സംസാരിക്കുമ്പോൾപോലും മുഹമ്മദ് അസ്ഗറിന്റെ കൈകൾ യന്ത്രത്തിന്റെ കൃത്യതയോടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
"അല്പനിമിഷത്തേക്ക് എന്റെ കൈകൾ ജോലി നിർത്തിയാൽപ്പോലും ഇതുവരെ ചെയ്തതെല്ലാം വെറുതെയാകും," മൂന്ന് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു കരവിരുത് ചെയ്തുവരുന്ന ആ 40 വയസ്സുകാരൻ പറയുന്നു.
ഒരു പതിറ്റാണ്ടോളമായി, ചാപ്പ കാരിഗാർ (കൈകൊണ്ട് ബ്ലോക്ക് പ്രിന്റിംഗ് ചെയ്യുന്ന കൈപ്പണിക്കാരൻ) ആയി ജോലി ചെയ്യുകയാണ് അസ്ഗർ. തടിയിൽ തീർത്ത ബ്ലോക്കുകൾ ചായത്തിൽ മുക്കി വസ്ത്രത്തിൽ ഡിസൈനുകൾ പതിപ്പിക്കുന്ന മറ്റ് ബ്ലോക്ക് പ്രിന്റിംഗ് കൈപ്പണിക്കാരിൽനിന്ന് വ്യത്യസ്തമായി, വളരെയധികം നേർത്ത ഒരു അലുമിനിയം പാളി ഉപയോഗിച്ചാണ് അസ്ഗർ പൂവുകളുടെയും മറ്റ് ഡിസൈനുകളുടെയും ലോഹത്തിൽ തീർത്ത മാതൃകകൾ വസ്ത്രത്തിൽ പതിപ്പിക്കുന്നത്.
സാരികൾ, ശരാരകൾ, ലെഹങ്കകൾ എന്നിങ്ങനെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ തബക് എന്നറിയപ്പെടുന്ന ഈ നേർത്ത അലുമിനിയം പാളി പതിപ്പിക്കുന്നതോടെ, അവയ്ക്ക് പൊലിമയും തിളക്കവും ലഭിക്കുന്നു. സാധാരണ വസ്ത്രങ്ങൾക്ക് ആഘോഷഛായ പകരാൻ സഹായിക്കുന്ന, സങ്കീർണ്ണമായ ഡിസൈനുകൾ കൊത്തിയ ഡസൻ കണക്കിന് തടി അച്ചുകൾ അസ്ഗറിന്റെ പുറകിലുള്ള അലമാരയിൽ കാണാനാകും.













