തുണിയിൽ ഒരു കുഞ്ഞു വട്ടക്കണ്ണാടി തുന്നിച്ചേർക്കുന്നതിനായി കണ്ണടക്കുള്ളിലൂടെ സസൂക്ഷ്മം നോക്കുകയാണ് തമ്മിഗമൽ കസിമിയ. “ഈ സംഗ്ലി തയ്യൽ വളരെ ബുദ്ധിമുട്ടുള്ളതാണ്, കാരണം കണ്ണാടി ഇളകാതെ നോക്കണം”, തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിൽ സിട്ടിലിംഗി താഴ്‌വരയിലെ രണ്ട് ലമ്പാടി കുടിലുകളിലൊന്നിലിരുന്നുകൊണ്ട് അവർ എന്നോടു പറയുന്നു.
60-ലധികം പ്രായമുള്ള ‘ഗമ്മി’ എന്ന തമ്മിഗമൽ 12 വർഷമായി മറ്റൊരു ഗുരുതരപ്രതിസന്ധിയെയും തരണം ചെയ്തിട്ടുണ്ട്. തങ്ങളുടെ പരമ്പരാഗത തൊഴിലായ ഘട്ടർ-ലമ്പാടി തയ്യൽ ശൈലി സംരക്ഷിക്കുന്നതിനായി, സുഹൃത്ത് ആർ. നീലയുമായി ചേർന്ന് അവർ സമുദായത്തിലെ യുവതികളെ ആ തൊഴിൽ പഠിപ്പിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന സ്ഥിരമായ അധികവരുമാനമാകട്ടെ തൊഴിൽതേടി അന്യനാടുകളിലേക്കുള്ള ഈ സ്ത്രീകളുടെ പലായനത്തിനും പരിഹാരമായിരിക്കുന്നു.
ലമ്പാടി സ്ത്രീകൾ സാധാരണയായി സിട്ടിലിംഗിക്ക് 200 കി.മീ തെക്കുള്ള തിരുപ്പൂരിലെ തുണിമില്ലുകളിലേക്കോ നിർമ്മാണശാലകളിലേക്കോ ആണ് പലായനം ചെയ്തിരുന്നത്. ഈ വിഭാഗത്തിലെ പുരുഷന്മാരാകട്ടെ, പ്രധാനമായും കേരളത്തിലെ നിർമാണശാലകളിലോ മരംവെട്ടലിലോ ആണ് ഉപജീവനം കണ്ടെത്തുന്നത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരാശരി മാസവരുമാനം 7,000 രൂപമുതൽ 15,000 രൂപവരെയാണ്.
തമിഴ്‌നാട്ടിൽ ലമ്പാടികൾ (സംസ്ഥാനപട്ടികയിൽ പിന്നാക്കവിഭാഗം) ധർമപുരി, തിരുവണ്ണാമലൈ ജില്ലകളിലെ ഗ്രാമങ്ങളിലാണ് പ്രധാനമായും ജീവിക്കുന്നത്. സിട്ടിലിംഗിയിൽ 924 ലമ്പാടികൾ (മറ്റ് സംസ്ഥാനങ്ങളിൽ ബഞ്ചാരകൾ എന്നും ഇവർ അറിയപ്പെടുന്നു) ഉണ്ടെന്നാണ് ഗ്രാമ പഞ്ചായത്തുദ്യോഗസ്ഥൻ പറയുന്നത്. ഭൂരിഭാഗം ലമ്പാടികൾക്കും ഒന്നോ രണ്ടോ ഏക്കർ ഭൂമിയുണ്ട്, അവിടെ ഇവർ മഴക്കനുസരിച്ച് കൃഷിയിറക്കുന്നു. കഴിഞ്ഞ 30 വർഷമായി ജലസേചനം കൂടുതൽ ആവശ്യമായ കരിമ്പ്, നെല്ല് തുടങ്ങി നാണ്യവിലകളിലേക്കുള്ള മാറ്റവും മഴയുടെ ലഭ്യതക്കുറവും ഇവർക്കിടയിൽ പണത്തിന്റെ ആവശ്യകത വർധിപ്പിക്കുകയും തത്ഫലമായി 15 ദിവസംമുതൽ ഒരുവർഷംവരെ നീണ്ടുനിൽക്കുന്ന കുടിയേറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു..
“പലായനം ഇവിടെ ഒരു ജീവിതയാഥാർത്ഥ്യമാണ്. പക്ഷെ, ഇപ്പോൾ ഘട്ടറിൽനിന്ന് വരുമാനം നേടുന്ന സ്ത്രീകളുടെ വീടുകളിലെങ്കിലും അത് ഇല്ലാതായിട്ടുണ്ട്”. 35-കാരിയായ തൈക്കുളം ചൂണ്ടിക്കാണിക്കുന്നു.











