ശാന്തിലാൽ, ഷാന്തു, ടിന്യോ: മൂന്ന് പേരുകൾ - ഒരേയൊരാൾ. എങ്കിലും നമുക്കയാളെ നാലാമത്തെ പേര് മതി. സബർഖണ്ഡ ജില്ലയിൽ വഡാലി ഗ്രാമത്തിലെ നാട്ടുഭാഷയിൽ അത് ഷോന്തു എന്നായി മാറും. അതിനാൽ നമുക്കയാളെ ആ പേര് വിളിക്കാം.

അനിതരസാധാരണമായ ഒരു സ്വഭാവക്കാരനാണ് ഷോന്തു. അസാധാരണവ്യക്തിത്വം, അനന്യൻ, പ്രസിദ്ധൻ തുടങ്ങിയ വിശേഷണങ്ങളല്ല ഉദ്ദേശിച്ചത്. മറിച്ച്, ശരിയുടെ പാതയിൽ ചലിക്കുന്നവർ, ദരിദ്രൻ, അധസ്ഥിതൻ അഥവാ ദളിതൻ എന്നൊക്കെയുള്ള അർത്ഥത്തിൽ. അതിജീവിക്കുന്നതും പീഡ അനുഭവിക്കുന്നതും ക്രമം തെറ്റിയതുമാ‍യ ഒരു സ്വഭാവവിശേഷക്കാരൻ എന്നാണ് അതിന്റെ അർത്ഥം. ചിലപ്പോൾ തോന്നും, അയാൾക്ക് അസ്തിത്വമേയില്ലെന്ന്, മറ്റ് ചിലപ്പോൾ, ഒരു സാധാരണ മനുഷ്യജീവിക്ക് ആവശ്യമുള്ളതിനേക്കാൾ വളരെക്കുറച്ചുമാത്രം ജീവിക്കുന്ന ഒരാളാണെന്നും തോന്നും.

ആറുപേരോടൊപ്പമാണ് - അച്ഛനമ്മമാർ, ജ്യേഷ്ഠൻ, രണ്ട് ഇളയ സഹോദരിമാർ - ദാരിദ്ര്യത്തിൽ അയാൾ ജീവിച്ചുവളർച്ചത്. കുടുംബത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ എന്നന്നേക്കുമായി വെട്ടിക്കുറയ്ക്കേണ്ടിവന്നു. അച്ഛനമമ്മമാരും മുതിർന്ന രണ്ട് സഹോദരന്മാരും ചേർന്ന് രണ്ടുനേരം കഴിക്കാനുള്ള അന്നത്തിനുള്ള വക ഒപ്പിച്ചു. അച്ഛൻ ചരക്കുകൾ കൊണ്ടുപോകാനുള്ള ഒരു മെറ്റഡോർ വണ്ടി ഓടിച്ചിരുന്നുവെങ്കിലും അതിൽ ആളുകളെയൊന്നും കൊണ്ടുപോയിരുന്നില്ല. അതിനാൽ അധികവരുമാനം ഉണ്ടായിരുന്നില്ല. അമ്മ ദിവസക്കൂലിക്ക് പോയിരുന്നു. ചിലപ്പോൾ ജോലിയുണ്ടാകും. ചിലപ്പോൾ ഇല്ല. അച്ഛൻ മദ്യപാനിയായിരുന്നില്ല എന്നതും, വീട്ടിൽ വലിയ ബഹളങ്ങളൊന്നും ഇല്ലായിരുന്നു എന്നതും വലിയ അനുഗ്രഹമായി. പക്ഷേ ഷോന്തു അത് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് മാത്രം.

വഡാലിയിലെ ശാരദ ഹൈസ്കൂളിൽ ഷോന്തു ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്രാമത്തിൽ സർക്കസ് വന്നത്. ടിക്കറ്റിന് മുന്തിയ വിലയായിരുന്നെങ്കിലും സ്കൂൾ കുട്ടികൾക്ക് അഞ്ച് രൂപയ്ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. അതുപോലുമെടുക്കാൻ ഷോന്തുവിന്റെ കൈയ്യിലുണ്ടായിരുന്നില്ല. “എണീറ്റ് നിൽക്ക്”, ടീച്ചർ ആജ്ഞാപിച്ചു. “എന്താ കുട്ടീ, പൈസ കൊണ്ടുവരാതിരുന്നത്?” ടീച്ചറിന്റെ ശബ്ദത്തിൽ കരുണയുണ്ടായിരുന്നു. “ടീച്ചർ, അച്ഛന് സുഖമുണ്ടായിരുന്നില്ല. അമ്മയ്ക്ക് പരുത്തിയന്ത്രപ്പണിയിൽനിന്ന് ശമ്പളവും കിട്ടിയിരുന്നില്ല”, ഷോന്തു കരയാൻ തുടങ്ങി.

അടുത്ത ദിവസം അവന്റെ സഹപാഠി കുസും പത്താൻ, ‘റമദാന് അനുഗ്രഹം നേടാൻ’ എന്ന പേരിൽ അവന് 10 രൂപ കൊടുത്തു. “ഞാൻ തന്ന പൈസകൊണ്ട് നീ എന്ത് ചെയ്തു?”, പിറ്റേ ദിവസം കുസും ചോദിച്ചു. “ഞാൻ അഞ്ച് രൂപ സർക്കസിന് ചിലവാക്കി. അഞ്ചുരൂപ വീട്ടിലെ ആവശ്യങ്ങൾക്ക് കൊടുത്തു”, സത്യസന്ധതയോടെ ഷോന്തു മറുപടി പറഞ്ഞു. കുസും, റംദാൻ, ഷോന്തു, സർക്കസ് – നന്മയുള്ള ഒരു ലോകം.

