“ഇതാ നിങ്ങൾക്കുള്ള സമ്മാനം”, എന്ന് പറഞ്ഞുകൊണ്ട് പ്രാദേശിക ‘ഗുണഭോക്തൃ കമ്മിറ്റി’യിലെ അംഗമായ ബെഹാരി ലക്ര, തെരേസ ലക്രയുടെ കൈയ്യിലേക്ക്, 5,000 രൂപ വെച്ചുകൊടുത്തു. ഗുംല ജില്ലയിലെ തെത്ര ഗ്രാമപഞ്ചായത്തിലെ സർപാഞ്ചായിരുന്നു തെരേസ. ‘സമ്മാനം’ പണമായിരുന്നുവെന്ന് തെരേസയ്ക്ക് അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ അവർക്കത് കിട്ടിയതുമില്ല. കാരണം, അതേ തൊട്ടടുത്ത നിമിഷം, റാഞ്ചിയിൽനിന്നുള്ള അഴിമതി വിരുദ്ധ ബ്യൂറോയിൽനിന്നുള്ള (എ.സി.ബി) സംഘം സർപാഞ്ചിനെ വളഞ്ഞ്, അവരെ അറസ്റ്റ് ചെയ്തു. 1988-ലെ അഴിമതി തടയൽ നിയമമനുസരിച്ച്, ‘അനധികൃതമായി പ്രതിഫലം’ കൈപ്പറ്റിയതിനായിരുന്നു അറസ്റ്റ്.
ആ പ്രവൃത്തി, ഒറാവോൺ ഗോത്രക്കാരിയായ 48 വയസ്സുള്ള തെരേസയെ തകർത്തുകളയുകയും, അവരുടെ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജാർഘണ്ടിലെ ബസിയ ബ്ലോക്കിലെ 80,000 ആളുകളെ ഞെട്ടിക്കുകയും ചെയ്തു. കേവലം 5,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേൽ അവരെ അറസ്റ്റ് ചെയ്യാൻ റാഞ്ചിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്തേക്ക് – ഒരു എസ്.യു.വി.യിൽ ആ ദൂരം യാത്ര ചെയ്യാൻ ഞാൻ രണ്ട് മണിക്കൂറെടുത്തു – എ,സി.ബി. സംഘം എത്തി എന്നത് അസാധാരണ നടപടിയായി ആർക്കും തോന്നിയതുമില്ല. അവരെ ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കിയപ്പോൾ ജഡ്ജി അത് പരാമർശിക്കുകയും ചെയ്തു. എ.സി.ബി. ടീമിന് അവിടെ വന്ന്, തിരിച്ചുപോകാൻ അഞ്ച് മണിക്കൂർ വേണ്ടിവന്നിട്ടുണ്ടാവും. മറ്റ് ചിലവുകൾ കണക്കാക്കിയില്ലെങ്കിൽപ്പോലും വരുന്നതിനും തിരിച്ചുപോകുന്നതിനും ആ പണത്തിന്റെ പകുതി അവർക്ക് ചിലവാക്കേണ്ടിയും വന്നിട്ടുണ്ടാവണം.
മാത്രമല്ല, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങളെക്കൊണ്ട്, തെരേസയെ ആ പ്രത്യേകസ്ഥലത്തേക്ക് – ബസിയ ബ്ലോക്ക് പഞ്ചായത്തോഫീസിലേക്ക്-കൊണ്ടുവന്നതിലും ആർക്കും അതിശയം തോന്നിയില്ല. ആ പഞ്ചായത്തംഗങ്ങൾതന്നെയാണ് അവർക്കെതിരേ പിന്നീട് സാക്ഷി പറഞ്ഞതും. തീർന്നില്ല, അറസ്റ്റ് ചെയ്ത സംഘം, ബസിയ ബ്ലോക്ക് പഞ്ചായത്തോഫീസിന്റെ നേരെ എതിർവശത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോയില്ല എന്ന് തെരേസ പറയുന്നു. പകരം, “അവരെന്നെ 10-15 കിലോമീറ്റർ അകലെയുള്ള കംദാര ബ്ലോക്കിലെ പൊലീസ് സ്റ്റേഷനിലേക്ക് വണ്ടിയിൽ കൊണ്ടുപോവുകയി” എന്നാണ് തെരേസ വെളിപ്പെടുത്തിയത്.
ഈ സംഭവം നടക്കുന്നത് 2017 ജൂണിലാണ്.
അതിനൊരു കാരണമുണ്ടെന്നും 12-ആം ക്ലാസ് പാസ്സായ ആ സ്ത്രീ പറയുന്നു. “ബസിയ പൊലീസ് സ്റ്റേഷനിൽ എല്ലാവർക്കും എന്നെ പരിചയമുണ്ട്. ഞാനൊരു കുറ്റവാളിയല്ലെന്ന് അവർക്കെല്ലാവർക്കും അറിയാം”. പിന്നീട്, അവരുടെ കേസ് റാഞ്ചിയിലെ പ്രത്യേക കോടതിക്ക് മുമ്പാകെ എത്തി.
അടുത്ത രണ്ടുമാസവും 12 ദിവസവും ജയിലിൽ കഴിഞ്ഞതിനുശേഷമാണ് തെരേസ ലക്രയ്ക്ക് ജാമ്യം കിട്ടിയത്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ അവരെ സർപാഞ്ചിന്റെ പദവിയിൽനിന്ന് (ജാർഘണ്ടിൽ ‘മുഖിയ’ എന്നാണ് സർപാഞ്ചുകളെ വിശേഷിപ്പിക്കുന്നത്) താത്ക്കാലികമായി നീക്കം ചെയ്തു. അവരോട് അത്യാവശ്യമായി ബസിയ പഞ്ചായത്തോഫീസിലേക്ക് വരാൻ ഫോണിലൂടെ ആവശ്യപ്പെട്ട ഉപ സർപാഞ്ച് ഗോവിന്ദ ബരായ്ക്കിന് പഞ്ചായത്തിന്റെ അധികാരം കിട്ടുകയും ചെയ്തു.
തെരേസ ജയിലിൽ കിടക്കുന്ന കാലത്ത്, പഞ്ചായത്തിൽനിന്ന് ധാരാളം പാട്ടങ്ങൾക്കും കരാറുകൾക്കും ഒപ്പ് കിട്ടുകയും വിതരണം ചെയ്യുകയുമുണ്ടായി. ആ പാട്ടങ്ങളും കരാറുകളും എന്തെല്ലാം കാര്യങ്ങൾക്കായിരുന്നെന്ന് വ്യക്തമല്ല.
*****
ഈ നാടകവും അറസ്റ്റും തെരേസയേയും ഭർത്താവിനേയും രണ്ട് പെണ്മക്കളേയും വലിയ ദു:ഖത്തിലാഴ്ത്തി. “മൂത്ത മകൾ സരിത 25 വയസ്സായി, വിവാഹിതയാണ്”, തെരേസ ഞങ്ങളോട് പറഞ്ഞു. “12-ആം ക്ലാസ്സുവരെ അവൾ പഠിച്ചു”. ചെറിയ മകൾ ആഞ്ചലയ്ക്ക് 18 വയസ്സായി. അവർ 12-ആം ക്ലാസ്സിലാണ് പഠിക്കുന്നത്. കൂടുതൽ പഠിക്കാൻ ആഗ്രഹവുമുണ്ട്. തെരേസയുടെ ഭർത്താവ് രാജേഷ് ലക്ര മാത്രമാണ് കൊളേജിൽ പോയിട്ടുള്ള ഒരേയൊരു അംഗം. അദ്ദേഹത്തിന് ബി.കോം ബിരുദമുണ്ടെങ്കിലും, രാജേഷും തെരേസയും നഗരങ്ങളിലേക്ക് കുടിയേറുന്നില്ലെന്ന് തീരുമാനിച്ച്, തെത്രയിൽത്തന്നെ കൃഷി ചെയ്ത് ജീവിക്കുകയാണ്.
പദവിയിൽനിന്ന് മാറ്റിനിർത്തലും വിചാരണയുമൊക്കെ പീഡാനുഭവമായിരുന്നെങ്കിലും ആ ‘മുഖിയ’ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. “ഞാൻ തകർന്നിരുന്നു. വല്ലാത്ത സങ്കടവുമുണ്ടായിരുന്നു”, അവർ പറഞ്ഞു. എന്നാൽ ജയിലിൽനിന്ന് പുറത്തുവന്ന അവർ തന്നെ കുടുക്കിയവരോട് കണക്ക് തീർത്തു.
