നാളികേരം വെച്ച മലർത്തിയ കൈവെള്ളയും നീട്ടിപ്പിടിച്ച് പൂജാരി അഞ്ജനേയുലു മുദ്ദലപുരത്തിന്റെ പാടങ്ങൾക്ക് കുറുകെ നടക്കുന്നു. നാളികേരം കറങ്ങി, ഇളകി വീഴുന്നത് കാത്ത് നടക്കുകയായിരുന്നു അയാൾ. അത് വീഴുന്ന സ്ഥലത്ത് X എന്ന് അടയാളപ്പെടുത്തി അദ്ദേഹം ആശ്വാസിപ്പിക്കുന്നു. “ഇവിടെ നിങ്ങൾക്ക് വെള്ളം കണ്ടെത്താൻ കഴിയും. ഈ സ്ഥലത്ത് ഒരു കുഴൽക്കിണർ കുഴിച്ചുനോക്കിയാൽ മനസ്സിലാവും,” അനന്തപുർ ജില്ലയിലെ ഗ്രാമത്തിൽവെച്ച് അദ്ദേഹം ഞങ്ങളോട് പറയുന്നു.
ഒരു ഗ്രാമത്തിന്റെയപ്പുറത്ത്, രായുലു ധൊമതിമ്മന മറ്റൊരു പാടത്തിന്റെ കുറുകെ നടക്കുന്നുണ്ടായിരുന്നു. ഇരുകൈകളുംകൊണ്ട് പിടിച്ച ഒരു വലിയ മരക്കമ്പ് അയാളെ രായലപ്പദൊഡ്ഡിയിലെ വെള്ളമുള്ള സ്ഥലത്തേക്ക് നയിക്കും. “മരക്കമ്പ് എവിടെവെച്ചാണോ മുകളിലേക്ക് പൊന്തുന്നത്, ആ സ്ഥലത്ത് കുഴിച്ചാൽ വെള്ളം കണ്ടെത്തും,” അയാൾ വിശദീകരിച്ചു. ഈ രീതി ’90 ശതമാനവും വിജയമാണ്’ എന്ന് വിനയത്തോടെ അയാൾ അവകാശപ്പെട്ടു.
കാലാകാലങ്ങളായി തത്ത്വചിന്തകന്മാരെ വിഷമത്തിലാക്കിയ ചോദ്യവുമായി മല്ലിടുകയാണ് അനന്തപുരിലെ മറ്റൊരു മണ്ഡലത്തിൽ താമസിക്കുന്ന ചന്ദ്രശേഖര റെഡ്ഡി. മരണാനന്തര ജീവിതമുണ്ടോ? ഉത്തരം തനിക്കറിയാമെന്ന് റെഡ്ഡി വിശ്വസിക്കുന്നു. “ജലമാണ് ജീവൻ,” അയാൾ പറയുന്നു. അതിനാൽ, ഒരു ശ്മശാനത്തിൽ അയാൾ നാല് കുഴൽക്കിണറുകൾ കുഴിച്ചിട്ടുണ്ട്. തന്റെ പാടത്ത് മറ്റൊരു 32 കിണറുകൾകൂടി അദ്ദേഹത്തിനുണ്ട്. ജംബുലധിനെ ഗ്രാമത്തിൽ വ്യാപിച്ചുകിടക്കുന്ന തന്റെ ജലശേഖരത്തെ അയാൾ 8 കിലോമീറ്റർ നീളമുള്ള ഒരു പൈപ്പുലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
വെള്ളത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിൽ, അന്ധവിശ്വാസവും, ദുർമ്മന്ത്രവാദവും, ദൈവവും, സർക്കാരും, സാങ്കേതികവിദ്യയും നാളികേരവുമൊക്കെ രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ അവയുടെ കൂട്ടായ ശ്രമങ്ങളൊന്നും ഗുണം കണ്ടിട്ടില്ല. എന്നാൽ പൂജാരി അഞ്ജനേയുലുവിന്റെ അവകാശവാദം മറിച്ചാണ്.
തന്റെ രീതി ഒരിക്കലും തെറ്റാറില്ലെന്ന്, മൃദുസ്വഭാവിയായ ആ നല്ല മനുഷ്യൻ അവകാശപ്പെടുന്നു. ഈ കഴിവുകൾ ദൈവത്തിൽനിന്ന് കിട്ടിയതാണ് അദ്ദേഹത്തിന്. “തെറ്റായ സമയത്ത് ഇത് ചെയ്യാൻ ആളുകൾ നിർബന്ധിക്കുമ്പോൾ മാത്രമാണ് എന്റെ മാർഗ്ഗം പരാജയപ്പെടുക,” അയാൾ പറയുന്നു. (ഒരു കുഴൽക്കിണർ സ്ഥാനം കാണിച്ചുകൊടുക്കാൻ ദൈവം 300 രൂപയാണ് വസൂലാക്കുന്നത്). കൈവെള്ളയിലിരുന്നാടുന്ന നാളികേരവുമായി അയാൽ ഞങ്ങൾ പാടങ്ങളിലൂടെ നടത്തിച്ചു.









