“ഈ കുർത്തയിൽ, (ഒരു വലിയ ബ്രാന്‍ഡ് വിപണനം നടത്തുന്ന കുര്‍ത്ത) തോട എംബ്രോയ്ഡറിയെക്കുറിച്ച് പറയുന്ന ടാഗ് ഒന്നു നോക്കൂ. ഇത് തുണിയിലൊട്ടിച്ച ഒരു പ്രിന്റാണ്! എംബ്രോയ്ഡറിയെ വിശേഷിപ്പിച്ചിരിക്കുന്നതോ ‘പുഖൂർ’ എന്നും! ഞങ്ങളുടെ ഭാഷയിൽപ്പോലും അങ്ങനെയൊരു പദമില്ല. ശരിയായ വസ്തുതകൾ പഠിക്കാൻപോലും അവർ മിനക്കെടുന്നില്ല”, കെ. വാസമല്ലി പറയുന്നു.
തോട ഭാഷയില്‍, സമൂഹത്തിന്റെ എംബ്രോയ്ഡറിയെ പോഹോർ എന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലെ കരിക്കാട്മുണ്ട് കുഗ്രാമത്തിൽ താമസിക്കുന്ന, 60 പിന്നിട്ട വാസമല്ലി ഒരു മുതിർന്ന അലങ്കാരത്തുന്നൽക്കാരിയാണ്. ഏകദേശം 16 കിലോമീറ്ററകലെ, ഊട്ടി (ഉദഗമണ്ഡലം) ടൗണിൽ, തോട എംബ്രോയ്ഡറി ഉത്പന്നങ്ങളുടെ ഔട്ട്‌ലെറ്റ് നടത്തുന്ന ഷീല പവലിന്, മറ്റൊരു അറിയപ്പെടുന്ന റീട്ടെയിലര്‍ ഓണ്‍ലൈൻവഴി ഒരു ‘തോട’ സാരി വെറും 2,500 രൂപയ്ക്ക് വിൽക്കുന്നത് കണ്ടപ്പോൾ അവിശ്വസനീയമായി തോന്നി. അവര്‍ ഉടനെതന്നെ ഒരെണ്ണം ഓര്‍ഡർ ചെയ്തു. “തമിഴ്‌നാട്ടിലെ സ്ത്രീകൾ വിദഗ്ധമായി കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത തോട എംബ്രോയ്ഡറി സാരി” എന്നാണ് അവർ അതിൽ പരസ്യപ്പെടുത്തിയിരുന്നത്. അവർ എങ്ങനെ ഇത്രയും കുറഞ്ഞ വിലക്ക് ഇത് നൽകുന്നുവെന്നും ഇത് എവിടെയാണ് ചെയ്തതെന്നും അറിയാൻ ഞാൻ ആഗ്രഹിച്ചു.”
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓര്‍ഡർ ചെയ്ത സാരി എത്തി. "ഇതിൽ മെഷീനുപയോഗിച്ചാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. വൃത്തിഹീനമായ ത്രെഡുകൾ മറയ്ക്കാൻ എതിര്‍വശം തുണികൊണ്ട് മറച്ചിരുന്നു," ഷീല പറയുന്നു. "അതെ, എംബ്രോയ്ഡറി കറുപ്പും ചുവപ്പുമായിരുന്നു, അത് മാത്രമാണ് ഇവ രണ്ടും തമ്മിലുള്ള സാമ്യം".
തോട സമുദായത്തിലെ സ്ത്രീകൾ ചെയ്യുന്ന പരമ്പരാഗത എംബ്രോയ്ഡറിക്ക്, വെളുത്ത കോട്ടൺ തുണികൊണ്ടുള്ള ജ്യാമിതീയ ഡിസൈനുകളിൽ ചുവപ്പും കറുപ്പും (ഇടയ്ക്കിടെ നീലയും) ത്രെഡ് വർക്കുണ്ട്. പരമ്പരാഗത തോട വസ്ത്രം ഒരു പ്രത്യേക ഷാളാണ്. പുതുകുളി എന്ന് വിളിക്കും. മഹത്തായ ഒരു വസ്ത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്, ക്ഷേത്രസന്ദർശനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിലും മൃതദേഹം പുതപ്പിക്കാനുമൊക്കെയാണ് ഇതുപയോഗിക്കുക. ഏകദേശം 1940-കളിൽ, തോട സ്ത്രീകൾ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്കായി ഓര്‍ഡർ പ്രകാരം മേശവിരികൾ, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ നിർമ്മിച്ചുതുടങ്ങി – എന്നാൽ പിന്നീടുള്ള ദശകങ്ങളിൽ ആവശ്യക്കാർക്ക് മാത്രമായി വിൽപ്പന പരിമിതപ്പെടുത്തി. മുൻകാലങ്ങളിൽ കോട്ടൺ ത്രെഡ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ മിക്ക തോട സ്ത്രീകളും കമ്പിളി ത്രെഡ് ഉപയോഗിക്കുന്നു, ഇതിന് കാരണമായി അവർ പറയുന്നത്, ഇത് ജോലി കൂടുതൽ സുഗമമാക്കുകയും ചെലവ് കുറഞ്ഞതുമാണെന്നാണ്.