“നിയമവിരുദ്ധമായി എന്നെ നീക്കിയതിനെതിരേ ഞാൻ പൊരുതി”, തെത്ര ഗ്രാമത്തിൽവെച്ച് അവരെന്നോട് പറഞ്ഞു. തെത്ര എന്നുതന്നെയായിരുന്നു ഗ്രാമപഞ്ചായത്തിന്റെ പേരും. അവരെ പുറത്താക്കുന്ന സമയത്ത്, വിധി വന്നിരുന്നിലെന്ന് മാത്രമല്ല, കോടതി നടപടിപോലും ആരംഭിച്ചിരുന്നില്ല. തെരേസ തന്റെ യുദ്ധം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് (എസ്.ഇ.സി.) കൊണ്ടുപോയി, റാഞ്ചിയിലെ ഉദ്യോഗസ്ഥന്മാരെ വെല്ലുവിളിച്ചു.
“അടുത്ത ചില മാസങ്ങളിലായി ഞാൻ എസ്.ഇ.സി.യിലേക്കും മറ്റ് ഓഫീസുകളിലേക്കുമായി 12-14 തവണ യാത്ര ചെയ്തു. യാത്രയ്ക്കും മറ്റുമായി നല്ലൊരു സംഖ്യ ചിലവായി”, തെരേസ പറഞ്ഞു. എപ്പോഴത്തെയുംപോലെ വൈകിയിട്ടാണെങ്കിലും തെരേസയ്ക്ക് നീതി ലഭിച്ചു. ഒരു വർഷത്തിലും അല്പം കൂടുതലെടുത്തുവെങ്കിലും, മുഖിയ പദവിയിലേക്ക് അവരെ തിരിച്ചെടുക്കാനുള്ള വിധി സമ്പാദിച്ച് അവർ വിജയിച്ചു. താൻ ജയിലിലായിരുന്ന സമയത്ത് അധികാരം വിനിയോഗിച്ച ഉപ സർപാഞ്ചിനെ നിലയ്ക്കിരുത്താനും അവർക്ക് കഴിഞ്ഞു.
മഴകൊണ്ട് മാത്രം ജലസേചനം ചെയ്യുന്ന കേവലം അഞ്ചേക്കർ ഭൂമിയുള്ള കുടുംബത്തിനാണ് ഈ ചെലവുകളൊക്കെ വഹിക്കേണ്ടിവന്നത്. വർഷത്തിൽ അവരുടെ സമ്പാദ്യം 2 ലക്ഷം രൂപയിൽ കൂടാറില്ല. നെല്ലും, റാഗിയും, ഉഴുന്നും കൃഷി ചെയ്ത് വിൽക്കുകയും, നിലക്കടലയും, ചോളവും, ഉരുളക്കിഴങ്ങും, ഉള്ളിയും സ്വന്തം ആവശ്യത്തിനായി വിളവെടുക്കുകയും ചെയ്യുന്ന കുടുംബമാണ് തെരേസയുടേത്.
നിയമവിരുദ്ധമായി പദവിയിൽനിന്ന് പുറത്താക്കി ഒരുവർഷത്തിനുള്ളിൽ അവർ എസ്.ഇ.സി.യിൽനിന്ന് നേടിയെടുത്ത വിധി ഏതാണ്ട് ഒരു വിജയംതന്നെയായിരുന്നുവെന്ന് പറയാം.
“ബസിയയിലെ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ (ബി.ഡി.ഒ.) വിധിയിന്മേൽ പെട്ടെന്നുതന്നെ നടപടിയെടുത്തു. എസ്.ഇ.സി.യുടെ വിധി വന്ന് ഒരാഴ്ചയ്ക്കുള്ളിൽ മുഖിയ പദവിയിൽ ഞാൻ തിരിച്ചെത്തി”, ഒരു ചെറിയ പുഞ്ചിരിയോടെ അവർ പറഞ്ഞു അത് 2018 സെപ്റ്റംബറിലായിരുന്നു.
അട്ടിമറിയെ അതിജീവിച്ച അവർ അങ്ങിനെ മൊത്തം ഏഴുവർഷത്തോളം മുഖിയ എന്ന പദവിയിലിരുന്നു. അഞ്ച് വർഷത്തെ കാലാവധി അവസാനിക്കാറായപ്പോഴായിരുന്നു കോവിഡ് 19 വന്നത്. മഹാവ്യാധികാലത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളൊക്കെ നിർത്തിവെച്ചതിനാൽ, രണ്ടുവർഷംകൂടി തെത്ര ഗ്രാമപഞ്ചായത്തിലെ 5,000-ത്തിൽപ്പരം ആളുകളുടെ മുഖിയയായി അവർ ആ സ്ഥാനത്തിരുന്നു. ഒരുവർഷം രാഷ്ട്രീയമായ അനിശ്ചിതത്വത്തിലായിരുന്നിട്ടുകൂടി, മുഖിയയായി ഏഴുവർഷം പദവിയിലിരുന്ന ആളായി അങ്ങിനെ തെരേസ ഔദ്യോഗികരേഖകളിൽ ഇടംപിടിച്ചു.
പഞ്ചായത്തിലെ സോലംഗ്ബിര ഗ്രാമത്തിലെ ഒരു കുന്ന് ഇടിച്ചുനിരത്തി പാറക്കഷണങ്ങളാക്കാനുള്ള പട്ടയം കിട്ടുന്നതിന് 10 ലക്ഷം രൂപ ഒരു വലിയ കരാറുകാരൻ വാഗ്ദാനം ചെയ്തത് നിരസിച്ച ആളെന്ന നിലയിൽ പഞ്ചായത്തിൽ പ്രശസ്തയായിരുന്നു തെരേസ. അങ്ങിനെയുള്ള ആൾക്കാണ്, 5,000 രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ ജയിലിൽ കഴിയേണ്ടിവന്നത്.
*****
തെരേസയെ അറസ്റ്റ് ചെയ്ത രീതി നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ചിട്ടല്ലെങ്കിൽപ്പിന്നെ, എങ്ങിനെയാണ് കൈക്കൂലി കൊടുക്കുന്ന ആൾ പരസ്യമായി പണം ഏൽപ്പിക്കാൻ ധൈര്യപ്പെടുക? മറ്റൊരു സ്ഥലത്ത് തിരക്കിലായിരുന്ന സമയത്ത്, ഉപ സർപാഞ്ചടക്കമുള്ള പഞ്ചായത്തിലെ ചില സഹപ്രവർത്തകരിൽനിന്ന്, ബ്ലോക്ക് പഞ്ചായത്തോഫീസിലെത്താൻ അവർക്ക് നിരവധി ഫോൺ കോളുകൾ വന്നത് എന്തുകൊണ്ട്? ഇതൊക്കെയാണ് തെരേസ ചോദിക്കുന്നത്.
ആട്ടെ, ആ ‘കൈക്കൂലി’ എന്താവശ്യത്തിനായിരുന്നു?
“വളരെ മോശം അവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടി (ഗ്രാമത്തിലെ അമ്മമാർക്കും കുട്ടികൾക്കും പരിചരണം നൽകുന്ന കേന്ദ്രം) ഉണ്ടായിരുന്നു. അതിന് പൈസ വകയിരുത്തിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാനത് പുതുക്കിപ്പണിതു”, തെരേസ പറഞ്ഞു. മറ്റ് പല കാര്യങ്ങളിലുമെന്നപോലെ, അങ്കണവാടിയുടെ അറ്റകുറ്റപ്പണികൾ നടത്താനും ഒരു ‘ഗുണഭോക്തൃ കമ്മിറ്റി’ പ്രത്യക്ഷപ്പെട്ടു. “ബെഹാരി ലക്ര ആ കമ്മിറ്റിയിലെ ഒരംഗമായിരുന്നു. അറ്റകുറ്റപ്പണികൾ കഴിഞ്ഞതിനുശേഷം, 80,000 രൂപ ബാക്കിവന്നു. ബെഹാരി ലക്ര അത് തിരിച്ചേൽപ്പിക്കാൻ ബാധ്യസ്ഥനായിരുന്നു. അടിയന്തിരമായി ബസിയ ബ്ലോക്ക് പഞ്ചായത്തോഫീസിലെത്താൻ പറഞ്ഞ്, ഗോവിന്ദ് ബരായ്ക് എന്നെ വിളീച്ചുകൊണ്ടേയിരുന്നു. അങ്ങിനെയാണ് ഞാൻ അങ്ങോട്ട് പോയത്”.
