ഞങ്ങൾ കുന്നുകളും പാടങ്ങളും കയറിയിറങ്ങി നടക്കുകയായിരുന്നു. ആനയുടെ കാൽ‌പ്പാടുകൾ അന്വേഷിച്ച്.

പതുപ്പുള്ള മണ്ണിൽ പതിഞ്ഞ വലിയ കാലടിപ്പാടുകൾ ധാരാളം കണ്ടു. ഊൺപാത്രങ്ങളുടെ വലിപ്പമുള്ളവ. പഴയത് പലതും പൊടിഞ്ഞുതുടങ്ങിയിരുന്നു. മറ്റ് ചിലത്, ആന ചെയ്ത കാര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നവയായിരുന്നു. ഒരു ചെറിയ നടത്തം, നല്ല ശാപ്പാട്, ധാരാളം ആനപ്പിണ്ടം. വലിച്ചുവാരിയിട്ട കുറേ സാധനങ്ങളും കണ്ടു. കരിങ്കല്ലിന്റെ തൂണുകൾ, കമ്പികൊണ്ടുള്ള വേലികൾ, മരങ്ങൾ, വാതിലുകൾ.

ആനയുടേതായി കാണുന്ന എല്ലാം ക്യാമറയിലാക്കാൻ ഞങ്ങൾ ഒന്ന് നിന്നു. കാൽ‌പ്പാടുകളുടെ ചിത്രങ്ങൾ ഞാൻ എന്റെ എഡിറ്റർക്ക് അയച്ചുകൊടുത്തു. “അതിന്റെ കൂടെ ആനയുമുണ്ടായിരുന്നോ”, പ്രതീക്ഷയോടെ അദ്ദേഹം മറുപടിയിൽ ചോദിക്കുന്നു. മൂപ്പരുടെ പ്രതീക്ഷകൾ ശരിയാവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

കാരണം, കൃഷ്ണഗിരി ജില്ലയിലെ ഗംഗനഹള്ളി ഊരിലെ ആനകൾ നിങ്ങളെ തുമ്പിക്കൈകൊണ്ട് അനുഗ്രഹിച്ച് പഴം ചോദിക്കാറില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അതെല്ലാം അമ്പലങ്ങളിലെ ആനകളുടെ ഏർപ്പാടാണ്. ഇവിടെയുള്ളത് അവരുടെ ശുണ്ഠിക്കാരായ ബന്ധുക്കളാണ്. എപ്പോഴും വിശപ്പുള്ളവർ.

2021 ഡിസംബറിൽ കൃഷ്ണഗിരി ജില്ലയിലെ റാഗി കർഷകരെ കാണാൻ വേണ്ടി ഞാൻ നടത്തിയ യാത്ര എന്നെ കൊണ്ടുചെന്നെത്തിച്ചത് ആനത്താരയിലേക്കാണ് (ആനകൾ വിഹരിക്കുന്ന വഴി). കൃഷിയുടെ സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ചർച്ചയുണ്ടാകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അതുണ്ടാവുകയും ചെയ്തു. വളരെ കുറച്ച്. പകരം, ഓരോ കൃഷിഭൂമികളിൽനിന്നും ഞാൻ കേട്ടത് എന്തുകൊണ്ട് അവർ ആവശ്യത്തിനുള്ള വളരെ കുറച്ച് റാഗി മാത്രം കൃഷി ചെയ്യുന്നു എന്നതിനെക്കുറിച്ചാണ്. ആനകളായിരുന്നു അതിന്റെ കാരണം. വിലക്കുറവ്, (പിടിച്ചുനിൽക്കാൻ ഒരു കിലോ റാഗിക്ക് 35 മുതൽ 37 രൂപവരെയെങ്കിലും കിട്ടേണ്ട സ്ഥലത്ത് 25 മുതൽ 27 രൂപവരെയായിരുന്നു അവർക്ക് കിട്ടിക്കൊണ്ടിരുന്നത്), കാലാവസ്ഥാവ്യതിയാനം പിന്നെ അതിശക്തമായ മഴയും. ഇവയെല്ലാം ചേർന്ന് അവരെ തകർത്തുകളഞ്ഞിരുന്നു. അതിന്റെ കൂടെ ആനകളുടെ തുമ്പിക്കൈകളും കൊമ്പും ചേർന്നപ്പോൾ ഭീമമായ ഒരു കച്ചിത്തുരുമ്പാണ് തകർന്നുപോയത്.

“ആനകൾക്ക് വളരെയധികം കഴിവുകളുണ്ട്. കമ്പിവലകൾ താഴ്ത്തി എങ്ങിനെ മറുവശത്തേക്ക് പോകണമെന്ന് അവയ്ക്കറിയാം. മരങ്ങളുമ്പയോഗിച്ച് വേലികളിലെ വൈദ്യുതബന്ധത്തെ ഇല്ലാതാക്കാനറിയാം” അനന്തരാമു റെഡ്ഡി വിശദീകരിക്കുന്നു. “അവ എപ്പോഴും അവയുടെ കൂട്ടത്തെ അന്വേഷിക്കും”, അനന്തൻ എന്ന് വിളിപ്പേരുള്ള അയാൾ ദേങ്കനികോട്ട താലൂക്കിലെ വടപ്പാളയത്തെ ഒരു കർഷകനാണ്. മേലഗിരി റിസർവ് ഫോറസ്റ്റിന്റെ അറ്റത്തേക്ക് അയാൾ ഞങ്ങളെ കൊണ്ടുപോയി. കാവേരി നോർത്ത് വൈൽഡ്‌ലൈഫ് സാങ്ച്വറിയുടെ ഭാഗമാണത്.

The large footprint of an elephant.
PHOTO • M. Palani Kumar
Damage left behind by elephants raiding the fields for food in Krishnagiri district
PHOTO • M. Palani Kumar

ഇടത്ത്: ഒരാനയുടെ വലിയ കാൽ‌പ്പാടുകൾ. വലത്ത്: കൃഷ്ണഗിരി ജില്ലയിലെ പാടങ്ങളിൽ തീറ്റയന്വേഷിച്ചെത്തിയ ആനകൾ വരുത്തിയ നാശനഷ്ടങ്ങൾ

കാടുകളിൽനിന്ന് കൃഷിസ്ഥലങ്ങളിലേക്ക് ആനകൾ ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സംഘങ്ങളായി ഗ്രാമങ്ങളിലേക്കിറങ്ങിവന്ന് ആനകൾ റാഗി മുഴുവൻ തിന്നുതീർക്കുകയും ബാക്കിയുള്ളത് ചവിട്ടിമെതിക്കുകയുമാണ്. അതിനാൽ, ആനകൾ തിന്നാത്തതും കമ്പോളത്തിൽ ആവശ്യമുള്ളതുമായ തക്കാളി ജമന്തിപ്പൂവ്, റോസാച്ചെടി എന്നിവയൊക്കെ കൃഷി ചെയ്യാൻ നിർബന്ധതിരാവുകയാണ് കർഷകർ. “2018-19-ൽ വൈദ്യുതവേലി വന്നതിൽ‌പ്പിന്നെ ആനക്കൂട്ടങ്ങൾ വരാറില്ലെങ്കിലും ഒറ്റയാന്മാരെ തടയാൻ അതിനൊന്നും ആവുന്നില്ല...മൊട്ടൈ വാൽ, മക്കാൻ, ഗിരി..തുടങ്ങിയവയെ.. വിശപ്പാണ് അവയെ ഞങ്ങളുടെ പാടങ്ങളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്”, അയാൾ പറയുന്നു.

“മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു പ്രധാന കാരണം കാടുകളുടെ പ്രത്യേകതകളാണ്”, തമിഴ്നാട്ടിലെ കൃഷ്ണഗിരി, ധർമ്മപുരി ജില്ലകളുടെ ഓണററി വൈൽഡ് ലൈഫ് വാർഡനായ എസ്.ആർ. സഞ്ജീവ് കുമാർ വിശദീകരിച്ചു. അദ്ദേഹത്തിന്റെ കണക്കുപ്രകാരം, കൃഷ്ണഗിരിയിൽ മാത്രം 300-ഓളം ഗ്രാമങ്ങളെ ഇത് ബാധിക്കുന്നുണ്ട്.

ആ പ്രദേശത്തേക്കുള്ള എന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെ, സൂമിൽ നടത്തിയ ഒരു മീറ്റിംഗിൽ അദ്ദേഹം ഒരു പ്രസന്റേഷൻ കാഴ്ചവെച്ചു. കെന്നെത്ത് ആൻഡേഴ്സൺ നേച്വർ സൊസൈറ്റി (കാൻസ്) എന്ന വന്യജീവി സംരക്ഷണ സന്നദ്ധസംഘടനയുടെ സ്ഥാപകാംഗവും മുൻ അദ്ധ്യക്ഷനുമായിരുന്നു സഞ്ജീവ് കുമാർ. കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന ആനകളുടെ ആകൃതിയിലുള്ള കറുത്ത കുത്തുകൾ ആരെയും ഞെട്ടിക്കുകതന്നെ ചെയ്യും. “സംഘർഷം നടക്കുന്ന സ്ഥലങ്ങളെയാണ് ആ ഓരോ കറുത്ത കുത്തും അടയാളപ്പെടുത്തുന്നത്. വിളനാശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ ആധാരമാക്കി ഉണ്ടാക്കിയ ഒരു ചിത്രമാണിത്”, അദ്ദേഹം പറയുന്നു.

