"തിരഞ്ഞെടുപ്പ് ദിവസം ഈ പ്രദേശത്ത് ഉത്സവം പോലെയാണ്", കോസടി നെയ്യുന്ന തുണികൾക്കിടയിൽ പരതിക്കൊണ്ട് മൊർജിന ഖാത്തൂൺ പറഞ്ഞു. "മറ്റു സംസ്ഥാനങ്ങളിൽ ജോലിക്കായി പോയവർ വോട്ട് ചെയ്യാനായി തിരിച്ചെത്തും".
അവർ വസിക്കുന്ന ഗ്രാമമായ രുപാകുസി 2024 മെയ് 7-ന് വോട്ടിംഗ് നടന്ന ധുബ്രി ലോക്സഭാ നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
പക്ഷേ 48 കാരിയായ മൊർജിന വോട്ട് ചെയ്തില്ല. "ആ ദിവസം ഞാൻ ഒഴിവാക്കി. ആളുകളെ ഒഴിവാക്കാനായി വീടിനകത്ത് ഞാൻ അടച്ചിരിക്കുക പോലും ചെയ്തു."
സംശയിക്കപ്പെടുന്ന വോട്ടർ (ഡി-വോട്ടർ) എന്ന വിഭാഗത്തിലാണ് മൊർജിനയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് - ഈ വിഭാഗത്തിലെ 99,942 വോട്ടർമാരിൽ ഒരാളാണ് അവർ. ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള വിശ്വസനീയമായ തെളിവുകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. അവരിൽ മിക്കവരും ആസാമിൽ നിന്നുള്ള ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ആണ്.
ഡി-വോട്ടർമാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായ ആസാമിൽ ബംഗ്ലാദേശിൽ നിന്നുണ്ടായെന്ന് ആരോപിക്കപ്പെടുന്ന കുടിയേറ്റം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. 1997-ലാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡി-വോട്ടർ സമ്പ്രദായം അവതരിപ്പിച്ചത് - അതേ വർഷം തന്നെയാണ് മൊർജിന വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി തൻ്റെ പേര് ആദ്യമായി ഉദ്യോഗസ്ഥർക്ക് നൽകിയത്. "ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാനായി ആ സമയത്ത് സ്‌ക്കൂൾ അദ്ധ്യാപകർ വീടുകൾ സന്ദർശിക്കാറുണ്ടായിരുന്നു. ഞാനും പേര് നൽകി", മൊർജിന പറഞ്ഞു. "പക്ഷേ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ചെന്നപ്പോൾ എന്നെ അതിനനുവദിച്ചില്ല. ഞാൻ ഡി-വോട്ടർ ആണെന്ന് അവർ പറഞ്ഞു.





