"ഞാനെന്‍റെ ബാഗിൽ കരുതി വച്ചിരുന്ന വാഴപ്പഴം മാത്രം കഴിച്ചാണ് കഴിഞ്ഞത്," മാർച്ച് 22-ലെ 'ജനതാ കർഫ്യു' ദിനം താനെങ്ങനെ അതിജീവിച്ചുവെന്ന് സുരേന്ദ്ര റാം എന്നോട് ഫോണിൽ പറഞ്ഞു. മുംബൈയിലെ മിക്കവാറും എല്ലാ കട കമ്പോളങ്ങളും അടഞ്ഞു കിടക്കുകയും ആളുകള്‍ വീടിനു വെളിയിലിറങ്ങാതെ ഇരിക്കുകയും ചെയ്ത അന്നേ ദിവസം സുരേന്ദ്ര പരേലിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിക്കടുത്തുള്ള ഒരു നടപ്പാതയിൽ കഴിച്ചുകൂട്ടി.
37-കാരനായ സുരേന്ദ്രയ്ക്ക് ഓറൽ കാൻസറാണ്.
കർഫ്യുവിനു മുൻപുള്ള ഒരാഴ്ചയോളം ആ നടപ്പാത തന്നെയായിരുന്നു സുരേന്ദ്രയുടെ ‘വീട്’ - സൗത്ത് സെൻട്രൽ മുംബൈയിലെ സർക്കാർ പിന്തുണയുള്ള, ജീവകാരുണ്യ സേവനം നടത്തുന്ന, കാൻസർ രോഗികൾക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമായ ഈ ആശുപത്രിയിൽ എത്തിയ സുരേന്ദ്രയടക്കമുള്ള പല രോഗികൾക്കും കർഫ്യു ദിനത്തിലും വഴിയരികിൽ തന്നെ കഴിയേണ്ടി വന്നു. ഇന്ത്യയിലുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പലരും ചികിത്സയ്ക്കായി ഇവിടെയെത്തുന്നു.
"എന്‍റെ പരിശോധനകൾ എല്ലാം കഴിഞ്ഞു," സുരേന്ദ്ര പറഞ്ഞു. "ഡോക്ടർ എന്നോട് നാല് മാസം കഴിഞ്ഞു വരാൻ പറഞ്ഞു." എന്നാൽ ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കുകയും പിന്നീട് മാർച്ച് 25-നു നടപ്പാക്കിയ രാജ്യവ്യാപകമായ ലോക്ക്ഡൗണോടുകൂടെ നിർത്തലാക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന് ബിഹാറിലെ സമസ്തിപ്പൂർ ജില്ലയിലെ പൊത്തിലിയ ഗ്രാമത്തിലുള്ള തന്‍റെ വീട്ടിലേക്കു തിരിച്ചുപോകാനായില്ല. "ഇപ്പോൾ അവർ പറയുന്നത് 21 ദിവസം എല്ലാം അടഞ്ഞു തന്നെ കിടക്കുമെന്നാണ്. എനിക്ക് വർത്തയൊന്നും അറിയാൻ കഴിയുന്നില്ല. ആൾക്കാരോട് ചോദിച്ചാണ് ഞാനിതൊക്കെ അറിയുന്നത്. അതുവരെ ഞാനീ ഫുട്പാത്തിൽ തന്നെ താമസിക്കണോ?" സുരേന്ദ്ര ചോദിക്കുന്നു.
മാർച്ച് 20 ന് ഞാൻ സുരേന്ദ്രയെ കണ്ടപ്പോൾ, അദ്ദേഹം നിലത്തു വിരിച്ച ഓറഞ്ച് നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ഇരുന്നു വായുടെ ഒരു വശത്ത് കൂടി വാഴപ്പഴം കഴിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഇടതുവശത്തെ മൂക്കിലൂടെ ഒരു പൈപ്പ് ഇട്ടിട്ടുണ്ടായിരുന്നു. “ഭക്ഷണം എന്‍റെ തൊണ്ടയിൽ നിന്ന് ഇറങ്ങില്ല, അതിനുവേണ്ടിയാണീ പൈപ്പ്,” അദ്ദേഹം പറഞ്ഞു. ഷീറ്റിൽ വച്ചിരുന്ന ഒരു കറുത്ത ബാഗിൽ അദ്ദേഹം തന്‍റെ വസ്ത്രങ്ങളും, മെഡിക്കൽ റിപ്പോർട്ടുകളും, മരുന്നുകളും, വാഴപ്പഴങ്ങളും സൂക്ഷിച്ചിരുന്നു.
പകൽ സമയങ്ങളിൽ പോലും നടപ്പാതയിൽ എലികൾ ഓടുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ രോഗികൾക്ക് സമീപം എലികൾ ചത്തു കിടക്കുന്നുണ്ടായിരുന്നു. രാത്രികളിൽ ഓടിനടക്കുന്ന വലിയ എലികളുടെ എണ്ണം കൂടുന്നതിനാൽ ഇവിടുത്തെ അവസ്‌ഥ പിന്നെയും മോശമാകുന്നു.










