2022-ൽ വാങ്ങിയ ഒരു ചുവന്ന ട്രാക്ടറാണ് ഗണേഷ് ഷിൻഡെയുടെ വിലപ്പെട്ട സ്വത്ത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ ഖാലി ഗ്രാമത്തിലുള്ള ഈ പരുത്തി കർഷകൻ, സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. എന്നാൽ, സമീപകാലത്ത്, പരുത്തിയുടെ വില കുത്തനെ ഇടിഞ്ഞതുമൂലം, മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതനായിരിക്കുകയാണ് അയാൾ. അങ്ങിനെയാണ് ഒരു പൊതുമേഖലാ ബാങ്കിൽനിന്ന് 8 ലക്ഷം രൂപ വായ്പയെടുത്ത് ട്രാക്ടർ വാങ്ങിയത്.
“ഞാൻ ട്രാക്ടറോടിച്ച് വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ഗംഗാഖേദ് പട്ടണത്തിലെ കവലയിൽ കാത്തുനിൽക്കും,” 44 വയസ്സുള്ള ആ കർഷകൻ പറയുന്നു. “ആളുകൾ അത് അടുത്തുള്ള ഏതെങ്കിലും നിർമ്മാണസൈറ്റിലേക്കോ, മണ്ണും മറ്റും കൊണ്ടുവരാനോ വാടകയ്ക്കെടുക്കും. ദിവസത്തിൽ 500-800 രൂപ ആ വഴിയ്ക്ക് എനിക്ക് കിട്ടും.” രാവിലെ ഗംഗാഘേദിലേക്ക് പോകുന്നതിനുമുൻപ്, ചുരുങ്ങിയത് രണ്ട് മണിക്കൂർ അയാൾ സ്വന്തം പാടത്ത് കൃഷിയും നോക്കാറുണ്ട്.
2025-ലെ ബഡ്ജറ്റ് അയാൾ മനസ്സിലാക്കിയിരുന്നു. അതിൽനിന്ന് എന്തെങ്കിലും വലിയ പ്രതീക്ഷിച്ചിട്ടൊന്നുമല്ല, മറിച്ച്, ആളുകൾ ട്രാക്ടർ വാടകയ്ക്കെടുക്കാൻ വരുന്നതുവരെ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതി അത് മനസ്സിലാക്കാൻ മിനക്കെട്ടതാണ്. “എം.എൻ.ആർ.ഇ.ജി.എ-യിലേക്കുള്ള നീക്കിയിരിപ്പിൽ (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) ഒരു മാറ്റവുമുണ്ടായിട്ടില്ല,” അയാൾ പറയുന്നു. എം.എൻ.ആർ.ഇ.ജി.എ.യെക്കൊണ്ട് പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവുമുണ്ടാക്കാനായിട്ടില്ലെന്ന്, ഖാലിയിലെ മുൻ സർപാഞ്ചായ ഷിൻഡെ പറയുന്നു. “തൊഴിൽ ഉത്പാദിപ്പിക്കാൻ ആ പണം ഉപയോഗിക്കുന്നില്ല. എല്ലാം കടലാസ്സിൽ മാത്രമേയുള്ളു.”



