തന്റെ വീടിന്റെ തകർന്ന ചുവരുകളിലേക്ക് വെറുതെ നോക്കിനില്‍ക്കുകയാണ് ദേബാശിഷ് മണ്ടൽ. 35 വർഷം മുമ്പ് താൻ ജനിച്ച വീട്ടിൽ അവശേഷിച്ചത് തകർന്ന ഇഷ്ടികകളും സിമന്റ് കഷ്ണങ്ങളും തകർന്ന മേൽക്കൂരയും മാത്രമാണ്.
അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന വടക്കൻ കൊൽക്കത്തയിലെ തല്ലാ പാലത്തിനടിയിൽ അദ്ദേഹം താമസിച്ചിരുന്ന കോളനി നവംബർ 11-ന് തകർന്നടിഞ്ഞു. പ്രാദേശിക മുനിസിപ്പൽ അധികാരികളും പൊതുമരാമത്തുവകുപ്പിലെ (പിഡബ്ല്യുഡി) ഉദ്യോഗസ്ഥരും ഒരുസംഘം പോലീസുകാരും അന്ന് രാവിലെ 10:30 ഓടെ എത്തി. കോളനി പൊളിക്കുന്നതിനായി അവർ തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. രണ്ടുദിവസത്തിനുശേഷം ചില സിമൻറ് ഭാഗങ്ങൾ പൊളിക്കാനായി ബുൾഡോസറുകളും. ചേരി ഇടിച്ചുനിരപ്പാക്കാന്‍ ഏകദേശം ഒരാഴ്ചയെടുത്തു. പാതി പൊളിച്ച രണ്ട് വീടുകൾ ഇപ്പോഴും ഇവിടെ ബാക്കിയുണ്ട്, ദിവസക്കൂലിക്കാർ അവശിഷ്ടങ്ങൾ നീക്കി നിലംനിരപ്പാക്കുന്നത് ഡിസംബറിലും തുടർന്നു.
ബി.ടി റോഡിലെ നസ്‌റുൽ പള്ളി പാതയിലാണ് തല്ലാ പാലം സ്ഥിതി ചെയ്യുന്നത്. പിഡബ്ല്യുഡിയുടെ ഭൂമിയിൽ നിർമിച്ച കോളനിക്ക് 70 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ചേരി നിവാസികൾ കണക്കാക്കുന്നു.
"അത് ഒരു മിന്നൽപ്പിണർപോലെയായിരുന്നു!" മാസത്തില്‍ 9,000 രൂപ സമ്പാദിക്കുന്ന, ഒരു ആംബുലൻസ് ഡ്രൈവറായ ദേബാശിഷ് പറയുന്നു. അച്ഛൻ ജനിച്ച ഓലമേഞ്ഞ കുടിലിനുപകരം ഒരു സ്ഥിരം വീട് പണിയാൻ നാട്ടിലെ പണമിടപാടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി 1.5 ലക്ഷം രൂപ അദ്ദേഹം കടം വാങ്ങിയിരുന്നു. സുന്ദർബൻ മേഖലയുടെ ഭാഗമായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി II ബ്ലോക്കിലെ ദൗദ്പൂർ ഗ്രാമത്തിൽനിന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് അദ്ദേഹത്തിന്റെ പൂർവ്വികര്‍ ജോലിതേടിയാണ് കൊൽക്കത്തയിൽ എത്തിയത്.
ദേബാശിഷ് നിര്‍മ്മിച്ച വീട് തകര്‍ക്കപ്പെട്ടു, വീട് നിര്‍മ്മിക്കാൻ അദ്ദേഹം എടുത്ത ഉയര്‍ന്ന പലിശക്കുള്ള കടത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും അവശേഷിക്കുന്നു.
പാലത്തിന്റെ അറ്റക്കുറ്റപ്പണികളെക്കുറിച്ച് പിഡബ്ല്യുഡിയും മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരും വാക്കാൽ അറിയിച്ചതിനെത്തുടർന്നാണ് സെപ്റ്റംബർ 24-ന് തല്ലാ കോളനി നിവാസികളുടെ ദുരിതം തുടങ്ങിയത്. തങ്ങളുടെ കുറച്ച് വസ്തുവകകളുമായി പോകേണ്ടിവരുമെന്നും, അറ്റകുറ്റപ്പണികൾ പൂർത്തിയാകുമ്പോൾ മടങ്ങിവരാമെന്നുമാണ് അധികൃതര്‍ അവരെ അറിയിച്ചിരുന്നത്. സെപ്റ്റ,ബർ 25-ന് വൈകുന്നേരം, 60 കുടുംബങ്ങളെ അടുത്തുള്ള രണ്ട് താത്ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി - ഒന്ന് റെയിൽവേ ഭൂമിയിലും മറ്റൊന്ന് സംസ്ഥാന ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കനാലിന് സമീപവും.
ഇടുങ്ങിയ റോഡിന്റെ എതിർവശത്തുള്ള തല്ലാ ചേരിയുടെ അനുബന്ധ ഭാഗത്ത്, 10 കുടുംബങ്ങൾകൂടി സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നു. ഈ 10 കുടുംബങ്ങളിൽ പരുൾ കരണിന്റെ കുടുംബവും ഉൾപ്പെടുന്നു. അവര്‍ ഒരു വീട്ടുജോലിക്കാരിയായിരുന്നു, ഇപ്പോൾ ഏകദേശം 70 വയസ്സ്. പാലത്തിലേക്ക് വിരൽചൂണ്ടി അവര്‍ പറയുന്നു, “ഇത് ആദ്യം മരംകൊണ്ടാണ് നിർമ്മിച്ചത്. വർഷങ്ങൾക്കുമുമ്പ് ഒരു ഡബിൾ ഡക്കർ ബസ് അവിടെനിന്ന് വീണു. മരപ്പാലം കോൺക്രീറ്റാക്കി മാറ്റിയപ്പോൾ ആരെയും ഒഴിപ്പിച്ചില്ല. പരുൾ വിധവയും പ്രമേഹരോഗിയുമാണ്; വീട്ടുജോലിക്കാരിയായ അവരുടെ മകളുടെ വരുമാനംകൊണ്ടാണ് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
കരണിന്റെ കുടുംബം ഏകദേശം 50 വർഷംമുമ്പാണ് കൊൽക്കത്തയിലെത്തിയത്, ദൗദ്പൂർ ഗ്രാമത്തിൽനിന്ന്. “സുന്ദർബനിലെ പാമ്പുകളുടെയും തവളകളുടെയും ഇടയിൽ ചെളിയിലും വെള്ളത്തിലും അതിജീവിക്കുക എളുപ്പമായിരുന്നില്ല. ഞങ്ങൾ ഗ്രാമത്തിൽനിന്ന് വരുമ്പോൾ, ഈ സ്ഥലം കുറ്റിച്ചെടികളും കളകളും നിറഞ്ഞതായിരുന്നു, ഗുണ്ടകളും ദുഷ്ടന്മാരും പതിവായിരുന്നു,” പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് അവൾ പറയുന്നു. "ബാബുവിന്റെ സ്ഥലത്ത് ജോലി കഴിഞ്ഞ് ഞങ്ങൾ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങണം."
കറുത്ത ടാർപോളിൻ ഷീറ്റുകൾകൊണ്ട് പൊതിഞ്ഞ്, നീണ്ട മുളകളുപയോഗിച്ച് മുനിസിപ്പൽ കോർപ്പറേഷൻ പണിത താത്ക്കാലിക ഷെഡ്ഡുകളിലേക്കാണ് പരുളിന്റെ അയൽവാസികൾ മാറിയത്. ഓരോ കുടിലും 100 ചതുരശ്രയടി വീതമുള്ള മുറികളായി തിരിച്ചിരിക്കുന്നു. വൈകുന്നേരം അഞ്ചുമണിമുതൽ കാലത്ത് അഞ്ചുമണിവരെ മാത്രമേ വൈദ്യുതി ലഭിക്കൂ. പകൽസമയം കറുത്ത ടാർപോളിൻ കാരണം മുറികൾക്കുള്ളിൽ ഇരുട്ടാണ്. നവംബർ 9-ന് ബുൾബുൾ ചുഴലിക്കാറ്റിൽ വെള്ളപ്പൊക്കമുണ്ടായ താഴ്ന്ന പ്രദേശത്താണ് റെയിൽവേ യാർഡിലെ ക്യാമ്പ്.
ചുഴലിക്കാറ്റ് വന്ന ദിവസം ഇവിടം പൂർണമായും വെള്ളത്തിനടിയിലായി,' സമീപത്തെ സർക്കാർ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 10 വയസ്സുകാരി ശ്രേയ മണ്ടൽ പറയുന്നു. ഞാൻ ക്യാമ്പ് സന്ദർശിച്ചപ്പോൾ, റെയിൽവേ യാർഡിന് സമീപത്തുള്ള പറമ്പില്‍ അവളും ബസ്തിയിലെ ഏതാനും കുട്ടികളും കളിക്കുകയായിരുന്നു. "ഞങ്ങളുടെ മുറികളിൽ മുട്ടോളം വെള്ളമുണ്ടായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ പുസ്തകങ്ങൾ സംരക്ഷിക്കാനായത്. കുടിലുകള്‍ പൊളിക്കുന്നതിനിടയിൽ ഞങ്ങളുടെ കുറേ കളിപ്പാട്ടങ്ങൾ, കയര്‍ചാട്ട കയറുകളും പാവകളും നഷ്ടപ്പെട്ടു..."
പാലത്തിനടിയിലെ ബസ്തിയിൽ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കുകളാണ് രണ്ട് ക്യാമ്പുകളിലെയും ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്നത്. റയിൽവേ യാർഡ് ക്യാമ്പിനേക്കാൾ തല്ലാ പാലത്തിൽനിന്ന് കൂടുതൽ അകലെ സ്ഥിതി ചെയ്യുന്ന കനാലിലെ താത്ക്കാലിക ക്യാമ്പിൽ താമസിക്കുന്ന ആൾക്കാർ, പൈസ കൊടുത്ത് ഉപയോഗിക്കാവുന്ന കക്കൂസിനെയാണ് ആശ്രയിക്കുന്നത്. അതാണെങ്കില്‍ രാത്രി 8 മണിക്ക് അടയ്ക്കുകയും ചെയ്യും. അതിനുശേഷം, പൊളിച്ച പാലത്തിനടിയിലെ ബസ്തിയിലുള്ള കക്കൂസിലേക്ക് പോകേണ്ടിവരികയും ചെയ്യും. രാത്രിയിൽ ഇത് തീരെ സുരക്ഷിതമല്ലെന്ന് സ്ത്രീകൾ പരാതിപ്പെടുന്നു.
കനാലിനടുത്ത്, ഞാന്‍ 32 കാരിയായ നീലം മെഹ്തയെ കണ്ടുമുട്ടി. അവരുടെ ഭര്‍ത്താവ് ബിഹാറിലെ ജമുയി ജില്ലയിലെ ഒരു ഗ്രാമത്തില്‍നിന്ന് കൊൽക്കൊത്തയിലേക്ക് വന്നതാണ്. സത്തു എന്ന പയര്‍ മാവ് വില്‍ക്കുന്ന ഒരു തെരുവുകച്ചവടക്കാരനാണ് അദ്ദേഹം. നീലം വീട്ടുവേലക്കാരിയും. “ഞങ്ങള്‍ എവിടെ പോകും?” അവര്‍ ചോദിക്കുന്നു. “ഞങ്ങള്‍ എങ്ങനെയൊക്കെയോ അതിജീവിക്കുകയാണ്.കുറേ വര്‍ഷങ്ങളായി ഞങ്ങൾ ഇവിടെയാണ്. എന്റെ മകള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. എന്റെ മകനും പഠിക്കുകയാണ്. പറയൂ, ഈ സാഹചര്യത്തിൽ ഞങ്ങള്‍ എങ്ങനെ അതിജീവിക്കും?”
കനാല്‍ ക്യാമ്പിന് സമീപം കക്കൂസ് നിര്‍മ്മിക്കുമെന്ന് അധികൃതർ ഉറപ്പു നല്‍കിയതാണെന്ന് അവര്‍ പറയുന്നു. അതുവരെ, അവര്‍ക്ക് പൊതുകക്കൂസിലേക്കുള്ള ഓരോ തവണ പോവുന്നതിനും 2 രൂപ ചിലവാക്കണം. “ശൗചാലയത്തിനുള്ള ഈ പണം ഞങ്ങള്‍ക്ക് എങ്ങനെ താങ്ങാനാവും? സ്ത്രീകളും പെണ്‍കുട്ടികളും രാത്രിയിൽ എവിടെ പോവും? എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?” അവര്‍ ചോദിക്കുന്നു.
അവരുടെ 15 വയസ്സുള്ള മകൾ നേഹ, താത്ക്കാലിക ക്യാമ്പിലെ റൂമിന്റെ തറയിൽ അമ്മയുടെ അരികിലായി ഇരുന്ന് പഠിക്കുന്നു. "ഇങ്ങനെ പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്," അവൾ പറയുന്നു, "പകൽ മുഴുവൻ കറന്റ് ഇല്ല. ഞങ്ങൾ എങ്ങനെ പഠനം പൂർത്തിയാക്കും?"
അഭയകേന്ദ്രത്തിലേക്കുള്ള വഴിയില്‍ ഒരു ദുർഗാദേവി ക്ഷേത്രമുണ്ട്. ഇപ്പോള്‍ റെയില്‍വേ യാര്‍ഡിലുള്ള താത്ക്കാലിക ക്യാമ്പില്‍ കഴിയുന്ന 80-കാരിയായ ധീരന്‍ മോണ്ടലാണ് ഇവിടെ സായാഹ്ന പ്രാര്‍ത്ഥനകൾ നടത്തുന്നത്, "50 വര്‍ഷത്തിലധികമായി ഞാൻ ഇവിടെയാണ് താമസിക്കുന്നത്. ഇവിടെ ജോലി കണ്ടെത്താനായി എല്ലാം ഉപേക്ഷിച്ച് വരേണ്ടിവന്നു ഞങ്ങള്‍ക്ക്. ഞങ്ങളുടെ ഗ്രാമത്തെ നദി വിഴുങ്ങി." പകൽസമയത്ത് കൈവണ്ടികൾ വലിച്ചുകൊണ്ട് മോണ്ടൽ തല്ലാ ബസ്തിയിലെ മുളകൊണ്ട് നിർമ്മിച്ച വീട്ടിൽ തന്റെ മൂന്ന് കുട്ടികളെ വളർത്തി. പിന്നീട് അവരാ വീടിനെ ഒരു കോൺക്രീറ്റ് വീടാക്കി മാറ്റിയെടുത്തു.
“വീടു പണിയാന്‍ അനുമതി വാങ്ങിയിരുന്നോ എന്നാണ് മുന്‍സിപ്പിൽ കൗണ്‍സിലർ ചോദിക്കുന്നത്!”. അദ്ദേഹം പറഞ്ഞു. 50 വര്‍ഷത്തിലേറെയായി ഞങ്ങളിവിടെ താമസക്കാരാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ശരിയായ ബദല്‍ സംവിധാനമില്ലാതെ ഇതെല്ലാം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് എങ്ങനെ ആവശ്യപ്പെടാനാകും. ഇങ്ങനെയുള്ളവരെ എങ്ങനെയാണ് അദ്ദേഹത്തിന് പുറത്താക്കാനാവുക. പറയൂ, ഞങ്ങള്‍ എവിടെ പോകണം?”
സെപ്റ്റംബർര്‍ 25-ന് പോലീസ് സംഘം വന്ന് താമസക്കാരോട് സ്ഥലം മാറിപോകാൻ ആവശ്യപ്പെട്ടു. "അവര്‍ എന്റെ അമ്മായിയമ്മയെ ചീത്ത വിളിക്കാൻ തുടങ്ങി, എന്റെ അളിയനെ കുപ്പായത്തിന്റെ കോളറില്‍ പിടിച്ച് വലിച്ചിഴച്ചു, ഞാന്‍ അവരെ തടയാൻ ചെന്നപ്പോൾ എന്നെ ഉന്തുകയും തള്ളുകയും ചെയ്തു, ഞാന്‍ ഗര്‍ഭിണിയായിരുന്നു, അതൊന്നും അവര്‍ പരിഗണിച്ചില്ല. സ്ത്രീകളെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, അവിടെ ഒരൊറ്റ വനിതാ പോലീസുകാരിപോലും ഇല്ലായിരുന്നു. അവര്‍ മോശമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്", 22കാരിയായ തുമ്പ മോണ്ടല്‍ ആരോപിക്കുന്നു.
(അതേസമയം. തല്ലാ ബസ്തിയില്‍നിന്ന് 2.5 കിലോമീറ്റർ അകലെയുള്ള ചിത്പൂർ പോലീസ് സ്റ്റേഷനിലെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ അയാൻ ഗൊസ്വാമി ഈ റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍, ബസ്തി നിവാസികൾക്കുനേരെ ബലപ്രയോഗമുണ്ടായെന്ന ആരോപണം നിഷേധിച്ചു. ബസ്തിയിലെ താമസക്കാരോട് തനിക്ക് അനുകമ്പയാണെന്നും പാലം അപകടാവസ്ഥയിലാണെന്ന് അധികാരപ്പെട്ട വിദഗ്ദ്ധർ പ്രഖ്യാപിച്ചതിനാലാണ് കുടിയൊഴിപ്പിക്കൽ വേണ്ടിവന്നതെന്നും, അല്ലാത്തപക്ഷം പാലത്തിന്റെ ഏതെങ്കിലും ഭാഗം തകർന്നുവീണാല്‍ ആദ്യം ജീവൻ നഷ്ടപ്പെടുന്നത് ചേരിനിവാസികൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.)
തൃണമൂല്‍ കോണ്‍ഗ്രസിൽനിന്നുള്ള പ്രാദേശിക കൗണ്‍സിലർ തരുൺ സാഹ എന്നോട് ഫോണിലൂടെ പ്രതികരിച്ചത്, “അവര്‍ കൈയ്യേറ്റക്കാരാണ്, അവര്‍ക്കവിടെ താമസിക്കാൻ നിയമപരമായ അവകാശമില്ല. അവര്‍ ചെറ്റക്കുടിലുകളിലാണ് താമസിച്ചിരുന്നത്. ഞങ്ങള്‍ മനുഷ്യത്വപരമായ കാരണങ്ങളാൽ തല്ലാ ചേരിയിൽ വെള്ളവും ശുചീകരണസൗകര്യങ്ങളും ഒരുക്കികൊടുത്തു. ഒടുവില്‍ അവർ കുടിലുകളെ പക്കാ വീടുകളാക്കി മാറ്റി.” എന്നാണ്. പാലം അപകടാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” അതിനെ അടിയന്തിരമായി പുനര്‍നിര്‍മിക്കേണ്ടതുണ്ട്, അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കിൽ അപകടം സംഭവിച്ചേക്കാം, അതിനാല്‍ അവരെ മാറ്റേണ്ടതുണ്ട്.”
തല്ലാ കുടുംബങ്ങളുടെ സ്ഥിരമായ പുനരധിവാസത്തെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സാഹ പറയുന്നു. “ഇപ്പോൾ, ഞങ്ങൾ അവരെ താത്ക്കാലിക ക്യാമ്പുകളില്‍ താമസിക്കാൻ അനുവദിക്കുന്നു. ഭാവിയിൽ ഈ ക്യാമ്പുകള്‍ തകര മേൽക്കൂരകൊണ്ട് മറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ കോൺക്രീറ്റ് മേല്‍ക്കൂരകൾ ഞങ്ങൾ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. "മറ്റ് സ്ഥലങ്ങളിൽ വീടുള്ളവരാണ് ഇവർ" അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഗ്രാമങ്ങളിലുള്ള അവരുടെ വീടുകളേയും, സമീപപ്രദേശത്ത് അവരിൽ ചിലർ വാങ്ങിയ ഭൂമിയേയുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. “ജോലി ചെയ്യാനുള്ള സൌകര്യത്തിനാണ് അവർ ഈ സ്ഥലം കയ്യേറിയിരിക്കുന്നത്. വളരെക്കാലമായി അവരിവിടെയുണ്ട്. വീട്ടുകാരെ ഓരോരുത്തരെയായി കൊണ്ടുവരികയാണ് അവർ ഇവിടേക്ക്. അവരിൽ പലരും ഇപ്പോൾ സുഖമായി ജീവിക്കുന്നു.”
"പാവപ്പെട്ടവർ എല്ലായ്‌പ്പോഴും സർക്കാർ ഭൂമിയിലാണ് താമസിച്ചിരുന്നത്, അല്ലാത്തപക്ഷം ഞങ്ങൾ എവിടെ താമസിക്കും?" ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 23 വയസ്സുള്ള വീട്ടമ്മയായ ലഖി ദാസ് ചോദിക്കുന്നു, രണ്ട് പെൺമക്കൾക്കൊപ്പം അവരും തല്ലാ ചേരിയിൽനിന്ന് പുറത്താക്കപ്പെട്ടു. "ഞങ്ങൾ പാവങ്ങളാണ്. അധ്വാനിച്ചാണ് സമ്പാദിക്കുന്നത്," ലഖി കൂട്ടിച്ചേർക്കുന്നു, "എന്റെ പെൺമക്കൾക്കുവേണ്ടി മാത്രമാണ് ഞാൻ എല്ലാ ബുദ്ധിമുട്ടുകളും നേരിടുന്നത്."
പാലത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞശേഷം തിരികെ പോകാൻ അനുവദിക്കുമെന്ന് കൗൺസിലർ രേഖാമൂലം ഉറപ്പ് നൽകണമെന്നാണ് ചേരിനിവാസികളുടെ ആവശ്യം. അത്തരത്തിലുള്ള ഒരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല.
കുടിയൊഴിപ്പിക്കലിനെതിരെ ചെറുത്തുനില്‍പ്പിന്റെ ചെറിയ പ്രവര്‍ത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് വീടുകൾ വിട്ടൊഴിയേണ്ടിവന്ന സെപ്റ്റംബർ 25-ന് രാത്രി പത്തുമണിക്ക് തല്ലാ കോളനി നിവാസികള്‍ പാലം ഒരു മണിക്കൂർ നേരത്തേക്ക് തടഞ്ഞു. നവംബര്‍ 11-ന് അവര്‍ ഒരു റാലി നടത്തി. നവംബര്‍ 18ന്, ശുചിമുറി സൗകര്യം ഒരുക്കുക, പതിവായി വൈദ്യുതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ്തിവാസി ശ്രംജീവി അധികാര്‍ രക്ഷാ കമ്മിറ്റിയുടെ കീഴിൽ പൊതുയോഗം സംഘടിപ്പിച്ചു. കൂടാതെ, ഓരോ കുടുംബത്തിന്റെയും ചെലവ് കുറയ്ക്കുന്നതിനായി ഒരു സമൂഹ അടുക്കള നിർമ്മിക്കാനും ഇവർ ആലോചിക്കുന്നു.
നവംബര്‍ 25-ന്, കുടിയൊഴിപ്പിക്കപ്പെട്ട തെരുവുകച്ചവടക്കാരനായ രാജാ ഹസ്ര കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി കൊൽക്കൊത്ത ഹൈക്കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. സ്ഥായിയായ പുനരധിവാസമാണ് അവരുടെ പ്രധാന ആവശ്യം. പൊളിച്ചുമാറ്റിയ ചേരിയിൽനിന്ന് (അവരുടെ ജോലിസ്ഥലങ്ങള്‍ക്കും സ്കൂളുകള്‍ക്കും അടുത്തായിരുന്നു ഇത്) വളരെ അകലെയല്ലാത്ത ഒരു സ്ഥലത്ത് സ്ഥിരമായ പുനരധിവാസം, അടിസ്ഥാനസൌകര്യങ്ങളായ വൈദ്യുതി, വെള്ളം ശുചീകരണസൗകര്യങ്ങൾ എന്നിവയാണ് ഹരജിയിലെ ആവശ്യങ്ങള്‍.
താത്ക്കാലിക ക്യാമ്പില്‍, തിരിച്ചെത്തിയ സുലേഖ മോണ്ടൽ മണ്ണടുപ്പ് കത്തിച്ചു. ഉച്ചക്കുശേഷം രണ്ടരമണിയായിരുന്നു സമയം. അടുത്തുള്ള വീടുകളിലെ ജോലികള്‍ കഴിഞ്ഞ് തിരിച്ചെത്തിയതെയുള്ളു അവർ. വൈകുന്നേരം വീണ്ടും ജോലിക്കായി ആ വീടുകളിലേക്ക് അവർ മടങ്ങും. അടുപ്പിൽവെച്ച ചട്ടിയിൽ വഴുതനയും ഉരുളക്കിഴങ്ങും കോളിഫ്ലവറും ഇളക്കിക്കൊണ്ട് അവർ പറയുന്നു, "കൗൺസിലർ ഞങ്ങളോട് ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാനാണ് പറയുന്നത്! നാല് തലമുറകൾക്കുമുമ്പ് ഞങ്ങൾ ദൗദ്പൂർ വിട്ടു. ഇപ്പോൾ ഞങ്ങളോട് മടങ്ങാൻ പറയുന്നു? സുന്ദർബനിലെ അവസ്ഥ എല്ലാവർക്കും അറിയാം. അല്ലറചില്ലറ വസ്തുവകകൾ മാത്രം കൈവശമുണ്ടായിരുന്ന നിരവധി ആളുകൾക്ക്, ഐല ചുഴലിക്കാറ്റിൽ അതുപോലും നഷ്ടമായി. ഞങ്ങൾ ആരെയും ഉപദ്രവിക്കുന്നില്ല, പാലം നന്നാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ സർക്കാർ ഞങ്ങളെ പുനരധിവസിപ്പിക്കണം.”
സൗമ്യ, രായ, ഔർക്കോ എന്നിവരുടെ സഹായത്തിന് റിപ്പോർട്ടർ നന്ദി രേഖപ്പെടുത്തുന്നു.
പരിഭാഷ: സിദ്ധിഖ് കാപ്പൻ