ഈ വര്‍ഷം ജനുവരിയില്‍ ആദ്യമായി മുത്തശ്ശി ആയപ്പോള്‍ ശാന്തി മാഞ്ചിക്ക് 36 വയസ്സ് ആയിരുന്നു. അന്നുരാത്രി മറ്റൊരു കാര്യംകൂടി സംഭവിച്ചു. രണ്ടു ദശകങ്ങളായി തന്‍റെ വീടിന്‍റെ സ്വകാര്യതയില്‍, ശ്രദ്ധിക്കാന്‍ ഡോക്ടറോ നഴ്സോ ഇല്ലാതെ, 7 കുട്ടികള്‍ക്ക് ജന്മം കൊടുത്ത ആ മെലിഞ്ഞ സ്ത്രീ അവസാനം ആശുപത്രി സന്ദര്‍ശിച്ചു.
“എന്‍റെ മകള്‍ക്ക് വേദനയുണ്ടായിരുന്നു, പക്ഷെ കുട്ടി പുറത്തേക്ക് വന്നില്ല. ഞങ്ങള്‍ക്കൊരു ടെമ്പോ വിളിക്കേണ്ടി വന്നു”, തന്‍റെ ഏറ്റവും മൂത്ത മകള്‍ മംമ്തയെ പ്രസവ മുറിയിലേക്ക് പ്രവേശിപ്പിച്ച ദിവസം കണക്കുകൂട്ടിക്കൊണ്ട് അവര്‍ പറഞ്ഞു. ‘ടെമ്പോ’ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ഒരു മുച്ചക്ര വാഹനമാണ്. ഏകദേശം ഒരുമണിക്കൂര്‍ വേണ്ടിവന്നു ആ വാഹനത്തില്‍ - അസ്തമയത്തോടുകൂടി - വെറും 4 കിലോമീറ്റര്‍ അകലെയുള്ള ശിവ്ഹര്‍ പട്ടണത്തിലെത്താന്‍. മംമ്തയെ പെട്ടെന്നുതന്നെ ശിവ്ഹറിലെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. അവിടെവച്ച് അവര്‍ ഒരുപാടു സമയത്തിനുശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
“അയാള്‍ 800 രൂപ മേടിച്ചു”, വാഹനക്കൂലിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ദേഷ്യവരുന്ന അവര്‍ പിറുപിറുത്തു. “ഞങ്ങളുടെ ടോലെയിലെ ആരും ആശുപത്രിയില്‍ പോകില്ല, അതുകൊണ്ട് അവിടെ ആംബുലന്‍സ് ഉണ്ടോയെന്നകാര്യം ഞങ്ങള്‍ക്കറിയില്ല.”
തന്‍റെ ഏറ്റവും ഇളയ കുട്ടി 4-വയസ്സുകാരിയായ കാജല്‍ ഉറങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിച്ചെന്നുറപ്പിക്കുന്നതിനായി രാത്രി പിന്നീട് ശാന്തിക്ക് വീട്ടില്‍ തിരിച്ചെത്തണമായിരുന്നു. “ഞാനൊരു മുത്തശ്ശി ആയിരിക്കുന്നു, പക്ഷെ എനിക്കൊരമ്മയുടെ ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ടതുണ്ട്”, അവര്‍ പറഞ്ഞു. മംമ്തയും കാജലും കൂടാതെ അവര്‍ക്ക് മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.
മാഞ്ചി കുടുംബം ജീവിക്കുന്നത് മുസഹര്‍ ടോലെയിലാണ് - ബീഹാറിലെ ശിവ്ഹര്‍ ബ്ലോക്കിന്‍റെയും ജില്ലയുടെയും വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന മാധോപൂര്‍ അനന്ത് ഗ്രാമത്തിന് പുറത്ത് ഒരുകിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഒരുകൂട്ടം കുടിലുകള്‍. ടോലെയിലെ നാല്‍പതോളം വരുന്ന മണ്‍-മുള കുടിലുകളില്‍ 300-400 ആളുകള്‍ ജീവിക്കുന്നു. അവരെല്ലാവരും മഹാദളിത് വിഭാഗത്തില്‍ പെടുന്ന മുസഹര്‍ ജാതിയില്‍ പെട്ടവരാണ്.
ടോലെയുടെ ഒരുവശത്ത് പൊതുവായി ഉപയോഗിക്കുന്ന ഹാന്‍ഡ് പമ്പില്‍നിന്നും ഒരുചുവന്ന ബക്കറ്റില്‍ ശാന്തി വെള്ളം ശേഖരിച്ചതേയുള്ളൂ. രാവിലെ ഏതാണ്ട് 9 മണിയായപ്പോള്‍ അവര്‍ തന്‍റെ വീടിനുപുറത്തുള്ള ഇടുങ്ങിയ റോഡില്‍ നില്‍ക്കുകയായിരുന്നു. അവിടെ റോഡിന്‍റെ ഓരത്ത് സിമന്‍റ് കൊണ്ടുണ്ടാക്കിയ ഒരു വെള്ളത്തൊട്ടിയില്‍ നിന്നും ഒരു എരുമ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. തന്‍റെ പ്രസവങ്ങളുമായി ബന്ധപ്പെട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് അവര്‍ പ്രാദേശിക ഭാഷയില്‍ പറഞ്ഞു. 7 പ്രസവങ്ങളും വീട്ടില്‍ തന്നെ വലിയ കുഴപ്പങ്ങളില്ലാതെ നടന്നു.
“മേരി ദയാദിന്‍” , ആരാണ് പൊക്കിള്‍ക്കൊടി മുറിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചുമല്‍ കുലുക്കിക്കൊണ്ട് പറഞ്ഞു. ഭര്‍ത്താവിന്‍റെ സഹോദരന്‍റെ ഭാര്യയാണ് ദയാദിന്‍ . പൊക്കിള്‍ക്കൊടി മുറിക്കാന്‍ എന്താണ് ഉപയോഗിച്ചിരുന്നത്? അവര്‍ തലയാട്ടി, അവര്‍ക്കറിയില്ലായിരുന്നു. താമസസ്ഥലത്തുള്ള ഏകദേശം 10-12 സ്ത്രീകള്‍ കൂടി വീട്ടിലുപയോഗിക്കുന്ന ഒരു കത്തിയെടുത്ത് കഴുകി ഉപയോഗിക്കുന്നു. അതെക്കുറിച്ചൊന്നും ആരും അങ്ങനെ ചിന്തിക്കാറില്ല.
മാധോപൂര്‍ അനന്തിലുള്ള മുസഹര്‍ ടോലെയിലെ മിക്ക സ്ത്രീകളും സമാനമായ രീതിയില്‍ അവരുടെ സ്വന്തം കുടിലുകളില്‍ പ്രസവിച്ചിട്ടുണ്ട് - അവസ്ഥ സങ്കീര്‍ണ്ണമാകുമ്പോള്‍ ചിലരെ ആശുപത്രിയിലേക്ക് എടുത്തിട്ടുണ്ടെങ്കില്‍പ്പോലും, അവര്‍ പറഞ്ഞു. അവരുടെ വാസസ്ഥലത്ത് വിദഗ്ദരായ പ്രസവ ശുശ്രൂഷകര്‍ ആരുമില്ല. മിക്ക സ്ത്രീകള്‍ക്കും കുറഞ്ഞത് 4-5 കുട്ടികളുണ്ട്. ഗ്രാമത്തിലൊരു പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്.സി.) ഉണ്ടോയെന്നും അവിടെ പ്രസവങ്ങള്‍ നടക്കാറുണ്ടോയെന്നും ആര്‍ക്കുമറിയില്ല.
“എനിക്കുറപ്പില്ല”, അവരുടെ ഗ്രാമത്തില്‍ ഒരു ആരോഗ്യ കേന്ദ്രമൊ സംസ്ഥാനത്തിന്‍റെ വക ഡിസ്പെന്‍സറിയൊ ഉണ്ടോയെന്നു ചോദിച്ചപ്പോള്‍ ശാന്തി പറഞ്ഞു. 68-കാരിയായ ഭാഗുലാനിയ ദേവി പറഞ്ഞത് മാധോപൂര്‍ അനന്തിലുള്ള ക്ലിനിക്കിനെക്കുറിച്ച് അവര്‍ കേട്ടിട്ടുണ്ടെന്നാണ്. “പക്ഷെ ഞാനവിടെ ഒരിക്കലും പോയിട്ടില്ല. അവിടെ വനിത ഡോക്ടര്‍ ഉണ്ടോയെന്നും എനിക്കറിയില്ല.” 70-കാരിയായ ശാന്തി ചുലൈ മാഞ്ചി പറഞ്ഞത് അവരുടെ ടോലെയിലെ സ്ത്രീകളോട് ആരും ഒരിക്കലും പറഞ്ഞിട്ടില്ല “അവിടെയൊരു പുതിയ ക്ലിനിക്ക് ഉണ്ടോയെന്ന്. ഞങ്ങളെങ്ങനെ അറിയും? എന്നാണ്”
മാധോപൂര്‍ അനന്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രമില്ല, പക്ഷെ ഒരു ഉപകേന്ദ്രമുണ്ട്. ഗ്രാമവാസികള്‍ പറയുന്നത് ഇത് മിക്ക സമയത്തും അടഞ്ഞു കിടക്കുകയാണെന്നാണ്, ഉച്ചകഴിഞ്ഞ് ഞങ്ങള്‍ പോയപ്പോള്‍ കണ്ടതുപോലെ. 2011-12-ലെ ജില്ല ആരോഗ്യ കര്‍മ്മ പദ്ധതി (District Health Action Plan) പറഞ്ഞത് ശിവ്ഹര്‍ ബ്ലോക്കിന് 24 ഉപകേന്ദ്രങ്ങള്‍ വേണമെന്നാണ് - 10 എണ്ണമാണ് ഉള്ളത്.
തന്‍റെ ഗര്‍ഭങ്ങളുടെ ഒരു സമയത്തുപോലും അംഗന്‍വാടിയില്‍ നിന്ന് ഒരു തരത്തിലുമുള്ള ഇരുമ്പ് അല്ലെങ്കില്‍ കാത്സ്യം പൂരകങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. തന്‍റെ മകള്‍ക്കും അവയൊന്നും കിട്ടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പരിശോധനകള്‍ക്കായി അവര്‍ ഒരിടത്തും പോയിട്ടുമില്ല.
കൂടാതെ ഓരോ തവണയും ഗര്‍ഭവതിയായിരുന്ന സമയത്ത് അവര്‍ ജോലി ചെയ്തിട്ടുമുണ്ട് - പ്രസവം അടുക്കുന്ന സമയത്തുവരെ.
സര്‍ക്കാരിന്‍റെ സംയോജിത ശിശു വികസന സേവന (Integrated Child Development Services - ICDS) പദ്ധതിയിന്‍കീഴില്‍ ഗര്‍ഭിണികളും പാലൂട്ടുന്നവരുമായ സ്ത്രീകളും ശിശുക്കളും പോഷകാഹാരങ്ങള്‍ക്ക് അര്‍ഹരാണ്. അത് പൊതിയാക്കിയ പലവ്യഞ്ജന സാധനങ്ങളോ, അല്ലെങ്കില്‍ അംഗന്‍വാടിയില്‍ നിന്നും ലഭിക്കുന്ന പാചകം ചെയ്ത ഭക്ഷണങ്ങളോ ആവാം. ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്ത് കുറഞ്ഞത് 180 ദിവസങ്ങളെങ്കിലും അയണ്‍ ഫോളിക് ആസിഡ് ഗുളികളും കാത്സ്യം പൂരകങ്ങളും നല്‍കേണ്ടതാണ്. ശാന്തി പറഞ്ഞത് തനിക്ക് 7 കുട്ടികള്‍ (ഇപ്പോള്‍ ഒരു പേരക്കുട്ടിയും കൂടി) ഉണ്ടെങ്കിലും ഇത്തരം പദ്ധതികളെക്കുറിച്ചൊന്നും കേട്ടിട്ടില്ല എന്നാണ്.
അടുത്തുള്ള മാലി പോഖാര്‍ ഭിണ്ഡ ഗ്രാമത്തിലെ അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക അല്ലെങ്കില്‍ ആശാ പ്രവര്‍ത്തകയായ (Accredited Social Health Activist - ASHA) കലാവതി ദേവി പറഞ്ഞത് മുസഹര്‍ ടോലെയിലെ സ്ത്രീകള്‍ ഒരു അംഗന്‍വാടിയിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ്. “ഈ പ്രദേശത്ത് രണ്ട് അംഗന്‍വാടികളാണ് ഉള്ളത് - ഒരെണ്ണം മാലി പോഖാര്‍ ഭിണ്ഡയിലും മറ്റേത് പഞ്ചായത്ത് ഗ്രാമമായ ഖൈര്‍വ ദര്‍പിലും. എവിടെ രജിസ്റ്റര്‍ ചെയ്യണമെന്ന് സ്ത്രീകള്‍ക്കറിയില്ല, അവസാനം അവര്‍ ഒരിടത്തും രജിസ്റ്റര്‍ ചെയ്യില്ല.” രണ്ട് ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നത് മുസഹര്‍ ടോലെയില്‍നിന്നും 2.5 കിലോമീറ്റര്‍ മാറിയാണ്. ഭൂരഹിത വീടുകളില്‍ നിന്നുവരുന്ന ശാന്തിക്കും മറ്റു സ്ത്രീകള്‍ക്കും ഇതൊരു നീണ്ട ദൂരമാണ്. എല്ലാ ദിവസവും പണിയെടുക്കാനായി പാടത്തേക്ക് അല്ലെങ്കില്‍ ഇഷ്ടിക ചൂളകളിലേക്ക് നടക്കുന്ന 4-5 കിലോമീറ്ററിനു പുറമെയുള്ള നടപ്പാണ് അവര്‍ക്കിത്.
റോഡില്‍ ശാന്തിക്കു ചുറ്റും കൂടിയ എല്ലാ സ്ത്രീകളും പറഞ്ഞത് അവര്‍ക്ക് പൂരക സാധനങ്ങളോ, അംഗന്‍വാടിയില്‍ നിന്ന് അവ ലഭിക്കണമെന്ന ആവശ്യം ഉന്നയിക്കാനുള്ള അവകാശങ്ങളെക്കുറിച്ചുള്ള അറിവോ ലഭിച്ചിട്ടില്ല എന്നാണ്.
പ്രായമുള്ള സ്ത്രീകള്‍ പരാതിപ്പെട്ടത് സംസ്ഥാനം നല്‍കേണ്ട മറ്റ് സൗകര്യങ്ങള്‍ ലഭിക്കുന്നതും ഏതാണ്ട് അസാദ്ധ്യമാണെന്നാണ്. 71-കാരിയായ ധോഗരി ദേവി പറഞ്ഞത് അവര്‍ക്ക് വിധവ പെന്‍ഷന്‍ കിട്ടിയിട്ടേയില്ലെന്നാണ്. ഭാഗുലാനിയ ദേവി പറഞ്ഞത് എല്ലാമാസവും അവരുടെ അക്കൗണ്ടില്‍ 400 രൂപവീതം വരുന്നുണ്ട്, പക്ഷെ അത് എന്ത് സഹായമാണെന്ന് കൃത്യമായ രൂപമില്ലെന്നാണ്.
ഗര്‍ഭധാരണ സമയത്തും അതിനുശേഷവും എന്തൊക്കെ ആനുകൂല്യങ്ങള്‍ക്കാണ് തങ്ങള്‍ അര്‍ഹരായിട്ടുള്ളത് എന്നതിനെപ്പറ്റി അവര്‍ക്ക് ആശയക്കുഴപ്പമുണ്ടെന്നും, അവര്‍ക്ക് വിദ്യാഭ്യാസമില്ലെന്നും ഉള്ള കാരണങ്ങളാല്‍ ആശാ പ്രവര്‍ത്തകയായ കലാവതി ആ സ്ത്രീകളെ കുറ്റപ്പെടുത്തുന്നു. “എല്ലാവര്‍ക്കും അഞ്ച്, ആറ്, ഏഴ് കുട്ടികളുണ്ട്. കുട്ടികള്‍ എല്ലാ ദിവസവും ഓടി നടക്കുന്നു. അവരോട് ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ഖൈര്‍വ ദര്‍പ് അംഗന്‍വാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍, പക്ഷെ അവര്‍ കേള്‍ക്കുന്നില്ല”, അവര്‍ പറഞ്ഞു.
താമസസ്ഥലത്തുള്ള ഏകദേശം 10-12 സ്ത്രീകള്‍ കൂടി വീട്ടിലുപയോഗിക്കുന്ന ഒരു കത്തിയെടുത്ത് കഴുകി ഉപയോഗിക്കുന്നു. അതെക്കുറിച്ചൊന്നും ആരും അങ്ങനെ ചിന്തിക്കാറില്ല
ടോലേക്ക് വളരെയടുത്ത് മാധോപൂര്‍ അനന്തില്‍ ഒരു സര്‍ക്കാര്‍വക പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്നു. പക്ഷെ മുസഹര്‍ സമുദായത്തില്‍ നിന്നുള്ള വളരെക്കുറച്ച് കുട്ടികളെ അവിടെ പോകുന്നുള്ളൂ. ശാന്തി തികച്ചും നിരക്ഷരയാണ്. അവരുടെഭര്‍ത്താവും ഏഴ് കുട്ടികളും അങ്ങനെതന്നെ. “എന്തായാലും അവര്‍ക്ക് ദിവസ വേതന തൊഴിലെടുക്കാന്‍ പോകണം”, മുതിര്‍ന്ന സ്ത്രീയായ ധോഗരി ദേവി പറഞ്ഞു.
ബീഹാറിലെ പട്ടികജാതിക്കാരുടെയിടയില്‍ സാക്ഷരത നിരക്ക് വളരെ കുറവാണ്. 28.5 ശതമാനമാണിത്. അഖിലേന്ത്യാ തലത്തില്‍ പട്ടികജാതിക്കാരുടെ ഇടയിലെ 54.7 ശതമാനത്തിന്‍റെ (2001 സെന്‍സസ് പ്രകാരം) പകുതിയോളമെ ഇത്‌വരൂ. അതില്‍ത്തന്നെ മുസഹറുകളുടെ ഇടയിലാണ് ഇത് ഏറ്റവും കുറവ് - 9 ശതമാനം.
മുസഹര്‍ കുടുംബങ്ങള്‍ക്ക് പരമ്പരാഗതമായി കാര്‍ഷിക വസ്തുവകകള്‍ ഒന്നുമില്ല. ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലെ സാമൂഹ്യ വികസനത്തെക്കുറിച്ചുള്ള നീതി ആയോഗിന്‍റെ ഒരു സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം ബീഹാറിലെ 10.1 ശതമാനം മുസഹറുകള്‍ക്കു മാത്രമാണ് കറവപ്പശുക്കള്‍ ഉള്ളത് - പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ ഏറ്റവും കുറവ്. 1.4 ശതമാനത്തിന് മാത്രമാണ് കാളകള്‍ ഉള്ളത് - വീണ്ടും ഏറ്റവും കുറവ്.
ചില മുസഹറുകള്‍ പന്നികളെ വളര്‍ത്തുന്നു. ഇതവരുടെ ഒരു പരമ്പരാഗത തൊഴിലാണ്. നീതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നത് ഈ തൊഴില്‍ ഇവരെ മറ്റു ജാതികള്‍ അശുദ്ധരായി കാണുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നാണ്. റിപ്പോര്‍ട്ടിനുവേണ്ടി നടത്തിയ സര്‍വ്വെ പ്രകാരം മറ്റു പട്ടികജാതിക്കാരുടെ ഉടമസ്ഥതയില്‍ സൈക്കിളുകള്‍, റിക്ഷാകള്‍, സ്കൂട്ടറുകള്‍ അല്ലെങ്കില്‍ മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയൊക്കെ ഉള്ളപ്പോള്‍ മുസഹര്‍ വീടുകളുടെ വാഹന ഉടമസ്ഥത സംബന്ധിക്കുന്ന കോളങ്ങള്‍ മുഴുവന്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ശാന്തിയുടെ കുടുംബം പന്നികളെ വളര്‍ത്തുന്നില്ല. കുറച്ച് ആടുകളും കോഴികളുമൊക്കെ ഉണ്ടെങ്കിലും അവയൊന്നും വില്‍ക്കുന്നില്ല – അവയുടെ പാലും മുട്ടയുമൊക്കെ സ്വന്തം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. “ജീവിക്കാനായി ഞങ്ങള്‍ എല്ലാസമയത്തും ജോലി ചെയ്തു. ബീഹാറിന്‍റെ പല ഭാഗത്തും വര്‍ഷങ്ങളോളം ഞങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍പോലും പണിയെടുത്തിട്ടുണ്ട്”, ഭര്‍ത്താവിനെയും കുട്ടികളെയും പരാമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു. സംസ്ഥാനത്തങ്ങോളമുള്ള ഇഷ്ടിക ചൂളകളില്‍ പണിയെടുക്കുമ്പോള്‍ കുട്ടികളും പണിചെയ്ത് സഹായിക്കുമായിരുന്നു.
“മാസങ്ങളോളം ഞങ്ങളവിടെ താമസിക്കുമായിരുന്നു, ചിലപ്പോള്‍ തുടര്‍ച്ചയായി 6 മാസങ്ങള്‍. ഒരിക്കല്‍ ഞങ്ങള്‍ ഒരുവര്‍ഷത്തോളം ഒരു ഇഷ്ടിക ചൂളയില്‍ പണിയെടുത്തുകൊണ്ട് കാശ്മീരില്‍ താമസിച്ചു”, ശാന്തി പറഞ്ഞു. ആ സമയത്ത് അവര്‍ ഗര്‍ഭിണി ആയിരുന്നു. ഏത് മകനെ അല്ലെങ്കില്‍ മകളെ ആയിരുന്നു അന്ന് ഗര്‍ഭവതിയായിരുന്നത് എന്ന് ഓര്‍മ്മിക്കാന്‍ പക്ഷെ അവര്‍ക്ക് കഴിഞ്ഞില്ല. “അത് 6 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു”, കാശ്മീരിന്‍റെ ഏത് ഭാഗമായിരുന്നു എന്നും അവര്‍ക്കറിയില്ല. അത് വലിയൊരു ഇഷ്ടികചൂള ആയിരുന്നുവെന്നും തൊഴിലാളികളെല്ലാം ബീഹാറില്‍ നിന്നുള്ളവര്‍ ആയിരുന്നുവെന്നും മാത്രമറിയാം.
അവിടെ ലഭിച്ചിരുന്ന വേതനം ബീഹാറില്‍ ലഭിച്ചിരുന്ന 450 എന്ന നിരക്കിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു - ഓരോ 1,000 കട്ടയ്ക്കും 600 മുതല്‍ 650 രൂപവരെ. കുട്ടികളും ചൂളകളില്‍ പണിയെടുത്തിരുന്നതുകൊണ്ട് ശാന്തിക്കും ഭര്‍ത്താവിനും പ്രതിദിനം കൂടുതല്‍ ഇഷ്ടികകള്‍ ഉണ്ടാക്കാന്‍ പറ്റുമായിരുന്നു. ആ വര്‍ഷം മൊത്തത്തില്‍ എത്ര പണം ഉണ്ടാക്കാന്‍ പറ്റിയെന്ന് അവര്‍ക്ക് പക്ഷെ ഓര്‍മ്മയില്ല. “പക്ഷെ കുറച്ചു പണമെ കിട്ടൂ എന്നുള്ളെങ്കില്‍പ്പോലും ഞങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തണമായിരുന്നു”, അവര്‍ ഓര്‍മ്മിച്ചു.
നിലവില്‍ അവരുടെ ഭര്‍ത്താവ് 38-കാരനായ ദൊരിക് മാഞ്ചി പഞ്ചാബില്‍ ഒരു കര്‍ഷക തൊഴിലാളിയായി ജോലി ചെയ്യുകയും വീട്ടിലേക്ക് പ്രതിമാസം 4,000-5,000 രൂപയ്ക്കിടയിലുള്ള തുക അയയ്ക്കുകയും ചെയ്യുന്നു. മഹാമാരിയും ലോക്ക്ഡൗണും മൂലം കുറച്ച് പണിയാണ് ലഭിക്കുന്നത്. ഇപ്പോള്‍ തൊഴില്‍ കരാറുകാര്‍ പുരുഷന്‍മാരെ മാത്രമാണ് താല്‍പ്പര്യപ്പെടുന്നത് എന്നും അതുകൊണ്ടാണ് താന്‍ ഇവിടെ നെല്‍പ്പാടങ്ങളില്‍ പണിയെടുക്കുന്നത് എന്നും അവര്‍ പറഞ്ഞു. “പക്ഷെ ഇവിടെ പണം ലഭിക്കുന്നത് ഒരു പ്രശ്നമാണ്. പണം നല്‍കുന്നതിനായി ഒരുദിവസം തിരഞ്ഞെടുക്കാന്‍ ഉടമ കാത്തിരിക്കുന്നു”, ഒരേ കര്‍ഷകന്‍റെ വീട്ടിലേക്ക് പലതവണ കൂലി ചോദിക്കാന്‍ തിരിച്ചുപോകണം എന്ന് പരാതിപ്പെട്ടുകൊണ്ട് അവര്‍ പറഞ്ഞു. “പക്ഷെ ഏറ്റവും കുറഞ്ഞത് ഞങ്ങള്‍ വീട്ടിലാണ്” എന്ന് വിചാരിക്കാം, എന്നവര്‍ കൂട്ടിച്ചേര്‍ത്തു.
അവരുടെ മകള്‍ കാജല്‍ മഴയുള്ള ഒരു ദിവസം രാവിലെ റോഡിന്‍റെ ഓരത്ത് താമസസ്ഥലത്തുള്ള മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു. എല്ലാവരും നനഞ്ഞിരുന്നു. ഞങ്ങള്‍ക്കു ഫോട്ടൊ എടുക്കുന്നതിനായി ഒരു ഉടുപ്പ് ധരിക്കാന്‍ (രണ്ടെണ്ണം ഉള്ളതിലെ നല്ല ഒരെണ്ണം) ശാന്തി അവളോട് പറഞ്ഞു. പെട്ടെന്നുതന്നെ കുട്ടി ഉടുപ്പ് ഉപേക്ഷിച്ചുകൊണ്ട് തിരികെപ്പോയി - വട്ടത്തിലുള്ള ഒരുകല്ല് വടികള്‍കൊണ്ട് പിന്തുടര്‍ന്നു കളിക്കുന്ന മറ്റു കുട്ടികളുടെ ഇടയിലേക്ക്.
ശിവ്ഹര്‍ ഭൂമിശാസ്ത്രപരമായും ജനസംഖ്യയുടെ വലിപ്പംകൊണ്ടും ബീഹാറിലെ ഏറ്റവും ചെറിയ ജില്ലയാണ്. 1994-ല്‍ സീതാമഢിയില്‍ നിന്നുമാണ് ഈ ജില്ല രൂപീകരിച്ചത്. ശിവ്ഹറിന്‍റെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്നത് അതിന്‍റെ ഒരേയൊരു പട്ടണണത്തിലാണ്. ജില്ലയിലെ മുഖ്യ നദിയും ഗംഗയുടെ പ്രധാനപ്പെട്ട പോഷകനദിയുമായ ബാഗ്മതി നേപ്പാളിലെ അതിന്‍റെ സ്രോതസ്സില്‍ നിന്നു വരുന്ന മഴവെള്ളംകൊണ്ട് നിറയുകയും ഗ്രാമങ്ങള്‍ മണ്‍സൂണ്‍ സമയത്ത് നിരവധി തവണ പ്രളയാധിക്യത്തില്‍ ആവുകയും ചെയ്യാറുണ്ട്. കോസി നദിയും മറ്റു നദികളും അവയുടെ അപകട രേഖകളോടടുക്കുന്നതുമൂലം പടിഞ്ഞാറന്‍ ബീഹാര്‍ വെള്ളത്തിലാകുന്ന അതേസമയത്തു തന്നെയാണിത്. വെള്ളം ധാരാളം ആവശ്യമുള്ള നെല്ലും കരിമ്പും പ്രദേശത്തെ പ്രധാന കൃഷിയാണ്.
മുസഹര്‍ ടോലെ-മാധോപൂര്‍ അനന്ത് പ്രദേശത്തുള്ള ആളുകള്‍ അവിടെത്തന്നെയുള്ള നെല്‍പ്പാടങ്ങളിലും അകലെയുള്ള നിര്‍മ്മാണ സ്ഥലങ്ങളിലും ഇഷ്ടിക ചൂളകളിലും പണിയെടുക്കുന്നു. ബന്ധുക്കള്‍ക്ക് ചെറിയ ഭൂമിയുള്ള (ഒന്നോ രണ്ടോ കട്താകള്‍ - ഒരേക്കറിന്‍റെ ചെറിയൊരു ഭാഗം), ചിലരുണ്ട്. പക്ഷെ സ്വന്തമായി ഭൂമിയുള്ള ആരുമില്ല.
ശാന്തിയുടെ കെട്ടുപിണഞ്ഞുകിടന്ന മുടി അവരുടെ ആകര്‍ഷകമായ പുഞ്ചിരിയ്ക്കൊപ്പം നിലകൊണ്ടു. പക്ഷെ അവരോടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മറ്റുചില സ്ത്രീകള്‍ സാരിത്തലപ്പ് വലിച്ച് കെട്ടുപിണഞ്ഞുകിടന്ന അവരുടെ മുടിയും കാണിച്ചുതന്നു. “ഇത് അഘോരി ശിവനുള്ളതാണ്” എന്നുപറഞ്ഞ ശാന്തി, ഇത് പക്ഷെ മുറിച്ച് കാഴ്ച അര്‍പ്പിക്കാനുള്ളതല്ല എന്നും കൂട്ടിച്ചേര്‍ത്തു. ഇത് “രാത്രിയില്‍ തനിയെ ഇങ്ങനെ ആയിത്തീരുന്നതാണ്” എന്ന് അവര്‍ അവകാശപ്പെട്ടു.
കലാവതി വിശ്വസിക്കാന്‍ കൂട്ടാക്കാതെ മുസഹര്‍ ടോലെയിലെ സ്ത്രീകള്‍ വ്യക്തിശുചിത്വം പാലിക്കാത്തവരാണെന്ന് പറഞ്ഞു. പ്രസവിക്കാനുള്ള സ്ത്രീകളെ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിച്ചാല്‍ അവരെപ്പോലുള്ള ആശാപ്രവര്‍ത്തകര്‍ക്ക് ഓരോ പ്രസവത്തിനും 600 രൂപവീതം പ്രോത്സാഹന പ്രതിഫലം നല്‍കുന്നതാണ്. പക്ഷെ മഹാമാരിക്കാലത്ത് അത് ഭാഗികമായി മാത്രമാണ് ലഭിച്ചതെന്ന് കലാവതി പറയുന്നു. “ആശുപത്രിയില്‍ പോകാന്‍ ആളുകളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, അതുകൊണ്ട് പണവും ലഭിക്കുന്നില്ല”, അവര്‍ കൂട്ടിച്ചേര്‍ത്തു.
“ഈ മനുഷ്യര്‍” അവരുടെ രീതികളൊക്കെ ഒരിക്കലും മാറാത്തവിധം ഉണ്ടാക്കിയതാണ് എന്ന് മുഹസറുകള്‍ അല്ലാത്തവര്‍ക്കിടയില്‍ ഒരു പൊതുകാഴ്ചപ്പാട് ഉള്ളതുകൊണ്ടാകാം ശാന്തി എന്നോട് അവരുടെ സമുദായത്തിന്‍റെ ആചാരങ്ങളെയും പ്രവൃത്തികളെയും കുറിച്ച് പറഞ്ഞപ്പോഴൊക്കെ വളരെ ജാഗ്രത പാലിച്ചിരുന്നു. പോഷകത്തെക്കുറിച്ച് പറയാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. “എലി പോലെയുള്ള ജീവികളെയൊന്നുമല്ല ഞങ്ങള്‍ തിന്നുന്നത്”, മുസഹറുകളെക്കുറിച്ച് ശക്തമായി നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളായ അഭിപ്രായങ്ങളെക്കുറിച്ച് പ്രത്യേകമായി ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
ഈ മുസഹര്‍ ടോലെയിലെ ഭക്ഷണം അരിയും ഉരുളക്കിഴങ്ങുമാണ് എന്നത് കലാവതിയും അംഗീകരിക്കുന്നു. “എന്നിരിക്കിലും ആരും പച്ചക്കറികളൊന്നും കഴിക്കാറില്ല എന്ന് ഉറപ്പാണ് എന്ന് കലാവതി പറയുന്നു. ഈ താമസസ്ഥലത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഇടയില്‍ വിളര്‍ച്ച രോഗം വളരെ വ്യാപകമായി കണ്ടുവരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രാമത്തിലെ ന്യായവില കടയില്‍ (പൊതുവിതരണ സമ്പ്രദായത്തിന്‍ കീഴിലുള്ളത്) നിന്നും ശാന്തിക്ക് സബ്സിഡി നിരക്കില്‍ അരിയും ഗോതമ്പും ലഭിക്കുന്നുണ്ട് - എല്ലാമാസവും മൊത്തത്തില്‍ 27 കിലോവീതം. “റേഷന്‍കാര്‍ഡില്‍ കുട്ടികളെ എല്ലാവരെയും ചേര്‍ത്തിട്ടില്ല. അതുകൊണ്ട് ചെറിയ കുട്ടികളുടെ വിഹിതത്തിലുള്ള ധാന്യം ലഭിക്കുന്നില്ല”, അവര്‍ പറഞ്ഞു. ഇന്നത്തെ ഭക്ഷണം അരിയും ഉരുളക്കിഴങ്ങും ബീന്‍പയറും ആണെന്ന് അവര്‍ പറഞ്ഞു. രാത്രിയില്‍ റോട്ടി ആയിരിക്കും. മുട്ട, പാല്‍, പച്ചക്കറികള്‍ എന്നിവയൊക്കെ വീടുകളില്‍ അപൂര്‍വ്വമാണ്. പഴങ്ങള്‍ തീര്‍ത്തും അപൂര്‍വ്വമാണ്.
മകള്‍ക്കും ഒരുപാട് കുട്ടികള്‍ ഉണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ചു. മംമ്തയെ വിവാഹം കഴിച്ച കുടുംബം അതിര്‍ത്തിക്ക് തൊട്ടപ്പുറത്ത് നേപ്പാളില്‍ ആണ്. “എനിക്കതറിയില്ല, പക്ഷെ അവള്‍ക്ക് ആശുപത്രിയില്‍ വരണമെങ്കില്‍ അവള്‍ ഇവിടെത്തന്നെ മിക്കവാറും വരണം.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: റെന്നിമോന്‍ കെ. സി.