ആൺകുട്ടിയായി വളർന്ന രമ്യ, 5-ആം ക്ലാസ്സിൽവെച്ച്, പെൺകുട്ടിയായി താദാത്മ്യപ്പെടാൻ തുടങ്ങി.
“മിഡിൽ സ്കൂളിൽവെച്ച് ട്രൌസർ ധരിച്ച്, തുട കാണിച്ച്, ആൺകുട്ടികൾക്കിടയിൽ ഇരിക്കേണ്ടിവന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്,” അവർ പറയുന്നു. ഇപ്പോൾ മുപ്പത് വയസ്സുള്ള അവർ ചുവപ്പ് സാരിയും നീളൻ തലമുടിയുമായി തന്റെ സ്ത്രീസ്വത്വത്തെ മുറുകെപ്പിടിക്കുകയാണ്.
ചെങ്കൽപ്പേട്ട് ജില്ലയിലെ തിരുപോരൂർ പട്ടണത്തിൽ ഒരു ചെറിയ അമ്മൻ (അമ്മ ദേവത) ക്ഷേത്രം അവർ നോക്കിനടത്തുന്നുണ്ട്. രമ്യയുടെ തൊട്ടടുത്തായി, നിലത്ത്, അവരുടെ അമ്മ വെങ്കമ്മ ഇരിക്കുന്നു. “വളർന്നുവരുമ്പോൾ അവന് (രമ്യയെ ചൂണ്ടിക്കൊണ്ട്) ചുരിദാറും (സ്ത്രീകൾ സാധാരണയായി ധരിക്കുന്ന രണ്ട് ഭാഗങ്ങളുള്ള വസ്ത്രം), ധാവണിയും (പകുതി സാരി) കമ്മലും ധരിക്കാനായിരുന്നു താത്പര്യം. ആൺകുട്ടിയെപ്പോലെ പെരുമാറാൻ ഞങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷേ അവന് പെണ്ണാവാനായിരുന്നു ആഗ്രഹം,” രമ്യയുടെ 56 വയസ്സുള്ള ആ അമ്മ പറയുന്നു.
കണ്ണിയമ്മയുടെ ക്ഷേത്രം അടച്ചിരുന്നതിനാൽ, ശാന്തമായ അന്തരീക്ഷത്തിൽ സംസാരം തുടർന്നു. ഈ അമ്മയേയും മകളേയുംപോലെയുള്ള ഇരുള സമുദായക്കാർ പകൽസമയത്ത് ഇവിടെ കണ്ണിയമ്മയെ പ്രാർത്ഥിക്കാൻ വരാറുണ്ട്.
നാല് സഹോദരരിലൊരാളായിരുന്ന രമ്യ ഇരുളരുടെ പരിസരത്തുതന്നെയാണ് ജീവിച്ചുവളർന്നത്. തമിഴ്നാട്ടിലെ ഏറ്റവും അവശത അനുഭവിക്കുന്ന ആറ് ഗോത്രസമൂഹങ്ങളിലൊന്നാണ് (പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ്സ്) ഇരുളസമുദായം. സമുദായത്തിലെ മറ്റുള്ളവരെപ്പോലെ, അവളുടെ അച്ഛനമ്മമാരും കൃഷിയിടങ്ങളിലും, നിർമ്മാണസ്ഥലങ്ങളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സൈറ്റുകളിലും (എം.ജി.എൻ.ആർ.ഇ.ജി.എ) കാലാനുസൃതമായ എന്തെങ്കിലും ജോലികൾ ചെയ്ത്, പ്രതിദിനം കേവലം 250-300 രൂപ സമ്പാദിക്കുന്നവരാണ്.
“അന്നൊക്കെ ആർക്കും തിരുനങ്കൈയെക്കുറിച്ച് (ട്രാൻസ്‌വുമണിനുള്ള തമിഴ് വാക്ക്) അറിയില്ലായിരുന്നു. അതുകൊണ്ട്, വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ, പട്ടണത്തിലെ ആളുകൾ എന്റെ പിന്നിൽനിന്ന് പരിഹസിക്കും,” രമ്യ പറയുന്നു. ‘അവൾ ആണിനെപ്പോലെ വേഷമിട്ടിട്ടുണ്ടെങ്കിലും പെണ്ണുങ്ങളെപ്പോലെയാണല്ലോ പെരുമാറുന്നത്. ഇത് ആണോ, പെണ്ണോ?” എന്നൊക്കെ’ അത് എന്നെ വേദനിപ്പിച്ചിരുന്നു.”























