ബുദ്ധമത വിശ്വാസികൾ താമസിക്കുന്ന മലിയാമ എന്ന വിദൂര ഗ്രാമത്തിൽ, സാധാരണഗതിയിൽ ബഹളങ്ങളൊന്നുമില്ലാതെ കടന്നുപോകേണ്ട ഒരു ഉച്ചനേരത്തെ ഇളക്കിമറിച്ചുകൊണ്ട് ഒരു 'ഘോഷയാത്ര' ആരവങ്ങളോടെ കടന്നുവരുന്നു. അതെ, ഇത് ഒക്ടോബർ മാസമാണെങ്കിലും ഇവിടെ പൂജയോ പന്തലുകളോ ഒന്നുംതന്നെയില്ല. എന്നാൽ, ദുർഗാ പൂജയോടനുബന്ധിച്ച് സ്‌കൂളുകൾ അടച്ചിരിക്കുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾ എല്ലാവരുംതന്നെ അവരുടെ വീടുകളിലുണ്ട്. അക്കൂട്ടത്തിൽ, 2-നും 11-നും ഇടയിൽ പ്രായമുള്ള, മോൻപ സമുദായാംഗങ്ങളായ എട്ട്, പത്ത് കുട്ടികളാണ് ഈ ഘോഷയാത്രയിലെ പങ്കാളികൾ.
ദിരാംഗിലെ രണ്ട് സ്വകാര്യ സ്കൂളുകളും സമീപത്തുള്ള സർക്കാർ സ്കൂളും 7-10 കിലോമീറ്റർ ദൂരത്താണ്. കുട്ടികൾ ദിവസേന കാൽനടയായി പോകുന്ന ഈ സ്കൂളുകൾ ഏകദേശം പത്ത് ദിവസം അടച്ചിട്ടിട്ടുണ്ടാവും. സ്‌കൂൾ ജീവിതത്തിന്റെ ചിട്ടവട്ടങ്ങളിൽനിന്ന് ചെറിയ ഇളവ് ലഭിക്കുന്ന അവധിക്കാലത്തും കളിക്കാനുള്ള സമയം വന്നെത്തുന്നത് ഈ കുട്ടികൾക്ക് വേറെ അറിയാം. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്കാണത്. കടൽനിരപ്പിൽനിന്ന് 1,800 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഈ പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ ഏറ്റവും മോശമാകുന്ന സമയം കൂടിയാണത്. ഈ നേരമാകുമ്പോൾ കുട്ടികൾ അവരുടെ രക്ഷിതാക്കളുടെ ഫോൺ അവർക്ക് മടക്കി നൽകാൻ നിർബന്ധിതരാകും. വീടിന് പുറത്തെ പ്രധാന നിരത്തിൽ ഒത്തുകൂടി മതിവരുവോളം മംഖ ലെയ്ദ (വാൾനട്ട് കൊണ്ടുള്ള കളി എന്ന് അർഥം) കളിയ്ക്കാൻ സമയമായിരിക്കുന്നു.
മലിയാമയ്ക്ക് ചുറ്റുമുള്ള കാടുകളിൽ വാൽനട്ടുകൾ സുലഭമായി വളരുന്നുണ്ട്. ഈ ഉണങ്ങിയ ഫലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ നാലാംസ്ഥാനത്തുള്ള സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.പടിഞ്ഞാറൻ കമേങ്ങിലെ ഈ ജില്ലയിൽനിന്നുള്ള വാൾനട്ടുകൾ പ്രത്യേകിച്ചും കയറ്റുമതി ചെയ്യാവുന്ന ഗുണനിലവാരമുള്ളവയാണ്. എന്നാൽ ഈ പ്രദേശത്തുള്ളവരാരും വാൾനട്ട് കൃഷി ചെയ്യുന്നില്ല. ഇവിടത്തെ കുട്ടികളുടെ കൈവശമുള്ള ഫലങ്ങൾ കാട്ടിൽനിന്ന് ശേഖരിച്ചവയാണ്. മലിയാമയിൽ താമസിക്കുന്ന 17-20 മോൻപ കുടുംബങ്ങൾ ടിബറ്റ് സ്വദേശികളായ ഇടയവിഭാഗങ്ങളും വേട്ടയാടിയും വിഭവങ്ങൾ ശേഖരിച്ചും ജീവിതമാർഗ്ഗം കണ്ടെത്തുന്നവരുമാണ്. വീടുകളിൽ ഉപയോഗിക്കുന്ന വനവിഭവങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന തൊഴിൽ. "എല്ലാ ആഴ്ചയും ഗ്രാമീണർ സംഘമായി കാട്ടിൽ പോവുകയും കൂണുകൾ, ഉണങ്ങിയ ഫലങ്ങൾ, കായ്കനികൾ, വിറക്, മറ്റു വിഭവങ്ങൾ എന്നിവ ശേഖരിച്ച് കൊണ്ടുവരികയും ചെയ്യും, " 53 വയസ്സുകാരനായ റിൻചിൻ ജോമ്പ പറയുന്നു. എല്ലാ ദിവസവും തെരുവിലേയ്ക്ക് കളിയ്ക്കാൻ ഇറങ്ങുന്നതിന് മുൻപ് കുട്ടികൾ അവരുടെ കുപ്പായക്കീശകളിൽ വാൾനട്ടുകൾ നിറച്ചിരിക്കും.


