തട്ട ലക്ഷ്‌മിയും പൊതാഡ ലക്ഷ്‌മിയും കനത്ത നഷ്‌ടം നേരിടുകയാണ്. തട്ട ലക്ഷ്‌മിക്ക് നൽകേണ്ട കൂലി സർക്കാർ അയച്ചത് പൊതാഡ ലക്ഷ്‌മിയുടെ അക്കൗണ്ടിലേക്കാണ്. അതുപോലെ ആന്ധ്രപ്രദേശിലെ മുംഗപാക മണ്ഡലത്തിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ തട്ട ലക്ഷ്‌മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പൊതാഡ ലക്ഷ്‌മിയുടെ പണവും പോയി.
അതിനാൽ തന്റെ കൂലിയായ 16,000 രൂപയ്ക്ക് ടി. ലക്ഷ്‌മിയും തന്റെ കൂലിയായ 9,000രൂപയ്ക്ക് പി ലക്ഷ്‌മിയും കാത്തിരിക്കുകയാണ്. ദളിതരായ ഈ രണ്ട് സ്‌ത്രീകളും തൊഴിലുറപ്പ് തൊഴിലാളികളാണ്. ഒരേ മണ്ഡലത്തിലുള്ള മുംഗപാക ഗ്രാമസ്വദേശിയാണ് ടി. ലക്ഷ്‌മി. പി. ലക്ഷ്‌മിയാകട്ടെ, ഗണപാർത്ഥി ഗ്രാമത്തിലെ താമസക്കാരിയും.
2016–-2017-ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ.) കീഴിലുള്ള ഒരു പദ്ധതിയിൽ 95 ദിവസം ടി. ലക്ഷ്‌മി ജോലി ചെയ്തിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ 2015 ഏപ്രിൽ മുതൽ ജോബ്‌കാർഡുമായി ആധാർ കാർഡ് ലിങ്ക് ചെയ്യണമെന്ന് സർക്കാർ നിഷ്‌കർഷിച്ചതിനാൽ 95 ദിവസത്തെ കൂലി (ഫീൽഡ് അസിസ്റ്റന്റുമാർ ഈ ദിവസങ്ങളിലെ കണക്കുകൂട്ടിയിട്ടുമില്ല) ടി ലക്ഷ്‌മിയ്ക്ക് കിട്ടിയിട്ടില്ല.
“18 അക്ക ജോബ് കാർഡ് നമ്പറും 1 2അക്ക ആധാർ നമ്പറും ഡിജിറ്റലൈസ് ചെയ്യുന്നതിനിടെ മുംഗപാക മണ്ഡലത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പറ്റിയ തെറ്റുകാരണം എനിക്ക് കിട്ടേണ്ടിയിരുന്ന പണം (ആകെ ലഭിക്കണ്ട തുകെയുടെ പകുതിയോളം) ഗണപാർത്ഥി ഗ്രാമത്തിലെ പി. ലക്ഷ്‌മിയുടെ അക്കൗണ്ടിലേക്ക് പോകുകയായിരുന്നു” അവൾ പറയുന്നു.







