മീനാ മേഹറിന് തിരക്കുള്ള ദിവസങ്ങളാണ്. രാവിലെ 4 മണിക്ക്, സത്പതി എന്ന തന്റെ ഗ്രാമത്തിലെ മൊത്തവില്പനച്ചന്തയിലെത്തി ബോട്ടുടമസ്ഥർക്കുവേണ്ടി മീൻ ലേലത്തിലെടുക്കണം. തിരിച്ച് ഒമ്പതുമണിയോടെ വീട്ടിലെത്തി, മീനിൽ ഉപ്പ് പുരട്ടി, വീടിന്റെ പിൻഭാഗത്തുള്ള തെർമോകോൾ പെട്ടികളിൽ ഉണങ്ങാൻ ഇട്ടുവെക്കും. ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് വിൽക്കാൻ പാകത്തിൽ. വൈകുന്നേരങ്ങളിൽ, ബസ്സോ മറ്റുള്ളവരുമായി പങ്കിട്ട് യാത്രചെയ്യുന്ന ഓട്ടോറിക്ഷയോ പിടിച്ച് 12 കിലോമീറ്റർ അകലെയുള്ള പാൽഘറിലെ ചില്ലറവില്പനച്ചന്തയിലെത്തി ഉണക്കമീൻ വിൽക്കും. ബാക്കി വല്ലതും വന്നാൽ, സത്പതിയിലെ ചന്തയിൽ കൊണ്ടുവന്ന് അതും വിൽക്കും.
പക്ഷേ ഇപ്പോൾ ബോട്ടുകൾ വളരെ കുറവാണ്. ഉണക്കാനിടുന്ന മീനിന്റെ അളവിലും കുറവ് വന്നിരിക്കുന്നു. “മീനൊന്നും ഇല്ല. ഇനി ഞാൻ എന്തെടുത്ത് വിൽക്കും?” കോലി സമുദായക്കാരിയായ (ഓ.ബി.സി. വിഭാഗത്തില്‍ പെടുന്നവർ) 58 വയസ്സുള്ള മീന ചോദിക്കുന്നു. അതിനാൽ ഇപ്പോൾ തൊഴിലിൽ അല്പം വൈവിധ്യം വരുത്തിയിട്ടുണ്ട് മീന. കാലവർഷത്തിനുശേഷം, സത്പതി അങ്ങാടിയിലുള്ള ബോട്ടുടമകളിൽനിന്നോ വ്യാപാരികളിൽനിന്നോ പച്ച മീൻ വാങ്ങി വിറ്റ് സമ്പാദിക്കാൻ ശ്രമിക്കുകയാണ് അവർ. (തന്റെ വരുമാനത്തെക്കുറിച്ചുള്ള ഒരു വിവരവും അവർ ഞങ്ങളോട് പങ്ക് വെച്ചില്ല).
കുടുംബത്തിന്റെ വരുമാനത്തിലുള്ള കുറവ് നികത്താൻ, അവരുടെ ഭർത്താവ്, 63 വയസ്സുള്ള ഉല്‍ഹാസ് മേഹറിനും അത്യദ്ധ്വാനം ചെയ്യേണ്ടിവരുന്നു. ഒ.എൻ.ജി.സി.യുടെ സർവ്വെ ബോട്ടുകളിൽ ഇപ്പോഴും അയാൾ, തൊഴിലാളിയായും സാമ്പിളുകൾ ശേഖരിക്കുന്നതിനായും പോകാറുണ്ടെങ്കിലും, മുംബൈയിലെ വലിയ മത്സ്യബന്ധനബോട്ടുകളിൽ വർഷത്തിൽ രണ്ടുമാസം മുതൽ 4-6 മാസങ്ങൾ വരെ പണിയെടുക്കാറുണ്ട് ഉല്‍ഹാസ്.
‘ഗോൾഡൻ ബെൽറ്റ്’ എന്നറിയപ്പെടുന്ന ഭാഗത്ത് ഉൾപ്പെടുന്ന തീരദേശഗ്രാമമാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ സത്പതി എന്ന അവരുടെ ഗ്രാമം. മീൻ വളർത്തലിനും, പ്രത്യേകിച്ച് ബോംബിൽ (അഥവാ ബോംബെ ഡക്ക്) എന്ന മത്സ്യയിനത്തിനും പ്രസിദ്ധമാണ് ഗോൾഡൻ ബെൽറ്റിലെ കടൽത്തട്ട്. പക്ഷേ ബോംബിലിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു. സത്പതി-ദഹാനു മേഖലയിൽനിന്ന് 1979-ൽ സർവ്വകാല റെക്കാർഡായ 40,065 ടൺ കിട്ടിയിരുന്നത് 2018-ൽ സംസ്ഥാനത്ത് 16,576 ടണ്ണായി കുറഞ്ഞു.










