പണി പൂർത്തിയാകാത്ത മൺപാത കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്നു. അതിലൂടെ സൗറയിലെ ആശുപത്രിയിലേക്കുള്ള യാത്ര ദുഷ്കരമാണ്. മുബീനക്കും അർഷിദ് ഹുസൈൻ അഖൂനിനും മകൻ മുഹ്സിന്റെ വൈദ്യ പരിശോധനക്കായി മാസത്തിൽ ഒരു തവണയെങ്കിലും ആശുപത്രി സന്ദർശിക്കണം. രഖ്-ഏ-അർഥ് പുനരധിവാസ കോളനിയിലെ അഴുക്കുചാലൊഴുകുന്ന, മഞ്ഞു വീഴുന്ന വഴികളിലൂടെ അർഷിദ് അയാളുടെ ഒൻപത് വയസ്സ് പ്രായമുള്ള മകനെയും തോളിലേറ്റി നടക്കും.
സാധാരണ 2-3 കിലോ മീറ്ററുകൾ നടന്നാൽ അവർക്ക് ഓട്ടോറിക്ഷ കിട്ടാറുള്ളതാണ്. 500 രൂപക്ക് അത് അവരെ 10 കിലോമീറ്റർ അകലെയുള്ള നോർത്ത് ശ്രീനഗറിലെ സൗറ പ്രദേശത്തെ ഷേർ-ഈ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിക്കും. ചില സമയങ്ങളിൽ ഈ ദൂരം മുഴുവൻ നടക്കേണ്ടിയും വന്നിട്ടുണ്ട് ഈ കുടുംബത്തിന്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിൽ ആശുപത്രിയിലെത്താൻ അവർ ഇതാണ് ചെയ്തത്. “ഒരു ദിവസം മുഴുവൻ എടുക്കും അതിന്,”മുബീന പറയുന്നു.
മുബീനയുടെയും അർഷിദിന്റെയും ലോകം മറ്റൊന്നായിട്ട് ഒൻപത് വർഷമാകുന്നു. 2012 ൽ ബിലിറൂബിന്റെ അളവ് കൂടിയ നിലയിൽ പനിയും മഞ്ഞപ്പിത്തവും വരുമ്പോൾ മൊഹ്സിന് ഏതാനും ദിവസങ്ങള് മാത്രമായിരുന്നു പ്രായം. പല ഡോക്ടർമാരെയും മാറി മാറി സന്ദർശിച്ചു. ശ്രീനഗറിലെ കുട്ടികൾക്കായുള്ള സർക്കാർ ജി.ബി. പന്ത് ആശുപത്രിയിൽ അവൻ രണ്ടു മാസം ചിലവഴിച്ചു. അവസാനം, അവരുടെ കുഞ്ഞ് ഭിന്നശേഷിയുള്ളവനാണെന്ന് അവർ തിരിച്ചറിഞ്ഞു.
“അവന്റെ സ്ഥിതി മെച്ചപ്പെടുന്നത് കാണാതിരുന്നപ്പോൾ ഞങ്ങൾ അവനെ ഒരു സ്വകാര്യ ഡോക്ടറുടെ പക്കൽ കൊണ്ടു പോയി. അദ്ദേഹം പറഞ്ഞു അവന്റെ തലച്ചോറ് പൂർണമായും നശിച്ചുവെന്നും അവനൊരിക്കലും ഇരിക്കാനോ നടക്കാനോ കഴിയില്ലെന്നും,” 30കളിൽ എത്തിനിൽക്കുന്ന മുബീന ഓർത്തെടുത്തു.
പിന്നീട് മൊഹ്സിന് സെറിബ്രൽ പാൾസി ആണെന്ന് തിരിച്ചറിഞ്ഞു. അന്ന് തൊട്ടിങ്ങോട്ട് മുബീന അവരുടെ ഭൂരിഭാഗ സമയവും മകന്റെ പരിചരണത്തിനായി ചെലവഴിക്കുന്നു. “അവന്റെ മൂത്രം എടുക്കണം, കിടക്ക കഴുകണം, തുണികൾ കഴുകണം, അവനെ നേരെ ഇരുത്തണം. എപ്പോഴും അവനെന്റെ മടിയിലായിരിക്കും,” അവർ പറയുന്നു.










