൽ പെടുന്നു എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കില്ല. ഞങ്ങൾക്കിടയിൽ മതത്തിന്റെ ഒരു വിവേചനവുമില്ല".

ഖുറേഷിയുടെ ഒരേയൊരു മകൾ നൂർജഹാൻ ഒരു പതിറ്റാണ്ട് മുമ്പ് വിവാഹം കഴിക്കുന്ന സമയത്ത് "ഞങ്ങൾ ആ ആഘോഷത്തിലും അതിഥികളെ സൽക്കരിക്കുന്നതിലും സ്വാഗതം ചെയ്യുന്നതിലും ഒരുപോലെ പങ്കെടുത്തിരുന്നു. മറ്റേതൊരു കുടുംബത്തെയുംപോലെ അവർ ഞങ്ങളെയും ബഹുമാനിച്ചിരുന്നു. എല്ലാ കാര്യത്തിനും പരസ്പരം ഉണ്ടായിരിക്കേണ്ടവരാണ് ഞങ്ങൾ എന്ന് ഞങ്ങൾക്കറിയാമായിരുന്നു", സൈനി പറഞ്ഞു.

ഞങ്ങളുടെ സംഭാഷണം സാവധാനത്തിൽ ഞങ്ങളിരിക്കുന്ന ഇടത്തുനിന്ന് കാണാവുന്ന രാമക്ഷേത്രത്തെക്കുറിച്ചായി. അപ്പോഴും നിർമ്മാണം തുടർന്നുകൊണ്ടിരുന്ന ഭീമാകാരമായ ആ സൌധം, ക്രെയിനുകളുടെ സഹായത്തോടെ ആകാശത്തേക്ക് ഉയരുന്നുണ്ടായിരുന്നു. എല്ലാം മറച്ച് മൂടൽമഞ്ഞ് പരന്നിരുന്നു അവിടെ.

ഇഷ്ടികയും കോൺക്രീറ്റുംകൊണ്ടുണ്ടാക്കിയ തന്റെ ചെറിയ വീടിന്റെ ഏതാനുമടി അകലെയുള്ള ആ വലിയ നിർമ്മാണത്തിലേക്ക് ചൂണ്ടിക്കൊണ്ട് ഖുറേഷി പറഞ്ഞു "അവിടെ ഒരു പള്ളിയുണ്ടായിരുന്നു വാങ്ക് വിളിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ വിളക്ക് കത്തിച്ചിരുന്നു", പള്ളി പൊളിക്കുന്നതിനുമുമ്പുള്ള കാലത്തെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ ജനുവരി 2024-ന്, വാങ്കുവിളിയുടെ അഭാവം മാത്രമല്ല ഖുറേഷിയെ ആശങ്കപ്പെടുത്തുന്നത്.

"രാമക്ഷേത്രത്തിനോട് ചേർന്നുള്ള ഈ വീടുകളെല്ലാം പൊളിച്ചുകളയാൻ പദ്ധതിയുണ്ടെന്ന് ഞങ്ങൾ കേട്ടു. 2023 ഏപ്രിൽ മേയ് മാസങ്ങളിൽ ഭൂനികുതി വകുപ്പിലെ ഉദ്യോഗസ്ഥർ വന്ന് വീടുകളുടെ അളവുകളെടുത്തിരുന്നു" സൈനി ഈ റിപ്പോർട്ടറോട് പറഞ്ഞു. ക്ഷേത്രവളപ്പിനോടും ഇരട്ടവേലിയോടും ചേർന്നായിരുന്നു സൈനിയുടേയും ഖുറേഷിയുടേയും വീടുകൾ.

"ഞങ്ങളുടെ വീടിന്റെ അടുത്ത് ഇത്ര വലിയ ക്ഷേത്രം വരാൻ പോകുന്നതിലും ചുറ്റുവട്ടത്ത് വലിയ വികസനം നടക്കുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. പക്ഷേ ഈ പൊളിച്ചുമാറ്റലുകൾ ഞങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യില്ല" ഗുഡിയ പറഞ്ഞു. ഞങ്ങളെ അകറ്റിനിർത്തിക്കൊണ്ടാണ് അവർ അയോധ്യയുടെ മുഖച്ഛായ മാറ്റുന്നത്".