അവൻ 11-ആം ക്ലാസ്സിലായപ്പോഴാണ് മണ്ണുകൊണ്ടുള്ള വീട്, ഇഷ്ടികയും സിമന്റുംകൊണ്ടുള്ളതാക്കി പുതുക്കിയത്. പ്ലാസ്റ്റർ തേച്ചിരുന്നില്ലെങ്കിലും. അത് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. ദിവസക്കൂലിക്ക് ഒരു കല്ലാശാരിയെ വിളിച്ചു. ബാക്കിയുള്ള ജോലിയെല്ലാം കുടുംബാംഗങ്ങൾതന്നെ ചെയ്തു. ധാരാളം സമയമെടുത്തു ആ പണിക്ക്. അപ്പോഴേക്കും അവസാനപരീക്ഷയ്ക്കുള്ള സമയമായി. ഹാജർനില കുറവായിരുന്നു അവന്. പ്രധാനാധ്യപകനോട് സാഹചര്യങ്ങൾ വിശദീകരിച്ചും കേണപേക്ഷിച്ചും ഒടുവിൽ പരീക്ഷയെഴുതാൻ അവന് അനുവാദം കിട്ടി.

ക്ലാസ്സ് 12-ലേക്ക് അവനെത്തി. കൂടുതൽ നന്നായി പഠിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഷോന്തു നന്നായി അദ്ധ്വാനിച്ചുവെങ്കിലും അപ്പോഴേക്കും അമ്മ അസുഖബാധിതയായി. അസുഖം പെട്ടെന്ന് മൂർച്ഛിക്കുകയും, അവന്റെ പരീക്ഷയ്ക്ക് മുമ്പ് മരിക്കുകയും ചെയ്തു അമ്മ. ആ വേദനയും നഷ്ടവും 18 വയസ്സുകാരന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. വരാൻ പോകുന്ന പരീക്ഷകളുടെ സമ്മർദ്ദം അവൻ തിരിച്ചറിഞ്ഞു. എത്ര അദ്ധ്വാനിച്ചിട്ടും രക്ഷയുണ്ടായില്ല. 65 ശതമാനം മാത്രം മാർക്ക് കിട്ടി. ഉപരിപഠനത്തിനുള്ള മോഹം ഷോന്തു ഉപേക്ഷിച്ചു.

വായിക്കാൻ വലിയ ഇഷ്ടമായിരുന്നതുകൊണ്ട് പബ്ലിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുവരിക പതിവായിരുന്നു. അവന്റെ താത്പര്യം കണ്ട്, ഒരു സുഹൃത്ത്, അവനോട് വഡാലി ആർട്ട്സ് കൊളേജിൽ ചരിത്രത്തിൽ ബിരുദപഠനത്തിന് ശ്രമിക്കാൻ നിർബന്ധിച്ചു. “വലിയ ചില പുസ്തകങ്ങൾ നിനക്ക് വായിക്കാൻ സാധിക്കും”, സുഹൃത്ത് പറഞ്ഞു. കൊളേജിൽ ചേർന്നെങ്കിലും, പുസ്തകമെടുക്കാനും തിരിച്ചുകൊടുക്കാനും മാത്രമേ അവൻ കൊളേജിൽ പോയിരുന്നുള്ളു. ദിവസത്തിൽ ബാക്കിയുള്ള സമയം അവൻ പരുത്തിയന്ത്രത്തിൽ പണിയെടുക്കാൻ പോയി.

അവന്റെ പഠനഫലങ്ങൾ കണ്ടപ്പോൾ പ്രൊഫസ്സർ അവനോട് സ്ഥിരമായി കൊളേജിൽ വരാൻ അഭ്യർത്ഥിച്ചു. ഷോന്തു പഠനം ആസ്വദിക്കാനും തുടങ്ങി. അവന്റെ മൂന്നാം വർഷമായിരുന്നു അത്. നന്നായി വായിക്കുന്ന കുട്ടികൾക്ക് ഒരു മെറിറ്റ് സർട്ടിഫിക്കറ്റ് കൊടുക്കാൻ വഡാലി ആർട്ട്സ് കൊളേജ് തീരുമാനിച്ചപ്പോൾ ഷോന്തുവിന് അത് ലഭിച്ചു. “എപ്പോഴാണ് നിനക്ക് ലൈബ്രറിയിൽ പോകാനും പുസ്തകങ്ങളെടുക്കാനും സമയം കിട്ടുന്നത് ശാന്തിലാൽ?” അത്ഭുതത്തോടെ അവന്റെ പ്രൊഫസ്സർ ചോദിച്ചു. 2003-ൽ 66 ശതമാനം മാർക്കോടെ അവൻ ബി.എ. പാസ്സായി.

