ജഡ്ജി: ...മറുപടി പറയൂ, നിങ്ങൾ എന്തുകൊണ്ട് ജോലി ചെയ്തില്ല?
ബ്രോഡ്സ്കി : ഞാൻ ജോലി ചെയ്തു . ഞാൻ കവിതകളെഴുതി .

ജഡ്ജി : ജോലികൾക്കിടയിലുള്ള ഒഴിവുസമയത്ത് നിങ്ങൾ എന്തുകൊണ്ട് ജോലി ചെയ്തില്ല എന്ന് വിശദീകരിക്കുന്നതായിരിക്കും ബ്രോഡ്സ്കീ , ഒരുപക്ഷേ നിങ്ങൾക്ക് കൂടുതൽ എളുപ്പം .
ബ്രോഡ്സ്കി : ഞാൻ കവിതകളെഴുതി . ഞാൻ ജോലി ചെയ്തു .

1964-ൽ നടന്ന ഒരു വിചാരണയുടെ രണ്ട് ദീർഘമായ വിസ്താരവേളകൾ പത്രപ്രവർത്തകനായ ഫ്രീഡ വിഗ്ഡോറോവ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രാജ്യത്തിനും ഭാവി തലമുറയ്ക്കുംവേണ്ടി, റഷ്യൻ കവിയായ അയോസിഫ് (ജോസഫ്) അലക്സാൻഡ്രോവിച്ച് ബ്രോഡ്സ്കി കവിതയുടെ ഉപയുക്തതയെ ഉയർത്തിപ്പിടിക്കുന്നത് ആ വിസ്താരങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. എന്നാൽ ബ്രോഡ്സ്കിയുടെ ന്യായങ്ങൾ ബോധ്യമാവാതെ ജഡ്ജി, സാമൂഹിക ഇത്തിൾക്കണ്ണിയെന്ന കുറ്റം ചാർത്തി അദ്ദേഹത്തെ ആഭ്യന്തര നാടുകടത്തലിനും കഠിനതടവിനും വിധിച്ചു.

വിടവാങ്ങുന്ന ഈ വർഷത്തിൽ, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ ധാരാളം കവിതകൾ പ്രസിദ്ധീകരിക്കുകയും, ധാരാളം ഗായകരെ വെളിച്ചത്തേക്ക് കൊണ്ടുവരികയും, നാടോടിപ്പാട്ടുകളുടെ ഒരു പുതിയ ശേഖരം ആരംഭിക്കുകയും, നിലവിലുള്ള ശേഖരത്തിലേക്ക് കൂടുതൽ ഗാനങ്ങൾ ഉൾച്ചേർക്കുകയും ചെയ്യുകയുണ്ടായി.

എന്തുകൊണ്ടാണ് കവിതയ്ക്ക് നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്? യഥാർത്ഥത്തിൽ അത് ഒരു ‘തൊഴിൽ’ ആണോ? അതോ, ബ്രോഡ്സ്കിയുടെ വിചാരണക്കാർ അവകാശപ്പെട്ടതുപോലെ, അത് വെറും സാമൂഹിക ഇത്തിൾക്കണ്ണിത്തമോ?

ഒരു കവിയുടെ സാധുതയും പ്രസക്തിയും അയാളുടെ ജോലിയുടെ മൂല്യവുമൊക്കെ തത്ത്വചിന്തകരേയും രാഷ്ട്രീയക്കാരേയും ഒരുപോലെ കാലാകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ്. അക്കാദമിക ലോകത്തും പുറത്തുമുള്ളവരെല്ലാം സൌകര്യപൂർവ്വം, അതിവേഗം, കവിതയെ മാറ്റിനിർത്തി, കൂടുതൽ ശാസ്ത്രീയവും തെളിവിന്റെ അടിസ്ഥാനത്തിലുമുള്ള തൊഴിലുകളെ തിരഞ്ഞെടുക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ, ഗ്രാമീണ പത്രപ്രവർത്തനമേഖലയിലുള്ള ഒരു വാർത്താശേഖരണരംഗത്ത്, കവിതകളുടേയും സംഗീതത്തിന്റേയും ഗാനങ്ങളുടേയും വിഭാഗങ്ങളെ ഉൾക്കൊള്ളിക്കുക എന്നത് സവിശേഷമായ ഒരു പ്രവർത്തനമാണ്.