കുറച്ചപ്പുറത്ത്, ഗ്യാൻമതി യാദവിന് ഇതിനകംതന്നെ അവരുടെ വീട് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ചാണകവും വൈക്കോലുംകൊണ്ട് ഉണ്ടാക്കിയ താത്കാലിക കൂരയിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു അവർ. "രാമനുവേണ്ടി എന്റെ വീടുപേക്ഷിക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല", പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് കുടുംബം നോക്കാൻ ബുദ്ധിമുട്ടുന്ന ആ വിധവ പറയുന്നു. പാല് വിറ്റാണ് ആ യാദവ് കുടുംബം ജീവിക്കുന്നത്.

Gyanmati (left) in the courtyard of her house which lies in the vicinity of the Ram temple, and with her family (right). Son Rajan (in a blue t-shirt) is sitting on a chair
PHOTO • Shweta Desai
Gyanmati (left) in the courtyard of her house which lies in the vicinity of the Ram temple, and with her family (right). Son Rajan (in a blue t-shirt) is sitting on a chair
PHOTO • Shweta Desai

രാമക്ഷേത്രത്തിന്റെ കാഴ്ചവട്ടത്തുള്ള തന്റെ വീടിന്റെ മുറ്റത്തിരിക്കുന്ന ഗ്യാൻ‌മതി (ഇടത്ത്). കുടുംബത്തോടൊപ്പം (വലത്ത്), കസേരയിലിരിക്കുന്നത് മകൻ രാജൻ (നീല ടീഷർട്ടിൽ)

ക്ഷേത്രത്തിന്റെ മുൻഭാഗത്തോട് ചേർന്നായിരുന്നു ആറ് മുറികളുള്ള അവരുടെ അടച്ചുറപ്പുള്ള വീട്. അതാണ് 2023 ഡിസംബറിൽ പൊളിച്ചുമാറ്റിയത്. “അവർ ഒരു ബുൾഡോസർ  കൊണ്ടുവന്ന് ഞങ്ങളുടെ വീട് പൊളിച്ചു. വീട്ടുനികുതിയും കറന്റ് ബില്ലും മറ്റ് രേഖകളും കാണിച്ചപ്പോൾ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് അവർ പറഞ്ഞു" ഗ്യാൻമതിയുടെ മൂത്ത മകൻ രാജൻ പറയുന്നു. ആ രാത്രി നാല് കുട്ടികളും പ്രായമായ ഭർത്തൃപിതാവും ആറ് കന്നുകാലികളുമടങ്ങുന്ന കുടുംബം മുകളിൽ മേൽക്കൂരയില്ലാതെ തണുത്ത് വിറച്ച് വെളിയിൽ കഴിഞ്ഞു. "വീട്ടിൽനിന്ന് ഒന്നും എടുക്കാൻ അവർ സമ്മതിച്ചില്ല" അയാൾ കൂട്ടിച്ചേർത്തു. ഈ താത്ക്കാലിക കൂരയിലേക്ക് മാറുന്നതിന് മുമ്പ് രണ്ടുതവണ അവർ ഇതിനകം കുടിയൊഴിഞ്ഞിരുന്നു.

"ഇത് എന്റെ ഭർത്താവിന്റെ കുടുംബവീടായിരുന്നു അഞ്ച് പതിറ്റാണ്ടുമുമ്പ് എൻറെ ഭർത്താവും സഹോദരങ്ങളും ജനിച്ചുവീണത് ഇവിടെയായിരുന്നു എന്നിട്ടുപോലും ഞങ്ങൾക്ക് ഒരു നഷ്ടപരിഹാരവും കിട്ടിയില്ല. ഉടമസ്ഥാവകാശം തെളിയിച്ചാലും നിങ്ങൾക്ക് നഷ്ടപരിഹാരം ഒന്നും കിട്ടില്ല ഇത് സർക്കാർ ഭൂമിയാണ് എന്നായിരുന്നു അവർ പറഞ്ഞത്", ഗ്യാൻമതി പറയുന്നു.

മതിയായ നഷ്ടപരിഹാരം കിട്ടിക്കഴിഞ്ഞാൽ മറ്റൊരു സ്ഥലം കണ്ടെത്തി മാറാം എന്നാണ് ഖുറേഷിയും അദ്ദേഹത്തിന്റെ ആണ്മക്കളും പറഞ്ഞത്. അത് സന്തോഷകരമായ ഒരു മാറ്റമാവില്ലെങ്കിലും. "ഇവിടെ എല്ലാവർക്കും ഞങ്ങളെ അറിയാം ഞങ്ങൾക്ക് എല്ലാവരുമായി അടുത്ത ബന്ധമുണ്ട്. ഇവിടെനിന്നും മാറി മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഫൈസബാദിലേക്ക് മാറിക്കഴിഞ്ഞാൽ പിന്നെ ഞങ്ങളൊരിക്കലും അയോദ്ധ്യാനിവാസികളായിരിക്കില്ല മറ്റുള്ളവരെപ്പോലെയാവും", ഷബീറിന്റെ ഇളയ മകൻ ജമാൽ ഖുറേഷി ഞങ്ങളോട് പറഞ്ഞു."

ഇതേ വികാരംതന്നെയാണ് അജയ് സൈനിയും പങ്കിടുന്നത്. “ഞങ്ങളുടെ വിശ്വാസം ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ഞങ്ങളെ അകലേക്ക് - 15 കിലോമീറ്റർ അകലേക്ക് - മാറ്റിക്കഴിഞ്ഞാൽ, നിങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ വിശ്വാസത്തെയും ഞങ്ങളുടെ വ്യാപാരത്തെയും രണ്ടിനേയും ഞങ്ങളിൽനിന്ന് എടുത്തുമാറ്റുകയായിരിക്കും".

വീടുപേക്ഷിച്ച് ദൂരേക്ക് മാറാനുള്ള സൈനിയുടെ വിഷമം അയാളുടെ തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു "ഇവിടെനിന്ന് ദിവസേന 20 മിനിറ്റ് സൈക്കിൾ ചവിട്ടിയാണ് ഞാൻ അടുത്തുള്ള നാഗേശ്വർ നാഥ് അമ്പലത്തിൽ പോയി പൂക്കൾ വിൽക്കുന്നത്. വിനോദസഞ്ചാരികളുടെ എണ്ണത്തിനനുസരിച്ച് ദിവസേന 50-നും 500-നും ഇടയ്ക്ക് രൂപ സമ്പാദിക്കുന്നുണ്ട് കുടുംബത്തെ പോറ്റാനുള്ള ഒരേയൊരു വഴി ഇതുമാത്രമാണ്. ഇതിലെന്തെങ്കിലും മാറ്റം വന്നുകഴിഞ്ഞാൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരികയും കൂടുതൽ ചെലവുകൾ നേരിടേണ്ടിവരികയും ചെയ്യും എനിക്ക്", അയാൾ പറഞ്ഞു.

“ഞങ്ങളുടെ വീടിന്റെ പിൻഭാഗത്ത് ഇത്ര വലിയൊരു ക്ഷേത്രം വരാൻ പോകുന്നു എന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്. വിശ്വാസത്തിന്റെ പുറത്ത് രാജ്യത്തിന്റെ പരമോന്നത കോടതി അംഗീകരിച്ച കാര്യമാണത്. അതിനെ എതിർക്കേണ്ട കാര്യമില്ല"

"പക്ഷേ ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കില്ല. ഞങ്ങൾ പുറത്താക്കപ്പെടും" ജമാൽ പറയുന്നു.

Left: Workmen for the temple passing through Durahi Kuan neighbourhood in front of the double-barricaded fence.
PHOTO • Shweta Desai
Right: Devotees lining up at the main entrance to the Ram temple site
PHOTO • Shweta Desai

ഇടത്ത്: ഇരട്ടമുൾ‌വേലിയുടെ മുമ്പിലുള്ള ദുരാഹി കുവാൻ പ്രദേശത്തുകൂടെ കടന്നുപോകുന്ന ക്ഷേത്രനിർമ്മാണ തൊഴിലാളികൾ. വലത്ത്: രാമക്ഷേത്ര സൈറ്റിന്റെ പ്രധാന കവാടത്തിൽ വരിയായി നിൽക്കുന്ന ഭക്തർ

കേന്ദ്ര റിസർവ് പോലീസ് റോന്ത് ചുറ്റുന്ന സൈനികവത്കരിക്കപ്പെട്ട ഒരു പ്രദേശത്ത് ജീവിക്കേണ്ടിവരുന്നതിന്റെ സമ്മർദ്ദം എല്ലാ കുടുംബങ്ങളും അനുഭവിക്കുന്നു. അവരുടെ വീടുകളുടെ അടുത്ത് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്ത് ഒരു നിരീക്ഷണ ടവറും കാവൽ നിൽക്കുന്നുണ്ട്. "എല്ലാ മാസവും വിവിധ ഏജൻസികൾ വന്ന് ഇവിടെയുള്ള താമസക്കാരുടെ വിവരങ്ങൾ അന്വേഷിക്കും, ഞങ്ങളുടെ  ബന്ധുക്കളോ സുഹൃത്തുക്കളോ രാത്രിയിൽ വീട്ടിൽ താമസിക്കുന്നുണ്ടോ എന്നും അവർ പരിശോധിക്കുന്നുണ്ട്. അവരുടെ വിവരങ്ങളെല്ലാം പോലീസിന് കൃത്യമായി കൈ മാറുകയും ചെയ്യണം", ഗുഡിയ പറയുന്നു.

അഹിറാന ഗല്ലിയിലും ക്ഷേത്രത്തിന് സമീപത്തുള്ള ചില റോഡുകളിലും യാത്ര ചെയ്യുന്നതിൽനിന്ന് നാട്ടുകാരെ വിലക്കിയിട്ടുണ്ട്. അതിനുപകരം അവർ വളഞ്ഞ വഴിയിലൂടെ സഞ്ചരിച്ചുവേണം കേന്ദ്രഭാഗത്തുള്ള ഹനുമാൻ ഗർഹിയിലേക്കെത്താൻ.

2024 ജനുവരി 22-ലെ ഉദ്ഘാടന മഹാമഹത്തിന് ദുരാഹി കുവാന്റെ മുമ്പിലുള്ള അവരുടെ വീടുകളുടെ വഴികൾ മുഴുവൻ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള വിഐപികളും മന്ത്രിമാരും പ്രശസ്തരും കയ്യടക്കിയിരുന്നു.

*****

2024 ഫെബ്രുവരി 5 തിങ്കളാഴ്ച സംസ്ഥാന സർക്കാർ അതിന്റെ 2024-25 ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ച് ഭഗവാൻ ശ്രീരാമന്റെ പേരിൽ സമർപ്പിച്ചു. "ബഡ്ജറ്റിന്റെ ഓരോ വാക്കിന്റെ പിന്നിലും ശ്രീരാമനെക്കുറിച്ചുള്ള ചിന്തയും പ്രതിജ്ഞയുമാണെന്ന്" മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 1,500 കോടി രൂപയാണ് ബഡ്ജറ്റ് അയോധ്യയിലെ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത് അതിൽ 150 കോടി രൂപ വിനോദസഞ്ചാര വികസനത്തിനും 10 കോടി രൂപ അന്താരാഷ്ട്ര രാമായണ, വേദിക് ഗവേഷണ സ്ഥാപനത്തിനുമായി ഉൾക്കൊള്ളിച്ചിരുന്നു.

70 ഏക്കർ പ്രദേശത്താണ് ക്ഷേത്രസമുച്ചയം വ്യാപിച്ചുകിടക്കുന്നതെന്ന് പറയപ്പെടുന്നു. പ്രധാന രാമക്ഷേത്രം 2.7 ഏക്കറിൽ പരന്നുകിടക്കുന്നു. രാമക്ഷേത്രത്തിന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ (എസ്. ആർ. ജെ. ടി. കെ.ടി.) സംഭാവനയും ലഭിച്ചിരുന്നു. വിദേശികളിൽനിന്ന് വിദേശ വിനിമയ നിയന്ത്രണ ചട്ടമനുസരിച്ച് (എഫ്.സി.ആർ.എ) പണം സ്വീകരിക്കാൻ അനുവാദമുള്ള ചുരുക്കം ചില സംഘടനകളിലൊന്നാണ് ഈ ട്രസ്റ്റ്. ഇതിലേക്ക് ഇന്ത്യൻ പൗരന്മാർ നൽകുന്ന സംഭാവനയ്ക്ക് നികുതിയിളവ് ലഭിക്കുകയും ചെയ്യും.

അയോദ്ധ്യാ വികസനത്തിനായി ഒഴുകിയെത്തിയ ഫണ്ടുകളിൽ കേന്ദ്രസർക്കാരിന്റെ ഔദാര്യം കാണാൻ കഴിയും. 11,100 കോടി വിലമതിക്കുന്ന വികസന പ്രവർത്തനങ്ങളും റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് മറ്റൊരു 240 കോടിയും പുതിയൊരു വിമാനത്താവളത്തിനായി 1,450 കോടി രൂപയുമാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

ഉദ്ഘാടനത്തിനുശേഷം കൂടുതൽ വലിയ പദ്ധതികൾ പ്രതീക്ഷിക്കപ്പെട്ടിട്ടുണ്ട്. "ക്ഷേത്രം തുറന്നുകഴിഞ്ഞാൽ 3  ലക്ഷത്തിലധികം വിനോദസഞ്ചാരികൾ അയോധ്യയിൽ വന്നുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു"വെന്ന് മുകേഷ് മേഷ്റാം പറഞ്ഞു.ഉത്തർപ്രദേശ് സർക്കാരിന്റെ (വിനോദസഞ്ചാര) പ്രിൻസിപ്പൽ സെക്രട്ടറിയാണ് അദ്ദേഹം.

അധികം വരുന്ന സന്ദർശകർക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നഗരത്തിലെമ്പാടും വലിയ അടിസ്ഥാനസൗകര്യ വികസനങ്ങൾ നടക്കുകയാണ്. പഴയ വീടുകളെയും സൗഹൃദങ്ങളെയും കീറിമുറിച്ചുകൊണ്ടാണ് അത് നടക്കുന്നത്.

Left: The Qureshi and Saini families gathered together: Anmol (on the extreme right), Sonali (in a red jumper), Abdul (in white), Gudiya (in a polka dot sari) and others.
PHOTO • Shweta Desai
Right: Gyanmati's sister-in-law Chanda. Behind her, is the portrait of Ram hung prominently in front of the house
PHOTO • Shweta Desai

ഇടത്ത്: ഖുറേഷി, സൈനി കുടുംബങ്ങൾ ഒരുമിച്ചപ്പോൾ: അൻ‌മോൾ (വലത്തേയറ്റത്ത്), സോനാലി (ചുവപ്പ് ജമ്പറിൽ), അബ്ദുൾ (വെള്ള വസ്ത്രത്തിൽ), ഗുഡിയ (ഒരു പോൽക്ക ഡോട്ട് സാരിയിൽ), മറ്റുള്ളവർ. വലത്ത്: ഗ്യാൻ‌മതിയുടെ നാത്തൂൻ, ചന്ദ. അവർക്ക് പിന്നിൽ, രാമന്റെ ഒരു ഛായാചിത്രം കാണാം

Left: Structures that were demolished to widen the main road, 'Ram Path'.
PHOTO • Shweta Desai
Right: the renovated Ayodhya railway station. This week, the state budget announced more than Rs. 1,500 crore for infrastructural development in Ayodhya including Rs. 150 crore for tourism development and Rs. 10 crore for the International Ramayana and Vedic Research Institute
PHOTO • Shweta Desai

ഇടത്ത്: ‘രാമപഥം’ എന്ന പ്രധാന പാത വികസിപ്പിക്കുന്നതിനായി പൊളിച്ച നിർമ്മിതികൾ. വലത്ത്: പുതുക്കിപ്പണിത അയോദ്ധ്യ റെയിൽ‌വേ സ്റ്റേഷൻ. ഈയാഴ്ച സംസ്ഥാന ബഡ്ജറ്റ്, അയോദ്ധ്യയുടെ വികസനത്തിനായി 1,500 കോടി രൂപയിലധികം പ്രഖ്യാപിച്ചിരുന്നു. അതിൽ 150 കോടി രൂപ ടൂറിസം വികസനത്തിനും 10 കോടി രൂപ അന്താരാഷ്ട്ര രാമായണ, വേദിക് റിസർച്ച് ഇൻസ്റ്റിട്യൂറ്റിനുംവേണ്ടിയുള്ളതാണ്

"ഈ ഇടവഴിയുടെ അങ്ങേ മൂലക്കൽ താമസിക്കുന്ന ഞങ്ങളുടെ ബന്ധുക്കളായ മുസ്ലിം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കിട്ടിക്കഴിഞ്ഞു. അമ്പലത്തിന്റെ മതിലിനോട് ചേർന്നിട്ടാണ് വീട് എന്നതിനാൽ വീട് ഭാഗികമായി പൊളിച്ചുകളഞ്ഞു'വെന്ന് ഖുറേഷിയുടെ മകൻ ജമാൽ കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്റെ 70 ഏക്കർ ചുറ്റളവിൽ താമസിക്കുന്ന 50 മുസ്ലിം കുടുംബങ്ങളടക്കം 200 കുടുംബങ്ങളെ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് (എസ്.ആർ.ജെ.ടി.കെ.ടി.) കൈവശമാക്കുന്നതോടെ വീടുകളും ഭൂമിയും ഒഴിഞ്ഞുപോകേണ്ടവരായിരുന്നു ആ വീട്ടുകാരെല്ലാം.