വടക്കു-കിഴക്കൻ കാലവർഷം കഴിഞ്ഞ്, വിളകൾ കൊയ്യാൻ പാകത്തിലാവുമ്പോഴാണ് ആനകൾ ആക്രമിക്കുക. “മനുഷ്യരും കൊല്ലപ്പെടാറുണ്ട്, കൊല്ലത്തിൽ 12-ഉം 13-ഉം ആളുകൾ (കൃഷ്ണഗിരി ജില്ലയിൽ). ഡിസംബറിനും ജനുവരിക്കും ഇടയിലാണ് കൂടുതലും സംഭവിക്കുക. അതായത് റാഗിയുടെ വിളവെടുപ്പ് സമയത്ത്. ആനകളും ചാവും. “തിരിച്ചടി ഉണ്ടാകാറുണ്ട്. പിന്നെ, റെയിൽ‌വേ ലൈനുകളിലും, ദേശീയപാതകളിലും ഉണ്ടാവുന്ന അപകടങ്ങളിലും, തുറന്നുകിടക്കുന്ന കിണറുകളിൽ വീണും കുറേ ആനകൾ ചാവും. കാട്ടുപന്നികളെ കൊല്ലാൻ സ്ഥാപിച്ച വൈദ്യുതക്കമ്പികൾ തട്ടി ഷോക്കേറ്റും ചാവാറുണ്ട്”.

100-ലധികം ഇനം ചെടികൾ ആനകൾ കഴിക്കുമെന്ന് സഞ്ജീവ് പറയുന്നു. “ചെടിയുടെ പല ഭാഗങ്ങളും അവ കഴിക്കും. പിടിയിലായ ആനകളെ നിരീക്ഷിച്ചതിൽനിന്നും മനസ്സിലായത് അവർ 200 കിലോഗ്രാം പുല്ലും 200 കിലോഗ്രാം വെള്ളവും കുടിക്കുമെന്നാണ്. എന്നാൽ, കാട്ടിൽ ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ഇതിൽ മാറ്റം വരാം. അതിനനുസരിച്ച് അവയുടെ ശാരീരികമായ അവസ്ഥകളിലും”, സഞ്ജീവ് വിശദീകരിച്ചു.

In this photo from 2019, Mottai Vaal is seen crossing the elephant fence while the younger Makhna watches from behind
PHOTO • S.R. Sanjeev Kumar

2019- ലെ ഈ ഫോട്ടോയിൽ മൊട്ടൈ വാൽ ഒരു ആനവേലി കടന്നുപോകുമ്പോൾ, മഖന എന്ന ഇളയവൻ പിന്നിൽനിന്ന് വീക്ഷിക്കുന്നു

ഇതിനുപുറമേ, അരിപ്പൂച്ചെടികൾ (ലാന്റന കമാര) എന്നുപേരായ ഒരു കാട്ടുചെടി ഇപ്പോൾ ഹൊസൂർ പ്രദേശത്തിന്റെ 85 മുതൽ 90 ശതമാനം ഭാഗങ്ങളിൽ പടർന്നുപിടിക്കുന്നുണ്ട്. പെട്ടെന്ന് വ്യാപിക്കുന്നതും, പരുപരുത്തതും, പശുക്കളും ആടുകളും ഭക്ഷിക്കാത്തതുമായ ഒരുതരം ചെടിയാണ് അത്. “ബന്ദിപ്പുരും നാഗർഹോളിലും ഇതുതന്നെയാണ് സ്ഥിതി. സഫാരി യാത്രകൾ നടക്കുന്ന വഴിയിൽ ഈ ചെടികൾ വെട്ടിക്കളയും. അതുകൊണ്ട്, പുല്ല് തിന്നാൻ ആനകൾ വരുമ്പോൾ കാണാൻ സാധിക്കും”.

തങ്ങളുടെ ആവാസവ്യവസ്ഥയിൽനിന്ന് ആനകൾ പുറത്ത് വരാനുള്ള പ്രധാന കാരണം ഈ അരിപ്പൂച്ചെടികളാണ്. മാത്രമല്ല, ആനകളെ സംബന്ധിച്ചിടത്തോളം റാഗി എന്നത് ജലാംശമുള്ളതും കൊതിപ്പിക്കുന്നതുമായ ഒരു ഭക്ഷണമാണ്. “ഞാനാണ് ആനയെങ്കിൽ അത് തിന്നാൻ ഞാനും വന്നേനേ” സഞ്ജീവ് കളിയായി പറയുന്നു. പ്രത്യേകിച്ചും കൊമ്പനാനകൾക്കാണ് കൃഷി നശിപ്പിക്കാനുള്ള ആവേശം കൂടുതലും. 25-നും 35-നും വയസ്സിനിടയിൽ അവയുടെ വളർച്ചയിൽ പെട്ടെന്നൊരു ഉണർവ്വുണ്ടാവുന്നു. ഈ കൂട്ടരാണ് വലിയ അപകടകാരികൾ.

പക്ഷേ മൊട്ടൈ വാൽ അങ്ങിനെയല്ല. അവൻ പ്രായമായവനാണ്. തന്റെ പരിമിതികളറിയാം. അവന് 45 അല്ലെങ്കിൽ 50 കഴിഞ്ഞിട്ടുണ്ടാകും. മദമിളകിയ സമയത്തെ അവന്റെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ട് (മദം എന്നത് ആനകളുടെ ജൈവപരമായ ഒരു വളർച്ചാഘട്ടമാണ്. അന്തർഗ്രന്ധികളിൽ മാറ്റം വരുന്ന ഒരു സമയം. അവയുടെ ആരോഗ്യലക്ഷണങ്ങളിൽ ഒന്നാണത്. പക്ഷേ രണ്ടുമൂന്ന് മാസം നീണ്ടുനിൽക്കുന്ന ആ സമയത്താണ് അവർ കൂടുതൽ അക്രമകാരികളാവുക). “സാധാരണയായി അവ വളരെ അക്രമകാരികളാവും. പക്ഷേ മൊട്ടൈ വാൽ വളരെ ശാന്തനായിരുന്നു. വിവിധ പ്രായക്കാരുള്ള ഒരു സംഘത്തിൽ അംഗമായിരുന്നു അവൻ. എന്നാൽ എപ്പോഴും ശാന്തനായി മാറി നിൽക്കും. ലോകം കണ്ടവനാണവൻ”.

അവന് ഒരു 9.5 അടി പൊക്കവും 5 ടൺ ഭാരവുമുണ്ടാവുമെന്ന് സഞ്ജീവ് കണക്കുകൂട്ടി. “അവനൊരു പെണ്ണുമുണ്ട്. മഖന. മറ്റുള്ള ചെറുപ്പക്കാരുടെ കൂടെ അവരും കൂടും”, അവയ്ക്ക് കുട്ടികളുണ്ടോ? ഞാൻ ചോദിച്ചു. “ധാരാളമുണ്ടാവും”, സഞ്ജീവ് പറഞ്ഞു.

വളർച്ചയുടെ ഘട്ടം കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണവൻ പാടത്തേക്കിറങ്ങുന്നത്? അത് അവന്റെ ശാരീരികാവസ്ഥയുടെ സന്തുലനത്തിനാണെന്ന് സഞ്ജീവ് കുമാർ മറുപടി പറഞ്ഞു. “പുറത്ത് നല്ല ഭക്ഷണം കിട്ടും അവന്. റാഗി, ചക്ക, മാങ്ങ..അതൊക്കെ കഴിച്ചതിനുശേഷം അവൻ കാട്ടിലേക്ക് തിരിച്ചുപോവും”. മറ്റ് ചില കൊമ്പന്മാരുണ്ട്, കീടനാശിനി തെളിച്ച അന്യഭക്ഷണങ്ങൾ - കാബേജ്, കോളിഫ്ലവർ ബീൻസ് –കഴിക്കുന്നവർ.

“മൂന്ന് വർഷം മുമ്പ് വളരെ മോശമായിരുന്നു. തക്കാളിയിലും ബീൻസിലും ധാരാളം പൈസ നിക്ഷേപിച്ച കർഷകർക്ക് വലിയ നഷ്ടമുണ്ടായി. ഒരു ഭാഗം വിളകൾ അവ കഴിക്കുമ്പോൾ വലിയൊരു ഭാഗം അവ നശിപ്പിക്കുകയാണ് ചെയ്യുക” സഞ്ജീവ് പറയുന്നു. ആനകളെ ആകർഷിക്കാത്ത വിളകളാണ് ഇപ്പോൾ കർഷകർ കൂടുതൽക്കൂടുതൽ കൃഷി ചെയ്യുന്നത്. പ്രദേശത്തിന്റെ കാർഷികസ്വഭാവം‌തന്നെ മാറ്റിക്കളയുകയാണ് മൊട്ടൈ വാലനും അവന്റെ കൂട്ടരും.

A rare photo of Mottai Vaal, in the Melagiri hills
PHOTO • Nishant Srinivasaiah

മേലഗിരി കുന്നിൽ വിഹരിക്കുന്ന മൊട്ടൈ വാലിന്റെ ഒരു അപൂർവ്വ ചിത്രം

കാടുകളിൽനിന്ന് കൃഷിസ്ഥലങ്ങളിലേക്ക് ആനകൾ ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സംഘങ്ങളായി ഗ്രാമങ്ങളിലേക്കിറങ്ങിവന്ന് ആനകൾ റാഗി മുഴുവൻ തിന്നുതീർക്കുകയും ബാക്കിയുള്ളത് ചവിട്ടിമെതിക്കുകയുമാണ്

*****

'പണ്ട് ഞങ്ങൾക്ക് അല്പം നഷ്ടപരിഹാരം കിട്ടിയിരുന്നു . ഇപ്പോൾ അവർ ( അധികാരികൾ ) വന്ന ചിത്രമെടുത്ത് പോവും . ഞങ്ങൾക്ക് പണമൊന്നും കിട്ടുകയുമില്ല .'
ഗുംലപുരം ഗ്രാമത്തിൽ ഗംഗനഹള്ളി ഊരിലെ വിനോദമ്മ

മൊട്ടൈ വാലിനെ നേരിട്ട് കണ്ടിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാളാണ് ഗോപി ശങ്കരസുബ്രമണി. അതും വളരെ അടുത്ത്. ആതിഥേയനായ ഗോപകുമാർ മേനോന്റെ കൂടെ ഞങ്ങൾ താമസിക്കുന്ന ഗൊള്ളപള്ളിയിൽനിന്ന് അരമണിക്കൂർ വണ്ടിയോടിച്ചാൽ എത്തുന്ന സ്ഥലത്തുള്ള നയദർശനമെന്ന സന്നദ്ധസംഘടനയുടെ വാതിൽ തുറന്നപ്പോഴാണ് ഗോപി ആ കാഴ്ച കണ്ടത്.

പ്രതീക്ഷിച്ചിരുന്ന സുഹൃത്തിന് പകരം ഒരു ആനയായിരുന്നു ഗോപിയുടെ മുമ്പിൽ നിന്നിരുന്നത്. നല്ല പൊക്കവും വീതിയുമുള്ള ഒരു നാണംകുണുങ്ങി. കാരണം, ആളെ കണ്ടയുടൻ മൊട്ടൈ വാൽ പിന്തിരിഞ്ഞു. കുന്നിൻ‌ചെരുവിലെ തന്റെ ഭംഗിയുള്ള വീടിന്റെ വരാന്തയിലിരുന്ന് ഗോപി ഞങ്ങൾക്ക് ധാരാളം കഥകൾ പറഞ്ഞുതന്നു. ചിലത് റാഗിയെക്കുറിച്ച്. ബാക്കി, ആനകളെക്കുറിച്ചും.

തൊഴിൽകൊണ്ട് ഏയ്‌റോ സ്പേസ് എൻ‌ജിനീയറായ ഗോപി അതിൽനിന്ന് ഭക്ഷ്യോത്പാദനത്തിലേക്ക് തിരിഞ്ഞു. ഗുംലപുരം ഗ്രാമത്തിലെ ഗംഗനഹള്ളി ഊരിൽ നവദർശനം ട്രസ്റ്റ് നടത്തുന്ന 100 ഏക്കറിൽ, വർഷങ്ങളായി പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്ന ആളാണ് ഗോപി. താമസക്കാർ, സന്ദർശകർ, ശില്പശാലകൾ എന്നിവരുടെ സംഭാവനകളിൽനിന്നാണ് ട്രസ്റ്റ് അതിന്റെ വരുമാനം കണ്ടെത്തുന്നത്. “ഞങ്ങൾക്ക് വലിയ പദ്ധതികളൊന്നുമില്ല. വലിയ ബഡ്ജറ്റുമില്ല. കഴിയുന്നത്ര ലളിതമായി, ചെറിയ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നു”. അവയിലൊന്ന്, അടുത്തുള്ള ഗ്രാമങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യസഹകരണമാണ്. സ്വല്പം കൃഷിഭൂമിയും, കൊല്ലത്തിൽ ഏതാനും മാസങ്ങൾ മാത്രം കൃഷിപ്പണിയുമുള്ള ഗ്രാമക്കാർ ഭക്ഷണത്തിനായി റിസർവ് വനങ്ങളെയാണ് ആശ്രയിക്കുന്നത്.

“കാട്ടിൽ പോവുന്ന തൊഴിലിൽനിന്ന് 30-ഓളം കുടുംബങ്ങളെ ഞങ്ങൾ പിന്തിരിപ്പിക്കുകയും, വില കിട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന തൊഴിലും അതിനുള്ള ഇടവും അവർക്ക് നൽകുകയും ചെയ്തു. മിക്കവരും ഗംഗനഹള്ളി ഗ്രാമത്തിൽനിന്നുള്ളവർ”, ഗോപി പറയുന്നു. ഇപ്പോൾ അവർ റാഗി ഉണ്ടാക്കുന്നത് സ്വന്തം വീടുകളിലെ ആവശ്യങ്ങൾക്കാണ്. കൂടുതൽ വരുന്നത് മാത്രമേ അവർ വിൽക്കുന്നുള്ളു”.

നവദർശനത്തിൽ ഗോപി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 12 വർഷങ്ങളാവുന്നു. ഇതിനിടയിൽ കണ്ട വലിയൊരു മാറ്റം, കൃഷി ചെയ്യുന്ന റാഗിയുടെ ഇനത്തിലുണ്ടായിട്ടുള്ള വ്യത്യാസമാണ്. 4-5 മാസമെടുത്ത് വിളവെടുക്കുന്ന സ്വദേശി ഇനത്തിൽനിന്ന് 3 മാസം കൊണ്ട് വിളവെടുക്കുന്ന സങ്കരയിനത്തിലേക്കുള്ള മാറ്റം. വരണ്ട പ്രദേശത്ത് കൃഷി ചെയ്യുന്ന വിളകൾ കൂടുതൽ കാലം ഭൂമിയിൽ കിടക്കുന്നത് നന്നായിരിക്കുമെന്ന് അയാൾ പറയുന്നു. “അപ്പോൾ അത് കൂടുതൽ പോഷണം വലിച്ചെടുക്കും”, ഹ്രസ്വകാല വിളകൾക്ക് സ്വാഭാവികമായും അതിനാവില്ല. അതിന്റെ ഫലമായി, ആളുകൾക്ക് ഒന്നിനുപകരം, രണ്ട് റാഗി അപ്പങ്ങൾ കഴിക്കാൻ സാധിക്കും. അത് വലിയൊരു വ്യത്യാസമാണ്”, ഗോപി പറയുന്നു.

Gopi Sankarasubramani at Navadarshanam's community farm in Ganganahalli hamlet of Gumlapuram village.
PHOTO • M. Palani Kumar
A damaged part of the farm
PHOTO • M. Palani Kumar

ഇടത്ത്: ഗുംലപുരം ഗ്രാമത്തിലെ ഗംഗനഹള്ളി ഊരിലെ നവദർശനത്തിന്റെ കൂട്ടുകൃഷിസ്ഥലത്ത് ഗോപി ശങ്കരസുബ്രഹ്മണി

പക്ഷേ കർഷകർ താത്പര്യപ്പെടുന്നത് പെട്ടെന്ന് കിട്ടുന്ന വിളവുകളെയാണ്. കാരണം, അതിനാവുമ്പോൾ കൂടുതൽ നേരം കാവലിരിക്കേണ്ടിവരില്ല. മാത്രമല്ല, കമ്പോളത്തിലെ വിലയിലും വലിയ വ്യത്യാസമൊന്നുമില്ല. “റാഗി വളർത്തുന്നതിൽ കർഷകർ തമ്മിൽ ഒരു പൊരുത്തം വേണം. ഒരുമിച്ച് കാവൽ നിന്നാൽ ആനകളെ തുരത്താൻ എളുപ്പമാണ്. നിങ്ങളൊഴിച്ച് ബാക്കിയെല്ലാവരും ഹ്രസ്വകാല വിളവെടുപ്പ് നടത്തിയാൽ ആനകൾ നിങ്ങളുടെ വിളവ് അന്വേഷിച്ചായിരിക്കും വരിക”.

ഞങ്ങളുടെ സംസാരങ്ങൾക്കിടയിൽ കിളികളുടെ കളിചിരികളും കേൾക്കുന്നുണ്ടായിരുന്നു. ചൂളമടിക്കുകയും ചിരിക്കുകയും പാടുകയും ചെയ്യുന്നുണ്ടായിരുന്നു അവ. കാട്ടിലെ വിശേഷങ്ങൾ പങ്കിടുകയായിരുന്നിരിക്കാം അവരും.

റാഗി ഉണ്ടകളും ചീരക്കറിയും ചേർന്ന ഉച്ചത്തെ ഭക്ഷണത്തിനുശേഷം കറുമുറെ കടിക്കാൻ പറ്റുന്ന നിലക്കടലകളും നല്ല മണമുള്ള റാഗി ലഡ്ഡുവും ഞങ്ങൾക്ക് അവർ തന്നു. അതുണ്ടാക്കിയത് വിനോദമ്മയും ബി. മഞ്ജുളയുമായിരുന്നു. കന്നടയിലായിരുന്നു അവർ സംസാരിച്ചത്. (ഗോപിയും സുഹൃത്തുക്കളും അത് ഞങ്ങൾക്ക് പരിഭാഷപ്പെടുത്തിത്തന്നു). കൃഷി ചെയ്തുണ്ടാക്കിയ റാഗി, മഴയ്ക്കും ആനകൾക്കുമിടയിൽ നഷ്ടപ്പെട്ടതിനെക്കുറിച്ചായിരുന്നു ആ സ്ത്രീകൾ പറഞ്ഞുകൊണ്ടിരുന്നത്.

ദിവസവും റാഗി കഴിക്കാറുണ്ടെന്ന് അവർ പറഞ്ഞു. കുട്ടികൾക്കും അല്പം കൊഴുപ്പുള്ള കഞ്ഞിയുടെ രൂപത്തിൽ അത് കൊടുക്കാറുണ്ട്. ചോറ്‌ കഴിക്കാനാവുന്ന പ്രായംവരെ. വീട്ടിൽ ചാക്കുകളിലാക്കിയാണ് ആ ധാന്യം അവർ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ എടുത്ത് പൊടിച്ച് ഉപയോഗിക്കും. പക്ഷേ ഇക്കൊല്ലം വിള നീട്ടിക്കൊണ്ടുപോകാൻ അവർക്ക് ബുദ്ധിമുട്ടേണ്ടിവരും.

നവദർശനത്തിന് ചുറ്റുമുള്ള ഗംഗനഹള്ളി ഊരിൽനിന്നുള്ളവരായിരുന്നു രണ്ട് സ്ത്രീകളും. ഉച്ചയൂൺ കഴിഞ്ഞ് തിരിച്ചുവന്നിട്ടേ ഉണ്ടായിരുന്നുള്ളു അവർ. വിനോദമ്മയ്ക്ക് നാലേക്കറും മഞ്ജുളയ്ക്ക് 1.5 ഏക്കറും ഉണ്ട്. റാഗി, അരി, പയർ, കടുക് എന്നിവ അതിൽ കൃഷി ചെയ്യുന്നു. “കാലം തെറ്റി മഴ പെയ്താൽ, ചെടിക്കകത്തുതന്നെ റാഗി വിത്തുകൾ മുളപൊട്ടും” മഞ്ജുള പറയുന്നു. അതോടെ കൃഷി നശിക്കും.

ഇതൊഴിവാക്കാനായി, വിനോദമ്മയുടെ കുടുംബം വേഗം കൊയ്ത്ത് നടത്താൻ തീരുമാനിക്കുകയും യന്ത്രമുപയോഗിച്ച് റാഗിയും തവിടും വേർതിരിക്കുകയും ചെയ്തു. വേർതിരിക്കുന്ന ആംഗ്യം കൈകൊണ്ട് കാണിച്ച് ഭാഷയുടെ ബുദ്ധിമുട്ടിനെ അവർ തരണം ചെയ്തു.

മൃഗങ്ങളും-മനുഷ്യരും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ചുള്ള അവരുടെ വിഷമങ്ങൾ തർജ്ജമയൊന്നുമില്ലാതെത്തന്നെ ഞങ്ങൾക്ക് വ്യക്തമായി. “പണ്ടൊക്കെ ഞങ്ങൾക്ക് നഷ്ടപരിഹാരം കിട്ടിയിരുന്നു. ഇപ്പോൾ (അധികാരികൾ) വന്ന് ഫോട്ടോ എടുത്ത് തിരിച്ചുപോവും. ഞങ്ങൾക്കൊന്നും കിട്ടുന്നുമില്ല."

Manjula (left) and Vinodhamma from Ganganahalli say they lose much of their ragi to unseasonal rain and elephants
PHOTO • M. Palani Kumar
A rain-damaged ragi earhead
PHOTO • Aparna Karthikeyan

ഇടത്ത്: അസമയത്തുള്ള മഴയിലും ആനകളുടെ ആക്രമണത്തിലും റാഗിയുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടുപോകുന്നു എന്ന് ഗംഗനഹള്ളിയിലെ മഞ്ജുളയും (ഇടത്) വിനോദമ്മയും പറയുന്നു വലത്ത്: നശിച്ചുപോയ ഒരു റാഗി കതിർ

ആനകളുടെ തീറ്റ എത്രയാണ്? ധാരാളം, ഗോപി പറയുന്നു. ഒരിക്കൽ രണ്ടാനകൾ വന്ന്, രണ്ട് ദിവസത്തിനുള്ളിൽ 20,000 രൂപ വിലവരുന്ന 10 ചാക്ക് റാഗി തിന്നത് ഗോപി ഓർത്തെടുത്തു. “ഒരുത്തൻ ഒരു വരവിൽ 21 ചക്കയും തിന്നുതീർത്തു. പിന്നെ കാബേജുകളും...”

വിള സംരക്ഷിക്കുന്നതിന് കർഷകർക്ക് ഉറക്കമിളക്കേണ്ടിവരുന്നു. ആനകളെ അകറ്റാൻ, രണ്ട് വർഷത്തോളം എല്ലാ രാത്രികളിലും ഏറുമാടത്തിൽ ഉറക്കമിളച്ച് കാത്തിരുന്നതും ഗോപി പറഞ്ഞു. ബുദ്ധിമുട്ടുള്ള പണിയാണ്. രാവിലെയാകുമ്പോഴേക്കും തളർന്നിട്ടുണ്ടാവും. നവദർശനത്തിന് ചുറ്റുമുള്ള ഇടുങ്ങിയതും ചുറ്റിവളഞ്ഞുപോകുന്നതുമായ വഴിയിൽ പലയിടത്തും ഞങ്ങൾ ഏറുമാടങ്ങൾ കണ്ടു. ചിലതെല്ലാം നന്നായി സ്ഥാപിച്ചവയായിരുന്നു. ചിലതെല്ലാം പരുക്കനും താത്ക്കാലികവും. മിക്കതിലും ഒരു തകരപ്പാട്ടയും കയറിൽ ഘടിപ്പിച്ച വടിയും കാണാം. ആനകളെ കണ്ടാൽ മറ്റുള്ളവരെ അറിയിക്കാനുള്ള സംവിധാനമാണ് അത്.

എന്തൊക്കെ ചെയ്താലും ആനകൾ വിളകൾ നശിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. “ഒരിക്കൽ ഒരുത്തൻ വന്നപ്പോൾ ഞങ്ങൾക്കവനെ തടയാൻ‌പോലും സാധിച്ചില്ല. പടക്കം പൊട്ടിക്കുകയും മറ്റ് പലതും ചെയ്തിട്ടും അവന് തോന്നിയതുപോലെ ചെയ്ത് അവൻ തിരിച്ചുപോയി”, ഗോപി പറയുന്നു.

ഗംഗനഹള്ളി പ്രദേശം ഇപ്പോൾ മറ്റൊരു പ്രശ്നംകൂടി അഭിമുഖീകരിക്കുന്നുണ്ട്. വനംവകുപ്പിന്റെ ആനവേലി നവദർശനത്തിന്റെ ഏകദേശം അടുത്തായിട്ടാണ് അവസാനിക്കുന്നത്. അതിനാൽ ഒരു വലിയ വിടവുണ്ട് ആ ഭാഗത്ത്. അതുകൊണ്ടുതന്നെ, വർഷത്തിൽ 20 തവണ വന്നിരുന്ന സ്ഥാനത്ത്, ഇപ്പോൾ, വിളവ് പാകമായാൽ, എല്ലാ രാത്രികളിലും ആനകൾ എത്തുന്നു.

“വേലിയുടെ ഇരുഭാഗത്തുമുള്ളവരെ ഇത് ബാധിക്കുന്നു. ആനകളെ തടയാനാണ് വേലി കെട്ടുന്നതെങ്കിൽ അത് ശരിക്കും ചെയ്യണം. ഇടയ്ക്കുവെച്ച് നിർത്തരുത്”, ഗോപി സൂചിപ്പിച്ചു.

