കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

വീടിന്‍റെ മേൽക്കൂര ദേഹത്തേക്ക് വീണില്ലെങ്കിലും അത് ഗുൺ‌വന്തിനെ നെട്ടോട്ടമോടിച്ചു. മനസ്സിൽനിന്ന് ആ രംഗം മായുന്നില്ല. പറമ്പിന്‍റെ അറ്റത്തുള്ള ഷെഡ്ഡിന്‍റെ തകരം മേഞ്ഞ മേൽക്കൂര എനിക്കുനേരെ പാഞ്ഞുവന്നു. ഒരു വൈക്കോൽക്കൂനയുടെ പിന്നിൽ ഒളിച്ചിരുന്നതുകൊണ്ട് പരിക്കൊന്നും പറ്റിയില്ല”

മേൽക്കൂര ആളുകളുടെ പിന്നാലെ പായുന്നത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ശക്തമായ കൊടുങ്കാറ്റോടൊപ്പമുണ്ടായ ആലിപ്പഴവർഷമാണ് അംബുൽ‌ഗ ഗ്രാമത്തിലെ ഗുൺ‌വന്ത് ഹുൽ‌സുൽക്കറെ ഓടിച്ചത്.

വൈക്കോൽക്കൂനയിൽനിന്ന് പുറത്ത് വന്ന 36 വയസ്സുള്ള ഗുൺ‌വന്തിന് നിലങ്ക താലൂക്കിലെ തന്‍റെ കൃഷിഭൂമി തിരിച്ചറിയാൻ കഴിഞ്ഞില്ല. “ഏതാണ്ട് 18-20 മിനിറ്റ് മാത്രമേ അത് നീണ്ടുനിന്നുള്ളു. പക്ഷേ അതിനുള്ളിൽ മരങ്ങളൊക്കെ വീണു. പക്ഷികളൊക്കെ ചത്ത് ചിതറി കിടക്കുന്നുണ്ടായിരുന്നു. ആടുമാടുകൾക്കൊക്കെ ഗുരുതരമായ പരിക്ക് പറ്റി”, ആലിപ്പഴവർഷമുണ്ടാക്കിയ നാശനഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.

ഒന്നരക്കൊല്ലം കൂടുമ്പോൾ കാലം തെറ്റിയ മഴയോ ആലിപ്പഴവർഷമോ ഉണ്ടാവുന്നുണ്ട്” അയാളുടെ അമ്മ 60 വയസ്സുള്ള ധോണ്ടബായി പറഞ്ഞു. അംബുൽ‌ഗയിലെ കല്ലും കുമ്മായവും കൊണ്ട് ഉണ്ടാക്കിയ തന്‍റെ രണ്ട് മുറി വീടിന്‍റെ ഒതുക്കുകല്ലിൽ ഇരിക്കുകയായിരുന്നു അവർ. 2001-ൽ പയർവർഗ്ഗങ്ങളുടെ കൃഷി അവസാനിപ്പിച്ച് അവരുടെ 11 ഏക്കർ സ്ഥലത്ത് മാങ്ങയും പേരയ്ക്കയും കൃഷിചെയ്യാൻ തുടങ്ങിയതാണ് അവരുടെ കുടുംബം. “കൊല്ലം മുഴുവൻ അവ പരിപാലിക്കണം. പക്ഷേ ഏതാനും നിമിഷം നീണ്ടുനിൽക്കുന്ന ഇതുപോലുള്ള ഒരു ദുരന്തമുണ്ടായാൽ മതി, എല്ലാ സമ്പാദ്യവും നശിച്ചുപോകാൻ“.

ഈ വർഷം മാത്രം സംഭവിച്ച ഒരു ദുരന്തമല്ല ഇത്. മഹാരാഷ്ട്രയുടെ ഈ ലത്തൂർ ഭാഗങ്ങളിൽ കടുത്ത വേനലും, തകർത്തുപെയ്യുന്ന മഴയും, ആലിപ്പഴവർഷവും ഉണ്ടാവാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാവുന്നു ഉദ്ധവ് ബിരാദറുടെ ചെറിയ ഒരേക്കർ മാന്തോപ്പും അംബുൽഗയിലാണ്. 2014-ലെ ആലിപ്പഴവർഷത്തിൽ അതും നശിച്ചുപോയിരുന്നു. “10-15 മരങ്ങളുണ്ടായിരുന്നു. അക്കൊല്ലത്തെ പേമാരിയിൽ അത് ഇല്ലാതായി. ഞാൻ പിന്നെ അതിൽ ഒന്നും ചെയ്തില്ല”. അയാൾ പറയുന്നു.

“ആലിപ്പഴവർഷം ഇപ്പോഴും ഉണ്ടാവുന്നുണ്ട്” എന്ന് 37 വയസ്സുള്ള ബിരാദർ സൂചിപ്പിച്ചു. “2014-ലുണ്ടായ ആലിപ്പഴവർഷത്തിൽ മാവുകൾ നശിച്ചത് ഓർക്കാൻ വയ്യ. നമ്മൾ നട്ട്, പരിപാലിച്ച മാവുകളാണ് പത്ത് മിനിറ്റിനുള്ളിൽ തകർന്ന് നാമാവശേഷമായത്, വീണ്ടും അതൊന്നും ആവർത്തിക്കാൻ വയ്യ“.

PHOTO • Parth M.N.

വിട്ടുമാറാത്തെ ആലിപ്പഴവർഷം കാരണം , ഗുൺ വന്ത് ഹുൽ സുൽക്കറും ( മുകളിൽ ഇടത്ത് ), അയാളുടെ അമ്മ ധോണ്ടബായും ( മുകളിൽ വലത്ത് ), അച്ഛൻ മധുകറും ( താഴെ വലത്ത് ) കായ്കറി കൃഷി ഉപേക്ഷിക്കാൻ ആലോചിക്കുകയാണ് ; വർഷത്തെ വിരിപ്പുകൃഷി ഉപേക്ഷിക്കുകയാണെന്ന് സുഭാഷ് ഷിൻഡെ ( താഴെ ഇടത്ത് ) പറയുന്നു .

ആലിപ്പഴവർഷമോ? മറാത്ത്‌വാഡാ പ്രദേശത്തെ ലത്തൂർ ജില്ലയിലോ? കൊല്ലത്തിൽ പകുതിയിലേറെ കാലവും 32 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സ്ഥലമാണത്. ഈ വർഷം ഏപ്രിലിൽ 41-നും 43-നുമിടയിൽ ചൂടനുഭവപ്പെട്ട സമയത്താണ് ആലിപ്പഴവർഷം ഉണ്ടായത്.

ഉഷ്ണത്തിന്‍റെയും കാലാവസ്ഥയുടേയും കാലഭേദത്തിന്‍റെയും കാരണങ്ങൾ മനസ്സിലാവുന്നില്ലെന്ന് മിക്ക കൃഷിക്കാരും പറയുന്നു.

പക്ഷേ വർഷം‌തോറുമുള്ള ശരാശരി മഴദിവസങ്ങളുടെ എണ്ണം കുറയുകയും ഉഷ്ണദിവസങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിരിക്കുന്നു എന്നത് അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. ധോണ്ടബായ് ജനിച്ചത് 1960ലാണ്. അക്കാലത്ത്, ലത്തൂരിൽ 32 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള ദിവസങ്ങൾ ഏകദേശം 147 ആയിരുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചുമുള്ള ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ആപ്പിലെ സ്ഥിതിവിവരരേഖയിലാണ് ഈ കണക്കുള്ളത്. ഇക്കൊല്ലം അത് 188 ദിവസമായി വർദ്ധിക്കും. ധോണ്ടാബായിക്ക് 80 വയസ്സാവുമ്പോഴേക്കും ഉഷ്ണദിവസങ്ങളുടെ എണ്ണം 211 ആവുമെന്നാണ് അനുമാനം.

“ജൂലായ് അവസാനമായെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു”വെന്ന്, കഴിഞ്ഞ മാസം അംബുൽഗയിലെ സുഭാഷ് ഷിൻഡെയുടെ 15 ഏക്കർ പാടത്ത് പോയപ്പോൾ അയാൾ പറഞ്ഞു. വരണ്ട് കിടന്ന ഭൂമിയിലെ മണ്ണിന്‍റെ നിറത്തിന് തവിട്ടുനിറമായിരുന്നു. പച്ചപ്പിന്‍റെ ഒരു കണികപോലും അവശേഷിച്ചിരുന്നില്ല. 63 വയസ്സുള്ള ഷിൻഡെ കുർത്തക്കുള്ളിൽനിന്ന് ഒരു തൂവാലയെടുത്ത് നെറ്റിയിലെ വിയർപ്പൊപ്പി. “ജൂൺ പകുതിയാവുമ്പോൾ സാധാരണയായി ഞാൻ സോയാബീൻ നടാൻ തുടങ്ങും. ഈ വർഷം ഞാൻ മിക്കവാറും പൂർണ്ണമായും കൃഷിയിൽനിന്ന് മാറിനിൽക്കും”.

ദക്ഷിണ ലത്തൂരിനെ തെലങ്കാനയിലെ ഹൈദരബാദുമായി ബന്ധിപ്പിക്കുന്ന ഈ 150 കിലോമീറ്റർ ഭാഗത്ത്, ഷിൻഡെയെപ്പോലെയുള്ള കർഷകർ മുഖ്യമായും സോയാബീനാണ് കൃഷിചെയ്യുന്നത്. 1998-വരെ ചൊവ്വരിയും, നിലക്കടലയും ഉഴുന്നുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. “കൃത്യമായി മഴ കിട്ടേണ്ട കൃഷിയാണത്. എന്നാലേ തരക്കേടില്ലാത്ത വിളവ് കിട്ടൂ”.

2000-നടുപ്പിച്ചാണ് ഷിൻഡയും മറ്റുള്ളവരും സോയാബീനിലേക്ക് ചുവട് മാറ്റിയത്. “എളുപ്പം വഴങ്ങുന്ന കൃഷിയാണത്. കാലാവസ്ഥയിൽ മാറ്റം വന്നാലും നശിക്കില്ല. അന്താരാഷ്ട്ര വിപണിയിലും വിലയുള്ളതാണ്. ആ സീസൺ അവസാനിക്കാറായപ്പോൾ തരക്കേടില്ലാത്ത സംഖ്യ കിട്ടി. മാത്രമല്ല, സോയാബീനിന്‍റെ ഉപോത്പന്നങ്ങൾ കന്നുകാലിത്തീറ്റയായി ഉപയോഗിക്കാനും സാധിക്കും. എന്നാൽ കഴിഞ്ഞ 10-15 വർഷങ്ങളായി ഉണ്ടാവുന്ന ഈ കാലംതെറ്റിയ മഴയിൽ സോയാബീനിനും രക്ഷയില്ലാതായിരിക്കുന്നു”.

സമീപകാലത്തുണ്ടായ ആലിപ്പഴവർഷത്തിൽ സംഭവിച്ച വ്യാപകമാ നാശനഷ്ടങ്ങൾ ; നശിച്ചുപോയ കുങ്കുമപ്പൂവുകൾ ( മുകളിൽ ഇടത്ത് , ചിത്രം നാരായൺ പവാലെ ); ആലിപ്പഴവർഷത്തിനുശേഷമുള്ള ഒരു പാടം ( മുകളിൽ വലത്ത് , ചിത്രം നിഷാന്ത് ഭദ്രേശ്വർ ); നശിച്ചുപോയ തണ്ണീർമത്തൻ ( താഴെ ഇടത് , ചിത്രം , നിഷാന്ത് ഭദ്രേശ്വർ ); വാടിയ ചൊവ്വരി ( താഴെ വലത്ത് , ചിത്രം മനോജ് അഖാഡെ ).

“ഈ വർഷം കൃഷിയിറക്കിയവരൊക്കെ ഇപ്പോൾ അതിൽ ദുഃഖിക്കുകയാണ്” എന്ന് ലത്തൂർ ജില്ലയിലെ കളക്ടർ ജി. ശ്രീകാന്ത് പറയുന്നു. “ആദ്യം മഴ കിട്ടിയെങ്കിലും പിന്നെ വരൾച്ചയായിരുന്നു”. ജില്ലയിലുടനീളം എല്ലാ വിളകളും കൃഷി ചെയ്യാൻ സാധിച്ചത് വെറും 64 ശതമാനം ഭാഗത്തായിരുന്നു. നിലംഗ താലൂക്കിൽ 66 ശതമാനവും. ആകെ കൃഷി ചെയ്തതിൽ 50 ശതമാനവും സോയാബീനായിരുന്നു. അതുകൊണ്ടുതന്നെ, അവയ്ക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്.

മറാത്ത്‌വാഡയുടെ കാർഷികമേഖലയാണ് ലത്തൂർ. സാധാരണയായി, കൊല്ലത്തിൽ 700 മില്ലിമീറ്റർ മഴ ശരാശരി കിട്ടുന്ന സ്ഥലം. ജൂൺ 25-ന് കാലവർഷമെത്തിയെങ്കിലും പിന്നീടത് തെറ്റാൻ തുടങ്ങി. ജൂലായ് അവസാനത്തോടെ, സാധാരണത്തേതിലും 47 ശതമാനം കുറവ് മഴയാണ് ഈ പ്രദേശത്ത് കിട്ടിയതെന്ന് ശ്രീകാന്ത് എന്നോട് പറഞ്ഞു.

2000-ത്തിന്‍റെ തുടക്കകാലത്ത്, 4000 രൂപ ചിലവാക്കിയാൽ, ഒരേക്കർ സോയാബീനിൽനിന്ന് 10-12 ക്വിന്‍റൽ കിട്ടുമായിരുന്നുവെന്ന് സുഭാഷ് ഷിൻഡെ പറഞ്ഞു. രണ്ട് ദശാബ്ദത്തിനിപ്പുറം, സോയാബീനിന്‍റെ വില ക്വിന്‍റലിന് 1500-ൽനിന്ന് 3000 ആയി ഇരട്ടിച്ചിട്ടുണ്ടെങ്കിലും, കാർഷികച്ചിലവിന്‍റെ വർദ്ധന മൂന്നിരട്ടിയായെന്നും ഒരേക്കറിൽനിന്ന് കിട്ടിയിരുന്ന വിളവ് ഇപ്പോൾ പകുതിയായി കുറഞ്ഞിരിക്കുന്നുവെന്നും അയാൾ കൂട്ടിച്ചേർത്തു.

ഷിൻഡെയുടെ നിരീക്ഷണങ്ങളെ സംസ്ഥാന കാർഷികവിപണന ബോർഡും ശരിവെക്കുന്നുണ്ട്. 2010-11-ൽ, 1.94 ലക്ഷം ഹെക്ടറിൽ സോയാബീൻ കൃഷി ചെയ്തപ്പോൾ ഉത്പാദനം 4.31 ലക്ഷം ടണ്ണായിരുന്നുവെന്ന് ബോർഡിന്‍റെ വെബ്‌സൈറ്റിൽ കാണുന്നു . 2016-ലാകട്ടെ, 3.67 ലക്ഷം ഹെക്ടറിലായിരുന്നു സോയാബീൻ കൃഷി ചെയ്തതെങ്കിലും ഉത്പാദനം കേവലം 3.08 ലക്ഷം ടൺ മാത്രമായിരുന്നു. അതായത്, കൃഷിയിടത്തിൽ 89 ശതമാനം വർദ്ധനവുണ്ടായിട്ടുപോലും, ഉത്പാദനത്തിൽ 28.5 ശതമാനത്തിന്‍റെ ഇടിവുണ്ടായെന്ന്.

ധോണ്ടബായിയുടെ ഭർത്താവ്, 63 വയസ്സുള്ള മധുകർ ഹുൽ‌സുകർ മറ്റൊരു വിഷയത്തിലേക്ക് വിരൽ‌ചൂണ്ടി. “2012 മുതൽക്ക്, കീടനാശിനിയുടെ ഉപയോഗവും വളരെയധികം വർദ്ധിക്കുകയുണ്ടായി. ഈ വർഷം മാത്രം, 5-7 തവണ കീടനാശിനി തളിക്കേണ്ടിവന്നു ഞങ്ങൾക്ക്” അയാൾ പറഞ്ഞു.

മാറുന്ന ഭൂപ്രകൃതിയെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾ തന്നു ധോണ്ടബായി. “മുമ്പൊക്കെ ധാരാളം പരുന്തുകളെയും കഴുകന്മാരെയും കുരുവികളെയും കാണാറുണ്ടായിരുന്നു. കഴിഞ്ഞ എട്ടുപത്ത് കൊല്ലമായി അവയെയും വിരളമായേ കാണുന്നുള്ളു”.

PHOTO • Parth M.N.

ന്‍റെ മാവിൻ ചോട്ടിൽ ഇരിക്കുന്ന മധുകർ ഹുൽ സുൽക്കർ :  “ 2012 മുതൽക്ക്, കീടനാശിനിയുടെ ഉപയോഗവും വളരെയധികം വർദ്ധിക്കുകയുണ്ടായി. ഈ വർഷം മാത്രം, 5-7 തവണ കീടനാശിനി തളിക്കേണ്ടിവന്നു ഞങ്ങൾക്ക്”

“ഇന്ത്യയിലെ കീടനാശിനി ഉപയോഗം ഇപ്പോഴും ഹെക്ടറിൽ ഒരു കിലോഗ്രാമിന് താഴെയാണ്”, ലത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി മാധ്യമപ്രവർത്തകൻ അതുൽ ദിയുൽ‌ഗോവങ്കർ പറഞ്ഞു. “അമേരിക്ക, ജപ്പാൻ, മറ്റ് വികസിത വ്യാവസായിക രാജ്യങ്ങൾ എന്നിവയിൽ ഇത് എട്ടോ പത്തോ ഇരട്ടിയാണ്. പക്ഷേ അവർ അവരുടെ കീടനാശിനികളെ നിയന്ത്രിക്കുന്നുണ്ട്. നമ്മളത് ചെയ്യുന്നില്ല. അതാണ് വ്യത്യാസം. നമ്മൾ ഉത്പാദിപ്പിക്കുന്ന കീടനാശിനികളിൽ അർബ്ബുദത്തിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് പക്ഷികളെയും മറ്റും കൊല്ലുന്നു”.

ഉത്പാദനത്തിലുണ്ടാവുന്ന കുറവിന്, കാലാവസ്ഥാക്രമത്തിലുണ്ടാവുന്ന ഗണ്യമായ മാറ്റങ്ങളെയാണ് ഷിൻഡെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള നാലുമാസത്തെ കാലവർഷക്കാലത്ത്, 70-75 ദിവസങ്ങളെങ്കിലും ഞങ്ങൾക്ക് മഴ കിട്ടിയിരുന്നു. തുടർച്ചയായി, മിതമായി മഴ പെയ്തിരുന്നു. കഴിഞ്ഞ 15 കൊല്ലത്തിനുള്ളിൽ ആ മഴദിവസങ്ങൾ പകുതിയായി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ, പെയ്യുമ്പോൾ മഴ തിമർത്ത് പെയ്യുകയാണ്. പിന്നെ പത്തിരുപത് ദിവസം നല്ല ചൂടും. ഇത്തരമൊരു കാലാവസ്ഥയിൽ കൃഷി ചെയ്യുന്നത് അസാധ്യമാണ്.

ലത്തൂരിനെ സംബന്ധിച്ചിടത്തോളം ഈ കണക്ക് ശരിയാണെന്ന് ഇന്ത്യൻ  കാലാവസ്ഥാ വകുപ്പും സാക്ഷ്യപ്പെടുത്തുന്നു. 2014-ൽ ആ നാലുമാസത്തെ മഴ 430 മില്ലിമീറ്ററായിരുന്നു. അടുത്ത വർഷം 317. 2016-ൽ ജില്ലയിൽ ആ നാലുമാസം കിട്ടിയത് 1,010 മില്ലിമീറ്ററാണെങ്കിൽ 2017-ൽ 760-ഉം കഴിഞ്ഞ വർഷം 530 മി.മീറ്ററുമായി കുറഞ്ഞു. കഴിഞ്ഞ വർഷം ലത്തൂരിന് 530 മി.മീറ്റർ മഴ കിട്ടി. അതിൽ 252 മില്ലിമീറ്ററും ജൂണിലായിരുന്നു. സാധാരണ മഴ കിട്ടുന്ന വർഷങ്ങളിലും മഴയുടെ അളവിൽ വലിയ രീതിയിലുള്ള വ്യത്യാസവും അസന്തുലനവും ഉണ്ടാവുന്നുണ്ട്.

“പരിമിതമായ ദിവസങ്ങളിൽ പെയ്യുന്ന ശക്തിയായ മഴ മണ്ണൊലിപ്പിന് കാരണമാകുന്നു. അതിനുപകരം, തുടർച്ചയായി മിതമായി പെയ്യുകയാണെങ്കിൽ അത് ഭൂഗർഭജലം വീണ്ടുമുണ്ടാകുന്നതിന് സഹായിക്കും” എന്നാണ്, ഭൂഗർഭജല നിരീക്ഷണ, വികസന ഏജൻസിയിലെ സീനിയർ ജിയോളജിസ്റ്റായ ചന്ദ്രകാന്ത് ഭോയാർ പറയുന്നത്.

തന്‍റെ ഉടമസ്ഥതയിലുള്ള നാല് കുഴൽക്കിണറുകളും മിക്കപ്പോഴും വരണ്ടുകിടക്കുന്നതിനാൽ ഷിൻഡെക്ക് ഭൂഗർഭജലത്തെ ആശ്രയിക്കാൻ വയ്യാതായിരിക്കുന്നു. “പണ്ടൊക്കെ 50 അടി കുഴിച്ചാൽ വെള്ളം കിട്ടുമായിരുന്നു. ഇപ്പോൾ 500 അടി താഴ്ത്തിയാലും വെള്ളം കിട്ടാതെയായിരിക്കുന്നു”, അയാൾ പറഞ്ഞു.

അത് മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. “ആവശ്യത്തിന് നടീൽ നടത്തിയില്ലെങ്കിൽ മൃഗങ്ങൾക്കുള്ള ഭക്ഷണം കിട്ടില്ല. വെള്ളവും ഭക്ഷണവുമില്ലെങ്കിൽ കന്നുകാലികളെ നിലനിർത്താൻ ബുദ്ധിമുട്ടാവും. 2009 വരെ എനിക്ക് 20 കന്നുകാലികളുണ്ടായിരുന്നു. ഇന്ന്, വെറും മൂന്നെണ്ണമാണുള്ളത്” അയാൾ പറഞ്ഞു.

2014 hailstorm damage from the same belt of Latur mentioned in the story
PHOTO • Nishant Bhadreshwar
2014 hailstorm damage from the same belt of Latur mentioned in the story
PHOTO • Nishant Bhadreshwar
2014 hailstorm damage from the same belt of Latur mentioned in the story
PHOTO • Nishant Bhadreshwar

ആറ് മാസത്തിൽക്കൂടുതൽ 32 ഡിഗ്രി സെൽ ഷ്യസിലും ഉയർന്ന താപനിലയുള്ള മറാത്ത് വാഡയിലെ ലത്തൂർ ജില്ലയിലാണ് ഇത് . താപനില 41- നും 43- നുമിടയിൽ ഉയർന്ന ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഏറ്റവുമൊടുവിൽ ആലിപ്പഴവർഷം ഉണ്ടായത് .

“1905-ൽ ലോകമാന്യതിലകൻ പരുത്തി കൊണ്ടുവന്നതിൽ‌പ്പിന്നെ ലത്തൂർ അതിന്‍റെ കേന്ദ്രമായിരുന്നു”വെന്ന് ഷിൻഡെയുടെ അമ്മ കാവേരിബായ് പറയുന്നു. 95 വയസ്സുള്ള അവർക്കിപ്പോഴും നല്ല ഓർമ്മശക്തിയും ഊർജ്ജവുമുണ്ട്. നിലത്ത് ചമ്രം‌പടിഞ്ഞ് ഇരിക്കുന്ന അവർക്ക് എഴുന്നേൽക്കാൻ പരസഹായമൊന്നും ആവശ്യമില്ല. “അത് കൃഷി ചെയ്യാൻ ആവശ്യത്തിനുള്ള മഴയൊക്കെ ഞങ്ങൾക്ക് കിട്ടിയിരുന്നു. ഇന്ന് അതിന്‍റെ സ്ഥാനം സോയാബീൻ കൈയ്യടക്കി”.

ആലിപ്പഴവർഷം ഉണ്ടാവുന്നതിനും മുൻപ്, രണ്ട് പതിറ്റാണ്ട് മുൻപേ അമ്മ സജീവമായ കൃഷി ഉപേക്ഷിച്ചതിൽ ഷിൻഡെക്ക് ഇപ്പോൾ സന്തോഷമേയുള്ളു. “മിനിറ്റുകൾക്കുള്ളിൽ അത് നിങ്ങളുടെ കൃഷിസ്ഥലത്തെ തകർത്തുകളയുന്നു. കായ്കറികൾ കൃഷി ചെയ്യുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്” ഷിൻഡെ പറഞ്ഞു.

പ്രായേണ ഭേദപ്പെട്ട ഈ ദക്ഷിണമേഖലയിൽ, കായ്കറികൾ വളർത്തുന്നവരെയാണ് ആലിപ്പഴവർഷം കൂടുതൽ ബാധിച്ചത്. “ഏപ്രിലിലാണ് ഏറ്റവുമൊടുവിലത്തെ ആലിപ്പഴവർഷം ഉണ്ടായത്” മധുകർ ഹുൽ‌സുകർ പറഞ്ഞു. തന്‍റെ തോട്ടത്തിലേക്ക് എന്നെ കൊണ്ടുപോയതായിരുന്നു അയാൾ. വൃക്ഷങ്ങളുടെ തടിയിൽ മഞ്ഞനിറത്തിലുള്ള കുത്തുകളുണ്ടായിരുന്നു. “1.5 ലക്ഷം രൂപയുടെ ഫലങ്ങൾ എനിക്ക് നഷ്ടമായി. 2000-ൽ കൃഷി തുടങ്ങുമ്പോൾ 90 മരങ്ങളുണ്ടായിരുന്നു. ഇപ്പോൾ വെറും 50 എണ്ണം മാത്രം”. അയാൾ പറഞ്ഞു. ആലിപ്പഴവർഷം പതിവാവുന്നതുകൊണ്ട് കൃഷി ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുകയാണ് മധുകർ.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കാർഷികരീതികളിൽ ധാരാളം മാറ്റങ്ങൾ കണ്ടിട്ടുണ്ട് ലത്തൂർ. ഒരുകാലത്ത് ചോളവും ചൊവ്വരിയും ധാരാളമായി കൃഷി ചെയ്തിരുന്നതിൽനിന്ന് 1905-ഓടെ ലത്തൂർ പരുത്തിയിലേക്ക് തിരിഞ്ഞു.

പിന്നെ, 1970 മുതൽ കരിമ്പുകൃഷി തുടങ്ങി, ഇടക്കാലത്ത് സൂര്യകാന്തി, പിന്നീട്, 2000 മുതൽ വലിയതോതിൽ സോയാബീൻ കൃഷിയും. കരിമ്പിന്‍റെയും സോയാബീനിന്‍റെയും വ്യാപനം എടുത്തുപറയേണ്ട ഒന്നായിരുന്നു. 2018-19-ൽ 67,000 ഹെക്ടറിലാണ് കരിമ്പുകൃഷി നടത്തിയിരുന്നത് (പുണെയിലെ വസന്ത്ദാദ ഷുഗർ ഇൻസ്റ്റിട്യൂറ്റിലെ കണക്കുപ്രകാരം). 1982ൽ, ലത്തൂരിൽ ഒരു പഞ്ചസാര ഫാക്ടറിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 11 ഫാക്ടറികളുണ്ട്. നാണ്യവിളകളോടൊപ്പം അനിവാര്യമായും കുഴൽക്കിണറുകളും പെരുകി. എത്രയെണ്ണം കുഴിച്ചു എന്നതിന് കൃത്യമായ കണക്കൊന്നുമില്ല. ഭൂഗർഭജലം വൻ‌തോതിൽ ചൂഷണം ചെയ്തു. ചരിത്രപരമായി ധാന്യങ്ങൾ കൃഷിചെയ്തിരുന്ന ഭൂമിയിൽ നൂറ് വർഷമായി നാണ്യവിളകൾ കൃഷി ചെയ്യുന്നതുകൊണ്ടുണ്ടായ അനിവാര്യമായ പ്രത്യാഘാതങ്ങൾ ജലത്തിലും, മണ്ണിലും, ഈർപ്പത്തിലും പ്രതിഫലിച്ചു.

പോരാത്തതിന്, മറാത്ത്‌വാഡയിലെ ശരാശരി വനവിസ്തൃതിതന്നെ തീരെ ശോചനീയമാണ്. 0.9 ശതമാനം എന്നണ് സർക്കാരിന്‍റെ വെബ്‌സൈറ്റ് പറയുന്നത്. അതിലും താഴെയാണ് ലത്തൂരിന്‍റേത്. വെറും 0.54 ശതമാനം.

Kaveribai
PHOTO • Parth M.N.
Madhukar and his son Gunwant walking through their orchards
PHOTO • Parth M.N.

ഇടത്ത് : 95 വയസ്സുള്ള കാവേരിബായ് ഷിൻഡെ ഓർത്തെടുക്കുന്നു : “ ലത്തൂർ പരുത്തിയുടെ കേന്ദ്രമായിരുന്നു . കൃഷി ചെയ്യാൻ ആവശ്യത്തിന് വെള്ളം ഞങ്ങൾക്ക് കിട്ടിയിരുന്നു ”. വലത്ത് : മധുകർ ഹുൽ സുൽക്കറും മകൻ ഗുൺ വന്തും പ്രതികൂലമായ കാലാവസ്ഥമൂലം കൃഷിയിൽനിന്ന് പിന്തിരിയുകയാണോ ?

“ഈ പറഞ്ഞ ഘടകങ്ങളും കാലാവസ്ഥാമാറ്റവും തമ്മിൽ അത്ര വലിയ ബന്ധമുണ്ടെന്ന് പറയുന്നത് ഒരുപക്ഷേ തെറ്റായിരിക്കും” എന്ന് അതുൽ ദിയുൽ‌ഗോവങ്കർ പറഞ്ഞു. “കൃത്യമായ തെളിവുകൾ വെച്ച് സമർത്ഥിക്കാനുമാവില്ല. മാത്രമല്ല, ഈ ജില്ലയുടെ അതിരുകൾക്കുള്ളിൽ മാത്രമല്ല ഇത്തരം മാറ്റങ്ങൾ ഉണ്ടാവുന്നത്. മറാത്ത്-വാഡ എന്ന പ്രദേശത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമായ ലത്തൂരിൽ, കാർഷിക-കാലാവസ്ഥാ‍ അസന്തുലനം കൊണ്ട് സാരമായ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്“.

പക്ഷേ ഈ മേഖല മൊത്തമായെടുത്താൽ, ഈ വിവിധ പ്രക്രിയകൾ തമ്മിലുള്ള എന്തൊക്കെയോ ചില ബന്ധങ്ങൾ കാണാൻ കഴിയും. ധാന്യങ്ങളിൽനിന്ന് നാണ്യ വിളകളിലേക്ക് മാറുകയും, ഭൂമിയുടെ ഉപയോഗത്തിലും സാങ്കേതികതയിലും മാറ്റങ്ങൾ വരുത്തുകയും ചെയ്ത് ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് കാലാവസ്ഥ രൂക്ഷമാവുകയും ആലിപ്പഴവർഷമുണ്ടാവുകയും ചെയ്തതെന്നത് അല്പം കുഴയ്ക്കുന്ന കാര്യമാണ്. മനുഷ്യരുടെ പ്രവൃത്തി മാത്രമായിരിക്കില്ല ഒരുപക്ഷേ കാരണം. പക്ഷേ അത് തീർച്ചയായും ഇന്ന് കാണുന്ന ഈ കാലാവസ്ഥാ അസന്തുലനത്തിന് ഒരുപരിധിവരെ കാരണമായിട്ടുണ്ട്”.

അതിതീക്ഷ്ണമായ കാലാവസ്ഥ കൂടിക്കൂടിവരുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്.

“ഓരോ കാർഷികചംക്രമണവും കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നു“ എന്ന് ഗുൺ‌വന്ത് ഹുൽ‌സുൽക്കർ പറയുന്നു. “കർഷകരുടെ ആത്മഹത്യയുടെ ഒരു കാരണം അതാണ്. വല്ല സർക്കാർ ഓഫീസിലോ മറ്റോ ജോലി കിട്ടിയാലേ എന്‍റെ മക്കൾക്ക് ഭാവിയുണ്ടാവൂ”. കാലാവസ്ഥയോടൊപ്പം അയാളുടെ കാഴ്ചപ്പാടുകൾക്കും മാറ്റം വന്നുകഴിഞ്ഞു.

“കൃഷി എന്നത് ഇപ്പോൾ സമയവും, ഊർജ്ജവും പണവും നഷ്ടപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു”, സുഭാഷ് ഷിൻഡെ പറയുന്നു. അയാളുടെ അമ്മയുടെ കാലത്ത്, അതങ്ങിനെയായിരുന്നില്ല. “കൃഷി എന്നത് ഞങ്ങളുടെ സ്വാഭാവികമായ ഉപജീവനമായിരുന്നു” എന്ന് കൂട്ടിച്ചേർത്തു, ഊർജ്ജസ്വലയായ കാവേരിബായ്.

നമസ്തെ പറഞ്ഞ് ഞാൻ കാവേരിബായിയോട് യാത്ര പറഞ്ഞപ്പോൾ, അവർ എന്‍റെ കൈപിടിച്ച് കുലുക്കി. “കഴിഞ്ഞ വർഷം എന്‍റെ പേരക്കുട്ടി അല്പം പണം സമ്പാദിച്ച് എന്നെ വിമാനത്തിൽ കൊണ്ടുപോയി”, അഭിമാനത്തോടെ ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. “ഇതുപോലെ കൈകുലുക്കിയാണ് വിമാനത്തിൽ‌വെച്ച് അവരെന്നെ സ്വാഗതം ചെയ്തത്. കാലാവസ്ഥ മാറുകയാണ്. നമ്മുടെ സ്വാഗതം ചെയ്യുന്ന രീതികളും മാറേണ്ടതാണെന്ന് തോന്നുന്നു”.

കവര്‍ചിത്രം (ലത്തൂരില്‍ ആലിപ്പഴവര്‍ഷം കൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍): നിഷാന്ത് ഭദ്രേശ്വര്‍

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Reporter : Parth M.N.

पार्थ एम एन हे पारीचे २०१७ चे फेलो आहेत. ते अनेक ऑनलाइन वृत्तवाहिन्या व वेबसाइट्ससाठी वार्तांकन करणारे मुक्त पत्रकार आहेत. क्रिकेट आणि प्रवास या दोन्हींची त्यांना आवड आहे.

यांचे इतर लिखाण Parth M.N.
Editor : P. Sainath

पी. साईनाथ पीपल्स अर्काईव्ह ऑफ रुरल इंडिया - पारीचे संस्थापक संपादक आहेत. गेली अनेक दशकं त्यांनी ग्रामीण वार्ताहर म्हणून काम केलं आहे. 'एव्हरीबडी लव्ज अ गुड ड्राउट' (दुष्काळ आवडे सर्वांना) आणि 'द लास्ट हीरोजः फूट सोल्जर्स ऑफ इंडियन फ्रीडम' (अखेरचे शिलेदार: भारतीय स्वातंत्र्यलढ्याचं पायदळ) ही दोन लोकप्रिय पुस्तकं त्यांनी लिहिली आहेत.

यांचे इतर लिखाण साइनाथ पी.
Series Editors : P. Sainath

पी. साईनाथ पीपल्स अर्काईव्ह ऑफ रुरल इंडिया - पारीचे संस्थापक संपादक आहेत. गेली अनेक दशकं त्यांनी ग्रामीण वार्ताहर म्हणून काम केलं आहे. 'एव्हरीबडी लव्ज अ गुड ड्राउट' (दुष्काळ आवडे सर्वांना) आणि 'द लास्ट हीरोजः फूट सोल्जर्स ऑफ इंडियन फ्रीडम' (अखेरचे शिलेदार: भारतीय स्वातंत्र्यलढ्याचं पायदळ) ही दोन लोकप्रिय पुस्तकं त्यांनी लिहिली आहेत.

यांचे इतर लिखाण साइनाथ पी.
Series Editor : Sharmila Joshi

शर्मिला जोशी पारीच्या प्रमुख संपादक आहेत, लेखिका आहेत आणि त्या अधून मधून शिक्षिकेची भूमिकाही निभावतात.

यांचे इतर लिखाण शर्मिला जोशी
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat