“സുന്ദര്‍വനങ്ങളില്‍ ദൈനംദിനം കഴിഞ്ഞു കൂടുന്നതിന് ഞങ്ങള്‍ പാടുപെടുന്നു. കൊറോണ വൈറസ് ഒരു താത്കാലിക കുരുക്ക് സൃഷ്ടിച്ചിട്ടുണ്ടെകിലും അതിജീവിക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ പാടങ്ങള്‍ നിറയെ ഉരുളക്കിഴങ്ങ്, ഉള്ളി, പാവയ്ക്ക, പടവലങ്ങ, മുരിങ്ങയ്ക്ക എന്നിവയൊക്കെ കൃഷി ചെയ്തിട്ടുണ്ട്. നെല്ലിനും ക്ഷാമം ഇല്ല. ഞങ്ങളുടെ കുളങ്ങള്‍ നിറയെ മീനുകള്‍ ഉണ്ട്. അതുകൊണ്ട് പട്ടിണി കിടന്ന് ഞങ്ങള്‍ മരിക്കുന്ന പ്രശ്നം ഉണ്ടാകില്ല”, മൗസനിയില്‍ നിന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ സരള്‍ ദാസ് പറഞ്ഞു.
ദേശീയ വ്യാപകമായ ലോക്ക്ഡൗണ്‍ രാജ്യത്തുടനീളമുള്ള ഭക്ഷ്യ വിതരത്തെ ബാധിക്കുമ്പോള്‍ മൗസനിയില്‍ യാതൊരു തരത്തിലുള്ള ആശങ്കകളുമില്ല. ഇന്ത്യയിലെ സുന്ദര്‍വനങ്ങളുടെ പടിഞ്ഞാറു വശത്ത് 24 ചതുരശ്ര കിലോമീറ്ററുകളിലധികം വ്യാപിച്ചു കിടക്കുന്ന ഒരു ചെറുദ്വീപാണ് മൗസനി. “ഇവിടെനിന്നും പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും ബോട്ടുമാര്‍ഗ്ഗം നാംഖാന അല്ലെങ്കില്‍ കാകദ്വീപ് വിപണികളിലേക്ക് എത്തിച്ചിരുന്ന വഴിയിലൂടെ ഇപ്പോള്‍ അവ എത്തിക്കാന്‍ ലോക്ക്ഡൗണ്‍ കാരണം സാധിക്കില്ല”, ദാസ് പറഞ്ഞു.
അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ‘പ്രത്യേക ബോട്ടുകള്‍’ ഇപ്പോഴും കുറച്ച് പച്ചക്കറികള്‍ മൗസനിയില്‍ നിന്നും നാംഖാന-കാകദ്വീപ് മൊത്തവ്യാപാര വിപണികളിലേക്ക് എത്തിക്കുന്നു. മൗസനിയില്‍ നിന്നും 20 മുതല്‍ 30 കിലോമീറ്ററുകള്‍ വരെയുള്ള ദൂരത്തിനിടയ്ക്കാണ് ഈ വിപണികള്‍ സ്ഥിതി ചെയ്യുന്നത്. ബോട്ടുമാര്‍ഗ്ഗം ഏകദേശം 30 മിനിറ്റ് സമയം അങ്ങോട്ടുള്ള യാത്രയ്ക്കു വേണ്ടിവരും. ഇവിടെനിന്നും സാധാരണയായി കോല്‍ക്കത്തയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന ട്രെയിനുകളും ട്രക്കുകളും ഇപ്പോള്‍ അപൂര്‍വ്വമായാണ് ഓടുന്നത്.
മൗസനിയിലെ പ്രധാനപ്പെട്ട മൂന്നു വിളകള്‍ – നെല്ല്, പാവയ്ക്ക, വെറ്റില എന്നിവ - കോല്‍ക്കത്തയിലെ വിപണികളില്‍ വളരെയധികം ആവശ്യമുള്ളവയാണ്. “അതുകൊണ്ട് നഗരത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനുള്ള സാധങ്ങള്‍ എവിടെനിന്നു കിട്ടുമെന്നുള്ളത് വളരെ പ്രധാനപെട്ട ഒരു വിഷയമാണ്”, 51-കാരനായ ദാസ് പറഞ്ഞു. മൗസനിയിലെ ബാഗ്ദാംഗ സഹകരണ വിദ്യാലയത്തില്‍ ക്ലര്‍ക്ക് ആയി ജോലി നോക്കുകയാണ് അദ്ദേഹം. ബാഗ്ദാംഗ ഗ്രാമത്തില്‍ അഞ്ചേക്കര്‍ ഭൂമിയുള്ള അദ്ദേഹം അത് കുടികിടപ്പു കര്‍ഷകര്‍ക്ക് പാട്ടത്തിനു നല്കിയിരിക്കുന്നു.