“ക്ഷേത്രത്തിന്റെ ചുറ്റളവിനോട് ചേർന്ന ഭാഗങ്ങളിലുള്ള ഈ വീടുകളെല്ലാം ട്രസ്റ്റ് വാങ്ങുകയും ആളുകൾക്ക് അർഹമായ നഷ്ടപരിഹാരം കൊടുക്കുകയും ചെയ്തിട്ടുണ്ട്, ഇനിയും കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കാൻ പദ്ധതിയില്ല”, എന്ന് വിഎച്ച്പി നേതാവായ ശരത് ശർമ പറയുന്നു എന്നാൽ ജനങ്ങൾ പറയുന്നത് സ്ഥലം നിർബന്ധപൂർവ്വം ഏറ്റെടുക്കുകയാണ് എന്നാണ്. അതിൽ റസിഡൻഷ്യൽ വീടുകളും ഫക്കീർ രാം മന്ദിർ, ബദർ പള്ളി പോലെയുള്ള മതസ്ഥാപനങ്ങളും ഉൾപ്പെടുന്നു എന്നും അവർ സൂചിപ്പിച്ചു.

അതേസമയം വീടുവിട്ടിറങ്ങേണ്ടി വന്ന യാദവ് കുടുംബം താത്കാലിക കൂരയുടെ മുൻവശത്തുതന്നെ രാമന്റെ ചിത്രം തൂക്കിയിട്ടുണ്ട് "ഇത് പ്രദർശിപ്പിച്ചില്ലെങ്കിൽ ഇവിടെ ജീവിക്കാൻതന്നെ ബുദ്ധിമുട്ടായിത്തീരും" രാജൻ  പറയുന്നു. വീട് നഷ്ടപ്പെട്ടതിനുശേഷം തുടർച്ചയായി ശല്യങ്ങൾ നേരിടുന്ന തന്റെ കുടുംബത്തെ സഹായിക്കാനായി ആ 21 വയസ്സുകാരൻ തന്റെ ഗുസ്തി പരിശീലനം പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. "എല്ലാ ആഴ്ചയും ഉദ്യോഗസ്ഥരും പരിചയമില്ലാത്ത ആളുകളും വന്ന് കുടിൽ കെട്ടിയ സ്ഥലം ഒഴിയാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഈ സ്ഥലം ഞങ്ങളുടെ സ്വന്തമാണെങ്കിലും സ്ഥിരമായ വീട് വെക്കാൻ ഞങ്ങൾക്കനുവാദമില്ല", അയാൾ പാരിയോട് പറഞ്ഞു.

*****

"എൻെറ വീട് കത്തുകയായിരുന്നു അത് മുഴുവൻ കൊള്ളയടിച്ചു. ക്രുദ്ധരായ ജനക്കൂട്ടം ഞങ്ങളെ വളഞ്ഞു", 1992 ഡിസംബർ 6-ന് ഒരു കൂട്ടം ഹിന്ദുക്കൾ ബാബറി മസ്ജിദ് പൊളിച്ചതിനുശേഷമുണ്ടായ സംഭവങ്ങളെ ഓർത്തെടുക്കുകയായിരുന്നു ഖുറേഷി.

"അന്ന് എന്നെ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയത് എന്റെ അയൽ‌വക്കത്തെ ആളുകളായിരുന്നു. മരണംവരെ ഞാനത് മറക്കില്ല", 30 വർഷത്തിനുശേഷം ഖുറേഷി സൂചിപ്പിക്കുന്നു.

ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ദുരാഹി കുവാനിൽ താമസിക്കുന്ന ചുരുക്കം മുസ്ലിം കുടുംബങ്ങളിലൊന്നാണ് ഖുറേഷിയുടേത്. "ഇവിടം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇത് എന്റെ പൂർവികരുടെ വീടാണ്. എന്റെ എത്ര മുൻ തലമുറ ഇവിടെ ജീവിച്ചു എന്ന് എനിക്കറിയില്ല. ഇവിടെയുള്ള ഹിന്ദുക്കളെപ്പോലെ എന്റെയും നാടാണ് ഇത്", ഖുറൈഷി ഈ റിപ്പോർട്ടറോട് പറഞ്ഞു മുറ്റത്ത് ഒരു കട്ടിലിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സഹോദരന്മാർ, അവരുടെ കുടുംബം, തന്റെ ഭാര്യ, എട്ടുമക്കൾ, അവരുടെ കുടുംബം എന്നിവരെല്ലാം അടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബത്തിന്റെ തലവനാണ് ഖുറൈഷി. അന്ന് ബാബറി മസ്ജിദ് പ്രദേശത്ത് താമസം തുടർന്നുപോന്ന തന്റെ 18 കുടുംബാംഗങ്ങളെ രക്ഷിച്ചത് ഹിന്ദുക്കളാണെന്ന് ഖുറൈഷി ഓർമ്മിക്കുന്നു

"അവർ ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം കുടുംബങ്ങളെപ്പോലെത്തന്നെയാണ്. സന്തോഷത്തിലും സങ്കടത്തിലും പങ്കുചേർന്നവർ. ഒരു ഹിന്ദു എന്ന നിലയ്ക്ക് അവരെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻറെ ഹിന്ദുത്വംകൊണ്ട് എന്താണ് പ്രയോജനം?" ഗുഡിയ സൈനി ചോദിക്കുന്നു.

'ഇത് അയോധ്യയാണ് ഇവിടെയുള്ള ഹിന്ദുക്കളെ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റില്ല. മുസ്ലീങ്ങളെയും. അവർ എത്രമാത്രം അടുത്ത് ഇടപഴകിയവരാണെന്ന് നിങ്ങൾക്ക് മനസ്സിലാവില്ല".

Left: 'They are like our family and have stood by us in happiness and sorrow,' says Gudiya Saini.
PHOTO • Shweta Desai
Right: Shabbir’s grandchildren with Saini’s child, Anmol. ' From our everyday living you cannot tell who belongs to which religion. We don’t discriminate between us,' says Shabbir
PHOTO • Shweta Desai

ഇടത്ത്: ‘അവർ ഞങ്ങളുടെ കുടുംബം‌പോലെയാണ്. സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് നിന്നവർ‘, ഗുഡിയ സൈനി പറയുന്നു. വലത്ത്: ഷബ്ബീറിന്റെ പേരക്കുട്ടികൾ സൈനിയുടെ കുട്ടി അൻ‌മോളിന്റെയൊപ്പം

Left: Shabbir Qureshi with sons Abdul Wahid and Jamal inside the family’s New Style Engineering Works welding shop. The family started with the work of making metal cots and has now progressed to erecting watch towers and metal barricades inside the Ram Janmabhoomi temple.
PHOTO • Shweta Desai
Right: Saini’s shop on the left, and on the extreme right is Qureshi shop
PHOTO • Shweta Desai

ഇടത്ത്: കുടുംബത്തിന്റെ വെൽ‌ഡിംഗ് സ്ഥാപനമായ ന്യൂ സ്റ്റൈൽ എൻ‌ജിനീയറിംഗിനകത്ത്, ഷബ്ബീർ ഖുറേഷിയും മക്കളായ അബ്ദുൾവാഹിദും ജമാലും. ലോഹത്തിന്റെ കട്ടിലുകൾ പണിഞ്ഞ് തൊഴിലാരംഭിച്ച അവർ ഇപ്പോൾ, രാമജന്മഭൂമി ക്ഷേത്രത്തിനകത്ത് നിരീക്ഷണ ടവറുകളും ലോഹം‌കൊണ്ടുള്ള മുൾ‌വേലികളും നിർമ്മിക്കുന്നതിലേക്ക് പുരോഗമിച്ചു. വലത്ത്: ഇടതുഭാഗത്ത് സൈനിയുടെ കടയും, വലത്തേയറ്റത്ത്, ഖുറേഷിയുടെ കടയും

വീട് ചുട്ടെരിക്കപ്പെട്ടതിനുശേഷം കുടുംബം ഒരു ചെറിയ തുണ്ട് ഭൂമിയിൽ തങ്ങളുടെ വീടിന്റെ ചില ഭാഗങ്ങൾ പുനർനിർമ്മിച്ചു. 60-ഓളം കുടുംബാംഗങ്ങളെ ഉൾക്കൊള്ളുന്ന വിധത്തിൽ ആ വീടിന് മുറ്റത്തിന് ചുറ്റും മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു.

ഖുറേഷിയുടെ രണ്ട് ആൺമക്കൾ, 45 വയസ്സുള്ള അബ്ദുൽ വാഹിദും നാലാമത്തെ മകനായ 35 വയസ്സുള്ള ജമാലും ഒരു വെൽഡിംഗ് സ്ഥാപനം നടത്തുന്നു. ക്ഷേത്ര നിർമ്മാണത്തിന്റെ പാർശ്വവീക്ഷണം ലഭിക്കുന്ന സ്ഥലത്താണ് അവരുടെ സ്ഥാപനം. "ഞങ്ങൾ ഇതിനകത്ത് 15 വർഷമായി ജോലി ചെയ്തവരാണ്. 13 സുരക്ഷാ ടവറുകളും 23 വേലികളും ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്", ജമാൽ പറയുന്നു. ആർഎസ്എസ്, വിഎച്ച്പി, ഹിന്ദു ക്ഷേത്രങ്ങൾ എന്നിവയുടെയെല്ലാം ഒപ്പം തങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും ആർഎസ്എസ് കെട്ടിടത്തിന്റെ അകത്തുപോലും ഒരു നിരീക്ഷണ ടവർ തങ്ങള്‍ നിർമ്മിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. "ഇതാണ് അയോധ്യ. ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലം", ജമാൽ തുടർന്നു.

വീടിന്റെ മുൻഭാഗത്തായിട്ടാണ് ന്യൂ സ്റ്റൈൽ എൻജിനീയറിങ് എന്ന് പേരുള്ള അവരുടെ സ്ഥാപനം. ഈ വലതുപക്ഷ സംഘടനകളുടെ അനുയായികളാണ് മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്നാണ് ഏറ്റവും വലിയ വിരോധാഭാസം. "അയോദ്ധ്യയ്ക്ക് പുറത്തുനിന്നുള്ളവർ വന്ന് വിവാദങ്ങൾ ഉണ്ടാക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്", ജമാൽ ചൂണ്ടിക്കാട്ടി.

വർഗീയ സംഘർഷങ്ങളുടെ അപകടങ്ങൾ - പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലത്തെ - കുടുംബങ്ങൾക്ക് പരിചയമുണ്ട്. "ഇത്തരം അപകടകരമായ സാഹചര്യങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട് ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്കാണെന്നും ഞങ്ങൾക്കറിയാം. ഡൽഹിയിലും ലക്നൗവിലും ഒരു സീറ്റിനുവേണ്ടിയുള്ള കളികളാണ് ഇതൊക്കെ. പക്ഷേ ഇതൊന്നും ഞങ്ങളുടെ ബന്ധത്തെ തകർക്കില്ല" ദൃഢനിശ്ചയത്തോടെ ഖുറൈശി പറയുന്നു.

1992 ഡിസംബറിൽ സംഭവിച്ചതുപോലെ ഹിന്ദുക്കൾ എന്ന തങ്ങളുടെ സ്വത്വം തങ്ങളെ താൽക്കാലികമായി രക്ഷിക്കുമെന്ന് സൈനിക്ക് അറിയാം. അന്ന് തങ്ങളുടെ വീട് രക്ഷപ്പെടുകയും ഖുറൈശിയുടെ വീട് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. "ഞങ്ങളുടെ അയൽക്കാരുടെ വീടിനെ ആക്രമിച്ചാൽ അത് ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കും. അവരുടെ വീടുകളിൽ തീ പടർന്നാൽ ആ തീനാളങ്ങൾ ഞങ്ങളുടെ വീടുകളിലേക്കും പടരും”, സൈനി പറയുന്നു. “അങ്ങിനെ സംഭവിച്ചാൽ, കുറച്ചധികം ബക്കറ്റ് വെള്ളമൊഴിച്ച് ഞങ്ങളാ തീ കെടുത്തും. സഹായിക്കാൻ പരസ്പരമുണ്ടാവുമെന്ന് ഞങ്ങൾക്കറിയാം",  ഖുറേഷിയുടെ കുടുംബവുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് അദ്ദേഹം പറയുന്നു.

"ഞങ്ങൾ വളരെയധികം സ്നേഹത്തിലും അടുപ്പത്തിലുമാണ് കഴിയുന്നത്", ഗുഡിയ കൂട്ടിച്ചേർക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Shweta Desai

Shweta Desai is an independent journalist and researcher based in Mumbai.

यांचे इतर लिखाण Shweta Desai
Editor : Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat