“മദ്യത്തിനൊരു ഗുണമുണ്ട്. വിശപ്പടക്കം പലതും മറക്കാൻ എളുപ്പമാക്കും അത്”, സിംഗ്ദുയി ഗ്രാമത്തിലെ രബീന്ദ്ര ഭുയ്യ പറഞ്ഞു.
അമ്പത് വയസ്സായ ഭുയ്യ ഒരു സാബർ ആദിവാസിയാണ് (പശ്ചിമ ബംഗാളിൽ സാവർ എന്ന പേരിലാണ് അവരെ പട്ടികപ്പെടുത്തിയിട്ടുള്ളത്). മുണ്ട ഗോത്രസമുദായക്കാരായ സാബറുകൾ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജീവിക്കുന്നു. സവോര, സോര, ശാബർ, സൂരി എന്നീ പല പേരുകളിൽ അറിയപ്പെടുന്നവരാണ് അവർ. പശ്ചിമ മേദിനിപൂരിൽ (അവിഭജിത) പ്രധാനമായുള്ളത് ലോധ സാവറുകളാണ്. ഖാരിയ സാവറുകൾ, പുരുളിയയിലും, ബങ്കുറയിലും പശ്ചിമ മേദിനിപൂരിലും (അവിഭജിത) താമസിക്കുന്നു.
മഹാശ്വേതാ ദേവിയുടെ ‘നായാട്ടുകാരന്റെ പുസ്തക’ത്തിൽ (1994-ൽ ബംഗാളിയിൽ ബ്യാധ്ഖണ്ഡ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്) ഈ സമുദായത്തിന്റെ കൊടുംദാരിദ്ര്യത്തെയും ദുരിതാവസ്ഥയേയുംകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കുശേഷവും വലിയ മാറ്റമൊന്നും വന്നിട്ടില്ല. പശ്ചിമ ബംഗാളിലെ ആദിവാസികൾ ജീവിക്കുന്ന ലോകം എന്ന 2020-ലെ റിപ്പോർട്ടിൽ പറയുന്നത്, “സർവ്വേ ചെയ്ത 67 ശതമാനം ഗ്രാമങ്ങളും പട്ടിണിദുരിതം അനുഭവിക്കുന്നു’ എന്നാണ്.
18-ആം നൂറ്റാണ്ടിന്റെ പകുതിമുതൽ ബ്രിട്ടീഷുകാർ ഇവരെ ‘കുറ്റവാളി ഗോത്ര’മെന്ന പേരിലാണ് പട്ടികപ്പെടുത്തിയിരുന്നത്. 1952-ലാണ് അവർക്ക് ആ അപമാനത്തിൽനിന്ന് രക്ഷകിട്ടിയത്. പരമ്പരാഗതമായി വേട്ടക്കാരായ അവർ ഫലമൂലാദികളും ഇലകളും വേരുകളും ശേഖരിക്കുന്നതിലും, കാട്ടിലെ മൃഗങ്ങളെ വേട്ടയാടുന്നതിലും സമർത്ഥരായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കൃഷി ചെയ്യാൻ ഇവർക്ക് ഭൂമി കിട്ടിയെങ്കിലും അവയൊക്കെ മിക്കവാറും പാറപ്രദേശങ്ങളും ഊഷരഭൂമികളുമായിരുന്നു. അങ്ങിനെ ഒടുവിൽ അവർ നിവൃത്തിയില്ലാതെ കുടിയേറ്റത്തൊഴിലാളികളായി മാറി. കുറ്റവാളിപ്പട്ടികയിൽനിന്ന് പുറത്തുവന്നെങ്കിലും അവരിപ്പൊഴും ആ മുദ്രയുടെ മേൽവിലാസത്തിൽത്തന്നെ കഴിയുന്നു. പൊലീസിന്റെയും വനംവകുപ്പിന്റെയും ദാക്ഷിണ്യത്തിലാണ് അവരുടെ ജീവിതവും സഞ്ചാരവും.
വരുമാനമാർഗ്ഗങ്ങളൊന്നുമില്ലാതെ കഴിയുന്ന പശ്ചിമ മേദിനീപൂരിലേയും ഝാർഗ്രാം ജില്ലയിലേയും സാബർ സമുദായത്തിന്. വിശപ്പ് ഒരു യാഥാർത്ഥ്യമാണ്. ഭുയ്യയെപ്പോലുള്ള പലരും അവരുടെ വിശപ്പിനെ മറക്കുന്നത്, മദ്യത്തിലൂടെയാണ്. “അല്ലെങ്കിൽ ഞങ്ങൾ മൂന്ന് നേരവും അരി വാറ്റി (പന്താബാത്ത്) കഴിക്കുന്നു”, ബങ്കിം മല്ലിക് പറഞ്ഞു. സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിൽനിന്ന് (പി.ഡി.എസ്) കുടുംബത്തിലെ ഓരോ അംഗത്തിനും മാസത്തിൽ കിട്ടുന്ന അഞ്ച് കിലോഗ്രാം വീതം അരിയെ ഉദ്ദേശിച്ചാണ് തപോബൻ ഗ്രാമത്തിലെ 55 വയസ്സായ അദ്ദേഹം അത് പറഞ്ഞത്. “ഉപ്പും എണ്ണയുമൊക്കെ ആഡംബരമാണ്”, അദ്ദേഹം തുടർന്നു. പൊട്ടിപ്പൊളിഞ്ഞ തന്റെ വീടിന്റെ മുമ്പിലിരുന്ന് ചോറ് കഴിക്കുകയായിരുന്നു അദ്ദേഹം.