PHOTO • Shantilal Parmar
PHOTO • Shantilal Parmar

ചിത്രത്തിൽ മുകൾനിലയിൽ നമുക്കഭിമുഖമായി വലതുഭാഗത്താണ് ഷോന്തു താമസിക്കുന്നത് . 11- ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അവന്റെ കുടുംബാംഗങ്ങൾ ചേർന്ന് ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നിർമ്മിച്ച വീടാണിത് . നമ്മൾ കാണുന്ന പ്ലാസ്റ്റർ തേച്ചത് പിന്നീടാണ്

അയൽ‌വക്കത്തുള്ള മെഹ്സാന ജില്ലയിലെ വിശാനഗാറിലുള്ള ഒരു സർക്കാർ കൊളേജിൽനിന്ന് മാസ്റ്റേഴ്സ് ചെയ്യാൻ അവൻ പോയി. അവിടെയുള്ള ഹോസ്റ്റലിൽത്തന്നെ താമസിച്ച് പഠിക്കാനായിരുന്നു പദ്ധതി. ഒരു മുറി കിട്ടണമെങ്കിൽ 60 ശതമാനം മാർക്ക് കിട്ടേണ്ടതുണ്ടായിരുന്നു. അത് അവൻ ബി.എ. ബിരുദത്തിന് നേടിയിട്ടുമുണ്ടായിരുന്നു. എന്നിട്ടും അടുത്ത വർഷം അവന് ഹോസ്റ്റലിൽ ഇടം കിട്ടിയില്ല. ആദ്യത്തെ വർഷപ്പരീക്ഷയ്ക്ക് 59 ശതമാനം മാർക്കേ കിട്ടിയുള്ളു എന്ന കാരണത്താൽ.

വിശാനഗറിനും വഡാലിക്കുമിടയിലുള്ള ഒന്നരമണിക്കൂർ ദൂരം അവന് ദിവസേന സഞ്ചരിക്കേണ്ടിവന്നു. ആ വർഷം, ദീപാവലിക്കുശേഷം അവന്റെ അച്ഛന് ജോലി നഷ്ടമായി. ടെമ്പോവിനുള്ള വായ്പ തിരിച്ചടയ്ക്കാനുള്ള പണം പോയിട്ട്, ഭക്ഷണം കഴിക്കാനുള്ള പൈസപോലും അയാളുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. മൂത്ത സഹോദരൻ രാജു, അവന്റെ തയ്യൽപ്പണികൊണ്ട് വീട്ടുചിലവുകൾ നിവർത്തിക്കാൻ ശ്രമിച്ചു. സഹോദരന്റെ സൌജന്യത്തിൽ ജീവിക്കാൻ ഷോന്തുവിനും വിഷമം തോന്നി. കൊളേജിൽ‌പ്പോക്ക് വീണ്ടും താളംതെറ്റി.

അങ്ങാടിയിൽ ഒരു ജോലിയൊപ്പിച്ചു ഷോന്തു. പരുത്തിയെല്ലാം ബാഗിൽ നിറച്ച് ട്രക്കിൽ കൊണ്ടുപോവുന്ന ജോലി. ദിവസവും 100, 200 രൂപ സമ്പാദിക്കാൻ തുടങ്ങി. ആ മാർച്ചിൽ വീണ്ടും ഹാജർനില മോശമായപ്പോൾ പരീക്ഷ എഴുതാൻ അവനെ സമ്മതിച്ചില്ല. ചില സുഹൃത്തുക്കൾ ഇടപെട്ട് അവൻ എം.എ. 58.38 ശതമാനം മാർക്കോടെ പൂർത്തിയാക്കി. എം.ഫിൽ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും കൈയ്യിൽ പൈസയില്ലാത്തത് അവനെ വല്ലാതെ ഭയപ്പെടുത്തി.

ഒരുവർഷത്തെ ഇടവേളക്കുശേഷം, ഷോന്തു ആവശ്യമായ കടലാസ്സുകൾ പൂരിപ്പിച്ച് വിശാനഗറിലെ ബി.എഡ്ഡ് കൊളേജിൽ പ്രവേശനം നേടി. അവനുവേണ്ടി സഹോദരൻ രാജുഭായ് 3 ശതമാനം പലിശയ്ക്ക് 7,000 രൂപ വായ്പയെടുത്തു. അതിൽ 3,500 രൂപ അഡ്മിഷൻ ഫീസിന് ചിലവായി. മറ്റൊരു 2,500 രൂപ അത്യാവശ്യം വേണ്ടിയിരുന്ന കം‌പ്യൂട്ടറിനായി ചിലവഴിക്കേണ്ടിവന്നു. മറ്റ് ചിലവുകൾക്കായി വെറും 1,000 രൂപ മാത്രം ഷോന്തുവിന്റെ കൈയ്യിൽ ബാക്കിയായി. വിശാനഗറിലെ പഠനത്തിന്റെ മൂന്നാം വർഷമായിരുന്നു ഇത്.

ആ സമയത്തെല്ലാം, തന്റെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളെക്കുറിച്ച് അയാൾ ബോധവാനായിരുന്നു. താൻ പഠനം നിർത്തുന്നുവെന്നുപോലും അവൻ സഹോദരൻ രാജുഭായിയോട് പറഞ്ഞു. “നീ നിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾക്കിടയിൽ ജീവിക്കാൻ പഠിക്ക്. വീട്ടിലെ കാര്യങ്ങൾ ആലോചിക്കാതെ പഠനത്തിൽ ശ്രദ്ധയർപ്പിക്കൂ. ഈ വർഷം എങ്ങിനെയെങ്കിലുമൊക്കെ കടന്നുപോകും. ദൈവം സഹായിച്ച്, ബി.എഡ്ഡ് കഴിഞ്ഞാൽ നിനക്കൊരു ജോലി കണ്ടെത്താനാവും”, രാജു അവനോട് പറഞ്ഞു. ജ്യേഷ്ഠന്റെ വാക്കുകൾ അവനിൽ പുതിയ പ്രതീക്ഷകൾ തളിർപ്പിച്ചു. ആ വേനൽക്കാലത്തും മന്ദഗതിയിൽ വിദ്യാഭ്യാസം പുരോഗമിക്കുകയും ചെയ്തു.

തണുപ്പുകാലം വന്നതോടെ അച്ഛന് രോഗം ബാധിച്ചു. എല്ലാ വരുമാനവും അതിലേക്ക് പോയി. സഹോദരൻ രാജുവിന് ചിലവുകൾ ഒറ്റയ്ക്ക് സഹിക്കേണ്ടിവന്നത് ഷോന്തുവിനെ വല്ലാതെ അലട്ടി. വിദ്യാഭ്യാസവും ചിലവുകളും ഒറ്റ അമ്മ പെറ്റവരാണെന്നും, ഒരാളില്ലാതെ മറ്റയാൾക്ക് നിലനിൽ‌പ്പില്ലെന്നും ബി.എഡ്ഡ് പഠനം അവനെ പഠിപ്പിച്ചു. ഇന്റേൺഷിപ്പുകൾക്കും, സർവ്വ ശിക്ഷാ അഭിയാനുവേണ്ടിയുള്ള പ്രവൃത്തികൾക്കുമായി (സാർവ്വത്രിക പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള ദേശീയപദ്ധതി) 10 ദിവസത്തേക്ക് വിശാനഗർ താലൂക്കിലെ ബൊകാർവാഡ, ഭാണ്ടു ഗ്രാമങ്ങളിലേക്ക് അവന് പോകേണ്ടിവന്നു. താമസം ബൊകാർവാഡ പ്രൈമറി സ്കൂളിന്റേതായിരുനെങ്കിലും താമസച്ചിലവ് ഒരു പ്രശ്നമായിരുന്നു. രാജുഭായിയെ ബുദ്ധിമുട്ടിക്കാൻ അവൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് കൊളേജിലെ അഡ്മിൻ ഓഫീസിലെ മഹേന്ദ്ര സിംഗ് താക്കോറിൽനിന്ന് 300 രൂപ കടം വാങ്ങി.

“ഞങ്ങൾ ഗ്രാമത്തിലെ പൂജാരിയോട് ചോദിച്ചു. ഞങ്ങൾക്കുവേണ്ടി പാചകം ചെയ്തുതരാം, പക്ഷേ പ്ലേറ്റിന് 25 രൂപയാവുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ സുഹൃത്തുക്കൾ പൂജാരിയുടെ സ്ഥലത്ത് പോയി നാലുദിവസം ഭക്ഷണം കഴിച്ചു. ആഴ്ചയിൽ രണ്ട് ദിവസം ഉപവാസമിരുന്ന് 50 രൂപ ലാഭിച്ചു”, ഷോന്തു ഓർമ്മിക്കുന്നു. അതിനുശേഷം, സമീപത്തുള്ള ഭാണ്ടു ഗ്രാമത്തിൽ അടുത്ത അഞ്ച് ദിവസം ചിലവഴിക്കേണ്ടിവന്നു. അവിടെ താമസസൌകര്യമുണ്ടായിരുന്നില്ല. അതിനാൽ, 10 രൂപ കൊടുത്ത് ബൊകാർവാഡയിലേക്കും അത്രയുംതന്നെ കൊടുത്ത് തിരിച്ചും യാത്രചെയ്യേണ്ടിവന്നു. മഹേന്ദ്ര സിംഗിൽനിന്ന് വീണ്ടും ഒരു 200 രൂപ ഷോന്തു കടം വാങ്ങി.

ഭാണ്ടുവിലെ എൻ‌ജിനീയറിംഗ് കൊളേജിൽ ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നുവെങ്കിലും 25 രൂപ പ്ലേറ്റിന് കൊടുക്കേണ്ടിവന്നു. വീണ്ടും ഷോന്തു രണ്ടുദിവസത്തേക്ക് കൂടി ഉപവാസമെടുത്തു. സുഹൃത്തുക്കൾക്ക് അതിഷ്ടപ്പെട്ടില്ല. “ഷോന്തിലാൽ, ഞങ്ങൾ അഞ്ച് ദിവസത്തേക്കുള്ള മുൻ‌കൂർ പൈസ കൊടുത്തു. നീ മാത്രമാണ് ഭക്ഷണം കഴിച്ചതിനുശേഷം പൈസ കൊടുക്കുന്നത്. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പോവുമ്പോൾ ആരും ഞങ്ങളോട് പൈസ ചോദിക്കില്ല. നീയും ഞങ്ങളോടൊപ്പം കൂട്ടത്തിലിരുന്ന് ഞങ്ങളോടൊപ്പം ഇറങ്ങിക്കോളൂ!” ഷോന്തു ചെയ്തതും അതായിരുന്നു. “ഞാൻ അവർ പറയുന്നത് കേട്ടു. എന്നിട്ട്, അടുത്ത കുറച്ച് ദിവസങ്ങളിൽ ഭക്ഷണം കഴിച്ച്, പൈസ കൊടുക്കാതെ ഇറങ്ങിപ്പോന്നു”. ഷോന്തു പറയുന്നു.

