2021 ജൂലൈ മാസത്തിലെ മഞ്ഞ് മൂടിയ ഒരു പ്രഭാതം. കർഷകനായ ശിവ്റാം ഗവാരി, ഭീമാശങ്കർ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന തന്റെ കൃഷിയിടത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച, ഏതാണ്ട് അഞ്ച് ഗുൺഠ (ഏകദേശം 0.125 ഏക്കർ) വിസ്തൃതിയിൽ വിളഞ്ഞുകിടന്നിരുന്ന നെല്ലിന്റെ പകുതിയോളം വന്യജീവികൾ തിന്നുതീർത്തിരിക്കുന്നതാണ്. ബാക്കിയുള്ളത് ചവിട്ടിമെതിക്കപ്പെട്ടും കിടന്നിരുന്നു.
"ഞാൻ അതിന് മുൻപ് അങ്ങനെയൊരു കാഴ്ച കണ്ടിട്ടേയില്ല," അന്നത്തെ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ അദ്ദേഹം പറഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ ജീവികളുടെ കാലടിപ്പാടുകൾ പിന്തുടർന്ന് കാട്ടിനകത്തേയ്ക്ക് കയറിയ അദ്ദേഹത്തിന്റെ മുന്നിൽ പൊടുന്നനെ ഗവ (ബോസ് ഗോറസ് എന്ന ശാസ്ത്രീയനാമമുള്ള ഇവയെ ചിലപ്പോൾ ഇന്ത്യൻ ബൈസൺ എന്നും വിളിക്കാറുണ്ട്) പ്രത്യക്ഷപ്പെട്ടു. കന്നുകാലികളിൽ ഏറ്റവും വലിയ ഇനമായ അവയുടെ രൂപം ആരിലും ഭയമുളവാക്കും - ആൺപോത്തുകൾക്ക് ആറടിയിൽ കൂടുതൽ പൊക്കവും 500 മുതൽ 1,000 കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
ഭീമാകാരന്മാരായ കാട്ടുപോത്തുകളുടെ കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ, അവ നിലമാകെ ചവിട്ടിമെതിച്ച് വലിയ കുഴികൾ തീർക്കുകയും ചെടികളും വിളവുമെല്ലാം നശിപ്പിക്കുകയും ചെയ്യും. "അടുപ്പിച്ച് മൂന്ന് വർഷത്തെ സീസണിൽ ഗവ എന്റെ വിളവ് നശിപ്പിച്ചു. കൃഷി ഉപേക്ഷിക്കുകയല്ലാതെ എനിക്ക് വേറെ തരമില്ല," ശിവ്റാം പറയുന്നു. ഡോൺ ഗ്രാമത്തിലെ തന്റെ തകരഷീറ്റിട്ട വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. 2021 മുതൽ ഒരു കൂട്ടം ഗവ ഈ ഗ്രാമത്തിൽ താവളമുറപ്പിച്ചിരിക്കുകയാണ്.