എല്ലാവിധത്തിലുമുള്ള സർഗ്ഗാത്മക ആവിഷ്കാരങ്ങളേയും പാരി ചേർത്തുപിടിക്കുന്നത്, അവയ്ക്ക് വ്യത്യസ്തമായ കഥകൾ പറഞ്ഞുതരാൻ പറ്റുമെന്നതുകൊണ്ട് മാത്രമല്ല, കഥ പറയുന്നതിന്റെ പുതിയ രീതികൾ അവ അവതരിപ്പിക്കുന്നതുകൊണ്ടും ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ അനുഭവങ്ങളും ജീവിതവും അത് രേഖപ്പെടുത്തുന്നതുകൊണ്ടുംകൂടിയാണ്. വ്യക്തിപരമായ അനുഭവങ്ങളിൽനിന്നും സമഷ്ടിപരമായ ഓർമ്മകളിൽനിന്നും ഊർജ്ജം ശേഖരിച്ചുകൊണ്ടുള്ള ഈ സൃഷ്ടിപരമായ ഭാവനയിലൂടെയാണ് മനുഷ്യ വിജ്ഞാനത്തിലേക്ക് നമ്മൾ എത്തിച്ചേരുന്നത്. ചരിത്രത്തിനും പത്രപ്രവർത്തനത്തിനും അപ്പുറത്തുള്ള ഒരു ലോകമാണ് അത്. മനുഷ്യരുടെ ജീവിതവുമായി ഇടകലരുന്ന നമ്മുടെ കാലത്തിന്റെ – രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാലത്തിന്റെ - പ്രക്രിയയെ രേഖപ്പെടുത്തലും ശേഖരിച്ചുവെക്കലുമാണ് അത്

ഈവർഷം പാരി വിവിധ ഭാഷകളിൽ കവിതകൾ പ്രസിദ്ധീകരിച്ചു. പഞ്ചമഹാലി ഭിലി, ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല എന്നീ ഭാഷകളിൽ. ഒരു വ്യക്തിയെ കൂടുതൽ വലിയൊരു അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുന്ന ഈ കവിതകൾ നമ്മുടെ കാലത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഒരു ആദിവാസി തന്റെ ഗ്രാമത്തെ എഴുതിത്തള്ളുന്നു എന്ന കവിതയിൽ, വ്യക്തിയനുഭവങ്ങളിലെ സംഘർഷങ്ങളും ആശങ്കകളുമാണ് ചിത്രീകരിച്ചതെങ്കിൽ, തലനാരിഴയിൽ തൂങ്ങുന്ന ജീവിതങ്ങളും ഭാഷകളും പോലെയുള്ള കവിതകൾ ഭാഷകളുടെ പിതൃ അധികാര സ്വഭാവത്തെക്കുറിച്ച് രോഷം കൊള്ളുന്നതും, അതിനെതിരായി ഉള്ളിൽനിന്നുതന്നെയുള്ള ചെറുത്തുനിൽ‌പ്പുകളെ സൂചിപ്പിക്കുന്നവയുമായിരുന്നു.. അന്നദാതാവും സർക്കാർ ബഹാദൂറും പോലെയുള്ള മറ്റ് ചില കവിതകൾ സ്വേച്ഛാധിപതിയുടെ നുണകളെ വെളിവാക്കുന്നവയായിരുന്നുവെങ്കിൽ, മറ്റ് ചിലത് – ഒരു പുസ്തകത്തിന്റെ കഥ: മൂന്ന് അയൽക്കാരുടേയും - ചരിത്രപരവും സമഷ്ടിപരവുമായ സത്യങ്ങളെ നിർഭയമായി വിളിച്ചുപറയുന്നവയായിരുന്നു.

എഴുത്ത് ഒരു രാഷ്ട്രീയപ്രവർത്തനമാണ്.  ഒരു കവിതയോ പാട്ടോ, ഈരടിയോ നെയ്യുന്നത്, ചെറുത്തുനിൽ‌പ്പിന്റേയും സഹോദരീബന്ധത്തിന്റേയും ഇടപെടലിന്റേയും കൂട്ടായ പ്രവൃത്തിയാണെന്ന് ദ് ഗ്രൈൻഡ്മിൽ ഗാനങ്ങൾ: ദേശീയനിധി സംരക്ഷിക്കുമ്പോൾ കേൾക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ മനസ്സിലാകും. അവനവന്റെ ലോകത്തെ കൂടുതൽ യുക്തിസഹമാക്കാനും, കാലത്തിന്റേയും സംസ്കാരത്തിന്റേയും അനുഭവങ്ങളുടേയും പ്രവാഹത്തിലുൾപ്പെട്ട അമൂർത്തമായ ആശയങ്ങളെ ഭാഷകൊണ്ട് പിടിച്ചുകെട്ടാനുമുള്ള ഒരു മാർഗ്ഗമാണ് ഈ ഗാനങ്ങൾ. തങ്ങളോട് ചേർന്നുനിൽക്കുന്ന ലോകത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച്, മഹാരാഷ്ട്രയിലേയും കർണ്ണാടകയിലേയും 3,000-ലധികം സ്ത്രീകൾ പാടിയിരുന്ന 1,00,000-ലധികം ഗാനങ്ങളുടെ ശേഖരത്തിലേക്ക് ഈ വർഷവും പാരി ധാരാളം പാട്ടുകൾ ചേർത്തിട്ടുണ്ട്.

റാനിലെ പാട്ടുകൾ എന്ന പേരിലുള്ള കച്ചി നാടോടിപ്പാട്ടുകളുടെ മൾട്ടിമീഡിയ സമാഹരണത്തിലൂടെ പാരിയുടെ വൈവിധ്യം ഈ വർഷം പതിന്മടങ്ങ് ഇരട്ടിച്ചു. കച്ച് മഹിളാ വികാസ് സംഘടനുമായുള്ള (കെ.എം.വി.എസ്) സഹകരണത്തിലൂടെ തുടങ്ങിയതാണ് പ്രണയം, വിരഹം, നഷ്ടം, വിവാഹം, ഭക്തി, ജന്മദേശം, ലിംഗാവബോധം, ജനാധിപത്യാവകാശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പാട്ടുകളുടെ ഈ ശേഖരം. ഈ പാട്ടുകൾ പുറപ്പെട്ട നാടിന്റെ വൈവിധ്യം ഈ പാട്ടുകളിലും കാണാം. 305 വാദ്യക്കാരും ഗായകരും ഉപകരണസംഗീതവിദഗ്ദ്ധരും ഒരുമിച്ചവതരിപ്പിക്കുന്ന 341-ഓളം ഗാനങ്ങളാണ് ഇതിലുണ്ടാവുക. ഗുജറാത്തിൽനിന്നുള്ളവരും, വിവിധ സംഗീതരൂപങ്ങൾ അഭ്യസിക്കുന്നവരുമായ ഈ കലാകാരന്മാർ, ഒരുകാലത്ത് കച്ചിലുണ്ടായിരുന്ന വാമൊഴി പാരമ്പര്യത്തിന് വീണ്ടും പാരിയിലൂടെ പുതുജീവൻ നൽകുകയാണ്.

കവിത എന്നത് അഭിജാതരുടേയും വിദ്യാസമ്പന്നരുടേയും കുത്തകയാണെന്നും ഭാഷയും വാഗ്ദ്ധോരണിയും പൂത്തുതളിർക്കുന്ന ഒരു ശാഖയാണെന്നുമുള്ള ധാരണകളെയാണ് പാരിയിലെ കവിതകൾ വെല്ലുവിളിക്കുന്നത്. കവിതകളേയും നാടൻപാട്ടുകളേയും തമ്മിൽ വിവേചിക്കാതിരിക്കുകവഴി, ഇവയുടെ യഥാർത്ഥ സൂക്ഷിപ്പുകാരും സൃഷ്ടികർത്താക്കളും ജനങ്ങളാണെന്ന് അടിവരയിടുകയായിരുന്നു പാരി ഇതിലൂടെ ചെയ്തത്. ജാതി, വർഗ്ഗ, ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണവ. സാധാരണ മനുഷ്യരുടെ സങ്കടങ്ങളേയും പോരാട്ടങ്ങളേയുംകുറിച്ചും, തുല്യത, അംബേദ്ക്കർ എന്നിവയെക്കുറിച്ചും പാടുന്ന കാദുഭായി ഖാരാത്തിനെയും സഹീർ ദാദു സാൽ‌വെ യുംപോലുള്ളവർ കവിതയെ ജനകീയരാഷ്ട്രീയമാക്കുകയാണ് ചെയ്യുന്നത്. ശാന്തിപുരിലെ ലങ്കാപാരായിലെ സുകുമാർ ബിശ്വാസ് പാടുന്ന പാട്ടുകളാകട്ടെ, ധാർമ്മികചിന്തകളെക്കുറിച്ചുള്ളതാണ്. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ഇന്ത്യയിലേക്ക് താമസം മാറ്റിയ അനുഭവത്തിന്റെ ചൂരുള്ള പാട്ടുകളാണ് അദ്ദേഹത്തിന്റേത്. പ്രതീക്ഷയും ഊർജ്ജവും നൽകിക്കൊണ്ട് സംഗീതവും പാട്ടുകളും എങ്ങിനെയാണ് സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തിയായതെന്ന്, പശ്ചിമ ബംഗാളിലെ പിഡ ഗ്രാമത്തിലെ സ്വാതന്ത്ര്യഭടനാ‍യ 97 വയസ്സുള്ള ലോഖികാന്തോ മഹാതോവിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ നമുക്ക് കേൾക്കാൻ കഴിയും.

അക്ഷരങ്ങൾകൊണ്ടുമാത്രമാണ് പാട്ടുകളും കവിതകളും എഴുതപ്പെടുന്നതെന്ന് ആര് പറഞ്ഞു? പാരിയിൽ പ്രസിദ്ധീകരിച്ച വിവിധ കഥകൾക്ക്, വ്യത്യസ്തമായ വരികൾകൊണ്ട് നിറവും കാഴ്ചപ്പാടും നൽകാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ധാരാളം കലാകാരന്മാർ, അവരവരുടേതായ ശൈലിയിൽ, സ്മരണകൾ അയവിറക്കിക്കൊണ്ട് സൃഷ്ടികൾ നടത്തിയത്, പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ അവിഭാജ്യമായ ഭാഗമായി മാറിയിരിക്കുന്നു.

പാരിയുടെ ആഖ്യാനത്തിൽ ചിത്രീകരണങ്ങൾ ഒരു പുതുമയല്ല. കഥയുടെ കുരുക്കഴിക്കാൻ ശേഷിയുള്ള ചിത്രങ്ങൾ ഉപയോഗിച്ചുള്ള കഥകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ചിലപ്പോൾ, ഞങ്ങൾ അവയെ  ഉപയോഗിച്ചിട്ടുണ്ട്. കുട്ടികളെ കാണാതാവുമ്പോൾ എന്ന കഥയിൽ ഉപയോഗിച്ചിട്ടുള്ളതുപോലെ. ഒരു കഥയിൽ, ആ കഥ എഴുതിയ ആൾതന്നെ – അവൾ സ്വയം ഒരു ചിത്രകാരിയായിരുന്നു – ഫോട്ടോകൾക്കുപകരമായി, പെയിന്റിംഗുകൾ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. കഥയ്ക്ക് പുതിയൊരു അർത്ഥവും ശക്തിയും നൽകുന്നതിന്. എന്നാൽ ഒരു ഗായകന്റേയോ കവിയുടേയോ വരികൾക്ക് ഒരു ചിത്രകാരൻ/ചിത്രകാരി ചിത്രരൂപം നൽകുമ്പോൾ, പാരിയുടെ ആ താളിനുതന്നെ പുതിയ അർത്ഥത്തിന്റെ മാനങ്ങൾ നൽകുകയാണ് അവരതിലൂടെ ചെയ്യുന്നത്.

വരൂ, കാണൂ, മനോഹരമായ ചിത്രപടമുണ്ടാക്കാൻ ഉപയോഗിച്ച ഊടും പാവും

ഈ കഥയ്ക്കുവേണ്ടിയുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ സഹായിച്ച റിക്കിന് ഞങ്ങൾ നന്ദി പറയുന്നു .

ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ [email protected].എന്ന മേൽ‌വിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.

പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.

പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Joshua Bodhinetra

जोशुआ बोधिनेत्र यांनी जादवपूर विद्यापीठातून तुलनात्मक साहित्य या विषयात एमफिल केले आहे. एक कवी, कलांविषयीचे लेखक व समीक्षक आणि सामाजिक कार्यकर्ते असणारे जोशुआ पारीसाठी अनुवादही करतात.

यांचे इतर लिखाण Joshua Bodhinetra
Archana Shukla

Archana Shukla is a Content Editor at the People’s Archive of Rural India and works in the publishing team.

यांचे इतर लिखाण Archana Shukla
Illustration : Labani Jangi

मूळची पश्चिम बंगालच्या नादिया जिल्ह्यातल्या छोट्या खेड्यातली लाबोनी जांगी कोलकात्याच्या सेंटर फॉर स्टडीज इन सोशल सायन्सेसमध्ये बंगाली श्रमिकांचे स्थलांतर या विषयात पीएचडीचे शिक्षण घेत आहे. ती स्वयंभू चित्रकार असून तिला प्रवासाची आवड आहे.

यांचे इतर लिखाण Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat