“ഞങ്ങൾക്ക് വേനൽക്കാലം നഷ്ടമാവുകയാണ്! ഇതാണ് മൺപാത്രങ്ങൾ ഏറ്റവും കൂടുതൽ വിൽക്കുന്ന കാലം, പക്ഷേ ഈ വർഷം നമുക്ക് അധികം വിൽക്കാനായിട്ടില്ല,” എന്ന് രേഖ കുംഭ്കർ പറഞ്ഞു. വീട്ടിന് പുറത്ത് അടുപ്പിൽ കലം ചുടുന്നതിന് മുമ്പ്, അതിന് നിറം പകരുകയായിരുന്നു അവർ. ലോക്ക്ഡൗൺ സമയത്ത്, കഴിയുന്നതും വീടിനുള്ളിൽത്തന്നെയിരുന്ന് പാത്രങ്ങൾ ഉണ്ടാക്കുകയായിരുന്നു അവർ. അപൂർവ്വമായേ പുറത്ത് പോയിരുന്നുള്ളു.
ചത്തീസ്ഗഡിലെ ധംതാരി പട്ടണത്തിലെ കുംഹാർപാറ കോളണിയിലെ വീടുകൾക്ക് പുറത്ത്, സാധാരണയായി മാർച്ച് മുതൽ മേയ് വരെ മാർക്കറ്റിൽ വിൽക്കേണ്ട ചുവന്ന കുടങ്ങൾ പരന്നുകിടക്കുന്നു. “ചന്തയിലെ പച്ചക്കറിക്കച്ചവടക്കാർക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ വിൽക്കാൻ അനുമതിയുള്ളതുപോലെ, കുടം വിൽക്കാൻ ഞങ്ങളെയും അനുവദിക്കണം, അല്ലാത്തപക്ഷം ഞങ്ങൾ കുഴപ്പത്തിലാകും,” രേഖ പറഞ്ഞു.
അപ്പോഴാണ് ഭുഭനേശ്വരി കുംഭകർ തലയിൽ ഒഴിഞ്ഞ മുളംകൊട്ടയുമായി കുംഹാർപാറയിലേക്ക് മടങ്ങിയത്. അവരുടെ വാക്കുകളിൽ, “ഞാൻ അതിരാവിലെ മുതൽ മൺപാത്രങ്ങൾ വിൽക്കാൻ പട്ടണത്തിലെ വിവിധ കോളനികളിൽ പോയിരുന്നു. എട്ടെണ്ണം വിറ്റ് വീണ്ടും എട്ടെണ്ണവുമായി തെരുവിലിറങ്ങി. എന്നാൽ ലോക്ക്ഡൗൺ ഉച്ചയോടെ പുനരാരംഭിക്കുന്നതിനാൽ എനിക്ക് ഉടൻ മടങ്ങണം. മാർക്കറ്റിൽ പോകാൻ അനുവദിക്കാത്തതിനാൽ അധികം വിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. സർക്കാർ നൽകുന്ന അരിയും 500 രൂപയും കൊണ്ട് ഒരു കുടുംബം എങ്ങനെ ജീവിക്കും?"
കുംഹാർപാറയിലെ മൺപാത്ര നിർമാതാക്കൾ - ഇവിടെയുള്ള എല്ലാ കുടുംബങ്ങളും മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) കുംഹാർ സമുദായക്കാരാണ് - വലിയ കുടങ്ങൾ 50-70 രൂപയ്ക്ക് വിൽക്കുന്നു. വില്പനകാലത്തിന്റെ മൂർദ്ധന്യമായ മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ആളുകൾ വെള്ളം തണുപ്പിച്ച് സംഭരിക്കാൻ കുടങ്ങൾ വാങ്ങും . ഈ വില്പന സമയത്ത് ഓരോ കുടുംബവും 200 മുതൽ 700 കുടങ്ങൾവരെ നിർമ്മിക്കും. നിർമാണപ്രക്രിയയിൽ എത്ര കുടുംബ അംഗങ്ങൾ സഹായിക്കും എന്നതനുസരിച്ചിരിക്കും നിർമിക്കുന്ന കുടങ്ങളുടെ എണ്ണം. മറ്റ് കാലങ്ങളിൽ, ഇവർ ഉത്സവങ്ങൾക്ക് ചെറിയ വിഗ്രഹങ്ങൾ, ദീപാവലി സമയത്ത് ദീപങ്ങൾ, വിവാഹ ചടങ്ങുകൾക്ക് ചെറിയ പാത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.
ജൂൺ പകുതിമുതൽ സെപ്റ്റംബർ അവസാനംവരെ നീളുന്ന മഴക്കാലത്ത്, നനഞ്ഞ കളിമണ്ണ് ഉണങ്ങാത്തതിനാലും , വീടിന് വെളിയിൽ ജോലി ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലും, തൊഴിലുണ്ടാവാറില്ല. സ്വന്തമായി കൃഷി ഭൂമിയില്ലാത്തതിനാൽ ഈ കാലങ്ങളിൽ ഇവർ കർഷകത്തൊഴിലാളികളായി ജോലി ചെയ്ത് മാസം 150-200 രൂപവരെ സമ്പാദിക്കുന്നു.




