"ഗീതക്ക് വേദനയും പനിയുമുണ്ടായിരുന്നു. കൂടാതെ തളർച്ചയും .അടുത്ത ദിവസമായതോടെ ഒരുപാട് ഛർദ്ദിക്കാനും തുടങ്ങി. ഞാൻ വല്ലാണ്ട് ഭയന്നുപോയി." സതേന്ദർ പറയുന്നു .
അടുത്ത ദിവസം, മേയ് 17 ഞായറാഴ്ച, എന്തുചെയ്യണമെന്നറിയാതെ സതേന്ദർ വലഞ്ഞു. ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെത്താൻ അവരെ സഹായിക്കാനായി ഒരു ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവറെ അദ്ദേഹം ഫോണിൽ ബന്ധപെട്ടു. അവർ അവിടെ എത്തിയ ഉടൻ ഗീതയെ അത്യാഹിതവിഭാഗത്തിൽ കൊണ്ടുപോവുകയും അവിടെ ഡോക്ടർമാർ കോവിഡ് -19 പരിശോധന നടത്തുകയും ചെയ്തു. തിങ്കളാഴ്ച പരിശോധനാ ഫലം വന്നപ്പോൾ ഗീതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഗീതയ്ക്ക് വയറ്റിൽ കാൻസറാണ്. സെൻട്രൽ മുബൈയിലെ പരേൽ ഏരിയയിൽ സ്ഥിതിചെയുന്ന ജീവകാരുണ്യപ്രവർത്തനത്തിലേർപ്പെട്ട ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിനരികിലുള്ള ഫുട്പാത്തിലേക്ക് ഗീതയും സതേന്ദറും മടങ്ങിയെത്തിയത് ഏകദേശം രണ്ടാഴ്ച മുമ്പായിരുന്നു. അതിനുമുമ്പ്, ആശുപത്രിയിൽനിന്ന് 50 കിലോമീറ്റർ മാറി,ഡോംബിവാലിയിലുള്ള ഒരു ബന്ധുവീട്ടിലാണ് അവർ നിന്നിരുന്നത്. ഒരുപാട് യാചനകൾക്കും, ഭക്ഷണച്ചിലവും വാടകയും കൊടുക്കാമെന്ന ഉറപ്പും നൽകിയതിന് ശേഷമാണ് അവർക്ക് ആ വീട്ടിൽ താമസം ശരിയായത്.
അവരുടെ 16 വയസ്സുള്ള മകൻ ബദലും 12 വയസ്സുള്ള മകൾ ഖുഷിയും ഇച്ചൽകരഞ്ചയിലുള്ള സതേന്ദറിന്റെ മൂത്ത സഹോദരനായ സുരേന്ദ്രയ്ക്കൊപ്പമാണ് കഴിയുന്നത്. ഏകദേശം ഒരു ദശകം മുമ്പാണ് ഈ കുടുംബം ബീഹാറിലെ റോഹ്‌തസ് ജില്ലയിലുള്ള ദിനാരാ ബ്ലോക്കിലെ കനിയാരീ എന്ന ഗ്രാമത്തിൽനിന്നും മഹാരാഷ്ട്രയിലേക്ക് കുടികയറിയത്. ഗീതയുമായി മുംബൈയിലേക്ക് തിരിക്കും മുമ്പ്, ഇച്ചൽകരഞ്ചയിലെ ഒരു പവർലൂം ഫാക്ടറിയിൽ മാസം 7,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തുവരികയായിരുന്നു സതേന്ദർ.
"ഉടൻ മടങ്ങിവരാമെന്ന് മക്കൾക്ക് വാക്കുകൊടുത്തിട്ടാണ് ഞങ്ങൾ വന്നത്. പക്ഷെ, ഇനി അവരുടെ മുഖം എന്ന് കാണാൻ പറ്റുമെന്ന് ഞങ്ങൾക്കിപ്പോൾ അറിയില്ല” മാർച്ചിൽ ഞങ്ങൾ സംസാരിച്ചപ്പോൾ ഗീത എന്നോട് പറഞ്ഞിരുന്നു.
നവംബറിൽ മുംബൈയിലേക്ക് വന്നപ്പോൾ അവർ സതേന്ദറിന്റെ ബന്ധുവിനൊപ്പം ഗോരെഗാവിന്റെ വടക്കൻ പ്രാന്തപ്രദേശത്താണ് താമസിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ഭീതിയിൽ അവരോട് മാറിത്താമസിക്കണമെന്ന് അവരുടെ ബന്ധു അഭ്യർത്ഥിക്കുകയായിരുന്നു."[അതിനുശേഷം] ഞങ്ങൾ സ്റ്റേഷനുകളിലും ഈ ഫുട്പാത്തിലുമൊക്കെയാണ് കഴിഞ്ഞിരുന്നത്," മാർച്ച് 20-ആം തീയതി ഞാൻ അവരെ കണ്ടപ്പോൾ ഗീത എന്നോട് പറയുകയുണ്ടായി. തുടർന്ന് അവർ ഡോംബിവാലിയിലേക്ക് മാറുകയായിരുന്നു. (കൂടുതൽ അറിയാൻ കാണുക: ലോക്ക്ഡൗണ്‍ സമയത്ത് കാൻസർ രോഗവുമായി മുംബൈയിലെ നടപ്പാതകളില്‍ കുടുങ്ങിയപ്പോള്‍).





