ഈ ദീപാവലിക്ക് ഏകദേശം 10,000 മുതൽ 12,000 വരെ ദീപങ്ങൾ ഉണ്ടാക്കി എന്നാണ് ശ്രീകാകുളം പരദേശം പറയുന്നത്. ഈ ആഴ്ച വരുന്ന ഉത്സവത്തിന് ഒരു മാസം മുമ്പേ ഈ 92-കാരൻ പണികൾ തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചായക്ക് ശേഷം 7 മണിക്ക് അയാൾ പണി തുടങ്ങും, ചുരുങ്ങിയ ഇടവേളകൾ എടുത്തുകൊണ്ട് സന്ധ്യ വരെ അത് തുടരുകയും ചെയ്യും.
കുറച്ചാഴ്ചകൾക്ക് മുമ്പ് ഒക്ടോബർ ആദ്യത്തിൽ ഒരു കുഞ്ഞു സ്റ്റാന്റോടു കൂടെ ദീപം നിർമിക്കുന്നതിൽ പരദേശം തന്റെ കഴിവ് ഒന്ന് പരീക്ഷിച്ചു നോക്കി. “കുറച്ച് പ്രയാസമാണ് ഇവ നിർമിക്കുന്നത്. സ്റ്റാന്റിന്റെ കനം കൃത്യമായി കിട്ടണം,” അയാൾ പറയുന്നു. കപ്പ് പോലുള്ള വിളക്കിൽ നിന്നും എണ്ണ കവിഞ്ഞു പോകാതിരിക്കാനും എരിയുന്ന തിരി പുറത്ത് വീഴാതിരിക്കാനും സ്റ്റാന്റ് സഹായിക്കുന്നു. സാധാരണ ദീപം നിർമിക്കാൻ 2 മിനുറ്റ് വേണ്ടപ്പോൾ സ്റ്റാൻഡോട് കൂടിയത് നിർമിക്കാൻ 5 മിനുറ്റ് എടുക്കും. എന്നാൽ വിൽപ്പന നഷ്ടപ്പെടാതിരിക്കാൻ അയാൾ സാധാരണ ദീപത്തിന്റെ 3 രൂപ നിരക്കിനെക്കാൾ ഒരു രൂപയേ ഇതിന് അധികമായി ഈടാക്കുന്നുള്ളൂ.
കൈത്തൊഴിലിനോടുള്ള ഇഷ്ടവും ആവേശവും മൂലം വിശാഖപ്പട്ടണത്തിലെ കുമ്മരി വീഥിയിലെ പരദേശത്തിന്റെ വീട്ടിൽ എട്ട് ദശകങ്ങളായി മണ്പാത്ര ചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഇക്കാലമത്രയും ദീപാവലി ആഘോഷിക്കുന്ന വീടുകളെ ദീപശോഭയിൽ കുളിപ്പിച്ചു കൊണ്ട് ലക്ഷങ്ങളോളം ദീപങ്ങൾ അയാൾ ഉണ്ടാക്കിക്കഴിഞ്ഞു. “രൂപമൊന്നുമില്ലാത്ത മണ്ണ് നമ്മുടെ കയ്യും ഊർജവും ചക്രവും ഉപയോഗിച്ചുകൊണ്ട് ഒരു വസ്തുവായി മാറുന്നു. ഇതൊരു കലയാണ്,” രണ്ടു വർഷം മുൻപ് നവതി പൂർത്തിയാക്കിയ ആ മനുഷ്യൻ പറയുന്നു. കേൾവിക്ക് ചെറിയ പ്രശ്നമുള്ളതിനാൽ ദൂരെയെങ്ങും പോകാതെ കുടുംബത്തിനൊപ്പം തന്നെ കഴിയുകയാണ് അയാൾ.
വിശാഖപട്ടണം നഗരത്തിലെ തിരക്കേറിയ അക്കയ്യപാലെം അങ്ങാടിക്കടുത്തുള്ള ഇടുങ്ങിയ തെരുവാണ് കുമ്മര വീഥി. തെരുവിലെ താമസക്കാരിൽ ഭൂരിപക്ഷവും കുമ്മാരന്മാരാണ്. ചെളി ഉപയോഗിച്ച് വിഗ്രഹമടക്കമുള്ള നിരവധി വസ്തുക്കൾ പരമ്പരാഗതമായി നിർമ്മിക്കുന്ന ഒരു സമുദായമാണ് കുമ്മാരന്മാർ. വിശാഖപട്ടണം ജില്ലയിലെ പദ്മനാഭൻ മണ്ഡലിലെ പൊട്ട്നൂരു ഗ്രാമത്തിൽ നിന്ന് ജോലി അന്വേഷിച്ച് ഈ നഗരത്തിൽ എത്തിയതാണ് പരദേശത്തിന്റെ മുത്തച്ഛൻ. തെരുവിലെ 30 കുശവ കുടുംബങ്ങളും ദീപങ്ങൾ, ചെടിച്ചട്ടികൾ, പണക്കുഞ്ചികൾ, മണ്പാത്രങ്ങൾ, കോപ്പകൾ, വിഗ്രഹങ്ങൾ തുടങ്ങി പല വിധ മണ്പാത്ര നിർമ്മിതികൾ ഉണ്ടാക്കിയിരുന്ന ബാല്യകാലം അയാൾ ഓർക്കുന്നു.
ഇന്ന് വിശാഖപട്ടണത്തിലെ ഏക കുശവ വീട്ടിൽ കഴിയുന്ന പരദേശമാണ് ദീപങ്ങൾ ഉണ്ടാക്കുന്ന അവസാനത്തെ കൈത്തൊഴിലുകാരൻ. മറ്റു കുശവ കുടുംബങ്ങൾ വിഗ്രഹങ്ങളോ മറ്റു കളിമണ്ണുൽപ്പന്നങ്ങളോ ആണ് ഉണ്ടാക്കുന്നത്, ആരും ദീപങ്ങൾ ഉണ്ടാക്കുന്നില്ല. പത്തു വർഷങ്ങൾ മുൻപേ പരദേശവും ഉത്സവങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കിയിരുന്നു, പക്ഷെ പതുക്കെ നിർത്തി: വിഗ്രഹനിർമാണം ശാരീരികമായി പ്രയാസമേറിയ പ്രവൃത്തിയാണ്, മണിക്കൂറുകളോളം നിലത്തിരിക്കാൻ ബുദ്ധിമുട്ടാണെന്ന് അയാൾ പറയുന്നു.
പരദേശം ഇപ്പോൾ വിനായക ചതുർഥി അവസാനിക്കാനായി കാത്തിരിക്കും, എന്നാൽ ദീപാവലിക്കുള്ള ദീപങ്ങൾ ഉണ്ടാക്കി തുടങ്ങാമല്ലോ. “ദീപങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ ഇത്രയും സന്തോഷം കണ്ടെത്തുന്നത് എന്തുകൊണ്ടെന്നെനിക്കറിയില്ല. മണ്ണിന്റെ മണമായിരിക്കും ഒരു പക്ഷേ എന്നെ ആകർഷിക്കുന്നത്,” വീടിനടുത്തുള്ള വഴിയിലെ ഒരു താത്ക്കാലിക കൂരയിലിരുന്നു പണിയെടുക്കുന്നതിനിടെ അയാൾ പറഞ്ഞു. കളിമണ്ണ് കൂമ്പാരം, പൊട്ടിയ പാത്രങ്ങൾ, വിഗ്രഹങ്ങൾ, വെള്ളം ശേഖരിച്ചു വെക്കുന്ന വീപ്പ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നു ആ മുറി.
ചെറുപ്പത്തിൽ അച്ഛനിൽ നിന്നുമാണ് പരദേശം വീടുകളിലേക്കുള്ള സാധാരണ ദീപങ്ങൾ ഉണ്ടാക്കാൻ പഠിച്ചത്. അലങ്കാരദീപങ്ങളും അയാൾ ഉണ്ടാക്കും. കൂടാതെ ചെടിച്ചട്ടികൾ, പണക്കുഞ്ചികൾ, വിനായക ചതുർഥിക്കുള്ള ഗണേശ വിഗ്രഹങ്ങൾ, പൂച്ചട്ടി (പടക്ക നിർമാണ വ്യവസായത്തിൽ ഇതേ പേരിലുള്ള പടക്കം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ചെറു മണ്പാത്രം) എന്നിവയും ഉണ്ടാക്കും. 3 രൂപ നിരക്കിൽ 1,000 പൂച്ചട്ടികൾക്കുള്ള ഓർഡർ ഈ വർഷം അയാൾക്ക് ലഭിച്ചു.
ദീപാവലിയോടടുത്ത മാസങ്ങളിൽ പ്രഗത്ഭനായ പരദേശത്തിന് ഒരു ദിവസം 500 ദീപങ്ങളോ പൂച്ചട്ടികളോ വെച്ചുണ്ടാക്കാൻ കഴിയും. ഉണ്ടാക്കിയെടുക്കുന്ന മൂന്നിൽ ഒന്ന് വെച്ച് ചൂളയിൽ ചൂടാക്കുമ്പോഴോ വൃത്തിയാക്കുമ്പോഴോ പൊട്ടി പാഴായിപ്പോകുമെന്ന് അയാൾ കണക്കു കൂട്ടുന്നു. മണ്ണിന്റെ മോശം ഗുണനിലവാരം ആണ് കാരണമെന്ന് കുശവർ പറയുന്നു.
തിരക്കേറിയ സമയങ്ങളിൽ പരദേശത്തിന്റെ മകൻ ശ്രീനിവാസ് റാവുവും മരുമകൾ സത്യവതിയും സഹായത്തിനെത്തും. കുടുംബമൊന്നിച് ഉത്സവകാലമായ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ 75,000 രൂപയോളം സമ്പാദിക്കും. വർഷത്തിലെ മറ്റു ദിവസങ്ങളിലെല്ലാം തെരുവ് കാലിയായിരിക്കും, വില്പന്നയൊന്നുമുണ്ടാവില്ല. മകൻ ശ്രീനിവാസ് സ്കൂളിൽ പണിയെടുത്ത് കൊണ്ടുവരുന്ന 10,000 രൂപ മാസവരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
കഴിഞ്ഞ ദീപാവലി കോവിഡ് കൊണ്ടു പോയതിനാൽ 3000-4000 ദീപങ്ങൾ വിറ്റു പോയതല്ലാതെ ഒരു പൂച്ചട്ടി പോലും ചെലവായില്ല. “കൈ കൊണ്ടുണ്ടാക്കിയ ലളിതമായ ദീപങ്ങൾ ഇപ്പോൾ ആർക്കും വേണ്ട,” ആവശ്യക്കാർ വന്നേക്കാം എന്ന പ്രതീക്ഷ കാത്തുവെച്ചു കൊണ്ടു തന്നെ അയാൾ ദീപാവലിക്ക് ഒരാഴ്ച്ച മുമ്പ് പാരിയോടു പറഞ്ഞു. “യന്ത്രനിർമിതമായ അലങ്കാര ദീപങ്ങളാണ് എല്ലാവർക്കും വേണ്ടത്,” വ്യവസായ യൂണിറ്റുകളിൽ അച്ചു വെച്ചുണ്ടാക്കുന്ന അലങ്കാര ദീപങ്ങളെ പരാമർശിച്ചുകൊണ്ട് അയാൾ പറയുന്നു. കുമ്മര വീഥിയിലെ പഴയ പല കുശവ കുടുംബങ്ങളും ഈ ദീപങ്ങൾ 3-4 രൂപ നിരക്കിൽ വാങ്ങിയിട്ട് ഇവിടെ 5-10 രൂപക്ക് വിൽക്കുന്നു.
മത്സരം വകവെക്കാതെ പരദേശം പുഞ്ചിരിയോടെ പറയുന്നു, “ഈ ലളിതമായ കളിമണ്ണ് ദീപങ്ങൾ എന്റെ പേരക്കുട്ടിക്ക് എന്തിഷ്ടമാണെന്നോ.”
കുമ്മര വീഥിയിൽ ഇപ്പോഴും കൈത്തൊഴിൽ ചെയ്യുന്ന കുറച്ച് കുടുംബങ്ങൾ എല്ലാ വർഷവും വിനായക ചതുർഥിക്ക് മാസങ്ങൾ മുമ്പായി ഒരു ഇടപാടുകാരനിൽ നിന്ന് മട്ടി (കളിമണ്ണ്) വാങ്ങിക്കും. അഞ്ച് ടണ്ണോളം വരുന്ന ഒരു ലോറി- ലോഡ് മണ്ണ് ഒരുമിച്ചു വാങ്ങിക്കും. മണ്ണിന് 15,000 രൂപയും ആന്ധ്രാ പ്രദേശിലെ അയൽജില്ലയായ വിസ്യനഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അത് കൊണ്ട് വരുന്നതിന് 10,000 രൂപയും ചെലവാകും. ശരിയായ ജിൻക മട്ടി (പശയുടെ സ്വാഭാവിക സാന്നിദ്ധ്യം ഉള്ള മണ്ണ്) തന്നെ ലഭിക്കണം എന്നത് കളിമണ്ണ് രൂപങ്ങളുടെയും വിഗ്രഹങ്ങളുടെയും നിർമിതിക്ക് അത്യന്താപേക്ഷികമാണ്.
പരദേശത്തിന്റെ കുടുംബം ഒരു ടണ്ണോളം മണ്ണെടുക്കും. ദീപാവലിക്ക് ഒരാഴ്ച മുമ്പ് അയാളുടെ വീടിനു പുറത്ത് വലിയ ചാക്കുകളിൽ കുറച്ച് മണ്ണ് കെട്ടിവെച്ചിരിക്കുന്നത് കാണാം. ഇരുണ്ട ചെമ്മണ്ണ് വരണ്ടതും കട്ടിയേറിയതുമായതിനാൽ പതുക്കെ വെള്ളം ചേർത്ത് ശരിയായ പാകത്തിലേക്ക് കൊണ്ടുവരണം. ശേഷം അത് ചവിട്ടി മെതിച്ചെടുക്കണം; അത് പ്രയാസമേറിയ പണിയാണെന്നാണ് പരദേശം പറയുന്നത്, കാലിൽ കുഞ്ഞു പാറക്കഷ്ണങ്ങൾ കുത്തുകയും ചെയ്യും.
കളിമണ്ണ് കൃത്യമായ പരുവത്തിൽ എത്തിയാൽ, മാസ്റ്റർ ശില്പി ഉണങ്ങിയ കളിമണ്ണ് കൊണ്ട് അടയാളങ്ങൾ പതിപ്പിച്ച ഭാരമേറിയ മരചക്രവുമായി വന്ന് അത് സ്റ്റാന്റിൽ സ്ഥാപിക്കുന്നു. ഒരു കാലി പെയിന്റ് പാത്രത്തിൽ തുണി വിരിച്ച് ചക്രത്തിനു മുന്നിൽ വെച്ച് അയാൾ അത് തന്റെ ഇരിപ്പിടമാക്കുന്നു.
കുമ്മര വീഥിയിലെ മറ്റ് കുശവരുടെ ചക്രങ്ങൾ പോലെ തന്നെ പരദേശത്തിന്റെ ചക്രവും കൈ കൊണ്ട് തിരിക്കുന്നതാണ്. വൈദ്യുതി വെച്ച് പ്രവർത്തിക്കുന്ന ചക്രത്തെ പറ്റി അയാൾ കേട്ടിരുന്നെങ്കിലും അത് എങ്ങനെ നിയന്ത്രിക്കും എന്നതിൽ ആശങ്കയായിരുന്നു. “ഓരോ കുന്ദക്കും (പാത്രം) ദീപത്തിനും വ്യത്യസ്ത വേഗത വേണം,” അയാൾ ചൂണ്ടിക്കാണിക്കുന്നു.
ചക്രത്തിന്റെ നടുവിലേക്ക് ഒരു കൈപ്പിടി നനഞ്ഞ കളിമണ്ണിട്ടു കൊണ്ട് അയാളുടെ കൈ സാവധാനവും ദൃഢവുമായി മണ്ണിനെ കുഴച്ചെടുത്തു ദീപത്തിന്റെ രൂപം ഉണ്ടാക്കും. വൃത്താകൃതിയിലുള്ള ആ ചക്രം നീങ്ങുമ്പോൾ അന്തരീക്ഷത്തിൽ നനഞ്ഞ മണ്ണിന്റെ മണം പരക്കും. ആക്കം കൂട്ടാനായി അയാൾ ഇടക്കിടെ ഒരു വലിയ മരക്കമ്പ് വെച്ച് അത് തിരിച്ചു കൊടുക്കും. “ എനിക്ക് പ്രായമായി വരുകയാണ്. എപ്പോഴും ഈ ശക്തി പ്രയോഗിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല,” പരദേശം പറയുന്നു. ദീപം ഉറപ്പോടെ രൂപം പ്രാപിച്ചു എന്നാവുമ്പോൾ ഒരു ചരട് ഉപയോഗിച്ച് കുശവൻ നീങ്ങുന്ന ചക്രത്തിൽ നിന്ന് അതിനെ ഇളക്കിയെടുക്കും.
ചക്രത്തിൽ നിന്നും പുറത്തെത്തുന്ന ദീപങ്ങളെയും പൂച്ചട്ടികളെയും ചതുരാകൃതിയിലുള്ള ഒരു മരപ്പലകയിൽ അയാൾ ശ്രദ്ധയോടെ വരിയായി വെക്കും. 3-4 ദിവസങ്ങൾ തണലത്തിരുന്ന് അവ ഉണങ്ങണം. ഉണങ്ങിക്കഴിഞ്ഞാൽ ചൂളയിൽ വെച്ച് രണ്ടു ദിവസത്തോളം അവയെ ചുട്ടെടുക്കും. ജൂലൈ മുതൽ ഒക്ടോബർ വരെ 2-3 ആഴ്ചകളിൽ ഒരിക്കൽ ചൂള കത്തിക്കും (വിനായക ചതുർഥിക്കും ദസറക്കും ദീപാവലിക്കുമായി). വർഷത്തിലെ മറ്റു സമയങ്ങളിൽ മാസത്തിലൊരിക്കലെങ്കിലും അത് കത്തിച്ചാലായി.
കിഴക്കു തീരത്തെ വൈകിയെത്തിയ മണ്സൂണ് മഴ ദീപാവലിയിലേക്കുള്ള അയാളുടെ കൗണ്ട് ഡൗണിനെ തടുത്തില്ല. വീടിനു പുറകിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു കുഞ്ഞു കൂരയിലേക്ക് മാറിയിരുന്ന് മഴയിലും അയാൾ പണി തുടർന്നു. കുറച്ച് പൂച്ചക്കുട്ടികൾ ചക്രത്തിനും പാത്രക്കഷ്ണങ്ങൾക്കും ഉപേക്ഷിച്ച വീട്ടുസാമഗ്രികൾക്കും മേലെ ചാടിക്കളിച്ചു കൊണ്ട് അയാളുടെ ചുറ്റും ഓടി നടന്നു.
പരദേശത്തിന്റെ ഭാര്യ പൈടിതള്ളി കിടപ്പുരോഗി ആണ്. രണ്ട് വീതം പെണ്മക്കളും ആണ്മക്കളുമുള്ള ഇവരുടെ നാല് മക്കളിൽ ഒരാൾ ചെറുപ്പത്തിൽ മരിച്ചു പോയി.
“ദീപങ്ങൾ ഉണ്ടാക്കാൻ ഞാൻ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്. ജീവിതകാലം മുഴുവൻ ഞാൻ കരുതിയത് എന്റെ മകൻ ഈ തൊഴിൽ തുടരുമായിരിക്കും എന്നാണ്,” പരദേശം പറയുന്നു. “ചക്രം തിരിക്കുന്നതെങ്ങനെയെന്ന് ഞാൻ മകനെ പഠിപ്പിച്ചു. പക്ഷേ ഈ ഗണേശ വിഗ്രഹത്തിൽ നിന്നും ദീപങ്ങളിൽ നിന്നും കിട്ടുന്ന പണം കൊണ്ട് ഒന്നും ആവാത്തതിനാൽ അവൻ ഒരു സ്വകാര്യ സ്കൂളിൽ പ്യൂൺ ആയി ജോലി നോക്കുന്നു.” ഒരു ഡസനോളം ദീപങ്ങൾ 20 രൂപക്ക് വിൽക്കുന്ന പരദേശം പക്ഷെ ആരെങ്കിലും വിലപേശിയാൽ അത് 10 രൂപക്ക് കൊടുക്കും. ഉള്ള ലാഭവും അതിൽ പോകും.
“സാധാരണ ദീപങ്ങൾ ഉണ്ടാക്കുന്നതിലെ അദ്ധ്വാനം ആരും മനസ്സിലാക്കുന്നില്ല,” ഉപ്പര ഗൗരി ശങ്കർ പറയുന്നു. കുമ്മര വീഥിയിൽ താമസിക്കുന്ന ഈ 65-കാരൻ പണ്ടു തൊട്ടേ പരദേശത്തിന്റെ അയൽവാസിയാണ്. ഗൗരി ശങ്കറിന് നിലത്തിരിക്കാനോ ചക്രം തിരിക്കാനോ ഇപ്പോൾ കഴിയില്ല. “എന്റെ നടു വേദനിച്ചിട്ട് എഴുന്നേൽക്കാൻ പറ്റാത്ത വിധമാകും,” അയാൾ പറയുന്നു.
കുറച്ചു വർഷങ്ങൾ മുമ്പ് വരെ ഗൗരി ശങ്കറിന്റെ കുടുംബവും ദീപാവലിക്ക് ഒരു മാസം മുമ്പ് കൈകൊണ്ട് ദീപങ്ങൾ ഉണ്ടാക്കാൻ തുടങ്ങുമായിരുന്നു. കൈത്തൊഴിൽ ചെയ്തുണ്ടാക്കുന്നവ മണ്ണിന് ചെലവായ കാശ് പോലും തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം നഷ്ടം ആയതുകൊണ്ട് അയാൾ ആ പണി നിർത്തി. ഈ വർഷം ഗൗരി ശങ്കറിന്റെ കുടുംബം 25,000 യന്ത്രനിർമിത ദീപങ്ങൾ വാങ്ങിച്ച് അവ ലാഭകരമായി വിൽക്കാം എന്ന പ്രതീക്ഷയിലാണ്.
പക്ഷെ അയാൾ സുഹൃത്ത് പരദേശത്തെ കാല് കൊണ്ട് മണ്ണ് കുഴക്കുന്നതിൽ സഹായിക്കും. “ദീപങ്ങൾ ഉണ്ടാക്കുന്നതിൽ ആദ്യ പടി ഇതാണ്. ഈ ചക്രം ഇങ്ങനെ തിരിഞ്ഞുകൊണ്ടേ ഇരിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് എന്റെ വക ഏക സംഭാവന ഇതു മാത്രമാണ്,” അയാൾ കൂട്ടിച്ചേർക്കുന്നു, “ പരദേശത്തിന് പ്രായമായി. എല്ലാ വർഷവും ഇത് അദ്ദേഹത്തിന്റെ അവസാനത്തെ ദീപനിര്മാണം ആണെന്ന് തോന്നിപ്പോകും.”
രംഗ് ദേയുടെ ഫെല്ലോഷിപ്പ് ഗ്രാന്റിന്റെ സഹായത്താൽ ഈ കഥ എഴുതപ്പെട്ടിരിക്കുന്നു .
പരിഭാഷ : അഭിരാമി ലക്ഷ് മി