“ചാദേർ ബാദ്നി പാവകളിക്ക് ഞങ്ങളുടെ പൂർവ്വികരുമായി അഗാധമായ ബന്ധമുണ്ട്. ഇത് ഞാൻ അവതരിപ്പിക്കുമ്പോൾ.. അവരെല്ലാം എന്റെ ചുറ്റും വന്നുനിൽക്കുന്നതായി എനിക്ക് തോന്നും”, തപൻ മുർമു പറയുന്നു.
2023 ജനുവരിയുടെ തുടക്കമായിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ ഖഞ്ജൻപുർ ഗ്രാമത്തിലെ സൊർപകുദാംഗ കോളനിയിൽ ബന്ദ്ന വിളവെടുപ്പ് ഉത്സവം നടക്കുന്ന സമയം. ഇരുപത് വയസ്സ് കഴിയാറായ തപന് സാന്താൾ ആദിവാസി സമുദായത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിനോട് ഹൃദയബന്ധമുണ്ട്. പ്രത്യേകിച്ചും, ചാദേർ ബാദ്നി എന്ന് വിളിക്കുന്ന മാസ്മരികമായ പാവകളിയോട്.
പാരിയോട് സംസാരിക്കുമ്പോൾ തപൻ ചുവന്ന വെൽവെറ്റ് തുണികൊണ്ട് പൊതിഞ്ഞ മകുടാകൃതിയിലുള്ള ഒരു കൂട് കൈയ്യിൽ പിടിച്ചിരുന്നു. അതിനകത്ത്, മരത്തിൽ നിർമ്മിച്ച ചെറിയ മനുഷ്യരൂപങ്ങൾ ധാരാളമുണ്ടായിരുന്നു. കയറുകളും, മുളന്തണ്ടുകളും കപ്പികളുമുപയോഗിച്ച് കളിപ്പിക്കുന്ന പാവകൾ.
“എന്റെ കാലിലേക്ക് നോക്കൂ, ഈ പാവകളെ എങ്ങിനെയാണ് ഞാൻ നൃത്തം ചെയ്യിപ്പിക്കുന്നതെന്ന്”, തന്റെ മാതൃഭാഷയായ സാന്താളിയിലുള്ള ഒരു പാട്ട് മൂളിക്കൊണ്ട്, ആ കർഷകന്റെ ചളി നിറഞ്ഞ കാലുകൾ ദ്രുതഗതിയിൽ ചലിക്കാൻ തുടങ്ങി.









