'രാജാ സുപദ്ക്കന്നോ' - ഗുജറാത്തി ഭാഷയിൽ ആനച്ചെവിയനായ രാജാവ് എന്ന് അർഥം - കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നായിരുന്നു. വർഷങ്ങൾക്ക് മുൻപ് എന്‍റെ അമ്മയാണ് എനിക്ക് ഈ കഥ ആദ്യമായി പറഞ്ഞു തന്നത്. പിന്നീട് അതിന്‍റെ പല വകഭേദങ്ങൾ പലരിൽ നിന്നായി ഞാൻ കേട്ടു; ഗിജുഭായി ഭദെക്ക രചിച്ച, കുട്ടികൾക്കായുള്ള ചെറുകഥാ സമാഹാരത്തിലും ഈ കഥയുടെ ഒരു ഭാഷ്യം ഞാൻ വായിച്ചിട്ടുണ്ട്. ഭദെക്കയുടെ പുസ്തകത്തിൽ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുമുള്ള നാടോടിക്കഥകളുടെ വ്യാഖാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിൽ ഒന്നായ കഴുതച്ചെവിയനായ മൈഡസ് രാജാവിന്‍റെ കഥയാകാം ഒരുപക്ഷെ രാജാ സുപദ്ക്കന്നോയ്ക്ക് പ്രചോദനമായി തീർന്നത്.

കാട്ടിൽ വഴിതെറ്റി അകപ്പെട്ട് പോയ ഒരു രാജാവിന്‍റെ കഥയാണ് രാജാ സുപദ്ക്കന്നോ. വിശന്നു വലഞ്ഞ രാജാവ് ഒടുവിൽ ഒരു കുരുവിയുടെ കഴുത്ത് ഒടിച്ച്, അതിനെ ഭക്ഷിച്ചു. പക്ഷെ ഇതോടെ രാജാവിന് മേൽ ശാപം പതിക്കുകയും അതിന്‍റെ ഫലമായി അദ്ദേഹത്തിന് ആനയുടേതിന് സമാനമായ, വലിയ ചെവികൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൊട്ടാരത്തിൽ തിരികെയെത്തിയ രാജാവ് പിന്നീടുള്ള കാലം പല തരത്തിലുള്ള തലപ്പാവുകൾ ഉപയോഗിച്ച് തന്‍റെ ആനച്ചെവി പ്രജകളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഒരു ഘട്ടത്തിൽ, നിയന്ത്രണാതീതമായി വളർന്നു നീണ്ട തന്‍റെ മുടിയും താടിയും വെട്ടിയൊതുക്കാൻ രാജാവിന് ക്ഷുരകനെ വിളിക്കുക തന്നെ വേണ്ടി വന്നു.

രാജാവിന്‍റെ ചെവികൾ കണ്ട് ക്ഷുരകൻ സ്തബ്ധനായി. ആനച്ചെവികളുടെ പരിഹാസ്യമായ ഈ രഹസ്യം പുറത്തായേക്കാമെന്ന നില വന്നതോടെ അതിശക്തനായ രാജാവ് സാധുവായ ക്ഷുരകനെ ഭീഷണിപ്പെടുത്തി. രാജാവിന്‍റെ ആനച്ചെവിക്കളെക്കുറിച്ച് ആരോടും മിണ്ടരുതെന്നായിരുന്നു കല്പന. എന്നാൽ സ്വതവേ സംസാരപ്രിയരായ ക്ഷുരകന്മാർക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് കുറവായിരിക്കുമല്ലോ. രാജാവിന്‍റെ രഹസ്യം മനസ്സിൽ സൂക്ഷിക്കാൻ പാടുപെട്ട ആ ക്ഷുരകൻ ഒടുവിൽ കാട്ടിലെ ഒരു മരത്തിന്‍റെ അടുക്കൽ എല്ലാം വെളിപ്പെടുത്തി.

മരമാകട്ടെ, ഒരു മരംവെട്ടുകാരനെ കണ്ടതോടെ രാജാവിന്‍റെ ആനച്ചെവികളെ കുറിച്ച് ഒരു പാട്ട് ഉറക്കെ പാടി. പാട്ട് പാടുന്ന ഈ അത്ഭുത മരത്തിന്‍റെ തടി മരംവെട്ടുകാരൻ പെരുമ്പറകൾ ഉണ്ടാക്കുന്നയാൾക്ക് വിറ്റു. ആ മരം കൊണ്ട് ഉണ്ടാക്കിയ പെരുമ്പറ കൊട്ടുമ്പോഴെല്ലാം അത് രാജാവിന്‍റെ ചെവികളെ കുറിച്ചുള്ള പാട്ടാണ് മുഴക്കിയത്. ഇതിനു പിന്നാലെ, തെരുവിൽ പെരുമ്പറ മുഴക്കിയിരുന്ന ആളെ പിടികൂടി നേരെ രാജാവിന്‍റെ സന്നിധിയിൽ ഹാജരാക്കുകയുണ്ടായി. ഇങ്ങനെ പോകുന്നു ആ കഥ... എന്‍റെ ഓർമ്മ ശരിയാണെങ്കിൽ താൻ ചെയ്ത തെറ്റുകൾക്കുള്ള പരിഹാരം രാജ്യത്ത് ഒരു പക്ഷിസങ്കേതം നിർമ്മിക്കുകയാണെന്ന് രാജാവ് മനസ്സിലാക്കുന്നതാണ് കഥയുടെ ബാക്കി ഭാഗം.

പ്രതിഷ്ഠ പാണ്ഡ്യ ഗുജറാത്തിൽ കവിത ചൊല്ലുന്നത് കേൾക്കാം

പ്രതിഷ്ഠ പാണ്ഡ്യ ഇംഗ്ലീഷിൽ കവിത ചൊല്ലുന്നത് കേൾക്കാം

രാജാവ് ആനച്ചെവിയനല്ല

വായടയ്ക്കുക, ഒരക്ഷരം മിണ്ടരുത്
രാജാവ് ആനച്ചെവിയനാണെന്ന്
ആരോടും പറഞ്ഞുകൂടാ
രാജാവിന്‍റെ ആനച്ചെവികളെ
പറ്റിയുള്ള കഥകൾ
പടരാൻ അനുവദിച്ചുകൂടാ
രാജാവ് ആനച്ചെവിയനല്ല

എവിടെപ്പോയ് കുരുവികൾ?
ഈയടുത്തൊരുനാൾ
ഞാൻ അവരെ കണ്ടിരുന്നല്ലോ
കാണാമറയത്ത് വല വിരിച്ചത് ആരാണ്?
വിത്ത് പാകി കെണി തീർത്തത് ആരാണ്?
വഞ്ചകരെ തേടേണ്ടതില്ല
ഗൂഢാലോചന സംശയിക്കേണ്ടതില്ല
രാജാവ് ആനച്ചെവിയനല്ല

കുരുവികളെ നിങ്ങൾ നാടുകടത്തിയാലും
കൂടുകളിൽ, കാടുകളിൽ, മരങ്ങളിൽ,
പാടങ്ങളിൽ നിന്നും തുരത്തിയാലും
ജീവനും പാടുന്ന പാട്ടിനും
അവർ ഉടയോരല്ലേ?
ചിറകടിച്ചുയരാൻ കെൽപ്പുള്ളോരല്ലേ?
അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കുക
രാജാവിന് മുന്നിൽ കുരുവികൾ ആര്?
ചിഡിയാ ബചാവോ , രാജാ ഹഠാവോ -
(കുരുവികളെ രക്ഷിക്കുക, രാജാവിനെ നീക്കം ചെയ്യുക)
പൊള്ളയായ മുദ്രാവാക്യങ്ങൾ അടിച്ചമർത്തുക
രാജാവ് ആനച്ചെവിയനല്ല

ഇല പറയുന്നു, 'ഞാൻ സാക്ഷിയാണ്
എന്നെ വിശ്വസിക്കുക
ഇല്ലെങ്കിൽ മാനത്തോട് ചോദിക്കുക
രാജാവാണ് കുരുവികളെ കൊന്നത്.'
'എന്നെ വിശ്വസിക്കുക', കാറ്റ് പറയുന്നു,
ഞാൻ കേട്ടിട്ടുണ്ട്
രാജാവിന്‍റെ വയറിലിരുന്നു കുരുവികൾ പാടുന്നുണ്ട്
മറ്റുള്ളവർ പറയുന്നത് നിങ്ങൾ ഗൗനിക്കേണ്ട
കണ്ണു കൊണ്ട് കാണുന്നത് വിശ്വസിക്കേണ്ട
ഇനി വിശ്വസിച്ചാലും ശരി
രണ്ടാമതൊന്ന് ചിന്തിക്കാൻ തുനിയുകയേ വേണ്ട
രാജാവ് ആനച്ചെവിയനല്ല

എന്തൊരു രാജ്യമാണിത്, എന്തൊരു രാജാവ്!
ദൈവമെന്ന് ഭാവിക്കയും
പാവങ്ങളെ വിഴുങ്ങുകയും ചെയ്യുന്നവരുണ്ടോ?
ഇത്തരം വ്യർത്ഥഭാഷണം വേണ്ട, അപേക്ഷയാണ്
ദിനേന ആത്മാവിനോട് കലഹിക്കേണ്ടതില്ല
ചുവര് ഉണ്ടെങ്കിൽ അതിൽ
വിള്ളലുകൾ സ്വാഭാവികം
എന്നാൽ ഓരോ വിള്ളലിലും, ഓരോ
സുഷിരത്തിലും ചിക്കിച്ചിനയേണ്ടതില്ല
ഓരോ ഗ്രാമചത്വരത്തിലും സത്യം തെളിയും
നൂറായിരം ഭാഷകളിൽ വെളിപ്പെടും
പക്ഷെ അതിനെ തേടി ഭ്രാന്തമായി അലയേണ്ടതില്ല
ഒരു പുൽക്കൊടിയോടു പോലും തിരക്കേണ്ടതില്ല
സത്യം പാടിനടക്കേണ്ടതില്ല
കൊട്ടിഘോഷിക്കേണ്ടതില്ല
രാജാവ് ആനച്ചെവിയനല്ല

ഇലകളെയും കുരുവികളെയും മറന്നേക്കൂ
കാടിനെ പോലും നോക്കേണ്ടതില്ല
ഇനി നോക്കിയാലും ശരി,
ഒന്നോർക്കുക, കരുണ കാണിക്കുക,
മായി-ബാപ്പ് ! (അമ്മയെയും അച്ഛനെയും ഓർത്തെങ്കിലും)
ഇതൊന്നും കവിതയായി എഴുതാതിരിക്കുക-
രാജാവ് ആനച്ചെവിയനല്ല
സത്യമായും, രാജാവ് ആനച്ചെവിയനല്ല!

പരിഭാഷ: പ്രതിഭ ആര്‍. കെ.

Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Illustration : Labani Jangi

मूळची पश्चिम बंगालच्या नादिया जिल्ह्यातल्या छोट्या खेड्यातली लाबोनी जांगी कोलकात्याच्या सेंटर फॉर स्टडीज इन सोशल सायन्सेसमध्ये बंगाली श्रमिकांचे स्थलांतर या विषयात पीएचडीचे शिक्षण घेत आहे. ती स्वयंभू चित्रकार असून तिला प्रवासाची आवड आहे.

यांचे इतर लिखाण Labani Jangi
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

यांचे इतर लिखाण Prathibha R. K.