ഈ ചെയ്യുന്നതിൽ അയാൾക്ക് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. എന്നിട്ടും വീണ്ടും ഒരു 500 രൂപ, തന്റെ പ്രൊഫസ്സർ എച്ച്.കെ. പട്ടേലിന്റെ കൈയ്യിൽനിന്ന് അയാൾക്ക് കടം വാങ്ങേണ്ടിവന്നു. “എനിക്ക് സ്കോളർഷിപ്പ് തുക കിട്ടുന്ന ദിവസം ഞാനിത് മടക്കിത്തരും”. അവൻ പറഞ്ഞിരുന്നു. ഓരോ ദിവസവും കൂടുതൽക്കൂടുതൽ ചിലവുകളുണ്ടായിരുന്നു. ഭാണ്ടുവിലെ സ്കൂൾ ടീച്ചർമാർക്ക് ഭക്ഷണം വാ‍ങ്ങിച്ചുകൊടുക്കുന്ന ഒരു ഏർപ്പാടുപോലും ഉണ്ടായിരുന്നു.

ഒരുദിവസം എച്ച്.കെ. പട്ടേൽ ഷോന്തുവിനെ മുറിയിലേക്ക് വിളിപ്പിച്ചു. “നിന്റെ അച്ഛന് അസുഖം കൂടുതലാണ്, വേഗം വീട്ടിലേക്ക് പോവൂ”, അദ്ദേഹം 100 രൂപ അവന് നൽകി. വീട്ടിൽ “എല്ലാവരും എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അവർ എന്നെ അച്ഛന്റെ മുഖം കാണിച്ചുതന്ന്, ചടങ്ങുകൾക്ക് തയ്യാറെടുക്കാൻ തുടങ്ങി”, ഷോന്തു പറഞ്ഞു. കുടുംബത്തെ ഒരു വലിയ പ്രതിസന്ധി കാത്തിരിക്കുകയായിരുന്നു. അച്ഛനമ്മമാർ മരിച്ചാൽ നിർബന്ധമായും ചെയ്യേണ്ടുന്ന ചില ആചാരങ്ങളുണ്ട്. ചുരുങ്ങിയത്, 40,000 രൂപ ചിലവ് വരും അവയ്ക്ക്.

PHOTO • Shantilal Parmar
PHOTO • Shantilal Parmar

ചിത്രത്തിൽ കാണുന്നതുപോലുള്ള , വഴികളും അതിന്റെയറ്റത്തുള്ള വീടുകളും ഷോന്തുവിന് ചിരപരിചിതമായിരുന്നു . സ്കൂളിലേക്കും പിന്നീട് വഡാലിയിൽനിന്ന് വിശാ‍നഗറിലേക്കോ വിജയനഗരിലേക്കോ അവിടെനിന്ന് തിരിച്ചോ ഉള്ള യാത്രകളിൽ അയാൾ സഞ്ചരിച്ചിരുന്ന വഴികളാണ് ഇതെല്ലാം

അമ്മ മരിച്ചപ്പോൾ അവർക്ക് അതൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തവണ അതിൽനിന്ന് ഒഴിയാൻ പറ്റിയില്ല. സമുദായം ഒരു യോഗം വിളിച്ചു. ഈ ചടങ്ങിൽനിന്ന് ഇവരെ ഒഴിവാക്കണമെന്ന് ചില മുതിർന്ന അംഗങ്ങൾ അഭ്യർത്ഥിച്ചു. “ആൺകുട്ടികൾ ചെറുപ്പമാണ്. ഒരാൾ പഠിക്കുന്നു. മറ്റയാൾ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നു. എല്ലാ ഉത്തരവാദിത്തങ്ങളും ഒരാളുടെ തലയിലായതുകൊണ്ട്, അവർക്ക് ഈ ചിലവ് താങ്ങാൻ ബുദ്ധിമുട്ടായിരിക്കും”, അവർ പറഞ്ഞു. അങ്ങിനെ ആ കുടുംബം ഒരു വലിയ ബാധ്യതയിൽനിന്ന് രക്ഷപ്പെട്ടു.

76 ശതമാനത്തോടെ ഷോന്തു തന്റെ ബി.എഡ്ഡ് പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കാൻ തുടങ്ങി. മഴക്കാലമായപ്പോഴേക്കും രാജുഭായിയുടെ വരുമാനം കുറഞ്ഞു. “ജോലിയെക്കുറിച്ചുള്ള സ്വപ്നം ഉപേക്ഷിച്ച് ഞാൻ പാടത്ത് പണിക്ക് പോകാൻ തുടങ്ങി” ഷോന്തു പറയുന്നു. പുതുതായി ആരംഭിച്ച സ്വാശ്രയ ബി.എഡ്ഡ് കൊളേജുകൾ ഉണ്ടായിരുന്നുവെങ്കിലും ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന മാർക്ക് അത്യാവശ്യമായിരുന്നു. അവരുടെ മുമ്പിൽ അയാൾക്കെന്ത് ചെയ്യാനാകും? മാത്രമല്ല, ഇത്തരം റിക്രൂട്ട്മെന്റുകളിൽ വലിയ തോതിലുള്ള അഴിമതിയും നടന്നിരുന്നു. ഇതെല്ലാം ഷോന്തുവിന് തടസ്സമായി.

കുറച്ച് കഴിഞ്ഞപ്പോൾ തന്റെ ലക്ഷ്യം ഒന്ന് മാറ്റി, കം‌പ്യൂട്ടർ പഠിച്ചാലോ എന്ന് ഷോന്തു ആലോചിച്ചു. സ്വന്തം ജില്ലയായ സബർഖണ്ടയിലെ വിജയനഗറിലെ ഒരു പി.ജി.ഡി.സി.എ. ടെക്നിക്കൽ കൊളേജിൽ ഡിപ്ലോമക്കായി അയാൾ അപേക്ഷിച്ചു. മെറിറ്റ് ലിസ്റ്റിൽ പേര് വരികയും ചെയ്തെങ്കിലും ഫീസടയ്ക്കാൻ ഷോന്തുവിന്റെ കൈയ്യിൽ പൈസയുണ്ടായിരുന്നില്ല.

വഡാലിയിൽനിന്ന് 2 കിലോമീറ്റർ അകലെയുള്ള കോട്ടി കമ്പയിലെ ചിന്തൻ മേത്തയെ ഷോന്തു സന്ദർശിച്ചു. കൊളേജിന്റെ ട്രസ്റ്റികളുമായി സംസാരിച്ച്, ഷോന്തുവിന്റെ ഫീസ് സ്കോളർഷിപ്പിൽനിന്ന് എടുക്കാൻ മേത്ത അവരോട് അഭ്യർത്ഥിച്ചു. പിറ്റേന്ന് ഷോന്തു വിജയനഗറിലേക്ക് പോയി. കൊളേജ് ഓഫീസിലെ ക്ലാർക്ക് വിസമ്മതിച്ചു. “ഓഫീസിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഞങ്ങളാണ്’, അയാൾ പറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഫീസ് അടയ്ക്കാത്തതിനാൽ ഷോന്തുവിന്റെ പേര് മെറിറ്റ് ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ടു.

ഷോന്തു പ്രതീക്ഷ കൈവിട്ടില്ല. അധികസീറ്റുകൾക്കുവേണ്ടി കൊളേജ് അപേക്ഷിച്ചിട്ടുണ്ടെന്ന് ഷോന്തു അറിഞ്ഞു. അത് അനുവദിക്കുന്നതുവരെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് അയാൾ അഭ്യർത്ഥിച്ചു. അത് അനുവദിക്കപ്പെട്ടു. അനിശ്ചിതാവസ്ഥ നിലനിൽക്കുമ്പോൾ, അയാൾ വഡാലിക്കും വിജയനഗറിനുമിടയിൽ ദിവസവും 50 രൂപ യാത്രാക്കൂലി കൊടുത്ത് യാത്രചെയ്തുകൊണ്ടിരുന്നു. സുഹൃത്തുക്കൾ സഹായവുമായി വന്നു. അതിലൊരാൾ, ശശികാന്ത്, ബസ്സിലെ പാസ്സിനുവേണ്ടി 250 രൂപ ഷോന്തുവിന് നൽകി. നിരവധിതവണ അഭ്യർത്ഥിച്ചതിനുശേഷം കൊളേജിലെ ക്ലാർക്ക്, പൊതുഗതാഗതത്തിനായുള്ള സൌജന്യ പാസ്സിൽ കൊളേജിന്റെ സീൽ പതിപ്പിച്ചു. അഡ്മിഷൻ കിട്ടുമെന്ന പ്രതീക്ഷയിൽ, ഒന്നരമാസത്തോളം ഷോന്തു ദിവസവും കൊളേജിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ടിരുന്നു. പക്ഷേ കൊളേജിന് അധികസീറ്റുകൾ അനുവദിക്കപ്പെട്ടില്ല. അതറിഞ്ഞ ദിവസം അവൻ കൊളേജിലേക്കുള്ള പോക്ക് അവസാനിപ്പിച്ചു.

വീണ്ടും അവൻ പാടത്ത് പണിക്ക് പോയിത്തുടങ്ങി. മൊറാദ് ഗ്രാമത്തിൽ ഒരുമാസം ജോലി ചെയ്തതിനുശേഷം സഹോദരൻ രാജുഭായിയുടെ കൂടെ തയ്യൽ‌പ്പണിക്ക് ചേർന്നു. വഡാലി ഗ്രാമത്തിലെ രപ്ദിമാതാ മന്ദിറിനടുത്ത്, റോഡിനോട് ചേർന്നുള്ള ഒരു ചെറിയ സ്ഥാപനമായിരുന്നു അത്. അധികം താമസിയാതെ, ഒരിക്കൽ ഷോന്തു തന്റെ സുഹൃത്ത് ശശികാന്തിനെ വഴിയിൽ‌വെച്ച് കണ്ടുമുട്ടി. “ശാന്തിലാൽ, ക്ലാസ്സിൽ പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിയാതെ നിരവധി കുട്ടികൾ പി.ജി.ഡി.സി.എ. കോഴ്സ് പകുതിക്കുവെച്ച് നിർത്തി. ഇപ്പോൾ കുട്ടികൾ കുറവാണ്. ശ്രമിച്ചാൽ നിനക്ക് സീറ്റ് കിട്ടിയെന്നുവരും” എന്ന് സുഹൃത്ത് അറിയിച്ചു.

പിറ്റേന്ന്, ഷോന്തു വിജയനഗറിലേക്ക് പോയി ക്ലാർക്കിനെ കണ്ടു. അയാൾ ഫീസ് ആവശ്യപ്പെട്ടപ്പോൾ, സഹോദരന്റെ കൂടെ ജോലി ചെയ്ത് ഉണ്ടാക്കിയ 1,000 രൂപ അവൻ ക്ലാർക്കിന് കൊടുത്തു. “ബാക്കി 5,200 രൂപ ദീപാവലിക്കുമുമ്പ് എങ്ങിനെയെങ്കിലും ഒപ്പിക്കാം” എന്ന് വാക്ക് കൊടുത്ത് അഡ്മിഷൻ നേടിയെടുത്തു.

കൊളേജിൽ വീണ്ടും ചേർന്ന് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ആദ്യത്തെ ഇന്റേണൽ പരീക്ഷ വന്നു. ഷോന്തു തോറ്റു. ഷോന്തുവിന് പരിശീലനമൊന്നും കിട്ടിയിരുന്നില്ല. വൈകി ചേർന്നതുകൊണ്ട് ഇനി വെറുതെ പൈസ കളയേണ്ട എന്ന് അദ്ധ്യാപകർ അയാളെ ഉപദേശിച്ചു. ജയിക്കാൻ പറ്റില്ലെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. പക്ഷേ ഷോന്തു പ്രതീക്ഷ കൈവിട്ടില്ല. ഹിമാൻശു ഭവ്‌സർ, വഡാലിയിലെ ഗജേന്ദ്ര സോളങ്കി, ഇഡാറിലെ ശശികാന്ത് പാർമർ എന്നിവർ അവനെ വിട്ടുപോയ പാഠങ്ങൾ പഠിച്ചെടുക്കാൻ സഹായിച്ചു. ആദ്യത്തെ സെമസ്റ്റർ പരീക്ഷയ്ക്ക് ഷോന്തു 50 % മാർക്ക് നേടി. അയാളുടെ അദ്ധ്യാപകർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

PHOTO • Labani Jangi

ഷോന്തു തോറ്റു. അവന് പരിശീലനമൊന്നും കിട്ടിയിരുന്നില്ല. വെറുതെ പൈസ കളയേണ്ടെന്ന് അവന്റെ അദ്ധ്യാപകർ ഉപദേശിച്ചു. ജയിക്കാൻ പറ്റില്ലെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. പക്ഷേ അവൻ പ്രതീക്ഷ കൈവിട്ടില്ല

രണ്ടാമത്തെ സെമസ്റ്റർ ഫീസ് 9,300 രൂപയായിരുന്നു. ആദ്യത്തെ സെമസ്റ്ററിന്റെ 5,200 രൂപ കൊടുക്കാനുമുണ്ടായിരുന്നു. മൊത്തം 14,500 രൂപ. അയാൾക്കൊരിക്കലും കൊടുത്തുതീർക്കാൻ പറ്റാത്ത സംഖ്യ. അഭ്യർത്ഥനകളും ശുപാർശകളുമൊക്കെയായി രണ്ടാമത്തെ സെമസ്റ്ററിന്റെ അവസാനപരീക്ഷവരെ എങ്ങിനെയൊക്കെയോ എത്തി. ഇനി എന്തായാലും ഫീസ് കൊടുക്കാതെ രക്ഷയില്ല എന്നായി. മുന്നോട്ടുള്ള വഴി അടഞ്ഞു. ഒടുവിൽ അയാളൊരു വഴി കണ്ടെത്തി, ഒരു സ്കോളർഷിപ്പ്.

ക്ലാർക്കിനെ പോയി കണ്ടു. തനിക്കുള്ള സ്കോളർഷിപ്പ് തുകയിൽനിന്ന് ഫീസ് എടുത്തുകൊള്ളാൻ അഭ്യർത്ഥിച്ചു. ഒരു ഉപാധിയോടെ ക്ലാർക്ക് അതിന് സമ്മതിച്ചു. ദേന ബാങ്കിന്റെ വിജയനഗർ ബ്രാഞ്ചിൽ ഷോന്തു ഒരു അക്കൌണ്ട് ഓപ്പൺ ചെയ്ത് സെക്യൂരിറ്റി ഡിപ്പോസിറ്റയി ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കണം. അക്കൌണ്ട് തുറക്കാനുള്ള 500 രൂപ ഷോന്തുവിന്റെ കൈയ്യിലുണ്ടായിരുന്നില്ല.

ബാങ്ക് ഓഫ് ബറോഡയിൽ ഷോന്തുവിന് ഒരു അക്കൌണ്ടുണ്ടായിരുന്നുവെങ്കിലും, 700 രൂപ മാത്രമായിരുന്നു നിക്ഷേപമായി ഉണ്ടായിരുന്നത്. അതിനാൽ ചെക്ക് ബുക്ക് കൊടുക്കാൻ ബാ‍ങ്ക് വിസമ്മതിച്ചു. രമേശ് ഭായ് സോളങ്കി എന്ന സുഹൃത്തിനോട് ഷോന്തു കാര്യങ്ങൾ പറഞ്ഞു. ഷോന്തുവിന്റെ വാക്കുകൾ വിശ്വാസത്തിലെടുത്ത സുഹൃത്ത് തന്റെ ഒപ്പോടുകൂടിയ ഒരു ദേന ബാങ്കിന്റെ ചെക്ക് കൊടുത്തു. ഷോന്തു അത് കൊളേജിൽ കൊടുത്ത് പരീക്ഷ എഴുതാനുള്ള അനുവാദം നേടിയെടുത്തു.

വടക്കൻ ഗുജറാത്തിലെ ഹേമചന്ദ്രാചാര്യ യൂണിവേഴ്സിറ്റി നടത്തിയ ഫൈനൽ പരീക്ഷയിൽ ഷോന്തു 58 ശതമാനം മാർക്ക് നേടി. പക്ഷേ അയാൾക്ക് മാർക്ക്ഷീറ്റ് കൊടുത്തില്ല.

ഷോന്തു ഒരു ജോലിക്ക് അപേക്ഷിച്ചു. അവർ വിളിക്കുന്നതിനുമുൻപ് മാർക്ക് ഷീറ്റ് കിട്ടുമെന്നായിരുന്നു കരുതിയതെങ്കിലും അത് കിട്ടിയില്ല. സ്കോളർഷിപ്പിന് അംഗീകാരം കിട്ടി, ഫീസ് അടയ്ക്കുന്നതുവരെ മാർക്ക്ഷീറ്റ് പിടിച്ചുവെച്ചിരുന്നു. ഒറിജിനൽ മാർക്ക്ഷീറ്റ് കൈവശമില്ലാതിരുന്നതിനാൽ അവന് ഇന്റർവ്യൂവിന് പോകാനായില്ല.

സബർഖണ്ടയിലെ ഇദാറിൽ പുതുതായി ആരംഭിച്ച ഒരു ഐ.ടി.ഐ കൊളേജിൽ, മാസം 2,500 രൂപ ശമ്പളത്തിന് ജോലി ചെയ്യാൻ തുടങ്ങി ഷോന്തു. ഒരുമാസത്തിനുള്ളിൽ മാ‍ർക്ക്ഷീറ്റ് കൊടുക്കാമെന്ന വ്യവസ്ഥയിൽ. ഒരുമാസം കഴിഞ്ഞിട്ടും മാർക്ക്ഷീറ്റ് എത്തിയില്ല. സാമൂഹികക്ഷേമവകുപ്പിൽ അന്വേഷിച്ചപ്പോൾ സ്കോളർഷിപ്പ് തുക കൊളേജിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിഞ്ഞു. വിജയനഗറിൽ പോയി ക്ലാർക്കുമായി സംസാരിച്ചു. സ്കോളർഷിപ്പ് തുക വന്നിട്ടുണ്ടെങ്കിലും കൊളേജ് അംഗീകരിച്ചാൽ മാത്രമേ ഫീസ് അതിൽനിന്ന് എടുക്കാൻ പറ്റൂ എന്നും, അതിനുശേഷം മാത്രമേ മാർക്ക്ഷീറ്റ് ലഭ്യമാകൂ എന്നും പറഞ്ഞു.

ഷോന്തു അയാളോട്, രമേഷ്ഭായ് ഒപ്പിട്ട ബ്ലാങ്ക് ചെക്ക് തിരിച്ചുതരാൻ പറഞ്ഞു. “നിങ്ങൾക്ക് അത് കിട്ടും” എന്നായിരുന്നു ക്ലാർക്കിന്റെ മറുപടി. ഇനി വരരുതെന്നും അയാൾ കൂട്ടിച്ചേർത്തു. “എന്നെ വിളിച്ച് അക്കൌണ്ട് നമ്പർ തന്നാൽ മതി” ക്ലാർക്ക് ഷോന്തുവിനോട് പറഞ്ഞു. വെറുതെ ഇരുന്ന ഒരു ദിവസം, ദീപാവലിക്കും പുതുവർഷത്തിനുമിടയിൽ ഒരിക്കൽ ഷോന്തു ക്ലാർക്കിനെ വിളിച്ചു. “ഏത് ബാങ്കിലാണ് നിന്റെ അക്കൌണ്ട് എന്നാണ് പറഞ്ഞത്?” ക്ലാർക്ക് ചോദിച്ചു. “ബറോഡ് ബാങ്ക്”, ഷോന്തു മറുപടി പറഞ്ഞു. “ആദ്യം ദേനാ ബാങ്കിൽ അക്കൌണ്ട് തുറക്കണം”, ക്ലാർക്ക് ആവശ്യപ്പെട്ടു.

അവസാനം , 2021 ജൂൺ മുതൽ , 11 മാസത്തെ കരാറിൽ , സർവ്വ ശിക്ഷാ അഭിയാനിൽ ഡേറ്റ എൻ ട്രി ഓപ്പറേറ്റർ - ഓഫീസ് അസിസ്റ്റന്റ് എന്ന തസ്തികയിൽ , 10,500 രൂപ ശമ്പളത്തിൽ ഷോന്തു ജോലിയിൽ പ്രവേശിച്ചു . സബർഖണ്ട ജില്ലയിലെ ഖേദ്ബ്രഹ്മ ബി . ആർ . സി . ഭവനിൽ .

രചയിതാവ് ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ച കഥേതര സമാഹാരം മാതി യിൽനിന്ന് സ്വീകരിച്ചത്

പരിഭാഷ: രാജീവ് ചേലനാട്ട്

Umesh Solanki

उमेश सोलंकी अहमदाबाद स्थित छायाचित्रकार, बोधपटकार आणि लेख आहेत. त्यांनी पत्रकारितेत पदव्युत्तर शिक्षण घेतलं असून मुशाफिरी करायला त्यांना आवडतं.

यांचे इतर लिखाण Umesh Solanki
Illustration : Labani Jangi

मूळची पश्चिम बंगालच्या नादिया जिल्ह्यातल्या छोट्या खेड्यातली लाबोनी जांगी कोलकात्याच्या सेंटर फॉर स्टडीज इन सोशल सायन्सेसमध्ये बंगाली श्रमिकांचे स्थलांतर या विषयात पीएचडीचे शिक्षण घेत आहे. ती स्वयंभू चित्रकार असून तिला प्रवासाची आवड आहे.

यांचे इतर लिखाण Labani Jangi
Editor : Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat