ശാസ്തി ഭുനിയ കഴിഞ്ഞ വർഷം സ്ക്കൂളിൽ നിന്നും പുറത്തായി. പിന്നീടവൾ സുന്ദർവന പ്രദേശത്തെ തന്‍റെ ഗ്രാമമായ സിതാറാംപൂരിൽ നിന്നും ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ബെംഗളുരുവിലേക്ക് ട്രെയിൻ കയറി. "ഞങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്. എനിക്ക് സ്ക്കൂളിൽ ഉച്ചഭക്ഷണം ഇല്ല”, അവൾ പറഞ്ഞു. 16-കാരിയായ ശാസ്തി 9-ാം ക്ലാസ്സിലായിരുന്നു. പശ്ചിമ ബംഗാളിലും ഇന്ത്യയിലെല്ലായിടത്തും സർക്കാർവക സ്ക്കൂളുകളിൽ 8-ാം ക്ലാസ്സ് വരെ മാത്രമെ ഉച്ചഭക്ഷണം നൽകുന്നുള്ളൂ.
ഈ വർഷം മാർച്ചോടെ ശാസ്തി ദക്ഷിണ 24 പർഗന ജില്ലയിലെ കാക്ദ്വീപ് ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചു. ലോക്ക്ഡൗൺ തുടങ്ങിയതോടെ അവൾ ചെയ്തു കൊണ്ടിരുന്ന ഗൃഹജോലിക്ക് തടസ്സം നേരിട്ടു. അതോടെ അവളുടെ വരുമാനമായ 7,000 രൂപയും നിലച്ചു (കുറച്ചു പണം അവൾ എല്ലാ മാസവും വീട്ടിലേക്ക് അയയ്ക്കുമായിരുന്നു).
ശാസ്തിയുടെ അച്ഛൻ 44-കാരനായധനഞ്ജയ് ഭുനിയ നയാചർ ദ്വീപിൽ മത്സ്യത്തൊഴിലാണിയാണ് – ഇവിടെയുള്ള ഗ്രാമങ്ങളിലെ മറ്റെല്ലാവരെയും പോലെ സിതാറാംപൂരിന്‍റെ തീരത്തു തന്നെ. അദ്ദേഹം വെറുംകൈ കൊണ്ടും ചിലപ്പോൾ ചെറിയ വലകൾ ഉപയോഗിച്ചും മീനുകളും ഞണ്ടുകളും പിടിക്കുകയും ഇവ അടുത്തുള്ള ചന്തകളിൽ വിൽക്കുകയും ഓരോ 10-15 ദിവസങ്ങൾ കൂടുമ്പോൾ വീട്ടിലെത്തുകയും ചെയ്യുന്നു.
ധനഞഞ്ജയ്‌യുടെ അമ്മയായ മഹാറാണിയും അദ്ദേഹത്തിന്‍റെ മക്കളായ ജാഞ്ജലിയും (21) ശാസ്തിയും (18) മകൻ സുബ്രതയും (14) അവരുടെ മേഞ്ഞ മൺകുടിലിലാണ് താമസിക്കുന്നത്. സുബ്രത ജനിച്ച് കുറച്ചു മാസങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. "മുമ്പ് ദ്വീപിൽ ലഭിച്ചിരുന്നത്രയും മത്സ്യങ്ങളും ഞണ്ടുകളുമൊന്നും ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഞങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞു [വർഷങ്ങൾ കൊണ്ട്]”, ഇപ്പോൾ പ്രതിമാസം 2,000-3,000 രൂപ ഉണ്ടാക്കുന്ന ധനഞ്ജയ് പറഞ്ഞു. "കഴിഞ്ഞു കൂടാൻ ഞങ്ങൾക്ക് മീനും ഞണ്ടും പിടിക്കണം. അവരെ സ്ക്കൂളിൽ അയച്ചിട്ട് ഞങ്ങൾക്ക് എന്തു കിട്ടാൻ?"
അതുകൊണ്ട് ശാസ്തി പോയതു പോലെ മറ്റ് വിദ്യാർത്ഥികളും സുന്ദർവനങ്ങളിലെ ക്ലാസ്സ് മുറികളിൽ നിന്നും വളരെവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ലവണത്വമുള്ള മണ്ണ് കൃഷി ബുദ്ധിമുട്ടുള്ളതാക്കുന്നു. വീതികൂടുന്ന നദികളും ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റുകളും തുരുത്തിലുള്ള അവരുടെ വീടുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. തൽഫലമായി ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ ജീവിക്കാനുള്ള വഴിതേടി കുടിയേറുന്നു. കുട്ടികൾ പോലും 13-14 വയസ്സുള്ളപ്പോൾ ജോലിതേടി കുടിയേറാൻ നിർബന്ധിതരാകുന്നു. അവർ ക്ലാസ്സിൽ തിരികെ വരുന്നില്ല.

























