അസമീസ് ഖോൽ വാദ്യത്തിന് ബംഗാളി ഖോലിനേക്കാൾ മുഴക്കം കുറവാണ്. അതേസമയം നെഗേരയേക്കാൾ ഉയർന്ന ശ്രുതിയിലാണ് ധോൽ വായിക്കുക. ഈ വസ്തുതകളെല്ലാം ഗിരിപോഡ് ബാദ്യോകാറിന് ഹൃദിസ്ഥമാണ്. വാദ്യോപകരണങ്ങളുടെ നിർമ്മാതാവായ ഗിരിപോഡ് തന്റെ ദൈനംദിന ജോലികളിൽ പ്രയോഗിക്കുന്ന അറിവുകളാണവ.
"ചെറുപ്പക്കാർ അവരുടെ സ്മാർട്ട് ഫോണിൽ ശ്രുതി കേൾപ്പിച്ച് അതിനനുസരിച്ച് ഉപകരണങ്ങൾ ക്രമപ്പെടുത്താൻ എന്നോട് ആവശ്യപ്പെടും," അസമിലെ മജുലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, പരിചയസമ്പന്നനായ ഈ കൈപ്പണിക്കാരൻ പറയുന്നു. "എന്നാൽ ഞങ്ങൾക്ക് ആപ്പിന്റെ ആവശ്യമില്ല."
ട്യൂണർ ആപ്പ് ഉണ്ടെങ്കിൽപ്പോലും ഒരുപാട് ശ്രമങ്ങൾക്ക് ഒടുവിലാണ് ഒരു ഉപകരണം ശ്രുതി ചേർക്കാനാകുകയെന്ന് ഗിരിപോഡ് വിശദീകരിക്കുന്നു. വാദ്യോപകരണത്തിലെ തുകൽകൊണ്ടുള്ള പാളി കൃത്യമായി ഉറപ്പിച്ച് മുറുക്കേണ്ടതുണ്ട്. "എന്നാൽ മാത്രമേ ട്യൂണർ ആപ്പ് പ്രവർത്തിക്കുകയുള്ളൂ."
ബാദ്യോകർമാരുടെ (ബാദ്യകാർ എന്നും അറിയപ്പെടുന്നു) നീണ്ട പരമ്പരയിലെ ഒടുവിലത്തെ കണ്ണികളാണ് ഗിരിപോഡും അദ്ദേഹത്തിന്റെ മകൻ പൊഡുമും. ധുലി, ശബ്ദകാർ എന്നും അറിയപ്പെടുന്ന ഈ സമുദായം സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിലും നന്നാക്കുന്നതിലും വിഖ്യാതരാണ്. ത്രിപുര സംസ്ഥാനത്ത് ഈ സമുദായത്തെ പട്ടികജാതിയായാണ് പരിഗണിക്കുന്നത്.
പൊഡുമും ഗിരിപോഡും പ്രധാനമായും ധോൽ, ഖോൽ, തബ്ല എന്നീ ഉപകരണങ്ങളാണ് നിർമ്മിക്കുന്നത്. "ഇവിടെ സത്രകളുള്ളതുകൊണ്ട് ഞങ്ങൾക്ക് വർഷത്തിലുടനീളം ജോലിയുണ്ടാകും," പൊഡും പറയുന്നു. "കഷ്ടി ജീവിച്ചുപോകാനുള്ളത് സമ്പാദിക്കാനാകും."