A makeshift machan built atop a tree at Navadarshanam, to keep a lookout for elephants at night.
PHOTO • M. Palani Kumar
A bell-like contraption in the farm that can be rung from the machan; it serves as an early warning system when elephants raid at night
PHOTO • M. Palani Kumar

ഇടത്ത്: രാ‍ത്രി ആനകൾ വരാതിരിക്കാൻ കാവലിരിക്കുന്നതിനുവേണ്ടി, നവദർശനത്തിന്റെയടുത്ത് മരത്തിൽ കെട്ടിയുണ്ടാക്കിയ ഒരു താത്ക്കാലിക ഏറുമാടം. വലത്ത്: ഏറുമാടത്തിൽനിന്ന് വലിച്ചാൽ കിലുങ്ങുന്ന മണി പോലെയൊരു ഉപകരണം. രാത്രിയിൽ ആനകൾ വന്നാൽ മുൻ‌കൂട്ടി അറിയിക്കാൻ ഇത് ഉപകരിക്കും

*****

'എന്റെ ഭാര്യയ്ക്ക് എന്നെ ഇടയ്ക്കിടയ്ക്ക് കാണണം.'
ആനകളുടെ ആക്രമണം തടയാൻ നിയോഗിക്കപ്പെട്ട ഒരു കാവൽക്കാരൻ ദേശീയ ഹരിത ട്രൈബ്യൂണൽ ജഡ്ജിയോട് നിവൃത്തി കെട്ട് പറയുന്നത് കേട്ടു

മനുഷ്യ-മൃഗ സംഘട്ടനങ്ങളോട് വൈകാരികവും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു സമീപനമാണ് വേണ്ടത്. ഒന്നാമതായി, ഈ വിഷയംതന്നെ, ആനകളെപ്പോലെ വലിയ ഒന്നാണ്. ദിവസത്തിൽ 1.25 അമേരിക്കൻ ഡോളറിന് താഴെ വരുമാനത്തിൽ കഴിയുന്ന 120 കോടി മനുഷ്യരിൽ ഭൂരിഭാഗവും ഏഷ്യയിലേയും ആഫ്രിക്കയിലേയും ആനകളുടെ സങ്കേതങ്ങളിലാണ് ജീവിക്കുന്നതെന്ന്, നിലവിലുള്ള ഭരണസംവിധാനങ്ങൾ അവലോകനം ചെയ്തുകൊണ്ട് ഫോണ്ടിയേഴ്സ് ഇൻ എക്കോളജി ആൻഡ് എവൊല്യൂഷൻ എന്ന പത്രം സൂചിപ്പിക്കുന്നു. മാത്രമല്ല, ആനകളടക്കമുള്ള മറ്റ് ജീവികളോട് മത്സരിച്ചുകൊണ്ടുവേണം ഈ പാർശ്വവത്കൃത മനുഷ്യർക്ക് അവരുടേതായ പ്രകൃതിവിഭവങ്ങളും ഇടവും കണ്ടെത്താനും.

ഇന്ത്യയിൽ 22 സംസ്ഥാനങ്ങൾ ആനകളുമായി എതിരിട്ടുകൊണ്ടിരിക്കുകയാണെന്ന് സഞ്ജീവ് കുമാർ പറയുന്നു. അതിൽ അധികവും നടക്കുന്നത് തമിഴ്നാട്, കേരളം, ഒഡിഷ, പശ്ചിമബംഗാൾ, ചത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലാണ്.

ഇതിന്റെ ഫലമായി, മൂന്ന് വർഷത്തിനുള്ളിൽത്തന്നെ – 2018 ഏപ്രിൽ മുതൽ 2020 ഡിസംബർവരെയുള്ള കാലത്ത് – 1,401 മനുഷ്യർക്കും 301 ആനകൾക്കും ജീവനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച ഔദ്യോഗിക കണക്ക്.

എല്ലാ കർഷകർക്കും അവരുടെ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് കടലാസ്സിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷൻ പുറത്തിറക്കിയ 2017-ലെ കേന്ദ്രസർക്കാർ രേഖപ്രകാരം , കണക്കാക്കപ്പെടുന്ന വിളനാശത്തിന്റെ 60% നഷ്ടപരിഹാരമായി ലഭിക്കാൻ കർഷകർക്ക് അവകാശമുണ്ട്. “ഈ നഷ്ടപരിഹാരം വിളയുടെ മൂല്യത്തിന്റെ 100 ശതമാനമാക്കിയാൽ, തങ്ങളുടെ വിള സംരക്ഷിക്കണമെന്ന തോന്നൽ കർഷകർക്ക് നഷ്ടമാവും” എന്നുകൂടി രേഖയിൽ പറഞ്ഞുവെച്ചിട്ടുണ്ട്.

വർഷത്തിൽ, ഹൊസൂർ ഫോറസ്റ്റ് ഡിവിഷനിൽ, 200 ഹെക്ടറിലധികം കൃഷി നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും (ഐ.എഫ്.എസ്), ഹൊസൂറിലെ വൈൽ‌ഡ്‌ലൈഫ് വാർഡൻ ഓഫീസിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ കെ. കാർത്തികേയനി എന്നോട് പറഞ്ഞു. “വിളകൾക്കുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് 800 മുതൽ 1000 അപേക്ഷകൾവരെ കർഷകരിൽനിന്ന് ലഭിക്കുന്നുണ്ട്. 80 ലക്ഷം മുതൽ 1 കോടി രൂപവരെയാണ് വർഷത്തിൽ നഷ്ടപരിഹാരമായി കൊടുത്തുവരുന്നത്. ഇതിൽ, ജീവൻ നഷ്ടപ്പെട്ട ഓരോരുത്തർക്കുമുള്ള 5 ലക്ഷം രൂപയും ഉൾപ്പെടുന്നു. ഈ പ്രദേശത്ത്, എല്ലാ കൊല്ലവും 13 ആളുകളെങ്കിലും ആനകളാൽ കൊല്ലപ്പെടുന്നുണ്ട്.

Tusker footprints on wet earth.
PHOTO • Aparna Karthikeyan
Elephant damaged bamboo plants in Navadarshanam
PHOTO • M. Palani Kumar

ഇടത്ത്: നനഞ്ഞ മണ്ണിൽ ആനയുടെ കാൽ‌പ്പാടുകൾ. വലത്ത്: നവദർശനത്തിലെ കേടുവന്ന മുളകൾ

“ഒരേക്കറിന് കൊടുക്കാവുന്ന പരമാവധി നഷ്ടപരിഹാരം 25,000 രൂപയാണ്. നിർഭാഗ്യവശാൽ, ഇത് പലപ്പോഴും മതിയാവുന്നില്ല. കർഷകർക്ക് 70,000 രൂപവരെ ഏക്കറിന് നഷ്ടമാവുന്നുണ്ട്”, കാർത്തികേയനി പറയുന്നു.

മാത്രമല്ല, നഷ്ടപരിഹാരം കിട്ടാൻ കർഷകർക്ക് അപേക്ഷകൾ അയയ്ക്കുകയും, ആദ്യം ഒരു കാർഷിക / ഹോർട്ടിക്കൾച്ചറൽ ഉദ്യോഗസ്ഥൻ വന്ന് പരിശോധിക്കുകയും പിന്നീട് ഗ്രാമത്തിന്റെ ഭരണനിർവ്വഹണ ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിക്കുകയും ഏറ്റവും അവസാനം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് ചിത്രങ്ങൾ പകർത്തുകയും ഒക്കെ വേണം. അതിനുശേഷമാണ് ജില്ലാ വനം ഉദ്യോഗസ്ഥൻ (ഡി.എഫ്.ഒ) നഷ്ടപരിഹാരം അംഗീകരിക്കുക.

ഇതിന്റെയൊക്കെ ഫലമോ? ചിലപ്പോൾ കർഷകർക്ക് മൂന്ന് വിളക്കാലംവരെ കാത്തിരിക്കേണ്ടിവരുന്നു. നഷ്ടപരിഹാരമായി 3,000 മുതൽ 5,000 രൂപവരെ കിട്ടുന്നതിന്. “ഒരു സ്ഥിരമായ ഫണ്ടുപയോഗിച്ച് പെട്ടെന്നുതന്നെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും” കാർത്തികേയനി പറയുന്നു.

ഈ സംഘർഷം പരിഹരിക്കുന്നതുവഴി ജനങ്ങളുടെ ജീവനും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുക മാത്രമല്ല, അവരുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയും. സംസ്ഥാനത്തിലെ വനംവകുപ്പുദ്യോഗസ്ഥരെക്കുറിച്ചുള്ള അഭിപ്രായം നന്നാക്കാനും കഴിയും. “ഇപ്പോൾ, ഈ ആനകളെ സംരക്ഷിക്കേണ്ട ബാധ്യത കർഷകരുടെ തലയിലാണ്”, സഞ്ജീവ് കുമാർ കൂട്ടിച്ചേർത്തു.

മാസങ്ങളോളം, എല്ലാ രാത്രികളിലും, വിളകളെ ആനകളിൽനിന്ന് സംരക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല എന്ന് സഞ്ജീവ് കുമാർ സമ്മതിക്കുന്നു. കർഷകരുടെ എത്രയോ മണിക്കൂറുകളും ദിവസങ്ങളുമാണ് ഇത് അപഹരിക്കുന്നത്. “എന്റെ ഭാര്യയ്ക്ക് എന്നെ ഇടയ്ക്കിടയ്ക്ക് കാണണമെന്ന് പറയുന്നു”, എന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഒരു യോഗത്തിനിടയ്ക്ക് ഒരു കർഷകൻ പറഞ്ഞതായി സഞ്ജീവ് കുമാർ സൂചിപ്പിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ള ആളായിരുന്നു ആ കർഷകൻ. അയാൾക്ക് പരസ്ത്രീബന്ധമുണ്ടെന്ന് അയാളുടെ ഭാര്യ സംശയിക്കുന്നുണ്ടത്രെ!

കർഷകരുടെ രോഷം വനംവകുപ്പ് അധികാരികൾക്കും പ്രശ്നമുണ്ടാക്കുന്നുണ്ട്. “കർഷകർ അവർക്കുനേരെയാണ് പ്രതിഷേധം അഴിച്ചുവിടുന്നത്. അവർ ഓഫീസ് തല്ലിത്തകർക്കുന്നു. തെരുവിൽ പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നു. ഇതുമൂലം വനംവകുപ്പുദ്യോഗസ്ഥരും പലപ്പോഴും ഇടപെടാൻ മടിക്കുകയും അവരുടെ തൊഴിലിനെ അത് ബാധിക്കുകയും ചെയ്യുന്നു”, സഞ്ജീവ് കുമാർ പറയുന്നു.

Anandaramu Reddy explaining the elephants’ path from the forest to his farm in Vadra Palayam hamlet
PHOTO • M. Palani Kumar

കാട്ടിൽനിന്ന് വടപ്പാളയത്തെ തന്റെ ഊരിലെ പാടത്തേക്കുള്ള ആനത്താരയെക്കുറിച്ച് വിശദീകരിക്കുന്ന അനന്തരാമു റെഡ്ഡി

ആനകൾ സൃഷ്ടിക്കുന്ന ഈ സംഘർഷത്തിന് സാമ്പത്തികവും, പാരിസ്ഥിതിക/പ്രകൃതിവിജ്ഞാനപരവും മനശ്ശാസ്ത്രപരവുമായ പ്രത്യാഘാതങ്ങളുണ്ട്. ഉദാഹരണത്തിന്, ഏതുസമയത്തും, തന്റേതല്ലാത്ത കാരണങ്ങളാൽ നശിപ്പിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു വ്യാപാരം നടത്തുന്നത് ഒന്ന് സങ്കല്പിച്ചുനോക്കുക

ഇതിനെല്ലാം പുറമേ, ആനകളുടെ ജീവനും ഇത് ഭീഷണിയാവുന്നുണ്ട്. 2017-ൽ നടത്തിയ ഒരു കണക്കെടുപ്പുപ്രകാരം, തമിഴ്നാട്ടിലെ ആനകളുടെ എണ്ണം 2,761 ആണ്. ഇന്ത്യയിലെ മൊത്തം ആനകളുടെ എണ്ണമായ 29,964 -ന്റെ കേവലം 10 ശതമാനം മാത്രമാണിത് എന്നതിനാൽ, ഇത് അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയവുംകൂടിയാണ്.

കർഷകരുടെ പ്രതികാരം, വൈദ്യുതാഘാതം, റോഡ്-റെയിൽ അപകടങ്ങൾ എന്നിവയെല്ലാം ആനകളുടെ തീരെ ചെറിയ എണ്ണത്തെ വീണ്ടും ശോഷിപ്പിക്കുകയാണ്. ഇതിനൊരിക്കലും പരിഹാരം കണ്ടെത്താനാവില്ലെന്ന വിധത്തിലേക്ക് ഇത് ഒരിക്കൽ മൂർച്ഛിക്കുകയുമുണ്ടായി. പക്ഷേ സഞ്ജീവും മറ്റുള്ളവരും ചേർന്ന് ഒരു പരിഹാരം കണ്ടെത്തുകതന്നെ ചെയ്തു – മൂർത്തിയുടെ സഹായത്തോടെ..

*****

'ആശയപരമായി, ഞങ്ങൾക്ക് വൈദ്യുതിയെ ആശ്രയിക്കാൻ താത്പര്യമില്ല. സൌരോർജ്ജത്തെ വിശ്വസിക്കാനും പറ്റില്ല. മാത്രമല്ല, ആനകൾക്ക് വൈദ്യുതി പെട്ടെന്ന് തിരിച്ചറിയാനും പറ്റുന്നു.'
കൃഷ്ണഗിരി, ധർമ്മപുരി ജില്ലകളിലെ ഓണററി വൈൽഡ്‌ ലൈഫ് വാർഡനായ എസ്.ആർ. സഞ്ജീവ് കുമാർ പറയുന്നു

ദക്ഷിണാഫ്രിക്കയിലെ അഡ്ഡൊ എലിഫന്റ് നാഷണൽ പാർക്കിൽനിന്നാണ് കൃഷ്ണഗിരി ജില്ലയിലെ മേലാഗിരി എലിഫന്റ് ഫെൻസിനുള്ള ആശയം കിട്ടിയതെന്ന് സഞ്ജീവ് കുമാർ പറഞ്ഞു. “രമൺ സുകുമാർ എന്ന ‘ആന മനുഷ്യൻ’ എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞു. അവിടെ അവർ ഉപേക്ഷിക്കപ്പെട്ട റെയിൽ‌പ്പാളങ്ങളും എലിവേറ്ററുകളുടെ കേബിളുകളുമാണ് ഉപയോഗിച്ചത്. ആ വേലി കെട്ടിയതോടെ, സംഘർഷം അവസാനിച്ചു”, അഡ്ഡൊ പാർക്കിലെ ആശയമാണ് സഞ്ജീവ് കുമാറും പിന്തുടർന്നത്.

അക്കാലംവരെ, ആനകളെ വനത്തിനകത്ത് തളയ്ക്കാനും പാടങ്ങളെ രക്ഷിക്കാനുമായി ഹൊസൂർ ഫോറസ്റ്റ് ഡിവിഷനിൽ വിവിധ ശ്രമങ്ങൾ നടക്കുകയുണ്ടായി. ഒന്നും വിജയിച്ചില്ല. വനാതിർത്തിയിൽ വലിയ കിടങ്ങുകൾ കുഴിച്ചുനോക്കി, പരമ്പരാഗത സൌരോർജ്ജ വേലികൾ കെട്ടി, മുള്ളുവേലികൾ സ്ഥാപിച്ചു, ആഫ്രിക്കയിൽനിന്ന് മുള്ളുകളുള്ള മരങ്ങൾവരെ ഇറക്കുമതി ചെയ്തു. ഒരു ഗുണവുമുണ്ടായില്ല.

ഹൊസൂർ ഡിവിഷന്റെ ഡെപ്യൂട്ടി കണസർവേറ്ററായി ഐ.എഫ്.എസ്സുകാരനായ ദീപക്ക് ബിൽജിയെ നിയമിച്ചപ്പോഴാണ് ഒരു മാറ്റമുണ്ടായത്. ബിൽജിക്ക് ആ ആശയം ഇഷ്ടപ്പെടുകയും, പണം കണ്ടെത്തുകയും, കളക്ടറോട് സംസാരിക്കുകയും ചെയ്തു. “അങ്ങിനെ, പരീക്ഷണാടിസ്ഥാനത്തിൽ ഒരു വേലി കെട്ടാൻ ഞങ്ങൾ തീരുമാനിച്ചു“, സഞ്ജീവ് പറഞ്ഞു.

A section of the Melagiri Elephant Fence, which is made of pre-cast, steel-reinforced concrete posts, and steel wire rope strands
PHOTO • M. Palani Kumar

മുൻ‌കൂട്ടി വാർത്തെടുത്ത് ഇരുമ്പുകൊണ്ട് ശക്തിപ്പെടുത്തിയ കോൺക്രീറ്റ് പോസ്റ്റുകളും ഇരുമ്പുകമ്പികൊണ്ടുള്ള കയറും ഉപയോഗിച്ച് നിർമ്മിച്ച മേലഗിരി എലിഫന്റ് ഫെൻസിന്റെ ഒരു ഭാഗം

കൌതുകകരമായി തോന്നാം, പക്ഷേ ഒരാനയുടെ ശക്തി എന്താണെന്നതിനെക്കുറിച്ച് അധികം കണക്കുകളൊന്നും ലഭ്യമല്ല. അഥവാ, ഒരാനയ്ക്കോ ഒരു കൂട്ടത്തിനോ എത്ര ഭാരംവരെ തള്ളാൻ സാധിക്കും എന്നത് ആർക്കും അറിയില്ല. അതുകൊണ്ട് ഒരു മാതൃക ഉണ്ടാക്കി മുതുമലയിൽ സ്ഥാപിച്ച് കുങ്കിയാനകളെക്കൊണ്ട് (മെരുക്കിയതും പരിശീലിപ്പിച്ചതുമായ ആനകളാണ് കുങ്കിയാനകൾ) പരീക്ഷിപ്പിച്ചു. അവരിൽ ഒരുവന്റെ പേര് മൂർത്തി എന്നായിരുന്നു. അഞ്ച് ടൺ ഭാരവും കൊമ്പില്ലാത്തതുമായ ഒരുവൻ. നിരവധി ആളുകളെ കൊന്ന ആനയായിരുന്നു. ഒടുവിൽ വനംവകുപ്പാണ് അവനെ പുനരധിവസിപ്പിച്ചത്. മനുഷ്യ-മൃഗ സംഘർഷത്തെ ഇല്ലാതാക്കാനുള്ള പരീക്ഷണം അവനെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കാൻ ഇടയായത് വിരോധാഭാസമായി തോന്നാം.

“അവന്റെ കഴിഞ്ഞകാലം നിങ്ങൾക്ക് ഊഹിക്കാനാവില്ല. അത്രയധികം അവനെ മെരുക്കിക്കഴിഞ്ഞിരുന്നു. നല്ല ഇണക്കമുള്ള മാന്യനായി മാറിയിരുന്നു അവൻ”, സഞ്ജീവ് കുമാർ പറയുന്നു. ഇപ്പോൾ മൂർത്തി വിരമിച്ചുകഴിഞ്ഞു. ആനകളുടെ വിരമിക്കൽ പ്രായം 55 ആണത്രെ. സുഖമായ താമസവും ഭക്ഷണവുമൊക്കെയായി കഴിയുന്നു. ഇടയ്ക്കിടയ്ക്ക്, പിടിയാനകളെ ഗർഭിണികളാക്കാനും അവനെ ഉപയോഗിക്കുന്നുണ്ട്. കാട്ടിലാവുമ്പോൾ അവന്റെ സേവനം ആവശ്യമില്ല. അവിടെ നല്ല ചെറുപ്പക്കാരായ കൊമ്പനാനകളുണ്ട് ആ അവകാശത്തിനായി മത്സരിക്കാൻ.

അങ്ങിനെ മൂർത്തിയിൽനിന്നാണ് അവർ മനസ്സിലാക്കിയത്, ആനകൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ 1,800 കിലോഗ്രാം ഭാരംവരെ തള്ളിനീക്കാനുള്ള കഴിവുണ്ടെന്ന്. മൂർത്തിയിൽനിന്ന് കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ വേലിയുടെ ആദ്യത്തെ രണ്ട് കിലോമീറ്ററുകൾ, അനന്തന്റെ വീട്ടിൽനിന്ന് അധികം ദൂരത്തല്ലായിരുന്നു.

“ആ ശ്രമത്തിൽനിന്ന് ഞങ്ങൾ പല കാര്യങ്ങളും പഠിച്ചു. പക്ഷേ മഖന (മൊട്ടൈ വാലിന്റെ പങ്കാളി) ഒരിക്കൽ ആ വേലി പൊളിച്ചു. അപ്പോൾ ഞങ്ങൾ ഒന്നുകൂടി ആ വേലിയെ ബലപ്പെടുത്തി. ആദ്യത്തെ ഡിസൈനേക്കാൾ 3.5 ഇരട്ടി ശക്തിയിൽ ഉണ്ടാക്കി. കമ്പികൊണ്ടുള്ള കയറിന് നല്ല ബലമുണ്ട്. 12 ടൺ ഭാരംവരെ അതിന് താങ്ങാൻ കഴിയും. അതായത്, ആ കയറുപയോഗിച്ച് നിങ്ങൾക്ക് രണ്ടാനകളെ പൊക്കാൻ സാധിക്കുമെന്നർത്ഥം”.

മറ്റ് മാതൃകകളുമായി താരത‌മ്യം ചെയ്യുമ്പോൾ ഞങ്ങളുടെ വേലിയെ തകർക്കാൻ ഏകദേശം അസാധ്യമാണെന്നുതന്നെ പറയാം. മുൻ‌കൂട്ടി വാർത്തെടുത്ത് ഇരുമ്പുകൊണ്ട് ശക്തിപ്പെടുത്തിയ കോൺക്രീറ്റ് പോസ്റ്റുകളും ഇരുമ്പുകമ്പികൊണ്ടുള്ള കയറുമാണ് ഉപയോഗിച്ചത്. ആനകൾക്ക് ആ പോസ്റ്റോ കമ്പിയോ തകർക്കാനാവില്ല. മുകളിലൂടെ ചാടിക്കടക്കാനോ ഇടയിലൂടെ നൂണ്ട് കടക്കാനോ അവ ശ്രമിച്ചേക്കാം. അപ്പോൾ ഞങ്ങൾക്ക് അത്തരം പ്രശ്നങ്ങളെ നേരിടാനുള്ള ഒരവസരംകൂടി കിട്ടും. കൃഷി നശിപ്പിക്കാനായി വരികയും പോവുകയും ചെയ്യുന്ന നമ്മുടെ ചങ്ങാതിമാരുടെ ചിത്രമെടുക്കാനുള്ള ക്യാമറകളും ഞങ്ങളുടെ സംഘം ഒരുക്കിവെച്ചു. അതിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ വേലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. “ചിലപ്പോൾ ആനകൾതന്നെ വന്ന് എന്താണ് ഞങ്ങൾ ചെയ്യേണ്ടതെന്ന് കാണിച്ചുതരും”, ചിരിച്ചുകൊണ്ട് സഞ്ജീവ് പറയുന്നു.

ഇത്തരത്തിലുള്ള വൈദ്യുതേതര വേലികൾ കെട്ടാൻ, ഒരു കിലോമീറ്ററിന് 40 ലക്ഷം മുതൽ 45 ലക്ഷം രൂപവരെ ചിലവ് വരും. സ്വകാര്യമേഖലയുടെയും സംസ്ഥാന സർക്കാരിന്റെ ഇന്നോവേറ്റീവ് ഇനീഷേറ്റീവ്സ് സ്കീമിന്റെയും സഹായത്തോടെ കളക്ടർ ആദ്യത്തെ രണ്ട് കിലോമീറ്ററിനുള്ള ഫണ്ട് ഒരുക്കി. പിന്നീട് അടുത്ത 10 കിലോമീറ്ററിനും പണം കണ്ടെത്തി.

Anandaramu walking along the elephant fence and describing how it works
PHOTO • M. Palani Kumar

ആനവേലിയുടെ അരികിലൂടെ നടന്ന് അതിനെക്കുറിച്ച് വിശദീകരിക്കുന്ന അനന്തരാമു

ഇപ്പോൾ വേലി കെട്ടിയിട്ടുള്ള 25 കിലോമീറ്ററിൽ 15 കിലോമീറ്റർ വൈദ്യുതേതരവേലിയാണ്. 10 കിലോമീറ്റർ സൌരോർജ്ജ വേലിയും. 10,000 വോൾട്ടാണ് പ്രവഹിക്കുന്നത്. ഓരോ സെക്കൻഡിലും സ്പന്ദിക്കുന്ന പ്രത്യക്ഷവൈദ്യുതിയുടെ (ഡയറക്ട് കറന്റ്) ചെറിയൊരു അംശം മാത്രമാണിത്. “സാധാരണയായി, ഇതിൽ സ്പർശിച്ചാൽ ആനകൾ ചാവില്ല. വീടുകളിലും കൃഷിയിടങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന 230 വോട്ട് എ.സി. കറന്റിൽനിന്നാണ് വൈദ്യുതാഘാതം ഏൽക്കുക. വീടുകളിൽ ഉപയോഗിക്കുന്നതിന്റെ ആയിരത്തിലൊരംശം മാത്രമാണിത്. അതിനാൽ അവ സുരക്ഷിതരാണ്. അല്ലെങ്കിൽ അവ ചത്തുപോവും”, സഞ്ജീവ് കുമാർ വിശദീകരിക്കുന്നു.

ഉദാഹരണത്തിന് വൃക്ഷങ്ങളോ ചെടികളോ വീണ് ഡി.സി. വോൾട്ടേജ് 6,000 വാട്ടിലേക്ക് താഴ്ന്നാൽ ആനകൾ സുഖമായി വേലി കടക്കും. മാത്രമല്ല, തീറ്റയോടുള്ള ആർത്തി മൂത്ത് ചില കൊമ്പന്മാർ സുഖമായി കടന്നുപോവുകയും ചെയ്യും. “അവരുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്”, അദ്ദേഹം പറയുന്നു.

“വൈദ്യുതിയെ ആശ്രയിക്കാൻ നമുക്ക് താത്പര്യമില്ല. സൌരോർജ്ജത്തെ വിശ്വസിക്കാനും പറ്റില്ല”, അദ്ദേഹം സൂചിപ്പിക്കുന്നു. മാത്രമല്ല, ആനകൾക്ക് വൈദ്യുതിയെക്കുറിച്ച് അറിയുകയും ചെയ്യാം. ഇൻസുലേഷന്റേയും വൈദ്യുതിപ്രവാഹത്തിന്റേയും കാര്യങ്ങൾ അവയ്ക്കറിയുകയും ചെയ്യാം. മരക്കൊമ്പോ മറ്റോ ഒടിച്ച് അവ അതിനെ വിച്ഛേദിക്കും. അല്ലെങ്കിൽ, ചില കൊമ്പന്മാർ അവരുടെ കൊമ്പും ഉപയോഗിക്കാറുണ്ട്. കൊമ്പുകളുടെ വൈദ്യുതിവാഹകശക്തി മോശമാണെന്ന് അവയ്ക്കറിയാം. “ഒരു ചെറിയ മരക്കമ്പുപ്യോഗിച്ച് ഒരാന വൈദ്യുതിയുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിന്റെ ഒരു ചിത്രം എന്റെ കൈയ്യിലുണ്ട്”, സഞ്ജീവ് ചിരിക്കുന്നു.

*****

'മേലഗിരി വേലി കാരണം ആനകൾ തെക്കോട്ട് നീങ്ങിപ്പോവുന്നുണ്ട്. ഇതൊരു നല്ല കാര്യമാണ്. കാരണം, അവിടെ നീലഗിരിവരെ കാടുകൾ വ്യാപിച്ചുകിടക്കുന്നു.'
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ കെ.കാർത്തികേയനി

ആനകൾ സൃഷ്ടിക്കുന്ന ഈ സംഘർഷത്തിന് സാമ്പത്തികവും, പാരിസ്ഥിതിക / പ്രകൃതിവിജ്ഞാനപരവും മനശ്ശാസ്ത്രപരവുമായ പ്രത്യാഘാതങ്ങളുണ്ട്. ഉദാഹരണത്തിന്, ഏതുസമയത്തും, തന്റേതല്ലാത്ത കാരണങ്ങളാൽ നശിപ്പിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു വ്യാപാരം നടത്തുന്നത് ഒന്ന് സങ്കല്പിച്ചുനോക്കുക. തലമുറകളായി, കൃഷ്ണഗിരി ജില്ലയിൽ ജീവിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന കർഷകരുടെ ജീവിതം അത്തരത്തിലൊന്നാണ്.

നാട്ടുവിളകൾ തിന്നുന്നതിന് പുറമേ, കൃഷി നശിപ്പിക്കുന്ന ഈ ആനകൾ ഇപ്പോൾ ഏറെ ദൂരം സഞ്ചരിക്കാനും പഠിച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നൊന്നര ദശാബ്ദക്കാലമായി ഇത് കണ്ടുവരുന്നുണ്ട്. “റിസർവ് വനം പിന്നിട്ട് ഒന്നോ രണ്ടോ കിലോമീറ്ററുകൾ മാത്രം സഞ്ചരിച്ചിരുന്ന ആനകൾ ഇപ്പോൾ 70-80 കിലോമീറ്ററുകൾക്കപ്പുറത്തുള്ള ആന്ധ്രയിലേക്കും കർണ്ണാടകയിലേക്കുംവരെയാത്ര ചെയ്ത് അവിടെ ഒന്നോ രണ്ടോ മാസം ചിലവഴിച്ച് തിരിച്ചുവരുന്നു”. കൃഷിനാശം സംഭവിക്കുന്ന ഹൊസൂരിലെ ആനകൾ വലിയ ശരീരമുള്ളവരും ആരോഗ്യമുള്ളവരും ധാരാളം കുട്ടികളുള്ളവരുമാണ്.

ഇളം‌പ്രായക്കാരായ ആനകൾ ഏത് ആപത്തിനേയും നേരിടാൻ തയ്യാറുള്ളവരാണ്. “റിസർവ് വനത്തിന് പുറത്ത് നടക്കുന്ന ആന മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ ശേഖരിച്ച് പഠിച്ചിട്ടുണ്ട്. മരണപ്പെടുന്നവയിൽ 60 – 70 ശതമാനവും ഇളം‌പ്രായത്തിലുള്ള കൊമ്പന്മാരാണ്”

Mango plantation damaged by elephants in Anandaramu’s field
PHOTO • Anandaramu Reddy
Ananda with more photographs showing crops ruined by elephant raids
PHOTO • Aparna Karthikeyan

ഇടത്ത്: അനന്തരാമുവിന്റെ പാടത്തെ മാവിൻ‌തോട്ടം ആനകൾ തകർത്ത നിലയിൽ. വലത്ത്: ആനകൾ നശിപ്പിച്ച തോട്ടത്തിന്റെ കൂടുതൽ ചിത്രങ്ങളുമായി അനന്ത

ഈയിടെയായി ആനക്കൂട്ടങ്ങളെ കാണാറില്ലെന്ന് അനന്ത എന്നോട് പറഞ്ഞു. കുട്ടികൾ മാത്രമേയുള്ളു. മൊട്ടൈ വാൽ, മഖന, ഗിരി എന്നിവർ. ആനകൾ നടത്തുന്ന കൃഷിനാശത്തെക്കുറിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും അയാൾ എനിക്ക് വാട്ട്സാപ്പ് സന്ദേശങ്ങളായി അയയ്ക്കാറുണ്ട്. ഒടിഞ്ഞുകിടക്കുന്ന മാവിൻ‌കൊമ്പുകൾ, ചതഞ്ഞരഞ്ഞ വാഴകൾ, ഫലമൂലാദികൾ, കൂമ്പാരമായിക്കിടക്കുന്ന ആനപ്പിണ്ഡങ്ങൾ. സംസാരിക്കുമ്പോൾ ദേഷ്യമല്ല, വിരക്തിയാണ് അയാളുടെ മുഖത്ത്.

“കാരണം, ദേഷ്യമുണ്ടെങ്കിൽ അത് സർക്കാരിനോടും വനംവകുപ്പിനോടുമാണ്. നഷ്ടപരിഹാരം ഒന്നുകിൽ വൈകിയേ വരൂ, അല്ലെങ്കിൽ വരില്ല എന്നവർക്ക് അറിയാം. അതുകൊണ്ട് ഇപ്പോൾ അവർ അതിനുവേണ്ടി അവകാശപ്പെടാറില്ല. അതൊരു പ്രശ്നമാണ്. കാരണം, അപ്പോൾ ഈ മനുഷ്യ-മൃഗ സംഘർഷത്തിന്റെ ശരിയായ രൂക്ഷത കണക്കുകളിൽ കാണാൻ കഴിയില്ല”, സഞ്ജീവ് പറയുന്നു.

സംഘർഷം കുറയ്ക്കണമെങ്കിൽ ആനകളെ കാടിനകത്തുതന്നെ നിർത്തുക മാത്രമേ വഴിയുള്ളു. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥിതി വീണ്ടെടുത്താൽ പ്രശ്നം പരിഹരിക്കപ്പെടും. “പ്രശ്നപരിഹാരത്തിന്റെ 80 ശതമാനവും അതാണ്. അരിപ്പൂച്ചെടികളെ ഇല്ലാതാക്കുക എന്നതും പ്രധാനമാണ്”.

വേലി കെട്ടിയ 25 കിലോമീറ്ററിനുള്ളിൽ - ആനകളും മനുഷ്യരും മുഖാമുഖം വരുന്ന അതിർത്തിയുടെ 25 ശതമാനമാണ് ആ 25 കിലോമീറ്ററുകൾ - ഈ സംഘർഷം 95 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. “മേലഗിരി വേലി കാരണം, ആനകൾ തെക്കോട്ട് പോവുകയാണ്. അവിടെയാണെങ്കിൽ തുടർച്ചയായ കാടുകളുമുണ്ട്. സത്യമംഗലംവരെയും അവിടെനിന്ന് നീലഗിരിവരെയും. ആനകൾക്ക് നല്ലതും അതാണ്”

മേലഗിരി വേലികൾ അധികവും ഒരു ഭൌതിക വേലിയായാണ് നിലനിൽക്കുന്നത്. “സൌരോർജ്ജം ഉപയോഗിച്ചിട്ടുള്ള സ്ഥലത്ത് അതൊരു മനശ്ശാസ്ത്രപരമായ വേലിയായും പ്രവർത്തിക്കുന്നു. ചെറിയൊരു വൈദ്യുതാഘാതമാണ് ആനകൾക്ക് കിട്ടുക. അതവയെ പേടിപ്പിക്കുകയും ചെയ്യും. തേനീച്ചക്കൂടുകളോ, കടുവയുടെ അലർച്ചയോ, അപായമണിയോ ഒന്നും ഒരു ഗുണവും ചെയ്യില്ല”. അടിസ്ഥാനപരമായി, എല്ലാക്കാലത്തേക്കും എല്ലാ ആനകളേയും വിഡ്ഢികളാക്കാൻ പറ്റില്ലെന്നും സഞ്ജീവ് കുമാർ കൂട്ടിച്ചേർക്കുന്നു.

പക്ഷേ ആനകൾ എപ്പോഴും ഒരു ചുവട് മുന്നിലാണെന്ന് തോന്നും. ക്യാമറകൾ തകർത്തുകൊണ്ട്, എങ്ങിനെ അതിനെ സൂക്ഷിക്കണമെന്ന് ആളുകളെ അവ പഠിപ്പിക്കുകയാണോ എന്ന് ചിലപ്പോൾ തോന്നിപ്പോകും. സഞ്ജീവ് സംസാരിക്കുമ്പോൾ ഞാൻ എന്റെ മുന്നിലുള്ള സ്ക്രീനിലെ ചിത്രത്തിൽ നോക്കുകയായിരുന്നു. ഇരുമ്പുകയർ മറികടന്ന് എങ്ങിനെ റാഗി തിന്നാൻ പറ്റുമെന്ന്, വേലിയുടെ മുമ്പിൽ കൂട്ടംകൂടി നിന്ന് ആലോചിക്കുന്ന രണ്ടാനകളുടെ ചിത്രം..

ഈ കഥ റിപ്പോർട്ട് ചെയ്യുന്നതിനാവശ്യമായ വിലപ്പെട്ട വിവരങ്ങളും ആതിഥ്യവും സഹായങ്ങളും നൽകിയ ഗോപകുമാർ മേനോനോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു.

ഈ ഗവേഷണ പഠനത്തിനു വേണ്ട ധനസഹായം നൽകിയിരിക്കുന്നത് 2020- ലെ ഗവേഷണ ധനസഹായ പദ്ധതിയുടെ ഭാഗമായി അസിം പ്രേംജി സർവകലാശാലയാണ്.

കവർ ചിത്രം (മൊട്ടൈ വാൽ): നിശാന്ത് ശ്രീനിവാസയ്യ

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

अपर्णा कार्थिकेयन स्वतंत्र मल्टीमीडिया पत्रकार आहेत. ग्रामीण तामिळनाडूतील नष्ट होत चाललेल्या उपजीविकांचे त्या दस्तऐवजीकरण करतात आणि पीपल्स अर्काइव्ह ऑफ रूरल इंडियासाठी स्वयंसेवक म्हणूनही कार्य करतात.

यांचे इतर लिखाण अपर्णा कार्थिकेयन
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat