വീട്ടിൽ പാചകം ചെയ്യുന്ന റാഗി കാലിയുടെ ഗന്ധം നാഗരാജ് ബന്ദന് ഓർമ്മയുണ്ട്. കുട്ടിയായിരുന്നപ്പോൾ, എല്ലാ ദിവസവും അതിനായി അയാൾ കാത്തിരിക്കാറുണ്ടായിരുന്നു.
അഞ്ച് പതിറ്റാണ്ട് കഴിഞ്ഞ് ഇപ്പോൾ, റാഗി കാലിക്ക് (റാഗി ധാന്യമുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണം) ആ ഗന്ധമില്ല. ‘ഇപ്പോൾ കിട്ടുന്ന റാഗിക്ക് ആ മണവും സ്വാദുമില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ വല്ലപ്പോഴുമേ അതുണ്ടാക്കാറുള്ളു എന്നും കൂട്ടിച്ചേർത്തു.
തമിഴ് നാട്ടിൽ പട്ടികഗോത്രമായി അടയാളപ്പെടുത്തപ്പെട്ട ഇരുള സമുദായക്കാരനാണ്, നീലഗിരിയിലെ ബൊക്കാപുരത്ത് താമസിക്കുന്ന നാഗരാജ്. അച്ഛനമ്മമാർ കൃഷി ചെയ്തിരുന്ന റാഗി (മുത്താറി), ചോളം (സൊർഗും), ബജ്ര (പേൾ മില്ലറ്റ് - കാംബൂ), ചാമ (സമായ് – ലിറ്റിൽ മില്ലറ്റ്) എന്നിവയോടൊപ്പമാണ് അദ്ദേഹവും വളർന്നത്. ഏതാനും കിലോഗ്രാം ധാന്യങ്ങൾ വീട്ടിലെ ആവശ്യത്തിനായി മാറ്റിവെച്ചിട്ടുണ്ടാവും. ബാക്കിയുള്ളത് ചന്തയിൽ വിൽക്കും.
മുതിർന്നപ്പോൾ, നാഗരാജ് കൃഷി ഏറ്റെടുത്തു. അച്ഛന് കിട്ടിയിരുന്നത്ര വിളവ് തനിക്ക് കിട്ടുന്നില്ലെന്ന് അയാൾ ശ്രദ്ധിച്ചു. “കഴിക്കാനുള്ളത് മാത്രമേ ഞങ്ങൾക്ക് കിട്ടിയിരുന്നുള്ളു. ചിലപ്പോൾ അതുപോലും കിട്ടാറില്ല,” അയാൾ പാരിയോട് പറഞ്ഞു. ബീൻസ്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളോടൊപ്പം ഇടകലർത്തി റാഗിയും, തന്റെ രണ്ടേക്കർ സ്ഥലത്ത് അയാൾ കൃഷി ചെയ്യാറുണ്ട്.
മറ്റ് കൃഷിക്കാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. തന്റെ അച്ഛന് 20 ചാക്ക് റാഗി കിട്ടാറുണ്ടായിരുന്നുവെന്ന് മാരി (പേരിന്റെ ആദ്യഭാഗം മാത്രമേ അയാൾ ഉപയോഗിക്കുന്നുള്ളു) പറയുന്നു. എന്നാലിപ്പോൾ, തന്റെ രണ്ടേക്കറിൽനിന്ന് കിട്ടുന്നത് 2-3 ചാക്ക് മാത്രമാണെന്നും ആ 45-കാരൻ സൂചിപ്പിച്ചു.
നാഗരാജിന്റേയും മാരിയുടേയും അനുഭവങ്ങൾ, ഔദ്യോഗിക കണക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. നീലഗിരിയിലെ റാഗി കൃഷി, 1948-49 കാലത്ത് 1,369 ഹെക്ടറിലായിരുന്നുവെങ്കിൽ, 1998-99-ൽ അത് കേവലം 86 ഹെക്ടറായി ചുരുങ്ങി.
ഒടുവിലത്തെ സെൻസസ് (2011) പ്രകാരം, ജില്ലയിലെ ചെറുധാന്യം കൃഷി ചെയ്യുന്ന ഹെക്ടറിന്റെ സംഖ്യ ഒറ്റയക്കത്തിലെത്തിനിൽക്കുന്നു.