തെത്ര ഗ്രാമപഞ്ചായത്തിൽവെച്ചാണ്, ബസിയ ബ്ലോക്ക് പഞ്ചായത്തോഫീസിൽവെച്ചല്ല തുക കൈമാറേണ്ടിയിരുന്നത്. മാത്രമല്ല, ബെഹാരി ലക്ര അവരുടെ സമീപത്തേക്കെത്തിയപ്പോൾ തെരേസ ഓഫീസിന്റെ അകത്തേക്ക് കയറിയിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് 5,000 രൂപ - വിരലടയാളം പതിയാൻ പാകത്തിലുള്ള കറൻസിനോട്ടുകളടങ്ങുന്ന രൂപ- കൈയ്യിലേൽപ്പിക്കുന്ന നാടകം അരങ്ങേറിയത്. അന്നാണ് തെരേസയുടെ കാളരാത്രി ആരംഭിച്ചതും,
ആ ‘കൈക്കൂലി‘ ദുഷ്പേരിന്റെ പിന്നിൽ മറ്റൊരു സംഭവമുണ്ടായിരുന്നു – വാങ്ങാത്ത കൈക്കൂലിയെക്കുറിച്ചുള്ള ഒരു സംഭവം.
ആ വലിയ കരാറുകാരനിൽനിന്ന് കോഴ വാങ്ങാൻ വിസമ്മതിച്ചതിനാണ് തന്നെ കുടുക്കിയതെന്ന് തെരേസ കരുതുന്നു. പക്ഷേ അതിന്, പഞ്ചായത്തിലെ തന്റെ സഹപ്രവർത്തകരെയാണ് തെരേസ കൂടുതൽ ശക്തമായി വിമർശിക്കുന്നത്. ദേശീയതലത്തിൽ ശക്തനായ ഒരു രാഷ്ട്രീയക്കാരനുമായി ആ കരാറുകാരനുമായി ബന്ധമുണ്ടെന്നതിനാൽ വളരെ സൂക്ഷിച്ചാന് തെരേസ ഞങ്ങളോട് കാര്യങ്ങൾ പങ്കുവെച്ചത്.
“വലിയൊരു പദ്ധതിയുണ്ടായിരുന്നു. റോഡ് നിർമ്മാണവും മറ്റും. ഞങ്ങളുടെ പ്രദേശത്തുള്ള ഒരു പാറപ്രദേശം അവർ ഇടിച്ചുനിരത്താൻ തുടങ്ങി. ഞാൻ അതിനെതിരേ ആളുകളെ സംഘടിപ്പിച്ചു. ഇല്ലായിരുന്നെങ്കിൽ അവർ ആ കുന്ന് മുഴുവൻ ഇടിച്ചുനിരത്തിയേനേ. അത് സമ്മതിച്ചുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല”. തങ്ങൾക്ക് ഗ്രാമസഭയിൽനിന്ന് അനുവാദം കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മട്ടിലുള്ള ഒരു രേഖയുമായി അവർ വരികപോലുമുണ്ടായി.
“അതിൽ നിരവധി ഒപ്പുകളുണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാത്തവരുടെപോലും”, തെരേസ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. സംഗതി മുഴുവൻ വ്യാജമായിരുന്നു. പക്ഷേ ഞങ്ങൾക്ക് അതിശയം തോന്നി. ഒരു മുഖിയ ഇല്ലാതെ അവർക്കെങ്ങിനെ ഗ്രാമസഭ കൂടാൻ സാധിച്ചു? മുഖിയയല്ലേ സഭ വിളിച്ചുകൂട്ടേണ്ടത്?
അപ്പോഴാണ് പ്രദേശത്തെ സണ്ണി എന്ന സാമൂഹികപ്രവർത്തകൻ പറഞ്ഞത്, ഞങ്ങൾ പി.ഇ.എസ്.എ (പെസ) പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന്. അതായത്, പട്ടിക പ്രദേശങ്ങളിലേക്ക് പഞ്ചായത്തിനെ കൂട്ടിച്ചേർക്കുന്ന 1996-ലെ ആക്ടനുസരിച്ചുള്ള പ്രദേശത്ത് (പഞ്ചായത്ത് എക്സ്ടെൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ് ആക്ട്, 1996). “ഈ പ്രദേശങ്ങളിൽ, ഗ്രാമത്തിന്റെ പരമ്പരാഗത തലവന്മാരെക്കൊണ്ട് ഗ്രാമസഭകൾ വിളിപ്പിക്കാൻ സാധിക്കും”. എന്തായാലും, ആ രേഖ വ്യാജമാണെന്നതിനാൽ തെരേസ അത് തള്ളിക്കളഞ്ഞു.
അപ്പോഴാണ് യഥാർത്ഥ കൈക്കൂലി പ്രത്യക്ഷപ്പെട്ടത്. ആ വലിയ കരാറുകാരന്റെ ശിങ്കിടികളിൽനിന്ന് 10 ലക്ഷം രൂപ. തെരേസ അത് കൈയ്യോടെ നിരസിച്ചു. തന്നെ ആ വിധത്തിൽ സ്വാധീനിക്കാനാവുമെന്ന് അവർ കരുതിയതിൽ തെരേസയ്ക്ക് ദേഷ്യവും തോന്നി.
അതുകഴിഞ്ഞ്, 3-4 മാസത്തിനുള്ളിലാണ് ‘കൈക്കൂലി’ നാടകത്തിന്റെ തിരശ്ശീല ഉയർന്നത്. എല്ലാം അവസാനിച്ചപ്പോഴേക്കും രണ്ട് കുന്നുകളിൽ ഒന്ന് കരാറുകാരന്റെ കൈവശം വന്നുചേരുകയും ചെയ്തു.
ഏറ്റവും കൌതുകകരമായ കാര്യം, പരമ്പരാഗത രീതിയിലുള്ള എളിയ സമ്മാനങ്ങൾ താൻ വാങ്ങാറുണ്ടെന്നത് തെരേസ ഒരിക്കൽപ്പോലും നിഷേധിച്ചില്ല എന്നതാണ്. “ഞാനൊരിക്കലും പൈസ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഇവിടത്തെ എല്ലാ കരാറുകളിലും, സമ്മാനങ്ങൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുക പതിവാണ്. ഞാനും സ്വീകരിക്കാറുണ്ട്”, തെരേസ തുറന്ന് പറഞ്ഞു. ജാർഘണ്ടിൽ മാത്രമല്ല, ഇത്തരം ഇടപാടുകൾക്ക് സമ്മാനം കൊടുക്കുന്ന ഏർപ്പാടുള്ളത്. രാജ്യത്തിലെ മിക്ക സംസ്ഥാനങ്ങളിലും നടക്കാറുണ്ട്. അതേസമയം, ഒരുതരത്തിലുള്ള സമ്മാനങ്ങളും ജീവിതത്തിലൊരിക്കലും വാങ്ങാത്ത മുഖിയന്മാരേയും പഞ്ചായത്തംഗങ്ങളേയും കാണാൻ സാധിക്കുകയും ചെയ്യും. വിരളമാണെന്നുമാത്രം.
തന്നെ കുടുക്കിയ സംഘത്തിനെതിരേ അവർ പൊരുതിയെങ്കിലും, തെരേസ ലക്രയുടെ പ്രശ്നങ്ങൾ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല. അവരുടെ പണവും ഊർജ്ജവും നഷ്ടപ്പെടുത്തിക്കൊണ്ട്, കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അവർക്ക് സഹായം ആവശ്യമാണ്. പക്ഷേ, അത് എവിടെനിന്ന് വരുന്നു എന്നു കാര്യത്തിൽ ഇനി അവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിവരും.
സമ്മാനങ്ങൾ നൽകുന്ന കരാറുകാരെ ഭയക്കണമെന്ന് അവർ പഠിച്ചുകഴിഞ്ഞു.
കവര്‍ചിത്രം: പുരുഷോത്തം ഥാക്കൂർ
പരിഭാഷ: രാജീവ് ചേലനാട്ട്