1947-ലെ രക്തരൂഷിതമായ വിഭജനത്തിലൂടെ ഒന്നായിരുന്ന ഒരു രാജ്യത്തെ ഇരുരാജ്യങ്ങളാക്കി മാറ്റിയ റാഡ്‌ക്ലിഫ് രേഖ, പഞ്ചാബിനെയും രണ്ടാക്കി വേർപെടുത്തിയിരുന്നു. അതിർത്തി കമ്മീഷനുകളുടെ ചെയർമാനായിരുന്ന ബ്രിട്ടീഷ് അഭിഭാഷകൻ റാഡ്‌ക്ലിഫിന്റെ പേരിലുള്ള ഈ രേഖ, ഭൂവിഭാഗത്തോടൊപ്പം, പഞ്ചാബി ഭാഷയുടെ ഈ രണ്ട് ലിപികളേയും വിഭജിക്കുകയാണ് ചെയ്തത്. “പഞ്ചാബി ഭാഷയുടെ സാഹിത്യത്തെയും രണ്ട് ലിപികളേയും ഈ വിഭജനം രണ്ടായി കീറി”, ലുധിയാന ജില്ലയിലെ പായൽ തെഹ്സിലിലെ കത്താരി ഗ്രാമത്തിലെ കിർപാൽ സിംഗ് പന്നു പറഞ്ഞു.
വിഭജനത്തിന്റെ ഈ മുറിവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മരുന്ന് പുരട്ടുകയാണ് പന്നു എന്ന 90 വയസ്സുള്ള മുൻ പട്ടാളക്കാരൻ. അതിർത്തി രക്ഷാസേനയിൽനിന്ന് (ബി.എസ്.എഫ്) വിരമിച്ച ഈ ഡെപ്യൂട്ടി കമൻഡാന്റ് ഗുരു ഗ്രന്ഥ് സാഹിബ്, മഹാൻ കോശ് (പഞ്ചാബി ഭാഷയിലെ ഏറ്റവും ആദരണീയമായ നിഘണ്ടു) തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളും ലിഖിതങ്ങളും ഗുർമുഖിയിൽനിന്ന് ഷഹ്മുഖിയിലേക്കും ഷഹ്മുഖിയിൽനിന്ന് ഗുരുമുഖിയിലേക്കും ലിപ്യന്തരണം ചെയ്തിട്ടുണ്ട്.
ഉറുദുവിനെപ്പോലെ വലത്തുനിന്ന് ഇടത്തേക്ക് എഴുതുന്ന ഷഹ്മുഖി, 1947-നുശേഷം ഇന്ത്യയിലെ പഞ്ചാബിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല. 1995-1996-ൽ, ഗുരു ഗ്രന്ഥ് സാഹിബിനെ ഗുരുമുഖിയിലേക്കും തിരിച്ചും ലിപ്യന്തരണം ചെയ്യാൻ കഴിയുന്ന ഒരു കംപ്യൂട്ടർ പ്രോഗ്രാം പന്നു വികസിപ്പിച്ചെടുത്തു.
ഉറുദു ഭാഷ സംസാരിക്കുന്ന, വിഭജനപൂർവ്വ ജനതയ്ക്ക് ഷഹ്മുഖി ലിപിയിലെഴുതിയ പഞ്ചാബിയും വായിക്കാൻ സാധിക്കും. പാക്കിസ്ഥാന്റെ രൂപീകരണത്തിനുമുമ്പ്, മിക്ക സാഹിത്യകൃതികളും ഔദ്യോഗിക കോടതി രേഖകളും ഷഹ്മുഖിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. പഴയ അവിഭാജിത പ്രവിശ്യയിലെ കിസ എന്ന പരമ്പരാഗത കഥപറച്ചിൽ കലാരൂപം പോലും ഷഹ്മുഖിയിൽ മാത്രമായിരുന്നു.
ഇടത്തുനിന്ന് വലത്തേക്കെഴുതുന്ന ഗുരുമുഖിയാകട്ടെ, ദേവനാഗരി ലിപിയോട് ഏകദേശ സാമ്യമുള്ളതാണ്. പാക്കിസ്ഥാനിലെ പഞ്ചാബിൽ പക്ഷേ അത് ഉപയോഗിക്കുന്നില്ല. അതുമൂലം, പഞ്ചാബി ഭാഷ സംസാരിക്കുന്ന അനന്തരതലമുറ ഗുരുമുഖി വായിക്കാൻ കഴിയാതെ ആ സാഹിത്യത്തിൽനിന്ന് ബഹിഷ്കൃതരായി. അവിഭാജിത പഞ്ചാബിലെ മഹത്തായ സാഹിത്യകൃതികളെ ഷഹ്മുഖിയിൽ മാത്രമേ അവർക്ക് വായിക്കാൻ കഴിഞ്ഞിരുന്നുള്ളു.













